പിന്നാമ്പുറ കഥകൾ - ഇംഗ്ലീഷേ വിട!
സുവനിയർ എഴുത്തിൻ്റെ ആദ്യകാല കാര്യമാണിത്. തുടക്കത്തിൽ ഞാൻ എഡിറ്റേഴ്സ് ഗ്രൂപ്പിലുണ്ടായിരുന്നില്ല. ലാലുവിനു വേണ്ടി എഴുതുന്നൂ എന്നാണവൻ എന്നെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. ഞാനെഴുതി കൊടുക്കുന്നതിനെല്ലാം മൂന്നിൽ കുറയാതെ "😂" ഇമോജിയിട്ട് ലാലു എന്നെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ ഞാനും എഡിറ്റേഴ്സ് ഗ്രൂപ്പിൽ! അതു മാത്രമല്ല മെയ്ൻ ത്രെഡ്ഡിൻ്റെ ഇൻ-ചാർജ്ജും!
മലായാളം എഴുതി എനിക്കങ്ങനെ ശീലമൊന്നുമില്ല. പണ്ട് പത്താക്ലാസിൽ പഠിക്കുമ്പോൾ ഇംഗ്ലീഷ് ഗ്രാമറിന് ഒന്നാം റാങ്കായിരുന്നു. വായിക്കുന്നത് മുഴുവൻ ഇംഗ്ലീഷ് നോവലുകളും. ഇംഗ്ലീഷിൽ രണ്ടക്ഷരം സംസാരിക്കാൻ പേടിയായിരുന്നെങ്കിലും ഇംഗ്ലീഷ് സാഹിത്യത്തിൽ ഞാൻ ഒട്ടും മോശമല്ല എന്നൊരു അബദ്ധ വിചാരം എനിക്കുണ്ടായിരുന്നു. അങ്ങനെ ജീവിതത്തിലാദ്യമായി മലയാളത്തിൽ കിളക്കാനായി തൂമ്പയെടുക്കാൻ ഈ സുവനിയർ നിമിത്തമായി.
മലയാളം എഴുതി തുടങ്ങുബ്ബൊഴേ അതിൻ്റെ ബുദ്ധിമുട്ടറിയൂ. ഒരോ വാക്കിലും അക്ഷരത്തെറ്റുകൾ പതിയിരിക്കും. വാക്കുകൾ എങ്ങനെ എഴുതുമെന്നെ കൺഫ്യൂഷൻ പിന്നീട് ഏതു വാക്കുകൾ കൂട്ടിയെഴുതണം ഏത് പിരിച്ചെഴുതണം എന്നതിലേക്കു കൂടി കടന്നു. ഇതിനൊക്കെ പുറമെയാണ് ഗൂഗിൾ കീബോർഡിൻ്റെ കുസൃതികൾ. പല ആവർത്തി വായിച്ചാലും ചില തെറ്റുകൾ കാണാതെ പോകും. അങ്ങനെ ഞാനെഴുതുന്നതിൽ പലതരം തെറ്റുകളുടെ കല്ലുകടി സുലഭമായി.
പക്ഷേ ഇതൊന്നും അവസാന ഔട്ട്പുട്ടിനെ ബാധിച്ചില്ല. കാരണം പതിര് പാറ്റാനും കല്ല് മാറ്റാനും എഡിറ്റേഴ്സ് ഗ്രൂപ്പിലുണ്ടായിരുന്നത് മലയാള നിഘണ്ടുവായ ശ്രീജയാണ്. ശ്രീജക്ക് പതിര് പാറ്റാനുള്ള മുറം നൽകിയത് ചെറുപ്പം മുതലേ മലയാള സാഹിത്യത്തിൽ നീന്തിതുടിച്ചുണ്ടാക്കിയ ആഴത്തിലുള്ള അവഗാഹമാണെന്നു ഞാൻ പതിയെ തിരിച്ചറിഞ്ഞു. മലയാളത്തിൻ്റെ കെട്ടുറപ്പ് ശ്രീജയുടെ കൈകളിൽ ഭദ്രമാണെന്ന ബോധ്യം അവേശത്തോടെ എഴുതിക്കൂട്ടാൻ എനിക്ക് പ്രേരണയായി.
ഇതിനിടയിൽ എഴുതാൻ പലരിൽ നിന്നും പ്രോത്സാഹനം ലഭിച്ചു. അങ്ങനെ ആത്മവിശ്വാസം തന്നവരിൽ ഒരാൾ പോളിൻ്റെ ഭാര്യ നസിയ ആണ് (നമ്മുടെ ബാച്ച് മേയ്റ്റും). അതെങ്ങനെയെന്ന് പറയാം. എഡിറ്റേഴ്സ് ഗ്രൂപ്പിൻ്റെ പ്രഥമ Steering Committee കൂടിയത് കൊച്ചിയിലെ ലാലിൻ്റെ ഫ്ലാറ്റിലാണ്. സുവനിയറിൻ്റെ മെയ്ൻ സ്റ്റോറി ഏങ്ങനെയാവണം എന്നൊരു തീരുമാനം അവിടെവെച്ചുണ്ടാകണമെന്നൊരു വാശി എനിക്കുണ്ടായിരുന്നു. വേറോന്നും കൊണ്ടല്ല, ഇല്ലെങ്കിൽ ലാലുവിൻ്റെ അവസാനമില്ലാത്ത പ്രോത്സാഹനം മൂലം അവസാനമില്ലാതെ എഴുതി, ഞാൻ തന്നെ അവസാനിക്കും എന്നൊരുൾവിളി എന്നെ അലട്ടാൻ തുടങ്ങിയിരുന്നു.
അതുവരെ എഴുതിയ മെയ്ൻ സ്റ്റോറി ഡിസ്കസ്സ് ചെയ്ത് തീരുമാനിക്കാം എന്നായിരിന്നു പൊതുധാരണ.
[Discussion at Lal's Flat and Eating from Machli Restaurant]
നസിയ അന്നു ലിഞ്ചോയെക്കാണാൻ വന്ന പോളിൻ്റെ കൂടെ വന്നതാണ്. Core thread ഡിസ്കഷൻ അങ്ങനെ ഡിസ്ക് പോലെ കറങ്ങി കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ലാലു പ്രിൻ്റ് ചെയ്ത സ്റ്റോറി നസിയക്ക് കൊടുത്തു. സ്റ്റോറിയുടെ തുടക്കം ഉറകെ വായിച്ച നസിയ പറഞ്ഞു, "കഥ ഇതു മതി!" എനിക്ക് സമാധാനമായി. ഒരു തീരുമാനമായല്ലോ.
ഇതുപോലെ തന്നെ തുടക്കത്തിലേ സ്റ്റോറി വായിച്ച് നീതു പറഞ്ഞ അഭിപ്രായം -"ഇത് നല്ല രസമുണ്ട്, നമ്മൾ ഗുൽമോഹർ ചുവട്ടിലിരുന്ന് പറയുന്നതുപേലെ തന്നെ!" - എഡിറ്റേഴ്സ് ഗ്രൂപ്പിൻ്റെ ആത്മവിശ്വാസം തെല്ലൊന്നുമല്ല വർദ്ധിപ്പിച്ചത്.
ഞാനിവിടെ പങ്കുവച്ചത് മുകളിൽ പറഞ്ഞ രണ്ടു പേർക്കും ആശ്ചര്യമായിക്കാണും. അതുകൊണ്ട് തന്നെയാണ് അത് പങ്കു വെയ്ക്കണമെന്ന് തോന്നിയതും.
ഇത്രയൊക്കെ പറഞ്ഞപ്പോൾ നിങ്ങൾക്ക് തോന്നിയിട്ടുണ്ടാവും സുവനിയറിലുള്ള ഇംഗ്ലീഷ് ആർട്ടിക്കിൾസ് മുഴവൻ ഞാനാണ് എഡിറ്റ് ചെയ്ത് സുന്ദരമാക്കിയതെന്ന്. ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ മലയാളെത്തെ അപേക്ഷിച്ച് എളുപ്പമാണ്. എനിക്ക് ഗ്രാമർ ഉള്ളതുകൊണ്ടല്ല, പണ്ടു മുതലേയുള്ള സ്പൽ ചെക്കറും പുതിയതായി രംഗപ്രവേശം ചെയ്ത നിർമ്മിത ബുദ്ധിയുമുള്ളതുകൊണ്ടാണത്. അങ്ങനെ, ഇത്യാതി റ്റൂൾസ് ഉപയോഗിച്ച് ഒന്നുരണ്ട് പ്രവശ്യം കഴുകി ക്ലീനാക്കിയ ഇംഗ്ലീഷാണ് രശ്മിയുടെ കൈയ്യിൽ ഏൽപ്പിച്ചത്. മലായള ഭാഗം എഴുതി ഉറങ്ങിയ ഞാൻ രാവിലെ എഴുന്നേറ്റ് ഇംഗ്ലീഷ് ഭാഗം നോക്കിയപ്പോൾ ഞെട്ടി! പാതിരാ വരെയിരുന്ന് ഞാൻ ക്ലീനാക്കിയ ഭാഗങ്ങളിലെ അഴുക്കും കരടും വേർതിരിച്ച് അതിസൂക്ഷമ വെട്ടുകുത്തുകളിലൂടെ രശ്മിയതിനെ തിളങ്ങുന്ന വജ്രമാക്കിയിരിക്കുന്നു! എൻ്റെ ഇംഗ്ലീഷ് ആത്മവിശ്വാസിത്തിനേറ്റ കനത്ത പ്രഹരം!
സുവനിയറിൽ അശ്വതിയും നമിതയും സുപ്രയയും ദേവിയും എത്രത്തോളം അവിഭാജ്യവും സുപ്രധാനവുമായ ഘടകങ്ങളായിരുന്നുവെന്ന് ഞാൻ പ്രത്യേകം പറയണ്ട കാര്യമില്ല. അവസാന ഘട്ടത്തിൽ, എഡിറ്റേഴ്സ് ഗ്രൂപ്പെന്ന ഇൻകുബെയ്റ്ററിൽ 'Chrysalis'-ആയി പരണമിച്ച സുവനിയർ നിങ്ങളുടെ കൈകളിലേയ്ക്ക് പറന്ന വർണ്ണശമ്പള മാഗസിനായി ചിറകു വിടർത്താൻ ലാലുവിൻ്റെ വലം കൈയ്യായി നിന്ന് സഹായിച്ചത് ദേവിയാണ്.
എന്നാൽ ഈ സുവനിയർ കേസുകെട്ടിൽ ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് ഇവരാരോടുമല്ല, ഇർഷാദിനോടാണ്! എല്ലാ മീറ്റിങ്ങുകളിലും മുടങ്ങാതെ അറ്റൻഡൻസ് വയ്ക്കുമ്പോഴും സുവനിയറിൽ സഹകരിക്കില്ല (പല കാരണങ്ങളാൽ) എന്ന ഇർഷാദിൻ്റെ ഉറച്ച തീരുമാനമാണ് ലാലുവിന് എന്നെ സബ്സ്റ്റിറ്റ്യൂട്ടായി ഇറക്കണ്ടി വന്നതും സബ്സ്സ്റ്റിറ്റ്യൂട്ടായി വന്ന എനിക്ക് ഗോളടിക്കേണ്ടി വന്നതും.
[Final Discussion at Devi's House and Magazine release]
വാൽകഷണം
സ്പിരിച്വാലിറ്റി ബ്ലോഗ്ഗിലെ എൻ്റെ ഭാഗം ഘനഗംഭീരമായ ഇംഗ്ലീഷിലും ടെക്നോളജി ബ്ലോഗ് ലളിത മലയാളത്തിലും എഴുതി ആത്മ നിർവൃതിയിൽ ഇരിക്കുന്ന സമയം. ഒരു ഡിസ്കഷൻ മീറ്റിങ്ങിനിടയിൽ ലാലിനെ കണ്ടപ്പോൾ എഴുതയ ബ്ലോഗ്ഗുകളെക്കുറിച്ച് അഭിപ്രായം ചോദിച്ചു. ഇംഗ്ലീഷിലെഴുതിയ സ്പിരിച്വാലിറ്റിയെപ്പറ്റി പ്രശംസ പ്രതീക്ഷച്ച എൻ്റെ തോളിൽ കൈയിട്ട് ലാലു പറഞ്ഞു, "നീയിനി സ്പിരിച്വാലിറ്റി എഴുതുന്നുണ്ടെങ്കിൽ ടെക്നോ ബ്ലോഗ് പോലെ മലയാളത്തിൽ എഴുതിയാൽ മതി. അതാണ് നിനക്കും വായിക്കുന്നവർക്കും നല്ലത്!"
അങ്ങനെ എൻ്റെ പത്താക്ലാസിലെ ഒന്നാം റാങ്ക് സ്വാഹ!