“ലുക്ക്‌ വേണം മോളെ ലുക്ക്‌ ” - (പക്ഷേ ഇതു Supriya)





ഈ കഥ കാല്പനികമല്ല. നടന്ന സംഭവം തന്നെയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജനറൽ മെഡിസിൻ 1st ഇയർ PG-യായി എല്ലാ പട്ടി പണിയുമെടുത്ത് ആത്മ സാക്ഷത്കാരം പൂത്തു നിൽക്കുന്ന സമയം. Hutchison, Harrison അങ്ങനെ എല്ലാ —-മക്കളേയും അരച്ചുകലക്കിക്കുടിക്കാനുള്ള ദാഹം.

അന്നൊരു ഡബിൾ അഡ്മിഷൻ ഡേ ആയിരുന്നു. വാർഡിൽ നൂറിൽ കവിഞ്ഞു patients ഉണ്ട്. എല്ലാവർക്കും സുഖമാണോ, പനിയുണ്ടോ, ചുമയുണ്ടോ, വയറ്റിളക്കമുണ്ടോ, ഇനി അതല്ല ഇതൊന്നുമല്ലാത്ത ഏതെങ്കിലുമുണ്ടോ എന്ന് ബെഡ് തോറും തെണ്ടി നടന്ന് ചോദിച്ചുറപ്പു വരുത്തണം. അതാണ് 1st ഇയർ PG-യുടെ പണി.

പതിവുപോലെ സുഖമായി കിടന്നുറങ്ങുന്ന പേഷ്യന്റ് നെ വിളിച്ചുണർത്തി knee ഹാമ്മർ കൊണ്ട് തല്ലി ഇല്ലാത്ത jerk നോക്കി പഠിക്കുക, നിന്ദ്രാ ഭാരത്താൽ അടയുന്ന കണ്ണുകൾ കുത്തി തുറന്ന് fundus നോക്കുക, ബെഡ് കിട്ടാതെ വണ്ടികളുടെ അടിയിൽ സ്ഥലം പിടിച്ചവരെ (പാർക്കിംഗ് lot അടുത്തായതു കാരണം) വലിച്ചിഴച്ച് ഹിസ്റ്ററി ചോദിക്കുക തുടങ്ങിയ സ്ഥിരം നൈറ്റ്‌ ഡ്യൂട്ടി വിനോദങ്ങൾക്ക് ശേഷം ഹോസ്റ്റലിൽ ചെന്നപ്പോൾ വെള്ളമില്ല!

ബക്കറ്റിൽ പിടിച്ചു വെച്ച കുറച്ചു വെള്ളത്തിൽ ഒരുവിധം കുളിച്ചു റെഡിയായി, മുടി ഒരു കണക്കിനു കെട്ടിയൊതുക്കി കിട്ടിയ ഉടുപ്പുമുട്ടു പണിയയുധങ്ങൾ ഒരു പ്ലാസ്റ്റിക് കവറിലാക്കി ഓടി, വാർഡിലേക്ക് (നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോൾ ബാഗ് എടുക്കാൻ മറന്നു).

ഓട്ടം നിർത്തിയത് വാർഡിലേക്കുള്ള പടിയുടെ താഴെ. നിർത്തിയതല്ല, നിർത്തിപ്പിച്ചതാണ്, ഒരു തടിയൻ security ചേട്ടൻ!

ചേട്ടൻ: “ഉം എങ്ങോട്ടാ? Visitors ടൈം കഴിഞ്ഞു. രാവിലെ തന്നെ കവറും തൂക്കി വന്നോളും ഓരോന്ന്, മനുഷ്യനെ മെനക്കെടുത്താൻ.”

ഞാൻ: “ചേട്ടാ ഞാൻ ഇവിടുത്തെ 1st ഇയർ മെഡിസിൻ പിജി ആണ്.”

പ്ലാസ്റ്റിക്ക് കൂടും തൂക്കി നിൽക്കുന്ന എൻ്റെ തനി കൂതറ രൂപത്തിൽ നിന്നു വന്ന ഇംഗ്ലീഷ് കലർന്ന മലയാളം കേട്ട് ചേട്ടൻ ഒന്ന് അന്ധാളിച്ചെങ്കിലും വിടുന്ന ലക്ഷണമില്ല.

“ഐഡി കാർഡ് കാണിക്കൂ.”

അപ്പോഴാണ് ഞാൻ ഓർത്തത്. പണ്ടാരമടങ്ങാൻ ഐഡി കാർഡ് എടുത്തിട്ടില്ല! ഞാൻ വിനീതയായി താഴ്മയോടെ ഇതു പറഞ്ഞു ബോധിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ പുള്ളി എന്നെ കയറ്റില്ലാ എന്ന വാശിയിലാണ്.

“വെറുതെ അതുമിതും പറയാണ്ട് കൊച്ചു പോകാൻ നോക്ക്. എനിക്ക് വേറെ പണിയുണ്ട്.”

പുള്ളിയുടെ ആത്മാർത്ഥത ഞാൻ ബഹുമാനിച്ചു. എന്നെപ്പോലെ പുള്ളിയും ഇവിടെ പുതിയതായിരിക്കും. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നാണല്ലോ.

അവസാനം നിവർത്തിയില്ലാതെ ഞാൻ സീനിയറെ വിളിച്ചു വരുത്തി. അപ്പോഴാണ് പുള്ളിയെന്നെ കടത്തി വിട്ടത്.

“സോറി മാഡം, ആളറിഞ്ഞില്ല. ഇനി ഒരു ID കാർഡ് ഇട്ടിട്ടു വരണേ…”
(പിന്നീട് ഞാനും ആ security ചേട്ടനും വലിയ കൂട്ടായി എന്നത് വേറെ കഥ).

രക്ഷപ്പെടുത്തിയ സീനിയർ സ്നേഹത്തോടെ ഗുണദോഷിച്ചു, "ഇനിയെങ്കിലും ഹോസ്പിറ്റലിൽ വരുമ്പോൾ പ്ലാസ്റ്റിക് കവർ കയ്യിലെടുക്കരുത്!”

പോസ്റ്റ് സ്ക്രിപ്റ്റ്: 

Souvenir കയ്യിൽ കിട്ടിയപ്പോൾ സ്നേഹത്തോടെ അത് അമ്മായിയമ്മക്ക് വായിക്കാൻ കൊടുത്തു. പാവം അവർ മാത്രമേ ഈ വീട്ടിൽ അതൊന്നു മറിച്ചെങ്കിലും നോക്കൂ.

അമ്മ ബുക്ക്‌ മറിച്ചപ്പോൾ കണ്ണ് ചെന്നുടക്കിയത് ഇർഷാദ് എന്നെ ആദ്യം കണ്ട സന്ദർഭവം വിവരിക്കുന്ന ഭാഗത്ത്. “കോട്ടും സൂട്ടുമിട്ട അപ്പനൊപ്പം dull ആയി വേഷമിട്ട സുപ്രിയ.” അമ്മ നേരെ എന്റെ മുഖത്തേക്കു നോക്കി. “അപ്പൊ പണ്ടും ഇങ്ങനെ തന്നെ ആയിരുന്നല്ലേ?” ആ കണ്ണുകൾ എന്നെ നോക്കി മന്ത്രിക്കുന്നതുപോലെ എനിക്കു തോന്നി.

സെറ്റു മുണ്ടും ഉടുത്തു, എണ്ണതേച്ചു കൊതിയൊതുക്കിയ മുടിയിൽ തുളസിക്കതിർ ചൂടി നിൽക്കുന്ന ശാലീന സൗന്ദര്യത്തിന്റെ ആരാധികയാണ് ഞാൻ, അന്നും ഇന്നും എന്നും കൂടെ പറഞ്ഞു നിർത്തിക്കോട്ടെ…

Comments

Random Old Posts