തോറ്റു പോയവർ - നമിത
ഇന്ന് ഓഗസ്റ്റ് 14. 15ന് അല്ലേ പ്രത്യേകത എന്ന് ചോദിക്കരുത്. ഉച്ച കഴിഞ്ഞ് മൂത്ത കുട്ടിക്ക് സ്കൂൾ യുവജനോത്സവത്തിന് പ്രസംഗം, പദ്യം ചൊല്ലൽ. ഒപി കഴിഞ്ഞു വന്നു കൊണ്ടു പോകാം എന്ന് ധാരണയായി. രണ്ടു ദിവസം മുൻപാണ് ഇളയവന്റെ സ്കൂളിൽ നിന്നും സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള ഫാൻസി ഡ്രസ്സ് പരിപാടിക്ക് കുട്ടിയെ പങ്കെടുപ്പിക്കണം എന്ന ടീച്ചറുടെ മെസ്സേജ് കിട്ടിയത്. ഫ്രീഡം ഫൈറ്റേഴ്സ്. ഞാനും ഭർത്താവും ആലോചിച്ചു. ഗാന്ധിജി, നെഹ്‌റു ഒക്കെ കോമൺ ആണ്. ഗോഡ്സെയുടെ തരമുള്ള ഇതിന്റെയൊക്കെ കയ്യിൽ ഗാന്ധിജിയുടെ വടി പറ്റില്ല. കുട്ടിയുടെ ഓമനമുഖം വെച്ച് ഫ്രീഡം ഫൈറ്റർ വനിതകളാരെങ്കിലും? പക്ഷേ, സ്റ്റേജിലെത്തുമ്പോൾ സാരി ബാക്കി കാണുമോ എന്ന സംശയം. ഭർത്താവും കുട്ടികളും ‘handsome’ എന്ന ഗ്രൂപ്പിൽ ആണെന്നാണ് അവരും അവർക്ക് വേണ്ടപ്പെട്ടവരും പൊതുവെ പറയുന്നത്. ‘Handsome like dad’ എന്നെഴുതിയ ടീഷർട്ട് കുട്ടികളിടുമ്പോൾ ഭർത്താവ് അഭിമാനപുരസ്സരം കണ്ണാടിയിൽ നോക്കുന്നത് കണ്ടിട്ടുണ്ട്. ഇതിന് ഒരു ബദൽ ടീഷർട്ട് എനിക്കിടാൻ അന്വേഷിച്ചു. ‘I am limited edition’ എന്നെഴുതിയത്. ഇത് വരെ വാങ്ങാൻ കഴിഞ്ഞില്ല.
അങ്ങനെ ഒരു തീരുമാനമായി. ഭഗത് സിങ്. കാക്കി നിക്കർ, വെള്ള ഷർട്ട്, ഷൂസ്. എല്ലാം കിട്ടി. ഫെഡോറ തൊപ്പി തപ്പി ഭഗത്തിന്റെ അമ്മക്ക് മൈഗ്രൈൻ ഇളകി. പ്രശസ്ത സ്പോർട്സ് ഷോപ്പിലെ തൊപ്പിക്കു 1200 രൂപ. ഓടി വണ്ടിയിൽ കയറി തിരിഞ്ഞു നോക്കാതെ പറന്നു. സഹൃദയനായ ഒരു കടയുടമ പറഞ്ഞു “ ജംഗ്ഷനിൽ സിഗ്നലിന്റെ തൊട്ടടുത്ത ജനറൽ സ്റ്റോറിൽ കിട്ടും.” നന്ദി പറഞ്ഞ് സ്റ്റോറിലെത്തിയപ്പോൾ കാർ പാർക്ക് ചെയ്യാൻ സ്ഥലം നഹി. അവസാനം കുറച്ചപ്പുറത്തു ട്രാൻസ്‌ഫോർമറിനടുത്തു ‘ഋ’ വരച്ചു ഒതുക്കി പാർക്ക് ചെയ്തു. ഇറങ്ങാൻ തുടങ്ങിയതും മാനത്തു നിന്നും ഒരു പോലീസ്‌കാരൻ വീണു “ഇവിടെ പാർക്ക് ചെയ്യാൻ പറ്റില്ല.” ക്ഷമിക്കൂ എന്ന് പറഞ്ഞു മാറ്റി പാർക്ക് ചെയ്തു. ഓട്ടോയ്ക്ക് മിനിമം ചാർജ് ദൂരം സ്റ്റോറിലേക്ക്. നടന്നെത്തി. തൊപ്പി ചോദിച്ചതും സെയിൽസ് മാൻ നെഹ്‌റു തൊപ്പികൾ വാരി വിതറി. “ഇതല്ല.” പിന്നേതു എന്ന ചോദ്യത്തിന് “ ഈ ഭഗത് സിംഗിന്റെ തൊപ്പി..” കടയിൽ അവിടവിടെ നിന്നവർ, അതിഥി തൊഴിലാളികളുൾപ്പെടെ തിരിഞ്ഞു നോക്കി. അവസാനം തൊപ്പി കിട്ടി, 50 രൂപയ്ക്ക്. വിശന്നു തളർന്നെങ്കിലും, മീശയും അന്വേഷിച്ചു. കണ്ടെത്തിയില്ല. ഭർത്താവ് ഫോണിൽ വിളി. “കിട്ടിയത് മതി.”
14 ന് രാവിലെ ഭർത്താവിന് ഉൾവിളി. പിരുപിരുപ്പനായ ചെറിയ കുട്ടിയെ ഫാൻസി ഡ്രസ്സിന്റെ സമയത്ത് കൊണ്ടുപോയി കൊണ്ടുവന്നാൽ മതി. “ഞാൻ ഒപിയിൽ നിന്നും ഇടയ്ക്കിറങ്ങാം. നീ ആ വേഷം ഒന്നിടീപ്പിച്ചു കാണിച്ചാൽ മതി.” അത് വേണോ എന്ന എന്റെ ചോദ്യത്തിന് അത് മതി എന്ന് ഉത്തരം. പ്ലാൻ ബി. ഉടൻതന്നെ സ്കൂൾ ബസ് ഡ്രൈവർ, ടീച്ചർ തുടങ്ങിയവരെ വിളിച്ചു. പേപ്പറിൽ വെട്ടിയെടുത്ത മീശ ശരിയാവുന്നില്ല. ഒട്ടിക്കാൻ കുട്ടിയും സമ്മതിക്കുന്നില്ല. സ്വന്തം കണ്ണ് പോലും എഴുതാനറിയാത്ത ഞാൻ പഴയ ഒരു കിറ്റിൽ നിന്നും കണ്മഷി(കാജൽ സ്റ്റിക്ക്) തപ്പിയെടുത്തു. “ മാഡത്തിനു പ്രയോജനമില്ലെന്നറിയാം. ആർക്കെങ്കിലും ഗിഫ്റ്റ് കൊടുക്കാം.” എന്ന നിർദേശത്തോടെ ഒരു റെപ്പ് പണ്ടെപ്പോഴോ തന്നത്. “എടാ ഭഗൂ. അമ്മ മീശ വരച്ചു തരാം.” എന്ന് പറഞ്ഞു മീശ വരച്ചു. അത്ര സിമ്മെട്രിക്കൽ അല്ലെങ്കിലും തെറ്റില്ല. കുട്ടിയുടെ തല പിടിച്ചു തന്ന ഭർത്താവിന്റെ തേച്ചു മിനുക്കിയ ഷർട്ടിൽ കണ്മഷി പതിഞ്ഞതും, ഓമനമുഖം കൂമന്റേത് പോലെയായി. നനഞ്ഞ തോർത്ത് വെച്ച് തുടച്ചതും ആകെ പടർന്നു നാശമായി. അടുത്ത ഷർട്ട് തേച്ചിട്ട ഭർത്താവ് യാത്ര പോലും പറയാതെ മുഖം വീർപ്പിച്ചു പോയി. കണ്മഷി പടരാതിരിക്കാൻ പൗഡർ തൂത്തതും ഭഗത്തിന് തുമ്മൽ തുടങ്ങി. എനിക്ക് പോകാൻ നേരമായി. ഈവി യുടെ ചാർജർ സോക്കറ്റിൽ നിന്നും വലിച്ചിട്ടു വരുന്നില്ല. ഇനിയിപ്പോ, ‘ഭർത്താ രക്ഷതി യൗവനേ’. ഭർത്താവ് പറഞ്ഞ നിർദേശം പാലിച്ചു, ചാർജർ ഊരിയെടുത്തു. കാറിൽ കയറി ചേച്ചിയോട് പറഞ്ഞു “ ചേച്ചി, എന്റെ ഭഗത് സിങ്ങിനെ നോക്കിക്കോണേ.”
ഒപിയിലെത്തി. തലേന്ന് കണ്ട രോഗിയാണ് ആദ്യം. “ ഹാ. ഇതെന്നാ മരുന്ന് കഴിച്ചിട്ട് കുറവൊന്നുമില്ലല്ലോ?” ജംഗ്ഷനിൽ സൊറ പറഞ്ഞിരിക്കെ, ചെവി ചൊറിച്ചിലിന് കൈയിലുള്ള താക്കോൽകൂട്ടം കൊണ്ടു സ്വന്തമായി ചെവിയിൽ താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ ആൾ. നോക്കിയപ്പോൾ ചെവിക്ക് ചുറ്റും നേരിയ നീര്. “മരുന്നൊക്കെ കഴിച്ചാരുന്നോ? വെള്ളം പോയോ?” അങ്ങനെ കുശലം. “ എന്നാ മഴയാ വൈകിട്ട്. മീൻ പിടിക്കാൻ പോയ വഴി കുളത്തിലൊന്ന് കുളിച്ചു. അപ്പൊ ചെവി പിന്നേം അടഞ്ഞു. ഞാൻ പിന്നെ ഇയർ ബഡിരിപ്പൊണ്ടാരുന്നത് എടുത്തൊന്നു ക്ലീൻ ചെയ്തു.” “വെള്ളം പോകരുത്, ചെവിയിലൊന്നും ഇടരുത് എന്ന് ഞാൻ പറഞ്ഞതല്ലേ.” “ അയ്യോ. ഞാനോർത്തില്ല. പിന്നെ, ബഡ് ഇവിടുത്തെ അല്ല. അമേരിക്കേന്നു കൊച്ചു കൊണ്ടു തന്നതാ.”ചിരി. ഒപി തുടർന്നു.
ഉച്ചയായപ്പോഴേക്കും ഭർത്താവിന്റെ കോൾ. “ഈയടുത്തിടെയെങ്ങാനും വണ്ടി പോലീസ് പിടിച്ചിരുന്നോ?” “എന്ത്? ഇല്ല.” “എന്നാൽ പപ്പാ വീട്ടീന്ന് ഒരു ചല്ലാൻ ഫോണിലയച്ചു. ഞാൻ അയച്ചു തരാം.” “എന്റെ അറിവിൽ ഒന്നുമില്ല. സ്പീഡിൽ പോകാൻ ബാക്കിയുള്ളവരൂടെ സമ്മതിക്കണ്ടേ?”. ഞാൻ ആലോചിച്ചു. 40 കളിലുണ്ടായ തിരിച്ചറിവുകൾ. തെറ്റ് മറ്റുള്ളവരുടെ ഭാഗത്താണെങ്കിലും നമ്മൾ പ്രതികരിക്കരുത്. കാരണം, എതിർടീം ഏതു അവസ്ഥയിലാണ് എന്ന് ആർക്കറിയാം? സൈക്കോ ആകാം വല്ലതും വലിച്ചു കയറ്റി ഹൈ ആയിരിക്കുന്ന അവസ്ഥയാകാം. ചല്ലാനിലെ കുറ്റം അപകടകരമായ ഡ്രൈവിംഗ്. ഒരു ഓട്ടോയെ ഓവർറ്റേക്ക് ചെയ്യവേ. ടൗണിൽ നിന്നും ഒളിമ്പ്യാഡ് എക്സാമിന്റെ ബുക്ക് വാങ്ങിച്ചു വരുമ്പോൾ ഒരു ഓട്ടോയുമായി നടത്തിയ കബഡി കളിയുടെ ചിത്രം. ആദ്യമായി സ്വന്തം പേരിൽ വാഹനം ഇല്ലാത്തതോർത്തു ഞാൻ ഖേദിച്ചു. ഭർത്താവിന്റെ വീട്ടിലേക്ക് ആ ചല്ലാൻ അയച്ച വ്യവസ്ഥിതിയിൽ ഞാൻ അമർഷം പൂണ്ടു. സ്വന്തം വീട്ടിലേക്കയച്ചാലും... ന സ്ത്രീ സ്വാതന്ത്ര്യമർഹതി...
പറഞ്ഞു വന്നത്…കർണൻ, നെപ്പോളിയൻ, ഭഗത് സിങ് ഇവർ മൂന്ന് പേരും മാത്രമല്ല ഹീറോസ്(സെവൻത് ഡേ- ഫിലിം) …അമ്മമാർ.. അവരും ഹീറോസ് തന്നെ. പൊരുതും തോൽക്കും.. പിന്നെയും.. അങ്ങനെ. അതു കൊണ്ട് വന്ദേ മാതരം.
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.