ഘിലാടിയോം കാ ഘിലാടി





നിസാമിനു തിരിച്ചു പേരേണ്ട ദിവസം രാവിലെ 7:15 മണി:

CH രാവിലെ ആശുപത്രിയൽ പോകാനായി ലാപ്റ്റോപ്പ് അന്വേഷിച്ചു മുറിയിൽ വന്നപ്പോഴാണ് ഞാനെഴുന്നേറ്റത്.

“അളിയാ, ഗുഡ്മോർണിങ്ങ്! ലാപ്റ്റോപ്പ് ഇവടെ ഇരുപ്പുണ്ട്,” ഞാൻ വിരൽ ചൂണ്ടി.

“കളി ജയിച്ചോടെ നിൻ്റെ കാറിൽ?”

“അറ്റ് ലാസ്റ്റ്… ഇന്നലെ ഗപ്പടിച്ചാടാ ഗപ്പ്! എൻ്റെ നല്ല കാലത്തിൻ്റെ രാശിയാണെടാ ആ ഗപ്പ്. വീട്ടിൽ തിരിച്ചെത്തിയിട്ട് വേണം റിലാക്സ് ചെയ്തു ഒന്നുറങ്ങാൻ.”

“ങ്ങും…നീയേഴുന്നേറ്റ് ലിവിംഗ് റൂമിലോട്ട് ചെല്ല് അവിടെ നല്ലൊരു രാശി ഇരപ്പുണ്ട്. കണ്ട് വണങ്ങിക്കോ. വർഷം മുഷുവൻ സൗഭാഗ്യമായിരിക്കും! അപ്പോ… എനിക്ക് പോകാൻ ടൈമാച്ച്. ഉച്ചക്കല്ലേ ട്രെയ്ൻ? ബായ്!”

CH കൂടുതൽ വിശദീകരണം തരാതെ ലാപ്റ്റോപ്പുമെടുത്ത് മുറിവിട്ടു. ജിഞ്ജാസയോടെ അവൻ പറഞ്ഞ രാശി കാണാൻ ഞാൻ പുറത്തിറങ്ങി.

ലിവിംഗ് റൂമിലെ സോഫായിൽ ചാഞ്ഞിരിക്കുന്ന ലാലിനെ കണ്ട് ഞാൻ ഞെട്ടി! മച്ചുള്ള എൻ്റെ തറവാട് വീട്ടിൽ സ്ഥിരതാമസക്കാരായ മരപ്പട്ടികളിൽ ഒരുത്തനെ ഒരു ദിവസം വളരെ യാദൃശ്ചികമായി കണ്ട് ഞാൻ ഞെട്ടിയിട്ടത് ഓർമ്മയുണ്ട് (രാത്രി ജീവികളായ മരപ്പട്ടികളെ രാവിലെ കാണാൻ ബുദ്ധിമുട്ടാണ്). സോഫായിലിരിക്കുന്നവൻ്റെ മുഖം ആ മരപ്പട്ടിയുടേതിലും കഷ്ടം! എൻ്റെ രാശി!

ചിയേർസ് ബാറിൽ പോയതു മുതൽ അപ്പോൾ വരെയുള്ള കാര്യങ്ങൾ ലാലു വിവരിച്ചു. ഇവൻ ഈ പറയുന്നതൊക്കെ നേരാണോ ആവോ, ഞാൻ ആത്മഗതം പറഞ്ഞു. ദൃസ്കാഷികളൾ എന്നു പറയുന്ന മൂന്നും കുടിച്ച് പൂസായി ബോധമില്ലാതിരുന്നവർ.

കഥ പറഞ്ഞു നിർത്തി ലാലു റെഡിയാകാൻ എഴുന്നേറ്റു. പെട്ടെന്ന് റൂമിൻ്റെ വാതിൽ തുറന്ന് നിസാമെത്തി. കുറച്ചു മമ്പുവരെ വെള്ളമടിച്ചു കോങ്കിയായി കിടന്നവനാണന്ന് അവനെക്കണ്ടാൽ പറയില്ല. ഫുൾ എനെർജി! ചങ്കിനെക്കണ്ട് ഒറ്റച്ചാട്ടത്തിന് അടുത്തെതി. “അളിയാ! ഇതെന്തുപറ്റി നിൻ്റെ മുഖത്ത്? ക്രിക്കറ്റ് ബോൾ കൊണ്ട് ഏറ് കിട്ടിയതു പോലുണ്ടല്ലോ.” ചങ്കിൻ്റെ നീരുവെച്ച വദനം കൈയിലെടുത്ത് ക്യാപ്റ്റൻ ചോദിച്ചു. “ബൗൺസർ വരുമ്പോൾ ബാറ്റിൻ്റെ ഫുൾ ഫേയ്സുമായി നിൽക്കണമെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ?” ചങ്കിൻ്റെ നീരില്ലാത്ത വദനഭാഗത്ത് ചുംബിച്ചു കൊണ്ട് നിസാം തുടർന്നു. “അടുത്ത പ്രാവിശ്യം ഫോളോ മൈ ഇൻസ്റ്റ്രക്ഷൻസ് ഏ… ഇല്ലങ്കി ഈ സൈഡുകൂടി നശിക്കും.”

സാധരണ മനുഷ്യർ ഇന്നലെ സംഭവിച്ചതോർത്തും ഇപ്പോഴനുഭവിക്കുന്ന വേദനയോർത്തും ഇനി ഉണ്ടാകാവുന്ന അനിഷ്ട സംഭവങ്ങളെയോർത്തും ഈ ഒരു സന്ദർഭത്തിൽ പൊട്ടിത്തെറിക്കും. അതിനുള്ള അവകാശവുമുണ്ട്. എന്നാൽ ചങ്ക് ഒരു സാധാരണ മനുഷ്യനല്ല.

ചങ്ക് നിസാമിനെ കെട്ടിപ്പിടിച്ചു. മരപ്പട്ടി മോന്തയിലും മന്ദഹാസം വിരിഞ്ഞു.

“നമ്മൾ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോടാ എനിക്കതു മതി. നീ പോയി റെഡിയാകാൻ നോക്ക്. ഉച്ചയ്ക്ക് ട്രെയ്ൻ പിടിക്കേണ്ടതല്ലേ… ഞാൻ ഡ്യൂട്ടിക്ക് പോട്ടെ.”

കണ്ടു നിന്ന എൻ്റെ കണ്ണു നിറഞ്ഞു.

“ഞാനും നിൻ്റെ കൂടെ പുറത്തുവരുന്നുണ്ട്. രാവിലെ നുംഗപാക്കത്തെ കുറച്ച് ഫ്രഷ് എയർ വേണമെനിക്ക്. ഒന്ന് ശരിക്കും റീച്ചാർജ്ജായിട്ടു വേണം വീട്ടിൽ പോകാൻ അല്ലേടാ ജെറുക്കുട്ടാ…” ഇതു പറഞ്ഞ് നിസാം വന്നതുപോലെ ചാടിച്ചാടി റൂമിലേയ്ക് തിരിച്ചു പോയി.

ഹാങ്ങ് ഓവറിന് ഇങ്ങനെയും അവസ്ഥാന്തരങ്ങളുണ്ടോ? ആ… കള്ളുകുടിക്കാത്ത എനിക്കെങ്ങനറിയാം…നുംഗപാക്കത്തെ “ഫ്രഷ്” എയർ കിട്ടിയിട്ട് വേണം പോലും അവനു റീച്ചാർജ്ജ്കാൻ! ഞാൻ വീണ്ടും ആത്മഗതം പറഞ്ഞു.

നിസാമിനു തിരിച്ചു പേരേണ്ട ദിവസം നട്ടുച്ച കഴഞ്ഞു, 12:15 മണി:

CH ഊണ് കഴിക്കാനായി ഫ്ലാറ്റിൽ വന്നു. ഞാൻ ബാഗ് പാക് ചെയ്ത് സെറ്റായി നിൽക്കുന്നു.

“എടാ എപ്പോഴാ ട്രെയ്ൻ?”

“രണ്ടു മണി എന്നാണ് നിസാം പറഞ്ഞത്.”

“എന്നിട്ടവൻ എവിടെ?”

“നുംഗപാക്കത്തെ ഫ്രഷ് എയർ വലിച്ചു കയറ്റാൻ പോയി. ഇപ്പോ വരും.”

“നീയൊന്ന് അവനെ വിളി.”

“വിളിച്ചിട്ട് ഫോണെടുത്തില്ല.”

“ങ്ങും… ഫോൺ മിക്കവാറും മുറിയിൽക്കാണും.”

ഇതു പറഞ്ഞു CH അവൻ്റെ കൈയിലിരുന്ന ലോക്കൽ ന്യൂസ്പേപ്പർ എൻ്റെ മടിയിലേക്കിട്ടു.

“മൂന്നാമത്തെ പേജിലെ ന്യൂസ് നീ വായിക്ക്.”

“ടാ തമിഴ് വായിക്കാൻ എനിക്കറിയില്ല.”

“ഓ… ശരി, ഞാൻ വിട്ടു പോയി.”

“എന്താ ന്യൂസ്?”

“എടാ ഇന്നലെ അവന്മാർ പോയ ചിയേർസ് ബാർ നേരം വെളുക്കുമ്പോഴേയ്ക്കും ആരൊക്കെയോ ചേർന്ന് തല്ലിപ്പൊട്ടിച്ചു. കൈയ്യും കാലുമൊടിഞ്ഞ് ബൗൽസർമാർ ആശുപത്രിയിലാണ്!”

അമ്പരന്ന് വാ പൊളിച്ച നിന്ന എന്നെ നോക്കി CH സ്വരം താഴ്ത്തി രഹസ്വഭാവത്തിൽ ചോദിച്ചു,

“ടാ അരുൺ ലാലൽ എന്ന ലാലു ഈ മദ്രാസ് നഗരത്തിൽ ആരാന്നാണ് നിൻ്റെ വിചാരം? ഡോണാടാ.. ഡോൺ!”

CH പറഞ്ഞത് എൻ്റെ റാഷണൽ ന്യൂറോൺ സർക്യൂട്ടിൽ പാതിവഴി എത്തിയപ്പോഴേക്കും ഞാൻ പുറകിൽ നിന്നും ഒരു വിളി കേട്ടു.

“ജെറൂ.. ഒന്നിങ്ങു വരുമോ എനിക്കൊരു കാര്യം പറയാനുണ്ട്.”

പുറത്തുപോയ നിസാമാണ്. വായു വലിച്ച് കിതക്കുന്നുണ്ട്. ആ വിളിയിൽ എന്തോ അസ്വാഭാവികത എനിക്കും CH നും തോന്നി. ചോദ്യഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി.

“നീ ചെല്ല്. നല്ല രാശിയാണെന്നല്ലേ രാവിലെ പറഞ്ഞത്. ചെന്ന് മേടിച്ചോ.” CH കൈയ്യൊഴിഞ്ഞു.

തെല്ല് ഉത്കണ്ഠയോടെ ഞാൻ ചെന്നു.

നിസാം എന്നെ മുറിയിൽ കയറ്റി വാതിൽ ചാരി. എൻ്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.

“ടാ നീ എന്നോട് ദേഷ്യപ്പെടരുത്.”

കടവുളേ കാപ്പാത്തുങ്കോ! ഞാനാദിവത്തെ മൂന്നാമത്തെ ആത്മഗതം പറഞ്ഞു. “ഇല്ല, നീ പറ.”

നിസാം കൈയിൽ ചുരുട്ടിയ കീറിപ്പറഞ്ഞ ഒരു പേപ്പർ നിവർത്തി. “അളിയാ നമ്മൾ ബുക്ക് ചെയ്ത മദ്രാസ് മെയ്ൽ പോയി!”

ഞാൻ ഞെട്ടി! “അതെങ്ങനെ! രണ്ടു മണിക്കത്തെ ട്രെയ്ൻ ആരു കൊണ്ടുപോയി?”

“ഞാൻ ബുക്ക് ചെയ്തത് രാവിലെ ഏഴു മണിക്കത്തെ മദ്രാസ് തിരുവനന്തപുരം എക്സ്പ്രസ്സിനാണ്. അതിപ്പോ കോയമ്പത്തൂർ ചെന്നുകാണും.”

തളർന്ന് കട്ടിലിലേയ്ക്ക് ഇരുന്നു പോയി ഞാൻ. എൻ്റെ കേരളം.. എൻ്റെ കോട്ടയം..

“നീ റ്റിക്കറ്റ് ഇപ്പോഴാണോ എടുത്ത് നോക്കുന്നത്?”

“സോറി അളിയാ, അതെ!”

“ശരി.”

“നിനക്ക് വേറൊന്നും പറയാനില്ലേ? “ശരി” മാത്രമേയുള്ളോ? എൻ്റെ സമാധാനത്തിന് നീയെന്നെ ശകാരിക്കാടാ…”

ഞാൻ പെട്ടെന്ന് അവന്റെ തൊളിൽ കൈയ്യിട്ടു കുലുക്കി. “ഒരു ട്രെയ്ൻ പോയാലെന്ത് പത്ത് ട്രെയ്ൻ വേറെക്കൊണ്ടുവരാൻ കഴിയുന്ന ഒറ്റത്തന്തക്ക് പിറന്നവനാണ് നിസാം അലി! എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല.”

ഞാനത് പറഞ്ഞതും പ്രകടമായ ഒരു ഭാവമാറ്റം അവൻ്റെ മുഖത്ത് ഞാൻ കണ്ടു. ‘ഘിലാടിയോം കാ ഘിലാടിയിൽ’ ഇടികൊണ്ട് മൃതപ്രായനായ അക്ഷയ കുമാർ ഈശ്വര പ്രതിമയിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് ഉയർത്തെഴുന്നേറ്റതുപോലെ നിസാമിലെ സിംഹം സടകുടഞ്ഞെഴുന്നേറ്റു.

എന്തോ നിശ്ചയിച്ചുറപ്പിച്ച മട്ടിൽ നിസാം മുറി തുറന്ന് പുറത്തുപോയി.

ഊണ് കഴിഞ്ഞ് ഡ്യൂട്ടിക്കു മടങ്ങുന്ന വഴി മുറിയിൽ കയറിയ CH നോട് ഞാൻ കാര്യം പറഞ്ഞു.

“ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതാ അവൻ്റെ മേലൊരു കണ്ണു വേണമെന്ന്. നിസാം ബുക്ക് ചെയ്ത റ്റിക്കറ്റ് മേടിച്ച് കൺഫേം ചെയ്യാത്ത മടിയനായ നീ തന്നെയാണ് ഇതിന് ഉത്തരവാദി! പിന്നെ നീ പറഞ്ഞതുപോലെ ഇതിനൊരു മറു മാർഗ്ഗം ആർക്കെങ്കിലും കണ്ടെത്താനാവുമെങ്കിൽ അത് നിസാമിനായിരിക്കും.”

ട്രെയ്ൻ മിസ്സായ ദിവസം ഉച്ച കഴഞ്ഞു 2 മണി:

ഞാൻ നിസാമിൻ്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് കിടക്കുന്നു. മനസിലുടെ എന്തൊക്കയോ ചിന്തകൾ. എപ്പോഴോ അറിയാതെ മയങ്ങിപ്പോയി.

(തുടരും)

Comments

Random Old Posts