ഒന്നൊന്നര GAG reflex - Gerald

അന്ന് ഒരു ശനിയാഴ്ച ആയിരുന്നു

രാവിലെ ഏകദേശം ഒമ്പതര മണി. ബോറടി മാറ്റാൻ ഓപി ചീട്ടിൽ ചിത്രശലഭത്തെ വരച്ചിരിക്കുന്ന എൻ്റെ മുന്നിലേക്ക് ഒരമ്മയും മോനും കടന്നുവന്നു. പക്ഷേ, ഈ മോൻ നിങ്ങളുദ്ദേശിക്കുന്ന പോലെ അത്ര ചെറിയ മോനല്ല. പത്ത് പതിനെട്ട് വയസ് കാണും. ഷർട്ടും ജീൻസുമാണ് വേഷം. തലമുടി ചീകി വെയ്ക്കാൻ മെനക്കെട്ടിട്ടില്ല. മുഖത്ത് കലിയോട് കൂടിയ ഒരു തരം പുച്ഛനിസംഗതാ ഭാവം. അവൻ എൻ്റെ മുഖത്തോട്ടു പോലും നോക്കാൻ തയാറല്ല. അമ്മയുടെ മുഖം നേരേ വിപരീതം. മകൻ്റെ രോഗത്തെ പറ്റിയുള്ള ആധി ഒറ്റനോട്ടത്തിൽ നമ്മൾക്ക് വായിച്ചെടുക്കാം.

"ഇരിക്കൂ." ഞാൻ മൊഴിഞ്ഞു. അമ്മ ഇരുന്നു. മകൻ നിൽപു തന്നെ. അനുസരണയുടെ കുറവ് അവനിൽ ഞാൻ കണ്ടു.

"ഇരിക്കടാ കസേരയിൽ. എനിക്ക് സമയം കളയാനില്ല."  മടി കൂടാതെ ഞാൻ നുണ പറഞ്ഞു. അവൻ വിഷമിച്ച് രോഗീസ്റ്റൂളിൽ നിലത്തോട്ട് നോക്കി ഇരുന്നു. 

"എന്താ നിൻ്റെ പ്രശ്നം?"

അവൻ വാ തുറന്നില്ല, എന്നെ നോക്കിയതുമില്ല.

"എടാ ഡോക്ടറോട് കാര്യം പറയടാ." അമ്മയും ശ്രമിച്ചു നോക്കി. പക്ഷെ അവൻ ആ ഇരുപ്പ് തന്നെ.

"എന്നാ പിന്നെ സമയം കളയാതെ അമ്മ തന്നെ പറ." എനിക്ക് ചെറുക്കൻ്റെ സ്വഭാവം തീരെ പിടിച്ചില്ല.

"എൻ്റെ ഡോക്ടറേ..." അമ്മ മോൻ്റെ പുറത്ത് തലോടി. "ഇവൻ രാവിലെ എഴുന്നേറ്റ്..” പറയുന്നത് മുഴുമിക്കാൻ അമ്മ കഷ്ടപ്പെടുന്നത് കണ്ട് ഞാൻ പ്രോത്സാഹിപ്പിച്ചു. "രാവിലെ എഴുന്നേറ്റപ്പം എന്ത് പറ്റി?"

"രാവിലെ എഴുന്നേറ്റ് പല്ലുതേച്ച് നാക്കു വടിക്കുമ്പോൾ അവന് ഓക്കാനം വരും. ഒരാഴ്ചയായി തുടങ്ങിയിട്ട്. എന്നാ ചെയ്യും ഡോക്ടറേ?"

ഞാൻ ഞെട്ടിത്തരിച്ച് പോയി. എൻ്റെ തലച്ചോർ തലയോട്ടിയുടെ വാതിൽ തുറന്ന് നിലത്തേക്ക് എടുത്തു ചാടിയതുപോലെ തോന്നി. 

പേഷ്യന്റ്സ്റ്റൂളിൽ അപ്പോഴും നിസംഗതയോടെ നിലത്തോട്ട് നോക്കിയിരുക്കുന്ന ചെറുക്കനോടുള്ള എൻ്റെ സകല ദേഷ്യവും അലിഞ്ഞില്ലാതായി. അവനോട് സഹതപിച്ച് ഞാനും അല്പനേരം നിലത്ത് നോക്കിയിരുന്നു.

"ഡോക്ടറേ എന്തെങ്കിലും മരുന്ന് ഉണ്ടോ ഇതിന്?"

ആ തള്ളയുടെ മുഖത്തേക്ക് ഞാൻ സൂക്ഷിച്ച് നോക്കി.

"ഉണ്ട്, പ്രതിവിധിയുണ്ട്. ഒരാഴ്ച നോക്കിയിട്ട് വീണ്ടും വന്ന് കാണിക്കണം." ഞാൻ പറഞ്ഞു.

അമ്മയുടെ മുഖം തെളിഞ്ഞു. പ്രതീക്ഷ കൈവന്നു.

"ഒന്നെഴുതി തരുവായിരുന്നെങ്കിൽ ഉപകാരം ഉണ്ടായിരുന്നു." കൂപ്പുകൈകളോടെ അവർ പോകാനെഴുന്നേറ്റു.

"അതിന് എഴുതാനൊന്നുമില്ല. ഒരാഴ്ച നാക്ക് വടിക്കാതിരുന്നാ മതി."

അവർ കൂടുതൽ എന്തെങ്കിലും പറയുന്നതിനുമുൻപ് ഞാൻ അടുത്ത ഒപി ചീട്ടിലെ പേര് ഉറക്കെ വിളിച്ചു.

Comments

Random Old Posts