"മുടിയൻ" - സുലു മോൾ

 




നമ്മൾ ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് ആർപ്പുക്കരയെ മുൾമുനയിൽ നിർത്തിയ Hepatitis-A ഔട്ട് ബ്രേയ്ക്ക് വരുന്നത്. നിർഭാഗ്യമെന്നു പറയട്ടെ ഞാനുമതിൽ ഒരു ഇരയായി. മൂന്നു മാസത്തെ ക്ലാസ്, അതും മെഡിസിൻ പോസ്റ്റിംഗ്, നഷ്ടപ്പെട്ടു. അറ്റഡൻസ് ഇല്ല എന്ന കാരണത്താൽ അഡ്ഡീഷണൽ ബാച്ചിനൊപ്പമാണ് പരീക്ഷ എഴുതാൻ സാധിച്ചത്. അതിനാൽ “എൻ്റെ യൂണിറ്റ് മേയ്റ്റ്സ്” എന്ന സൗഹൃദ വലയത്തിന് പുറത്തുള്ള, ഒട്ടും ഇടപഴകിയിട്ടില്ലാത്ത പലരുടെയും കൂടെ ഹൗസ് സർജൻസി ചെയ്യേണ്ടി വന്നു.

ഇതിനു പുറമേ, Hepatitis-A എന്ന കഷ്ടകാലത്തിനൊപ്പം കൂനിൻമേൽ കുരുപോലെ Autoimmune hepatitis, Ulcerative colitis തുടങ്ങിയ പല പ്രശ്നങ്ങൾ ഒന്നിച്ചു വന്നപ്പോൾ ഞാൻ മാനസികമായി തളർന്നു. ഇത് എനിക്കും കൂടെ വർക്ക് ചെയ്തവർക്കും ഒരുപോലെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. (എൻ്റെ കൂടെ ജോലി ചെയ്യാൻ പാടാണെന്നും ഞാനൊരു മടിച്ചിയാണെന്നും പലരും പറഞ്ഞു. വെറുതെയല്ല ഞാൻ ഒരു Dermatologist ആയത്! Such a cool specialty! പക്ഷെ എന്നെ വിശ്വസിക്കൂ, ഞാനിപ്പോൾ ഒരു മടിച്ചിയല്ല! But I am an extremely hard working entrepreneur!)

അങ്ങനെ ഗൈനക്കിൽ ഇൻ്റേൺഷിപ്പ് ലിസ്റ്റിട്ടു. ഞാൻ HOD-യുടെ യൂണിറ്റിൽ. മാഡത്തിൻ്റെ യൂണിറ്റിലാണെന്ന് അറിഞ്ഞപ്പോഴേ എൻ്റെ നല്ല ജീവൻ പോയി. പുതിയതായി തിരുവനന്തപുരത്തുനിന്നു വന്ന അവരെ മെഡിക്കൽ ഓഫീസർമാർക്ക് പോലും പേടിയായിരുന്നു. എന്റെ കൂടെ ഇൻ്റേൺഷിപ്പ് ചെയ്യാനുള്ളത് ജോസഫ്. MBBS പഠനകാലത്ത് ഞാൻ ജോസഫിനോട് മിണ്ടിയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.

ജോസഫിനെക്കുറിച്ചോർക്കുമ്പോൾ വിക്രമാദിത്യൻ്റെ പുറകിൽ വേതാളം എന്നപോലെ പോളിൻ്റെ ബൈക്കിൻ്റെ പിൻസീറ്റിൽ എപ്പോഴും കാണുന്ന രൂപമാണ് ഓർമ്മ. ഞാൻ പോളിൻ്റെ യൂണിറ്റ് മെയ്റ്റ് ആയതുകൊണ്ട് ഇടയ്ക്ക് വഴിയിൽ വെച്ച് പോൾ ബൈക്ക് നിർത്തി സംസാരിക്കുമ്പോൾ ഞാൻ ജോസഫിനെ നോക്കി വെറുതെ ചിരിച്ചിട്ടുണ്ടെന്നല്ലാതെ വലിയ അടുപ്പമൊന്നുമില്ല. (എൻ്റെ കൂടെ ജോലി ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് പലരും ജോസഫിനോട് പറഞ്ഞിട്ടുണ്ടാവണം. എങ്കിലും ജോസഫിന് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല എന്ന് എന്നോടു പറഞ്ഞിരുന്നു. It was also really nice to work with Joseph)

അങ്ങനെ ജോസഫിനൊപ്പം ഗൈനക്കോളജി ഹൗസ് സർജൻസി പുരോഗമിക്കുന്നു. ആ കാലത്താണ് ജോസഫ് തൻ്റെ മുടി നീട്ടി വളർത്താൻ തുടങ്ങിയത്. ജോസഫ് മുടി നീട്ടി വളർത്തിയപ്പോൾ, ഞാനും HOD-യും മുടി വെട്ടി. തിരുവനന്തപുരത്തുനിന്ന് വരുമ്പോൾ മാഡത്തിന് അത്യാവശ്യം നീളമുള്ള മുടിയുണ്ടായിരുന്നു. അത് ഭംഗിയായി പുട്ട് അപ്പ് ചെയ്ത് കെട്ടിയും വയ്ക്കുമായിരുന്നു. പിന്നീട് HOD അവരുടെ മുടി ഏകദേശം തോളിനു മുകളിൽ വെച്ച് വെട്ടിയപ്പോൾ ഞാൻ എൻ്റെ മുടി തോളിന് അല്പം താഴ്ത്തി മുറിച്ചു.

ഒരു ദിവസം ഞാൻ ജോസഫുമായി സംസാരിച്ചു കൊണ്ടിരിക്കെ HOD റൗണ്ട്‌സിന് വിളിച്ചു. അന്ന് എന്തോ കാരണത്താൽ ഞാനും ജോസഫും മാത്രമാണ് മാഡത്തിനൊപ്പം റൗണ്ട്സിനുള്ളത്. അങ്ങനെ ഞങ്ങൾ അവരുടെ പിന്നാലെ നടക്കുമ്പോൾ ഒരു ബൈസ്റ്റാൻഡർ ഒരു കേസ് ഷീറ്റുമായി ഓടിവന്നു. ലേബർ റൂമിലെ ഡോക്ടർ, വാർഡിലെ ഡോക്ടർക്ക് അത്യാവശ്യമായി കേസ് ബുക്ക് കൊടുത്തയച്ചതാണ്.

ഓടി വന്ന അയാൾ മുന്നിലുണ്ടായിരുന്ന ഞങ്ങളെ മൂന്നുപേരെയും മാറിമാറി നോക്കി. ആരുടെ കയ്യിൽ കേസ്ബുക്ക് കൊടുക്കണം എന്ന് തീരുമാനമെടുക്കാൻ പറ്റാത്ത രീതിയിൽ അയാളെ എന്തോ കുഴക്കി. ആശയക്കുഴപ്പം മാറ്റാനായി അയാൾ പിന്നിൽ പോയി ഓരോരുത്തരേയും നിരീക്ഷിച്ചു. പിന്നെ ഒരു തീരുമാനത്തിലെത്തിയ സന്തോഷത്തോടെ ജോസഫിൻ്റെ കയ്യിൽ കേസ് ബുക്ക് കൊടുത്തിട്ട് അയാൾ പറഞ്ഞു, "ഇതു മുടിയുള്ള ഡോക്ടറെ ഏൽപ്പിക്കാൻ ലേബർ റൂമിലെ ഡോക്ടർ പറഞ്ഞു.” ഞാനും HOD-യും ജോസഫിനെ രൂക്ഷമായി നോക്കി. ബൈസ്റ്റാൻഡറെ കുറ്റം പറയാൻ പറ്റില്ല. മുടി “വെട്ടിയ” മൂവരിൽ ജോസഫിനാണ് ഏറ്റവും നീളമുള്ള മുടി! 

ഏതായാലും ഗൈനക്കോളജിയിലെ പോസ്റ്റിംഗ് തീരുന്നതിന് മുമ്പേ ജോസഫ് മുടി പറ്റെ വെട്ടി.



Comments

Random Old Posts