ഇംഗ്ലീഷുകാരുടെ ലോകത്തെ കൃഷ്ണൻകുട്ടി - DGT

 

"ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിച്ചിരുന്നു എന്ന് പറഞ്ഞിട്ട് കാര്യമില്ല സ്ഥിരമായി സംസാരിച്ചില്ലെങ്കിൽ പലസ്ഥലങ്ങളിലും നാണം കെടുമെന്ന് പഠിപ്പിച്ചുതന്ന കലാലയ ജീവിതം."

എംബിബിഎസ് കിട്ടി കോട്ടയം മെഡിക്കൽ കോളേജിൽ വരുമ്പോൾ ഏകദേശം മുക്കാൽ ശതമാനം ആൺകുട്ടികളും എന്നെപ്പോലെ പഠിച്ചത് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണെങ്കിലും ഇംഗ്ലീഷ് സംസാരിക്കാറേയില്ല. എന്നുമാത്രമല്ല ഇംഗ്ലീഷ് സംസാരിക്കുന്നവരെ മറ്റൊരു ഗ്രഹത്തിൽ നിന്നും വരുന്നവരായി വീക്ഷിക്കുക അവരെ കളിയാക്കുക ഒറ്റപ്പെടുത്തുക എന്നീ ക്രൂര വിനോദങ്ങളിൽ ആനന്ദം കണ്ടെത്തുന്നവരായിരുന്നു ഞങ്ങൾ.

ആദ്യ നാളുകളിൽ പരിചയപ്പെട്ടതാണ് മധുലതാ ശർമ്മയെ. പുള്ളിക്കാരി സിക്കും നിന്നും വന്നതായത് കൊണ്ട് മലയാളം അറിയില്ല. പക്ഷേ നമ്മളെ കണ്ടാൽ ചിരിക്കും,  പറ്റുന്ന ഭാഷയിൽ ഒക്കെ സൗഹൃദത്തോടെ ഇടപഴകും. എനിക്കാണെങ്കിൽ ഒരു പരിധിയിൽ കൂടുതൽ അവരുമായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല കാരണം അങ്ങനെ ഇംഗ്ലീഷിൽ സൊള്ളാൻ അറിയില്ലല്ലോ. കുറെയൊക്കെ ആ പ്രായത്തിന്റെ നാണമായിരുന്നു എന്ന് വേണം പറയാൻ. പക്ഷേ അനായാസം ഇംഗ്ലീഷിൽ സംസാരിച്ച് ചളം പറയുന്ന കുറെ പേർ മധുവായി പെട്ടെന്ന് നല്ല കമ്പനിയായി. ഗുരുപ്രസാദ് ലിഞ്ചോ എന്നിങ്ങനെ ചിലർ ആയിരുന്നു ആ ഇംഗ്ലീഷുകാർ. കൂടെ നെസിയ് സുപ്രിയ എന്നിവരെല്ലാം ചേർന്നപ്പോൾ അതൊരു കൂട്ടായ്മയായി. അങ്ങനെ കമ്പനി അടിക്കാൻ പറ്റാത്തതിന്റെ വിഷമവും അസൂയയും കൊണ്ടാവാം ഇവരെയൊക്കെ "ഇംഗ്ലീഷുകാർ" എന്ന് വിളിച്ചു മറ്റൊരു ഗ്രഹത്തിലെ ജീവികളായി നമ്മൾ പ്രഖ്യാപിച്ചത്. " ഓ അവൻ വലിയ ഇംഗ്ലീഷുകാരൻ... " എന്നൊക്കെയുള്ള ഡയലോഗ്സ് സ്ഥിരം ആയിരുന്നു.

ആ ഇടയ്ക്കാണ് എന്റെ ഒരു കുട്ടിച്ചാത്തൻ കൂട്ടുകാരൻ എന്നോട് പറഞ്ഞത്.. " സുഖമാണോ? എന്ന് ഇംഗ്ലീഷിൽ ചോദിക്കുന്ന വേറൊരു രീതിയാണ്  "do you feel cold between your thighs?".. എനിക്ക് വലിയ ഇംഗ്ലീഷ് വിവരമില്ലാത്തതുകൊണ്ട് ഞാൻ കരുതി അത് ശരിയായിരിക്കും എന്ന്... കൊള്ളാം ഇംഗ്ലീഷുകാരിയോട്  ചോദിക്കാൻ പറ്റിയ ചോദ്യം...ഞാൻ കരുതി.. തലനാഴികക്കാണ് ഞാൻ അവളോട് ചോദ്യം ചോദിക്കാതെ പോയത്. അല്ലായിരുന്നെങ്കിൽ ആ പെൺകുട്ടിയുടെ ചെരുപ്പിന്റെ അളവ് എന്റെ കവിളത്ത് പ്രിന്റ് ചെയ്തേനെ.

 അവസാനത്തെ ഡിസിഷൻ ടേബിളിൽ വച്ച് മറ്റൊരു ഇംഗ്ലീഷുകാരിയായിട്ട് ഒരു തർക്കം നടന്നു. ഒരു സ്ട്രക്ചർ കണ്ടപ്പോൾ അത് great saphenous vein ആണെന്നവർ പറഞ്ഞു.. ഞാൻ വിട്ടുകൊടുത്തില്ല.. അവൾ പറഞ്ഞു " Unlikely to be anything else but if you have any other bright ideas do let me know..." സാധാരണ കേൾക്കാത്ത കുറെ ഇംഗ്ലീഷ് ഒരുമിച്ച് കേട്ടപ്പോൾ ഞാൻ പകച്ചു ഒരു നിമിഷം കൊണ്ട് ഞാൻ സമ്മതിച്ചു കൊടുത്ത് അവിടെ നിന്ന് സ്ഥലം കാലിയാക്കി... ഹോ എന്തൊരു ആശ്വാസം... ആ പറഞ്ഞതിന് ഉത്തരം പറയുന്നതിലും ഭേദം സമ്മതിച്ചു കൊടുക്കുന്നതാണെന്ന് എനിക്ക് തോന്നി...


 മറ്റൊരു ദിവസം അനാട്ടമി ക്ലാസ്സ് കഴിഞ്ഞ് വരാന്തയിൽ വായിനോക്കി നിൽക്കുന്ന സമയം... മധുലത  മുന്നിലൂടെ നടന്നുപോകുന്നു... അവളെ കണ്ടപ്പോൾ എന്റെ ഉള്ളിലെ കൃഷ്ണൻകുട്ടിക്ക് അവളോട് എന്തെങ്കിലും പറയണം.. Madhu why Walking Alone... ഞാൻ ഉറക്കെ ചോദിച്ചു.. സാധാരണ ഇതുപോലെയുള്ള പൂവാലൻ കമന്റ് കേട്ടാൽ നമ്മുടെ നാട്ടിലെ പെൺകുട്ടികൾ ഒന്നു ചിരിക്കും... അല്ലെങ്കിൽ "ചുമ്മാ"എന്ന് പറഞ്ഞ് നടന്നു പോകും.. പക്ഷേ എടുത്ത വായിൽ അവൾ പറഞ്ഞു.. Ah.. you come... ഞാൻ ഇൻ ഹരിഹർ നഗറിലെ ജഗദീഷ് പോലെ എന്തു പറയണമെന്ന് അറിയാതെ "അത്.... അത് പിന്നെ".. എന്ന് പറഞ്ഞ് ഇളിച്ചുകൊണ്ട് കൊണ്ടു നിന്നു... പുഞ്ചിരിയോടെ അവൾ കടന്നു പോയി.


ഇതുപോലെ ഇംഗ്ലീഷ് പറയേണ്ട സാഹചര്യം വരുമ്പോൾ, പ്രത്യേകിച്ച് പെൺകുട്ടികളുടെ മുന്നിൽ എന്റെ Broca's area freeze ആകുന്നത് പതിവായിരുന്നു. പിന്നെ ഫസ്റ്റ് ഇയർ ടൂർ വന്നു, എല്ലാവരും കുറേകൂടി കമ്പനി ആയി... അപ്പോൾ മനസ്സിലാക്കി ഇംഗ്ലീഷ് ഇല്ലാതെയും വളരെ ഭംഗിയായി കമ്മ്യൂണിക്കേഷൻ നടക്കും എന്നുള്ള സത്യം.. മധുലത യാണെങ്കിൽ നല്ല സുന്ദരമായി മലയാളം പഠിച്ചതോടെ ഫസ്റ്റ് ഇയർ തീരാറായപ്പോഴേക്കും ഇംഗ്ലീഷുകാർ എന്ന കൂട്ടർ ഞങ്ങളുടെ മനസ്സിൽ സാധാരണക്കാരായി മാറി....


                                                                                                                                                


Comments

Random Old Posts