എന്നെ മുത്തിയ യൂദാസ്!


എന്നെ നിങ്ങളെല്ലാവരും അറിയും.

എങ്കിലും എന്നെപ്പറ്റി ഒന്നുകൂടെ പറയാം. ഞാൻ ഒരു പാവം അച്ചായൻ, സുമുഖൻ, സുന്ദരൻ, സുശീലൻ. Onida tv യുടെ brand ambassador എന്നു പറഞ്ഞു കുറച്ചു പേർ കളിയാക്കാറുണ്ട്.

തണുത്ത വെളുപ്പാൻ കാലത്തു തീവണ്ടിയില്ലാത്ത കാഞ്ഞിരപ്പള്ളിയിലൂടെ പുകവണ്ടി ഓടിക്കുന്ന ഞാൻ  ഓണാസദ്യക്കു പോലും കൂട്ടുകാരെ കൊണ്ടുപോയി സൽക്കരിക്കുന്ന വിശാല മനസ്കൻ. വീട്ടിലാണെങ്കിൽ Falooda പോലും olive oil ഇൽ ചാലിച്ചു ചവച്ചരച്ചാണ് ഞാൻ കുടിക്കുന്നത്. ചുരുക്കി പറഞ്ഞാൽ രാജകീയ ജീവിതം.


മെഡിസിനു അഡ്മിഷൻ കിട്ടി കോട്ടയം മെഡിക്കൽ കോളേജിൽ കാലുകുത്തിയ എനിക്ക് ലോകം കീഴടക്കിയ സന്തോഷമായിരുന്നു.


മെൻസ് ഹോസ്റ്റലിൽ റാഗിംഗ് പേടിച്ചു ഞാൻ 'തറയിൽ' ലൊഡ്ജിൽ ഒരു റൂം കണ്ടെത്തി.

സഹമുറിയനെ കണ്ടപ്പോൾ ഞാൻ സന്തോഷിച്ചു. കട്ടമീശയുള്ള തുറവൂർകാരൻ ഒരു സുന്ദരൻ. Jesus Youth-നു വരുന്നില്ലേ എന്ന ഒറ്റ ചോദ്യത്തിൽ അവൻ എന്റെ ഹൃദയത്തിൽ ഇടം പിടിച്ചു.


പ്രാതൽ കഴിക്കാൻ ചെന്ന ഞാൻ ഹോസ്റ്റലിലെ ബാക്കിയുള്ളവരെ കണ്ടു.


വളവളാ സംസാരിച്ചു, പല്ല് മൊത്തം കാട്ടി ചിരിക്കുന്ന ഒരു അങ്കമാലിക്കാരനും

അമ്മ പറയുന്നത് മാത്രം കെട്ടു ജീവിക്കുന്ന എറണാകുളംകാരനും. വേറൊരുത്തനെ കണ്ടാൽ ഒരു അമേരിക്കൻ ഇറക്കുമതി. പക്ഷെ സംസാരം തനി കൊച്ചി കടപ്പുറം. അവസാനത്തേതു ഒരു കാവാലം കാരൻ. എന്റെ അമ്മവീടിനു അടുത്തുനിന്ന്. എല്ലാവരെയും നോക്കി നിസ്സംഗമായ ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യുന്ന ഇവനെ സൂക്ഷിക്കണമെന്നു എന്റെ തലയിൽ ആരോ മന്ത്രിച്ചു.


കാഞ്ഞിരപ്പിള്ളിയിലെ അറിയപ്പെടുന്ന ഒരു ഡോക്ടർ ആകാൻ ആഗ്രഹിച്ച എന്റെ ഭാഗ്യമോർത്തു ഞാൻ നെടുവീർപ്പിട്ടു. എല്ലാം ദൈവത്തിന്റെ കൃപ!!

കുരിശും വരച്ചു ബൈബിളും വായിച്ചു, രാവിലെ പള്ളിൽ പോവാൻ അലാറം വച്ചു ഞാൻ കിടന്നു.


അങ്ങനെ ആഴ്ചകളും മാസങ്ങളും കടന്നു പോയി. ഞാൻ അറിയാതെ ആ കാവാലം കാരൻ എന്റെ ഉറ്റമിത്രമായി, മനസാക്ഷി സൂക്ഷിപുകാരനായി.


എന്റെ ഉള്ളിലെ പ്രണയം ഞാൻ അവനോടു പറഞ്ഞു.


എന്റെ ആദ്യ പ്രണയം.. 8ാം ക്ലാസ് മുതൽ എന്റെയുള്ളിലെ ആ വിങ്ങൽ. പള്ളിയിൽ പോവാനുള്ള എന്റെ ആവേശം എന്നും അവളായിരുന്നു. ഒരു കൊച്ചു മാലാഖ.


“നീ അവളോട്‌ പറഞ്ഞില്ലകിൽ എങ്ങനെ അവളറിയും?” അവൻ എന്നോട് ചോദിച്ചു. 


അങ്ങനെ ഒരു ഫെബ്രുവരി 11-ാം തീയതി ഉച്ചക്കു അവന്റെ ബൈക്കിന്റെ പുറകിൽ കയറി എന്റെ ആ സ്നേഹം പറഞ്ഞറിയിക്കാൻ ഞാൻ പറന്നു. 


എന്നെ കണ്ട അവളുടെ മുഖം തുടുത്തു. എന്റെ ഹൃദയം കവർന്നെടുത്ത ആ ചിരി. ഞാൻ അവളോട്‌ കാര്യം പറഞ്ഞു. ആ മുഖത്തു കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് ഞാൻ കണ്ടു.


"ഇച്ചായനെ ഞാൻ ഒരു വല്യേട്ടനായെ ഞാൻ കണ്ടിട്ടുള്ളൂ.."


ആ വാക്കുകൾ കൊടുങ്കാറ്റായി എന്റെ പളുങ്ക് ഹൃദയത്തെ തകർത്തുടച്ചു. 


"എടാ കർത്താവിനെ പോലെ നീ  ഉയർത്തെഴുന്നേൽക്കും!" എന്റെ ആത്മമിത്രം മൊഴിഞ്ഞു. "രണ്ടു ദിവസം കഴിഞ്ഞാൽ Valentine’s ഡേ അല്ലേ…നമുക്ക് വേറൊരുത്തനു പണി കൊടുത്തു കൊണ്ട് തുടങ്ങാം." അവൻ പറഞ്ഞു.


മൊത്തത്തിൽ ആശയകുഴപ്പത്തിലായിരുന്ന ഞാൻ അവനെ ദയനീയമായി നോക്കി.


"സജിതക്ക് ഒരു പ്രേമലേഖനം എഴുതാം.. എന്നിട്ട് ബിനോജിന്റെ പേരിൽ ഒരു റെഡ് റോസും, കത്തും കൊടുക്കാം. നീ പേപ്പറെടുത്ത് എഴുത്."


എന്നെ ഉയർപ്പിക്കാനുള്ള അവൻ്റെ പരിശ്രമം എനിക്കൊരു മധുരപ്രതികാരമായി തോന്നി. ഞാൻ എന്റെ മനസ്സ് തുറന്നു. എന്റെ ഉള്ളിലെ പ്രണയം ആ കത്തിലേക്ക് കുത്തി ഒഴുകി. ഞാൻ എഴുതിയ ആ കത്ത് വായിച്ച് അവൻ ആ സ്വതസിദ്ധമായ ചിരിയോടെ പറഞ്ഞു, "ഡാ ഇതു തകർത്തു! നിനക്കിന്ന് ബാർബിക്യു ചിക്കൻ എന്റെ വക.. "


ഒരു ചായ പോലും മേടിച്ചു തരാത്ത അവന്റെ ക്ഷണം കേട്ടു ഞാനൊന്നു സംശയിച്ചു, പക്ഷെ അവൻ എന്റെ ഉറ്റവനല്ലേ... 


ഫെബ്രുവരി 14, Valentine’s Day


ദീപക് റോസ് വിതരണം തുടങ്ങി. ആരവങ്ങളും ആർപ്പുവിളികളും..ഞാനും എല്ലാം മറന്ന് ചിരിച്ചു.


“സജിതക്ക് ഒരു റെഡ് റോസ്.. ഒരു വലിയ ലെറ്ററും ഉണ്ട്.” ദീപക്ക് ഒരു കള്ള ചിരിയോടെ പറഞ്ഞു.


സജിത, തൊടുപുഴക്കാരി സുന്ദരി, പാലിന് വെണ്മ കുറവാണെന്ന് തോന്നിപ്പിക്കുന്ന ചർമകാന്തി. കത്ത് വായിച്ചുകൊണ്ടിരുന്നപ്പോൾ ആ മുഖത്തു വിടർന്ന നിറഭേദങ്ങൾ കണ്ടു ഞാൻ ഊറി ചിരിച്ചു. ഞാൻ ശരിക്കും ഉയർത്തെഴുന്നേറ്റ ഒരു പ്രതീതി!


ഞാൻ എന്റെ ആത്മസ്നേഹിതനെ നോക്കി. അപ്പോഴും ആ പുഞ്ചിരി. അവൻ എന്നോട് പറഞ്ഞു, "ഡാ നീ സജിതയോട്  ചോദിക്ക് ആരാ ആ കത്ത് എഴുതിയത് എന്ന്.."


നിഷ്കളങ്കനായ ഞാൻ അവളോട്‌ ചോദിച്ചു, "സജിതാ.. ആരാ സജിത അത്??"


പെട്ടന്ന് "ജോർജ്ജിൽ നിന്ന് ഞാൻ ഇതു പ്രതീക്ഷിച്ചില്ല!" എന്നു പറഞ്ഞു സജിത പൊട്ടിത്തെറിച്ചു!!!


പകച്ചു നിന്ന ഞാൻ ഞെട്ടലോടെ രണ്ടു സത്യങ്ങൾ തിരിച്ചറിഞ്ഞു. ഞാൻ തലേദിവസം കഴിച്ച ബാർബക്യു ചിക്കൻ എന്റെ അന്ത്യത്താഴമായിരുന്നു എന്നതും, ആത്മസ്നേഹിതനെന്ന ആ നാറിയാണ് യഥാർത്ഥ യൂദാസ് എന്നും.


കർത്താവനുഭവിച്ച പീഡ്ഡ അന്നു ഞാനറിഞ്ഞു...


Comments

Random Old Posts