No.20 മദ്രാസ് മെയ്ൽ - 3



കൗൺസിലിംഗ് ഹാൾ അടക്കുന്നതിന് തൊട്ടുമുമ്പ് ഞങ്ങൾ ഓടിക്കിതച്ചെത്തി. ഭാഗ്യം, ഞാൻ വിചാരിച്ചതിലും നേരത്തേയാണ്! ഉച്ചയയോടു കൂടി എൻ്റെ അലോട്ട്മെൻ്റ് കഴിഞ്ഞു. ഉച്ചകഴിഞ്ഞാണ് നിസാമിൻ്റെ സ്ലോട്ട്. ലഞ്ച് ബ്രേയ്ക്കിന് ജംഗ്ഷനിലുള്ള ചെറിയ ഹോട്ടലിൽ കഴിക്കാനിരിക്കുമ്പോൾ ഞാൻ നിസാമിനോട് ചോദിച്ചു, “അളിയാ നീ ഏതെടുക്കുമെന്ന് തീരുമാനിച്ചോ? സൈക്യാട്രി, കണ്ണ്, ENT, പീട്സ് ഇതൊക്കെ പലയിടത്തും ഡിഗ്രിയും ഡിപ്ലോമ സീറ്റുണ്ട്. പക്ഷേ കേരളത്തിൽ പാടായിരിക്കും.”

ഊണിൽ സാമ്പാർ കുഴച്ചുകൊണ്ടിരുന്ന നിസാം എന്നെ നോക്കി. “എല്ലാ ഓപ്ഷനും കൂടി കുഴഞ്ഞ് കിടക്കുവാണല്ലോടാ…”

“അപ്പോ നീ ഇതൊന്നും നോക്കിയില്ലേ?”

“അതിനിപ്പോ അധികം സമയമൊന്നും വേണ്ട,” കുഴച്ച ചോറും സാമ്പാറും വായിലിട്ട് നിസാം പറഞ്ഞു. “നല്ല ചോയ്സ് ഏതൊക്കെയെന്ന് കുറച്ച് സിനേയേർസിനെ വിളിച്ച് ചോദിക്കണം, അത്രേയുള്ളൂ. ദേ…നീ ആ ചെറിയ പാത്രത്തിലെ തൈര് എടുത്ത് ദാ… ഇങ്ങനെ ഒറ്റയടിക്കു കുടിക്കണം. ഇതാണ് ഇവിടുത്തെ ഡെസേർട്ട്. കണ്ടോ ഒരുനിമിഷം കൊണ്ട് തീർന്നില്ലേ? ഇത്രേയുള്ളൂ ഈ ഓപ്ഷൻസും!”

മരുഭൂമിയിലും വെള്ളം കണ്ടുപിടിക്കുന്ന നിസാമിന് ഇതൊക്കെ നിസ്സാരമായിരിക്കും. ഞാൻ ആശ്വസിച്ചു. ചെറിയ പാത്രത്തിലെ തൈര് ഉറ്റയടിക്ക് ഊറ്റിക്കുടിച്ച് ഞാനും ഊണ് അവസാനിപ്പിച്ചു.

കൗൺസിലിംഗ് സെൻ്ററിൻ്റെ പുറകുവശത്ത് വിശാലമായ ഒരു ഗ്രൗണ്ടും തറ കെട്ടിയ വലിയ ഒരു തണൽ മരവുമുണ്ട്. രാവിലെ കൗൺസിലിംഗ് കഴിഞ്ഞർ പോയി. ഉച്ച കഴിഞ്ഞുള്ളവർ എത്തുന്നതേയുള്ളൂ. മരച്ചുവട്ടിൽ ഞാനും നിസാമും മാത്രം.

നിസാം ഫോണെടുത്ത് സീനിയേഴ്സിനെ വിളിച്ച് ഓപ്ഷൻ ലോക്ക് ചെയ്യുന്ന നിസ്സാരമായ ജോലി തുടങ്ങി. അവൻ്റെ ഒരു വിളി അരമണിക്കൂറാണ്. കുശലവും ലോകകാര്യങ്ങളും പൊട്ടിച്ചിരികളും കഴിഞ്ഞാണ് ഓപ്ഷൻ ഡിസ്കഷൻ. 

തണൽ മരത്തിൻ്റെ ചില്ലകൾക്കിടയൽ കൂടുകൂട്ടുകയായിരുന്ന ഒരു കാക്കയിലേയ്ക്ക് എൻ്റെ ശ്രദ്ധ മാറി. കാക്ക കഷ്ടപ്പെട്ട് നാലു ചുള്ളിക്കമ്പ് വെച്ചപ്പോഴേയ്ക്കും ഒന്നര മണിക്കൂർ കഴിഞ്ഞിരിന്നു. കാക്കയുടെ കഷ്ടാപ്പാടോർത്ത് ഞാൻ നെടുവീർപ്പിട്ടു. പെട്ടന്നാണ് നിസാര പണിക്കിറങ്ങിയ നിസാമിൻ്റെ കാര്യം ഓർത്തത്. ഞാൻ ചുറ്റും നോക്കി. 

അല്പം അകലെ ഒരു കൈകൊണ്ട് ഒരു സിഗററ്റ് കുറ്റി ചുണ്ടിനിടയിൽ തിരുകി മറു കൈ കൊണ്ട് ഫോൺ ചെവിയിൽ വെച്ച് വെരുക് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് നിസാം. മുഖത്ത് ഡിസ്കഷൻ തുടങ്ങിയപ്പോൾ ഞാൻ കണ്ട ചിരിയല്ല, പകരം പിരിമുറുക്കത്തിൻ്റെ പേശിവലിവ്.

“എന്തായാടാ?” ഞാനടുത്തു ചെന്നു ചോദിച്ചു.

“സൈക്യാട്രി, കണ്ണ്, ENT, പീട്സ് ഇതൊക്കെ പലയിടത്തും ഡിഗ്രീയും ഡിപ്ലോമ സീറ്റുണ്ട്. പക്ഷേ കേരളത്തിൽ കിട്ടാൻ പാടാണ്. കേരളത്തിന് പുറത്ത് ഏതാ നല്ല കോളേജ് എന്ന് തീരുമാനിക്കണം.”

സൂര്യനുദിച്ച ശേഷം രാണ്ടാം പ്രാവിശ്യവും തെറി പറയാൻ ഓങ്ങിയ എൻ്റെ നാവിന് ഞാൻ കടിഞ്ഞാണിട്ടു.

“ടാ സമയമായി, നീ ഹാളിലോട്ട് ചെല്ല്!”

നിസാം ഹാളിലേക്ക് നടക്കുന്ന വഴി ചെവിയിലിരുന്ന ഫോണിൽ കോൾ കണക്ടായി.

“ഹലോ ആര്യ! How are you? എന്തൊക്കെയുണ്ട് വിശേഷങ്ങൾ, പറ! തഞ്ചാവൂര് ക്ലൈമെറ്റ് ഒക്കെ ഏങ്ങനെ…”

ഫോണിൽ സംസാരിച്ചു നീങ്ങുന്ന നിസാമിനെ നോക്കി ഞാൻ വീണ്ടും നെടുവീർപ്പിട്ടു. അങ്ങനെ, ആ മരത്തിനടിയിൽ കുത്തിയിരുന്നു ഞാനെൻ്റെ പ്രാർത്ഥന തുടങ്ങി.

കൗൺസിലിംഗ് കഴിഞ്ഞിറങ്ങിയതും ആകാംഷയോടെ ഞാൻ അവൻ്റെയടുത്തെത്തി. “എന്തായാടാ?”

“തഞ്ചാവൂര് ENT അങ്ങെടുത്തു.” പരുപാടി കഴിഞ്ഞതിൻ്റെ ആശ്വസത്തിൽ നിസാം പറഞ്ഞു.

അവനേക്കാളും കൂടുതൽ സന്തോഷിച്ചത് ഞാനാണ്. ഇനിയിപ്പോൾ കൗൺസിലിംഗ് രണ്ടാം ദിവസം ഞങ്ങൾക്ക് രണ്ടു പേർക്കും പരുപാടിയില്ല. നാളെ ഉച്ചവരെ റിലാക്സ് ചെയ്ത് ബുക്ക് ചെയ്ത ട്രൈയിനിൽ തന്നെ തിരിച്ചു പോകാം. എനിക്ക് വലിയ സമാധാനമായി.

നിസാം തഞ്ചാവൂരിലെ ക്ലൈമറ്റിനെ കുറിച്ചും ENT യുടെ മാഹാത്മ്യത്തെ കുറിച്ചും വാചാലാനായി. NFS ഇൽ അടുത്ത റെയ്സിന് എൻ്റെ കാർ എങ്ങനെ ട്യൂൺ ചെയ്യത് ഫസ്റ്റടിക്കാം എന്ന് മനക്കോട്ട കെട്ടുകായിയുന്ന ഞാൻ നിസാം പറയുന്നതിന് വെറുതെ മൂളുകയും തലയാട്ടുകയും ചെയ്തു കൂടെ നടന്നു.

*****

നിസാം ഒരു ഓപ്ഷൻ പിക്ക് ചെയ്തെന്നു കേട്ട ചങ്ക് ഞെട്ടി! “Wonderful ഡാ wonderful, ഇന്നു നമുക്ക് അടിച്ചു പൊളിക്കണം!”

ശ്രമിച്ചാൽ ഒരു ഓപ്ഷനിൽ നിലകൊള്ളാൻ പറ്റുമെന്ന് മനസ്സിലാക്കിയ നിസാമും നല്ല മൂഡിലായിരുന്നു. നിസാം മൂഡിലായാൽ പിന്നെ പാട്ടുകേക്കണം, പാട്ടു പാടണം.

“പറയടാ ലാലേ… ഈ മദിരാശിയിൽ നമുക്കിന്ന് അടിച്ച് പൊളിക്കാൻ പറ്റയ ഒരു സ്ഥലം പറ. ഇന്ന് നിനക്കവിടെ എൻ്റെ വക ട്രീറ്റ്! പക്ഷേ അവിടെ എനിക്ക് പാട്ടുകേക്കണം. അതു മസ്റ്റാണ്.”

“ഉനക്ക് സങ്കീതം വേണമാ? ലാലാ, എഗ്മോറിലെ അന്ത ചിയേർസ് പബ്ബ്... റൊമ്പ നല്ല ആമ്പിയൻസ്. Jukebox സാങ്ങ്സ്... മച്ചാ… ചാൻസേയില്ലെ!” ചങ്കിൻ്റെ തമിഴ് ഗഡി ഓപ്ഷൻ കൊടുത്തു.

“മതി അതു മതി! ലാലെ ഇന്നത്തെ നമ്മുടെ ചിയേർസ്, ചിയേർസിൽ!” 
അങ്ങനെ നിസാം രണ്ടു തീരുമനം ഒരിമിച്ചെടുക്കുന്ന ആദ്യത്തെ ദിവസമായി മദ്രാസിലെ ആ ദിനം.

“എന്നാപ്പിന്നെ ചിയേർസിലേക്ക് വിടാം.” ചങ്കിനും സമ്മതം.

ധൃതിയിൽ വേഷം മാറി ഊള തമാശകൾ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ച് നിസാമും ചങ്കും തമിഴ് ഗഡിയും വാതിൽ തുറന്ന് പുറത്തിറങ്ങി. “അനൂപേ നീ വാതിലടച്ചു കിടന്നോ. ഞാൻ താക്കോലെടുത്തിട്ടുണ്ട്. ഞങ്ങൾ വരാൻ ലേയ്റ്റാകും." പോകുന്ന വഴി തിരിഞ്ഞു പോലും നോക്കാതെ ചങ്ക് വിളിച്ചു പറഞ്ഞു.

“ടാ നാളെ ഉച്ചയ്ക്കു നിസാമിന് തിരിച്ചു പോകാനുള്ളതാണ്, ഓർമ്മ വേണം!”

CH ൻ്റെ താക്കീത് അടഞ്ഞ വാതിലിൽ തട്ടി മുറിയിൽ തന്നെ പ്രതിധ്വനിച്ചു.

ഒരു മണിക്കൂറെടുത്ത് ട്യൂൺ ചെയ്ത എൻ്റെ NFS കാർ ആദ്യ റെയ്സിൽ തന്നെ കൊക്കയിൽ വീണതുകൊണ്ട് CH പറഞ്ഞത് ഞാനും കേട്ടില്ല.

(തുടരും)

Comments

Random Old Posts