മിഡ്‌ലൈഫ് മാനിഫെസ്റ്റോ വരുത്തിവച്ച വിപ്ലവം!!!





ബഹുമാനപ്പെട്ട സുവനിയർ കൊണാണ്ടർ ലാൽ സാർ,

നിങ്ങളിറക്കിയ സുവനിയറിലെ "നമിതയുടെ മിഡ് ലൈഫ് മാനിഫെസ്റ്റോ" എന്ന ലേഖനം വായിച്ച് ജ്ഞാനോദയം പ്രാപിച്ചിരിക്കുകയാണ് എൻ്റെ സ്ത്രീ സഹപ്രവർത്തകർ. അവരുടെ ആത്മസാക്ഷാത്കാരത്തിൻ ആഴങ്ങൾ തേടിയുള്ള യാത്രയിൽ ഏകനായ ഞാൻ ബലിയാടാക്കപ്പെടുകയാണ്. വിവാഹിത മദ്ധ്യവസ്ക പുരുഷ ഗണത്തിലെ അംഗമായ എനിക്ക് നമ്മുടെ വർഗ്ഗാശയങ്ങൾ നിരത്തി വാദിക്കാൻ സാധിക്കാതായിരിക്കുന്നു.

ഇങ്ങനെ പോയൽ അധികം താമസിയാതെ നമ്മുടെ നിലനിൽപ്പ് തന്നെ ഭീഷിണി നേരിടും. ആയതിനാൽ പ്രസ്തുത ലേഖനം എത്രയും പെട്ടന്ന് കരിമ്പട്ടികയിൽ ഉൾപ്പെടുത്തി സ്ത്രികളുടെ ഇടയിലെ പ്രചരണം നിയന്ത്രിക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നു.

വേദനയോടെ, ഉത്തരം മുട്ടിയ ഒരു പുരുഷവർഗ്ഗ പ്രതിനിധി.

***********

കാര്യങ്ങൾ എങ്ങനെയിങ്ങനെ കീഴ്മേൽ മറിഞ്ഞു?

ഞാൻ ഒരു ആർപ്പൂക്കര പഞ്ചായത്ത്‌ നിവാസി, അപ്പനപ്പൂപ്പന്മാരായിട്ട്. അതിനെന്ത് പ്രസക്തിയെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. എൻ്റെ വീട്ടു മുറ്റത്തൊണ് കോട്ടയം മെഡിക്കൽ കോളേജ്. യാതൊരു യാതനയുമില്ലാതെ എംബിബിസും അതിനു ശേഷം ബിരുദാനദര ബിരുദവും സ്വന്തം വീട്ടിൽ നിന്ന് നടന്നു പോയി നേടിയ ചരിത്രമാണ് എൻ്റേത്.

പി.ജി കാലഘട്ടവും അതിനു ശേഷം സീനിയർ റെസിഡൻസിയും കാലും നീട്ടി ഇരുന്ന്, വെടിയും നുണയും പറഞ്ഞ് സുഖമായി തീർന്നു. വീടിന്റെ തൊട്ടടുത്തു തുടങ്ങിയ പുതിയ കോർപറേറ്റ് ആശുപത്രിയിൽ ഡിപ്പാർട്ട്മെൻ്റ് ഹെഡ് ആയി ഞാൻ ചാർജ്ജെടുത്തു. ആദ്യ ആഴ്ച തന്നെ ഞാൻ ഒരു കാര്യം മനസിലാക്കി, പണി എടുക്കണം!!! അങ്ങനെ കളി കാര്യമാവുന്നതിനു മുബ് ഞാൻ കളം മാറ്റി ചവിട്ടി. അല്പം അകലെയുള്ള മറ്റൊരു വലിയ ആശുപത്രിയിലേക്ക് ചേക്കേറി. ഇവിടെ സ്ത്രീ സഹപ്രവർത്തകരുണ്ട്. പണികളെക്കെ അവർ ചെയ്തുകൊള്ളും. ഞാൻ സീനിയർ ആയത് കൊണ്ട് സൂപ്പർവൈസ് ചെയ്താൽ മതി. അങ്ങനെ തരക്കേടില്ലാതെ പഴയതു പോലെ ലോകകാര്യങ്ങളും, ഫിലോസഫിയും, പുങ്കതരവും പറഞ്ഞു സുഖ ജീവിതം.

അങ്ങനെ ഇരിക്കുമ്പോഴാണ് ലാൽ സാർ ബാച്ച് റീയൂണിയനുമായി ബന്ധപ്പെട്ട് സുവനിയർ ഇറക്കാൻ തീരുമാനിക്കുന്നതും വിധിയുടെ വിളിയാട്ടത്തിനൊടുവിൽ അതിലൊരു എഡിറ്ററായി എന്നെ ക്ഷണിക്കുന്നതും. അത് പിന്നീട് ജീവിതത്തെ തന്നെ മാറ്റി മറിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല.

എഡിറ്റിങ്ങ് ജോലിക്കിടയിൽ നമിതയുടെ "മിഡ്‌ലൈഫ് മാനിഫെസ്റ്റോ" എന്റെ ശ്രദ്ധ പിടിച്ചു പറ്റി. കാറൾമാക്സിൻ്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എങ്ങനെ കാലാകാലങ്ങളോളം ആഗോള വ്യാപകമായി ബൂർഷ്വാസികൾക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചോ അതുപോലെ തന്നെ നമിതയുടെ മാനിഫെസ്റ്റോ മദ്ധ്യവയസ്ക സ്ത്രീകളെ, പ്രത്യേകിച്ച് വിവാഹിതരെ, ഉത്കർഷഭരിതരാക്കാൻ കഴുവുള്ളതാണെന്ന് ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു.

ഇതൊക്കെ ഭാര്യ വായിച്ചാൽ എനിക്കു പണിയാകും എന്നതുകൊണ്ട് റീയൂണിയൻ കഴിഞ്ഞ് സുവനിയർ ഞാൻ ഹോസ്പിറ്റലിൽ കൊണ്ട്പോയി വച്ചു. ഇവിടെ ഇതൊക്കെ ആര് വായിക്കാൻ, ഞാൻ പുച്ഛിച്ചു.

കുറച്ചു ദിവസം കടന്നുപോയി. പതിവ് പോലെ ഉച്ചയുണും കഴിഞ്ഞ് കുറച്ച് സാരോപദേശം സഹപ്രവർത്തകർക്കു കൊടുക്കാൻ ചെന്ന ഞാൻ ഒന്നു പകച്ചു. സാധരണയുള്ള ഭവ്യതയില്ല, പഴയ ബഹുമാനം ലവലേശമില്ല. എന്താണ് സംഭവിച്ചത് എന്നാലോചിച്ചു തല പുകച്ചു നിൽകേ അവരിലൊരാൾ ആക്രോശിച്ചു, “സർവ്വരാജ്യ സ്ത്രീകളെ സംഘടിക്കുവിൻ!”

ഒരിടിത്തീ പോലെ ഞാനപ്പോൾ ആ സത്യം മനസ്സിലാക്കി. മിഡ് ലൈഫ് മാനിഫെസ്റ്റോ! അത് പണി തുടങ്ങിക്കഴിഞ്ഞു!

റീയൂണിയൻ ഡബ്സ്മാഷിൽ നാഗവല്ലിയായ നമിതയുടെ അതേ മുഖം ഞാനാ സഹപ്രവർത്തകിയിൽ കണ്ടു. 

“നാളെ മുതൽ പണികൾ സ്വയം ചെയ്തോണം!” ഇടിമുഴക്കമുള്ള ശബ്ദത്തിൽ അവർ ഗർജ്ജിച്ചു.

എന്റെ കാര്യം 'ഗോപി' ആയ തിരിച്ചറിവിൽ അർത്ഥ പ്രജ്ഞനായി കസേരയിലേക്ക് വീണ ഞാൻ എന്നെപ്പോലുള്ളവരെ ഓർത്തു വ്യസനിച്ചു.
 

ലാൽ സാറിന് എന്തെങ്കിലും ചെയ്യാൻ സാധിച്ചേക്കും…

Comments

Random Old Posts