Save The Date 2 - Lal Production
കഥാപാത്രങ്ങൾ:
അർജ്ജുൻ: സുമിത്രയുടെ മകൻ.
മീര: അർജ്ജുന്റെ പ്രതിശ്രുത വധു.
കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.
സുമിത്ര: അർജ്ജുന്റെ അമ്മ.
കെവിൻ: romantic വരൻ.
പ്രകാശൻ: ബുദ്ധിജീവി വരൻ.
കേണൽ സത്യപാൽ: പട്ടാളക്കാരൻ.
ഡാൻസർമാർ
രംഗം 1: സേവ് ദ ഡേറ്റ് (Save the Date)
(സ്റ്റേജ് നിറയെ ലൈറ്റുകളും പൂക്കളും. ഫാസ്റ്റ് നമ്പറിലുള്ള ഒരു പാട്ടിനൊപ്പം അർജ്ജുനും മീരയും മൂന്ന് ജോഡി ഡാൻസർമാരും കുട്ടനും ചേർന്ന് ആവേശകരമായ നൃത്തം അവതരിപ്പിക്കുന്നു. ഡാൻസ് കഴിയുമ്പോൾ അർജ്ജുനും കുട്ടനും മാത്രം സ്റ്റേജിൽ. കുട്ടൻ കിതച്ചുകൊണ്ട് അർജ്ജുന്റെ തോളിൽ കൈതാങ്ങി നിൽക്കുന്നു.)
കുട്ടൻ: "എന്റെ അർജ്ജുനേ, ഈ 'Save the Date' ഡാൻസ് ഇച്ചിരി കടുപ്പമാ കേട്ടോ… എന്റെ നടുവ് ഒടിഞ്ഞു." (തോളിൽ നിന്ന് കൈയ്യെടുത്ത് അർജ്ജുന്റെ വയറ്റിൽ കുത്തി) "സന്തോഷമായില്ലേ നിനക്ക്? ഒരു മാസം കഴിഞ്ഞ് കല്യാണം, പിന്നെ ഹണിമൂൺ… രാജയോഗമല്ലേടാ!"
(അർജ്ജുന്റെ മുഖം പെട്ടെന്ന് മാറുന്നു. അയാൾ ഗൗരവത്തിലാകുന്നു. ഇതു കണ്ട് കുട്ടൻ കൺഫ്യൂസ്ഡ് ആകുന്നു.)
കുട്ടൻ: "എന്താടാ നിനക്കൊരു... മ്നാനം ഛേ! മ്ളാളം.. വേണ്ട…എന്താ നിനക്കൊരു സന്തോഷമില്ലാത്തത്?"
അർജ്ജുൻ: (ഗൗരവത്തിൽ) "ഇത് എന്റെ മാത്രം സന്തോഷമായാൽ പോരാ കുട്ടാ... എന്റെ സന്തോഷം പൂർണ്ണമാകണമെങ്കിൽ, മറ്റൊരാളുടെ ജീവിതം കൂടി പൂർണ്ണമാക്കണം."
കുട്ടൻ: (ഞെട്ടലോടെ) "അതാരുടെ?"
അർജ്ജുൻ: (കുട്ടന്റെ തോളിൽ കൈവച്ച് കണ്ണുകളിലേക്ക് നോക്കി) "എന്റെ ആത്മാർത്ഥ സുഹൃത്തിന്റെ!"
കുട്ടൻ: (അന്തംവിട്ട് വാ പൊളിക്കുന്നു) "അതാരാ?"
അർജ്ജുൻ: (പെട്ടെന്ന് പുഞ്ചിരിച്ചുകൊണ്ട്) "അതൊക്കെ നീ വഴിയെ അറിയും. ഇപ്പോൾ നിനക്ക് വിവാഹം ആഗ്രഹിക്കുന്ന മൂന്നോ നാലോ സ്റ്റാൻഡേർഡ് പുരുഷന്മാരെ കണ്ടുപിടിക്കാൻ പറ്റുമോ?"
കുട്ടൻ: "നീ ഇതെന്താ അർജ്ജുൻ ഈ പറയുന്നത്? ഞാൻ എവിടുന്ന് ഒപ്പിക്കാനാ?"
അർജ്ജുൻ: "പോടാ, നിന്റെ ആ ഫോണിൽ പല വെറൈറ്റി ആൾക്കാരുണ്ടെന്നാണല്ലോ ഞാൻ കേട്ടത്. നീയൊരു കൊച്ചു വിവാഹ ബ്രോക്കർ ആണെന്നു വരെ ആൾക്കാർ പറയുന്നുണ്ട്."
കുട്ടൻ: "ആൾക്കാർ അങ്ങനെ പലതും പറയും… ഹം! പക്ഷേ നീ എന്റെ ആത്മാർത്ഥ സുഹൃത്ത് ആയിപ്പോയതുകൊണ്ട് ഞാൻ ഒന്നാലോചിക്കാം." (ഒന്നു നിർത്തി) "എന്താ നിന്റെ റേഞ്ച്?"
അർജ്ജുൻ: "റേഞ്ചോ?"
കുട്ടൻ: "എടാ പ്രായപരിധി!"
അർജ്ജുൻ: "ഓഹോ, അപ്പോൾ നിന്റെ വലയിൽ പല റേഞ്ചുകളുണ്ടല്ലേ?"
കുട്ടൻ: "പിന്നല്ലേ! ഈ കുട്ടന്റെ കട്ടൻ നീ ഇതുവരെ കുടിച്ചിട്ടില്ലല്ലോ." (പോക്കറ്റിൽ നിന്ന് ഫോണെടുത്ത് അർജ്ജുനെ കാണിക്കുന്നു) "See my dear boy… ‘സ്റ്റാർട്ടപ്പ് ബ്രോ’കൾ മുതൽ റിട്ടയേർഡ് കിളവന്മാർ വരെയുണ്ട്. നിനക്ക് ഏതു വേണമെന്ന് പറഞ്ഞാൽ മതി."
അർജ്ജുൻ: (ചിരിച്ചുകൊണ്ട്) "എന്റെ മനസ്സിൽ നല്ല റൊമാന്റിക്കായ എന്നാൽ വിവരമുള്ള സൗമ്യനായ എന്നാൽ അത്യാവശ്യം ഡിസിപ്ലിൻ ഉള്ള ആളാണ്."
കുട്ടൻ: "നിന്റെ മനസ്സിൽ ഉള്ള ടൈപ്പ് കിട്ടാൻ അല്പം കടുപ്പമാണ്. നീ വിഷമിക്കണ്ട ഒരു കാര്യം ചെയ്യാം... ഫുൾ റേഞ്ച് പിടിച്ചേക്കാം."
അർജ്ജുൻ: "അത് നീ എന്തു വേണേലും പിടിച്ചോ... പക്ഷേ ഒരാഴ്ചക്കുള്ളിൽ വേണം."
കുട്ടൻ: (വീണ്ടും അന്തംവിട്ട്) "എടാ നീ ഇത് ആർക്ക് വേണ്ടി..."
അർജ്ജുൻ: (കുട്ടന്റെ തോളിൽ കൈയിട്ട് സദസ്സിന് എതിരേക്ക് നടക്കുന്നു) "അതൊക്കെ പറയാം കുട്ടാ… അടുത്ത ശനിയാഴ്ച നീ വീട്ടിലേക്ക് ആളെ എത്തിക്ക്. ഇപ്പോൾ നമുക്ക് നിന്റെ കട്ടൻ ഒരെണ്ണം കുടിക്കാം. എന്താ?"
(രണ്ടുപേരും സദസ്സിനെതിരെ നടന്നു നീങ്ങുന്നു. ഇരുട്ട് വീഴുന്നു.)
രംഗം 2: വരന്മാരുടെ വരവ്
(അർജ്ജുന്റെ വീട്. അർജ്ജുനും കുട്ടനും സോഫയിൽ ഇരിക്കുന്നു. എതിർവശത്ത് ഒരു ഒഴിഞ്ഞ കസേര.)
അർജ്ജുൻ: (കുട്ടനെ നോക്കി) "കുറനേരമായല്ലോ കുട്ടാ എവിടെ നീ പറഞ്ഞ ആൾ?"
കുട്ടൻ: (മൊബൈലിൽ വാട്സാപ്പ് മെസ്സേജ് അയക്കുന്നു - ക്ലിംഗ് ശബ്ദം) "മൂന്നു പേർക്കും ലൊക്കേഷൻ അയച്ചിട്ടുണ്ട് ഇപ്പോൾ വരും."
അർജ്ജുൻ: (അമ്പരന്ന്) "മൂന്ന് പേരോ?"
കുട്ടൻ: "അപ്പോൾ നീയല്ലേ പറഞ്ഞത് റൊമാന്റിക്കായ ഒരുത്തനും വിവരമുള്ള ഒരുത്തനും ഡിസിപ്ലിനിൽ ഉള്ള ഒരുത്തനും വേണമെന്ന്?"
അർജ്ജുൻ: "എടാ പൊട്ടാ എല്ലാമുള്ള ഒരുത്തൻ എന്നല്ലേ പറഞ്ഞത്!"
കുട്ടൻ: "എല്ലാമുള്ള ഒരുത്തൻ എന്റെ മൊബൈലിൽ എന്നല്ല, ലോകത്തു തന്നെയില്ല."
(പെട്ടെന്ന് കോളിംഗ് ബെൽ അടിക്കുന്നു.)
കുട്ടൻ: "അർജ്ജുൻ നീ ഒന്ന് സമാധാനിക്ക് ദാ കെവിൻ വന്നുകാണും."
(കുട്ടൻ എഴുന്നേറ്റ് കെവിനെ സ്വീകരിക്കുന്നു. പൂക്കളുള്ള ഷർട്ടും വെറൈറ്റി ഹെയർ സ്റ്റൈലുമായി കെവിൻ ഡാൻസ് കളിച്ചു വന്ന് കസേരയിൽ ഇരിക്കുന്നു.)
കെവിൻ: "ഹലോ മിസ്റ്റർ അർജ്ജുൻ! മിസ്റ്റർ കുട്ടൻ കാര്യം പറഞ്ഞിരുന്നു. പക്ഷേ I am totally surprised even flabbergasted Mr. Arjun. കുട്ടിയുടെ അച്ഛനെ കണ്ടാൽ ഇത്ര ചെറുപ്പം തോന്നുമെങ്കിൽ കുട്ടിയെന്താവും." (ചിരിച്ചുകൊണ്ട്) "ഞാൻ വളരെ ഫ്രാങ്കായി പറയട്ടെ മിസ്റ്റർ അർജ്ജുൻ ഇട്ടു മൂടാൻ മാത്രം ഇപ്പോൾ എനിക്ക് പണമുണ്ട്. ക്രിപ്റ്റോ കറൻസി എന്ന് നിങ്ങൾ കേട്ടിട്ടില്ലേ. അതിലാണ് എന്റെ ഇൻവെസ്റ്റ്മെന്റ്. പക്ഷേ പണം മാത്രം പോരല്ലോ അല്ലേ മിസ്റ്റർ കുട്ടൻ" (ചിരി വീണ്ടും) "പണമുള്ളതുകൊണ്ട് ഞാൻ ഒരു മുരടൻ ആണെന്ന് വിചാരിക്കരുത് വളരെ റൊമാന്റിക്കാണ് ഞാൻ. To be Frank ഞാൻ ഭയങ്കര ഫെമിനിസ്റ്റ് ആണ് കേട്ടോ." (ചിരി) "എനിക്ക് സ്ത്രീകളെ ബഹുമാനിക്കാനാണ് ഇഷ്ടം. Ladies first!"
അർജ്ജുൻ: (കുട്ടനോട് അടക്കത്തിൽ) "Ladies first അല്ല, Ladies only ആണ് ഇവൻ."
(അടുത്ത കോളിംഗ് ബെൽ. കുട്ടൻ എഴുന്നേറ്റ് കെവിന്റെ അടുക്കലേക്കു പോകുന്നു.)
കുട്ടൻ: "കെവിൻ സാർ ഒന്ന് എഴുന്നേറ്റേ..."
കെവിൻ: "അപ്പോൾ പെൺകുട്ടി...?"
കുട്ടൻ: "ഇപ്പോൾ വരും മറ്റു രണ്ടു പേരും കൂടെയുണ്ട്. ഇപ്പോൾ സാർ ഇവിടെയിരിക്കണം." (പുറകിലുള്ള കസേരയിൽ ഇരുത്തുന്നു) "ഒരു ശകലം നേരം അഡ്ജസ്റ്റ് ചെയ്യണം."
(കുട്ടൻ അടുത്തയാളെ സ്വീകരിക്കുന്നു. മുണ്ടും ജുബ്ബയും ഫ്രഞ്ച് താടിയും ബുദ്ധിജീവി ലുക്കും ഉള്ള പ്രകാശൻ കടന്നുവരുന്നു.)
പ്രകാശൻ: (താടി തടവി വന്ന് ഇരിക്കുന്നു. അർജ്ജുനെയും കുട്ടനെയും മാറി മാറി നോക്കി) "ഞാൻ പ്രകാശൻ. കുട്ടിയെ വിളിച്ചോളൂ." (ബാഗ് തുറന്ന് ഒരു ചുവന്ന മാല എടുക്കുന്നു)
കുട്ടൻ: "പ്രകാശേട്ടാ എന്താ ഇത്?"
പ്രകാശൻ: "നമ്മുടെ നാട്ടിൽ നടമാടുന്ന വിവാഹ സമ്പ്രദായം ക്യാപിറ്റലിസ്റ്റുകളുടെയും പുരോഗമനവാദികളുടെയും ഇടയിലുള്ള അന്തർധാരയുടെ ബഹുസ്ഫുരണങ്ങളാണ്. ഇങ്ങനെയുള്ള ആശയശക്തികേന്ദ്രങ്ങളെ ഉന്മൂലനം ചെയ്യുകയെന്ന ഫൂക്കോൾട്ടിന്റെയും ദെറിദയുടെയും ഉന്നത ചിന്താഗതിയിൽ നിന്നുകൊണ്ട് ഞാൻ സഖിയാക്കാൻ ഉദ്ദേശിക്കുന്ന കുട്ടിയുടെ കഴുത്തിൽ ഈ ഹാരമണിയിക്കുക എന്നതാണ് എന്റെ ലക്ഷ്യം. കുട്ടിയെവിടെ കുട്ടാ…”
അർജ്ജുൻ: (കുട്ടനോട് അടക്കത്തിൽ) "വിവരം കൂടി വട്ടായതായിരിക്കും ഒഴിവാക്ക് കുട്ടാ."
(മൂന്നാമത്തെ ബെൽ അടിക്കുന്നു. കേണൽ സത്യപാൽ പട്ടാള വേഷത്തിൽ വരുന്നു. അർജ്ജുനും കുട്ടനും അറിയാതെ എഴുന്നേറ്റു പോകുന്നു.)
കേണൽ: (അർജ്ജുന് ഷേക്ക് ഹാൻഡ് കൊടുക്കുന്നു. ഹസ്തദാനത്തിന്റെ ശക്തിയിൽ അർജ്ജുൻ വേദന കടിച്ചമർത്തുന്നു) "You must be Arjun! I am Sathyapal, nice to meet you!" (കാലിന്മേൽ കാൽ കയറ്റിയിരുന്ന് കുട്ടനോട്) "Please sit down. സ്വന്തം വീടായി കരുതിയാൽ മതി."
(അർജ്ജുനം കുട്ടനും ഇരിക്കുന്ന വഴി പരസ്പരം നോക്കുന്നു.)
കേണൽ: "സീ മിസ്റ്റർ അർജ്ജുൻ കുട്ടൻ പറഞ്ഞു കാണുമല്ലോ. കണ്ടാൽ അത്ര പ്രായം പറയില്ലെങ്കിലും ഞാനൊരു റിട്ടയേർഡ് കേണൽ ആണ്.. പേര് സത്യപാൽ. പേരുപോലെ തന്നെ എന്റെ രീതിയും നേരെ വാ നേരെ പോ ആണ്. ആദ്യഭാര്യ നേരത്തെ മരിച്ചു. രണ്ടാമതൊരു വിവാഹം കഴിച്ചെങ്കിലും എനിക്കത്ര സ്യൂട്ടായില്ല. മക്കളെന്ന പ്രാരബ്ധമൊന്നുമില്ല. I am free Mr. Arjun. പിന്നെ പലരും വിചാരിക്കും ഒരു എക്സ് മിലിട്ടറി ആയതുകൊണ്ട് ഞാൻ ഭയങ്കര strict ആയിരിക്കുമെന്ന്. അതൊക്കെ ഒരു ടൈപ്പ് കാസ്റ്റിംഗ് പ്രീജുഡിസ് ആണ്. It's really insulting to me and the nation's military service as a whole."
(കേണലിന്റെ സ്വരം പതുക്കെ ഉയരുകയും വികാര തീവ്രത കൂടുകയും ചെയ്യുന്നു. അർജ്ജുനം കുട്ടനും പരസ്പരം ഒളികണ്ണിട്ട് നോക്കുന്നു. കുട്ടൻ്റെ വിരലുകൾ പേടിയിൽ വിറക്കുന്നു.)
"See, I value freedom.” (പെട്ടന്ന് കേണൽ റിലാക്സാകുന്നു പുഞ്ചിരിക്കുന്നു. രണ്ടുകൈയും വിരിക്കുന്നു.)
“സ്വാതന്ത്ര്യം അത് എല്ലാവർക്കും വിലപ്പെട്ടതാണ്. എന്നെ അനുസരിക്കുന്നിടത്തോളം കാലം ഒരിക്കലും ഞാൻ അതാർക്കും നിഷേധിക്കുകയില്ല."
അർജ്ജുൻ: (കുട്ടനോട് അടക്കത്തിൽ) "എങ്കിൽ ഇയാൾക്ക് ഒരു പട്ടിയെ മേടിച്ച് കെട്ടിക്കൂടെ."
(പെട്ടെന്ന് സുമിത്ര മുറിയിലേക്ക് കടന്നുവരുന്നു. ഗാംഭീര്യമുള്ള സ്ത്രീ. അർജ്ജുൻ ചാടി എഴുന്നേൽക്കുന്നു. കുട്ടൻ ആശയക്കുഴപ്പത്തിൽ പതിയെ എഴുന്നേൽക്കുന്നു.)
അർജ്ജുൻ: "അമ്മ!"
സുമിത്ര: "എന്താ ഇവിടെ നടക്കുന്നത്! പെണ്ണുകാണലോ?"
കുട്ടൻ: (കൺഫ്യൂഷനിൽ, പിന്നെ ബ്ലാബറിങ്ങ്) "അല്ല.. അത് പിന്നെ അർജ്ജുന് ആണ് കാണണമെന്ന് പറഞ്ഞു. അല്ല… അവന്റെ കല്യാണത്തിന് മുമ്പ് ആത്മാർത്ഥ സുഹൃത്തിന് ഒരു വരനെ വേണമെന്ന് പറഞ്ഞു."
(ഇതു കേട്ടു കേണലും ബാക്കി രണ്ടു പേരും ചാടിയെഴുന്നേൽക്കുന്നു.)
കേണൽ: "ഇതാണോ അർജ്ജുന്റെ ആത്മാർത്ഥ സുഹൃത്ത്!"
(സന്തോഷത്തോടെ കേണൽ സുമിത്രയുടെ അടുത്തേക്ക് പരിചയപ്പെടാൻ വരുന്നു. അങ്ങനെ ബാക്കി രണ്ടു പേരും വരുന്നു.)
കേണൽ: "എന്തൊരു ഗ്രേസ്ഫുൾ ഡിസിപ്ലിൻ!"
പ്രകാശൻ: "എന്തൊരു അർത്ഥ വ്യാപ്തമായ സംസാരം!"
കെവിൻ: "മകൻ അമ്മയ്ക്ക് വരനെ അന്വേഷിക്കുന്ന മനോഹരമായ ഒരു റൊമാന്റിക് അറ്റ്മോസ്ഫിയർ.. കുട്ടാ എനിക്ക് പാട്ടുപാടി ഡാൻസ് ചെയ്യാൻ തോന്നുന്നു."
(പാട്ടും നൃത്തവും - രംഗം 2 അവസാനിക്കുന്നു.)
രംഗം 3
(പാട്ടുപാടിയവർ പോകുന്നു. സ്റ്റേജിൽ സുമിത്രയും അർജ്ജുനും മാത്രം. അർജ്ജുൻ സോഫയിലിരിക്കുന്നു, തല അല്പം കുനിച്ച്. സുമിത്ര അർജ്ജുനെ നോക്കി നിൽക്കുന്നു.)
സുമിത്ര: "അർജ്ജുൻ, I know what you are thinking. ഞാൻ ഒറ്റയ്ക്കാകും എന്ന പേടിയല്ലേ നിനക്ക്? എന്തിന് അങ്ങനെ പേടിക്കണം അർജ്ജുൻ? ഡിവോഴ്സി ആയാൽ ഉടൻ ഒരു സ്ത്രീ അബലയും അശരണയും ആകുന്നില്ല അർജ്ജുൻ. സമൂഹത്തിൽ കുറെ പേർ ഒരുപക്ഷേ അവൾക്ക് ഒരെല്ല് കൂടുതലുണ്ടെന്ന് പറയാം, വേറെ ചിലർ അവളുടെ കെട്ടിയവന് ഒരെല്ല് കുറവാണെന്ന് പറയാം. പക്ഷേ നിനക്ക് മുൻപിൽ ഞാനില്ലേ? നട്ടെല്ല് നിവർത്തി ഞാൻ നിന്നെ വളർത്തിയത് നട്ടെല്ല് നിവർന്ന് നിൽക്കാൻ തന്നെയല്ലേ… (അല്പം നിർത്തി ടോൺ മാറ്റി) മകനേ… സ്വന്തമായി തീരുമാനങ്ങളെടുക്കാനും കാര്യപ്രാപ്തിയിലെത്താനും നമ്മളെ സഹായിക്കുന്നതാണ് ശരിയായ 'അധികാരം'. മീര നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതും അതുതന്നെ."
അർജ്ജുൻ: (മുഖമുയർത്തി) "ശരിയാണമ്മേ.. അമ്മ ഒറ്റയ്ക്കായി പോകുമോ എന്ന പേടിയിൽ ചെയ്തതാണ്."
(സുമിത്ര അർജ്ജുന്റെ അടുത്ത് സോഫയിൽ ഇരിക്കുന്നു.)
സുമിത്ര: (സന്തോഷത്തോടെ) "ഞാൻ ഒറ്റയ്ക്കായി പോകും എന്ന് നീ പേടിക്കണ്ട. ഞാൻ ഒറ്റയ്ക്കായി പോകാതെ നോക്കാനുള്ളയാളെ ഞാൻ കണ്ടുപിടിച്ചു കഴിഞ്ഞു. ഇനി നീ കൂടുതൽ കഷ്ടപ്പെടണമെന്നില്ല."
(അർജ്ജുൻ സന്തോഷത്തോടെ ചാടി എഴുന്നേൽക്കുന്നു.)
അർജ്ജുൻ: "Really! I am so happy mom! എങ്കിൽ പിന്നെ രണ്ട് കല്യാണങ്ങളും ഒരുമിച്ച് നടക്കട്ടെ. അമ്മ എന്തു പറയുന്നു?"
(സോഫയിലിരുന്ന് സുമിത്ര അർജ്ജുനെ നോക്കി പുഞ്ചിരിച്ച് തലയാട്ടുന്നു. അർജ്ജുൻ സന്തോഷത്തോടെ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് കുട്ടനെ വിളിക്കുന്നു.)
അർജ്ജുൻ: "കുട്ടാ! അടുത്ത മാസം 14-ന് ഒരു വേദിയിൽ ഒരു കല്യാണമല്ല രണ്ടാണ്. ഞാനും അമ്മയും ഒരു ദിവസം തന്നെ കല്യാണം കഴിക്കാൻ തീരുമാനിച്ചു. നീ അതനുസരിച്ച് പരിപാടി പ്ലാൻ ചെയ്തോ."
കുട്ടൻ: (അങ്ങേത്തലയ്ക്കൽ നിന്ന് excited ആയി) "ങ്ങേ! മൂന്നു പേരിൽ ആരെയാ സെലക്ട് ചെയ്തത്?"
അർജ്ജുൻ: "നീ കൊണ്ടുവന്ന മൂന്നു പേരിൽ ആരുമല്ല."
കുട്ടൻ: "പിന്നെ?"
അർജ്ജുൻ: (Soft and dreamy ആയി - നിവിൻ പോളി ശൈലിയിൽ) "അമ്മയ്ക്ക് ഇഷ്ടമുള്ള ആളെ."
(ആവേശകരമായ പാട്ടും നൃത്തവും ആരംഭിക്കുന്നു.)
(തിരശ്ശീല വീഴുന്നു)
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.