ഒരു ആമയും മുയലും കഥ... Linjo


ബാച്ച് സ്പിരിറ്റ്‌ കത്തി നിൽക്കുന്ന ആ കാലം...

സ്‌പോർട് ഡേ നടത്താനുള്ള കരുനീക്കങ്ങൾ ക്ലബ്‌ സെക്രട്ടറി ജോയ്സിന്റെ മുറിയിൽ. 

എന്തൊക്കെ ഐറ്റംസ് വേണമെന്ന് വൻ ചർച്ച.. 

"നമ്മൾ ജയിക്കുന്ന ഇനങ്ങൾ മാത്രം വെച്ചാ മതി." ചാണക്യൻ ലാൽ മൊഴിഞ്ഞു.

"അതു മതി." ജോയിസും തലകുലുക്കി.


ഞങ്ങൾ ചുറ്റും നോക്കി..ആകെ ഒരു ദാരിദ്ര്യം.. എണ്ണം പറയാൻ ഒരു താരം മാത്രം..

ജെസ്സ്.. വിവേക് ജെസ്സ്. മെലിഞ്ഞ സുന്ദരൻ, ലോങ്ങ്‌ ജമ്പ്, 100 മീറ്റർ ഓട്ടം എന്നീ ഇനങ്ങളിൽ കൊച്ചിയെ പ്രതിനിഥീകരിച്ച പുലികുട്ടൻ.. കണ്ടാലേ ഒരു തികഞ്ഞ സ്പോർട്സ് മാൻ.

അപ്പോ അതു ഉറപ്പിച്ചു, 100, 200 ലോങ്ങ്‌ ജമ്പ്.


പെട്ടെന്ന് ഇർഷാദ് "Eureka" എന്നു പറഞ്ഞോടിയ Archimedes പോലെ ചാടി എഴുന്നേറ്റു..

"നീ ഇസാക്കിന്റെ ട്രൈസ്‌പ് കണ്ടിട്ടുണ്ടോ? ഷോട്ട് പൂട് ഒക്കെ അവന് ഒരു പൂ പോലെ..

ഐസക് ജോർജ് ഉള്ളാട്ടിൽ.. നമ്മുടെ മീശയുള്ള ഹൃതിക്ക് റോഷൻ...

അവന്റെ ആ ഹീറോ ഹോണ്ട കരിസ്‌മ ബൈക്കിൽ, ബ്ലാക്ക് ജീൻസും, ട്രൈസ്‌പ്സും കാണിച്ചുള്ള  ആ 'കഹോ നാ പ്യാർ ഹേയ്' സ്റ്റൈൽ മാസ്സ് എൻട്രി.." ഇർഷാദ് വാചാലനായി..


"എങ്കില് അടുത്തത് ഷോട്ട് പൂട്. മതി.. ഇത്രയും ഐറ്റം മതി.." ജോയ്‌സ്  ഹാപ്പി.


സ്പോർട്സ് ഡേ പ്രമാണിച്ച് ഒരു ദിവസം അവധി കിട്ടിയ സന്തോഷത്തിൽ കപ്പടിക്കാൻ ഞങ്ങൾ ഇറങ്ങി..ആദ്യ മത്സരം ലോങ്ങ്‌ ജമ്പ്..

വിവേക്  കാൽ കളസമൊക്കെയിട്ട് വൻ വാർമിംഗ് അപ്പ്‌.. 

ഓടുന്നു.. റൺ അപ്പ്‌ മാർക്ക്‌ ചെയ്യുന്നു.. ജംപിങ് പിറ്റിന്റെ മണ്ണ് പരിശോധിക്കുന്നു.. ആകെ ഒരു പ്രൊഫഷണൽ ടച്ച്‌. ആകാംഷയോടെ കാത്തിരുന്ന വിവേകിന്റെ ഫസ്റ്റ് ജമ്പ്.


അമ്മേ.. അയ്യോ!!!  


ഓടി വന്ന് ചാടിയ അവൻ പിറ്റിന്റെ അറ്റം വരെ എത്തിയില്ല വെട്ടിയിട്ട വാഴ പോലെ ജെസ്സ് (ചാട്ടം പിറ്റു കഴിഞ്ഞു പോയി എന്ന് അവന്റെ  വാദം)... 

ബാച്ച് ആംബുലൻസ് (രവിയുടെ മാരുതി) പാഞ്ഞെത്തി..അവനെയും തൂക്കി ക്യാഷ്വാലിറ്റിയിൽ!!


"എന്തൊക്കെ ആയിരുന്നു!!! മലപ്പുറം കത്തി...മാങ്ങാത്തൊലി...ജോയ്‌സ്  നിരാശയോടെ പിറുപിറുത്തു. പോരാത്തതിന് 'ട്രൈസ്‌പ്സ് മാത്രം പോരാ ഷോട്പുട് എറിയാൻ' എന്നു തെളിയിച്ചൂ ഐസക്കിന്റെ പ്രകടനം..


എല്ലാം തൂത്തു വാരി നിന്ന 99 ബാച്ചിലെ ഷാനു ആക്രോശിച്ചു.. "ലോങ്ങ്‌ ഡിസ്റ്റൻസ്  ഒന്നുമില്ലേ.. ഒരു പൂർണതയ്ക്ക്??" അവന്റെ മുഖത്തെ ആ പുച്ഛം നമ്മുടെ മോന്തക്കു ഒരടി കിട്ടിയ പോലെ തോന്നിച്ചു..


ദീർഘ ദൂര ഓട്ടകാർ അവരുടെ ബാച്ചിൽ ഇഷ്ടം പോലെ.. നമ്മുടെ ഉണ്ണി മാരത്തോണ്ണൊന്നും അന്ന് ഓടി തുടങ്ങിയിട്ടില്ല.


"എന്നാ ഇവരൊക്കെ ഓടി മരിക്കട്ടെ.. 1500 മീറ്റർ ഒന്നും വേണ്ട 5000 മീറ്റർ മതി." ജോയ്‌സ് തീരുമാനിച്ചു.


ഓടാൻ ലൈൻ അപ്പ്‌ ചെയ്തപ്പോൾ നമ്മുടെ ആരുമില്ല.. ചുമ്മാ അതുവരെ തെണ്ടി നടന്ന നിസാം അവന്റെ ജീൻസ് കയറ്റി വച്ച് ചെരുപ്പും ഇട്ട് ഓടാൻ നിന്നു..

"ഒരു ഓളമല്ലേ!!" അവൻ പറഞ്ഞു.. 


"ചെരിപ്പൊന്നും പറ്റില്ല".. അനീഷ്‌ പി ജി നിയമം വിളമ്പി..

നിസാം ചെരുപ്പ് ഊരി എറിഞ്ഞു. അങ്ങനെയൊന്നും തോല്പിക്കാൻ നോക്കണ്ട..


ഓട്ടം തുടങ്ങി.. ആദ്യ 400 മീറ്റർ കഴിഞ്ഞപ്പോൾ നിസാമിനെ കണ്ടുകൊണ്ടിരുന്നവർ കൂവി.

അവൻ 200 മീറ്റർ പുറകിൽ.. ഞങ്ങളും പതിയെ വലിയാം എന്നു വിചാരിച്ചു നിന്നപ്പോ വർക്കി പറഞ്ഞു. "എടാ അവന്റ സ്പിരിറ്റ്‌ നമ്മളായിട്ട് കളയരുത്.." തലയിൽ കയ്യും വച്ച് ഞങ്ങൾ അവിടെ തന്നെ നിന്നു.. 


പയ്യെ പയ്യെ 99 ബാച്ചിന്റെ താരങ്ങൾ ഓരോരുത്തരായി പൊലിഞ്ഞു തുടങ്ങി.  5(2000 മീറ്റർ) റൗണ്ട് കഴിഞ്ഞപ്പോ പി ജി ഓട്ടം നിറുത്തി.. ഉച്ചക്ക് വിഴുങ്ങിയ ബിരിയാണി പണി കൊടുത്തു.. നിസാം ഓടികൊണ്ടേ ഇരുന്നു.

10 (4000 മീറ്റർ) റൗണ്ട് കഴിഞ്ഞു. ഷാനു മുടന്തുന്നു... മസ്സിലുകയറിയെന്നു തോന്നുന്നു. മുടന്തി മുടന്തി (4800 മീറ്റർ) 12ാം റൗണ്ട് ഓടികൊണ്ടിരുന്ന ഷാനു പയ്യെ തിരിഞ്ഞു നോക്കി.. 

നിസാം തൊട്ട് പിന്നിൽ.. തുടങ്ങിയ പോലെ തന്നെ.. പാട്ടൊക്കെ പാടി അവൻ അങ്ങനെ ഓടികൊണ്ടിരിക്കുന്നു.. കണ്ണുമിഴിച്ചു നിന്ന് പോയ ഷാനു പിന്നെ ഓടാൻ പറ്റാതെ പകച്ചു നിന്നു.. 


5000 മീറ്റർ ഒന്നാമനായി ഫിനിഷ് ചെയ്ത്, ഊരി എറിഞ്ഞ ചെരിപ്പും തിരിച്ചിട്ട്, ഒന്നും സംഭവിക്കാത്തത് പോലെ അവൻ പറഞ്ഞു.. "ഡാ പാറക്കൽലിലോട്ടു വിട്.. ഉച്ചക്ക് കഴിച്ച ബിരിയാണി ഒന്നും ആയില്ല.. ഇപ്പം മുട്ട പഫ്സ് വന്നു കാണും!"


ഇതൊക്കെ കണ്ടു തരിച്ചു നിന്ന എനിക്കു തലകുലുക്കാനേ കഴിഞ്ഞുള്ളൂ…






















Comments

Random Old Posts