അയാളും ഞങ്ങളും- നമിത
എഴുതാനാണെങ്കിൽ നിത്യജീവിതത്തിൽ കണ്ടുമുട്ടുന്ന എല്ലാവരും കഥാപാത്രങ്ങൾ തന്നെ. കഥയില്ലാത്തവരായി ആരും തന്നെയില്ല!
അപ്പനപ്പൂപ്പന്മാരായോ അമ്മ-അമ്മൂമ്മമാരായോ ആരും തന്നെ വൈദ്യവൃത്തി തൊഴിലാക്കാത്തത് കാരണം മെഡിക്കൽ കോളേജ് തുടക്കം മുതൽ പുതുമയും അമ്പരപ്പും നിറഞ്ഞതായിരുന്നു. പാരമ്പര്യമുള്ളവരിൽ നിന്നും വാമൊഴിയായി പരന്നത് വെച്ച് ഡിസ്സെക്ഷൻ ടേബിൾ, കഡാവർ, സ്കാൽപ്പൽ എന്നിവ എന്താണെന്ന് മനസ്സിലാക്കി. ആരോ ടീച്ചർ, മിസ്സ് എന്നോ മറ്റോ വിളിച്ചിട്ടാകണം ആദ്യം ഹാജരെടുക്കാൻ വന്ന അധ്യാപിക നിറഞ്ഞ ചിരിയോടെ, “Students you can call us ‘madams’. Not teachers…OK.” അതും പുതിയ അറിവ്. എനിക്ക് ആകെ അറിയാവുന്ന ഒരു മാഡം ‘മാഡം ക്യൂറി’യായിരുന്നു. ഇനി അങ്ങനെ കുറേപേർ. സാർ എന്നും സാർ തന്നെ എന്നും മനസ്സിലാക്കി. മാറ്റങ്ങൾ സ്ത്രീകൾക്ക് മാത്രം!
അദ്‌ഭുതലോകത്തിലെത്തിയ ആലീസിനെപ്പോലെ ക്ലാസുകൾ, പ്രാക്ടിക്കലുകൾ ഇവ കണ്ടും കേട്ടും കുറച്ചു ദിവസങ്ങൾ. വാലും തലയുമില്ലാത്ത അറിവുകൾ. ആരും അങ്ങോട്ടുമിങ്ങോട്ടും വലിയ അടുപ്പമൊന്നുമില്ല..
എനിക്ക് തോന്നിയതാകാം.
ഒരു ദിവസം രാവിലെ 8-നുള്ള ക്ലാസ്സിൽ താമസിച്ചെത്തി. തിങ്കളാഴ്ച ദിവസം. ബസ് വഴിക്ക് വെച്ച് പണി മുടക്കി. വേറൊരു ബസ്സിൽ തൂങ്ങി വന്നപ്പോളേക്കും താമസിച്ചു. ക്ലാസ്സിൽ തലയിട്ട് നോക്കിയെങ്കിലും മാഡം മൈൻഡ് ചെയ്യുന്നില്ല. തിങ്കളാഴ്ച വ്രതം മുടങ്ങിയ 4-5 പേർ കൂടെ വന്നു ചേർന്നു. ആരോ പറഞ്ഞു “----- ഹോസ്റ്റലിലേക്ക് പോകുന്നതേയുള്ളൂ. അവൻ വന്നാൽ നമ്മളെയെല്ലാം മാഡം ക്ലാസ്സിൽ കേറ്റും.” പേര് വ്യക്തമായില്ല. പറഞ്ഞതുപോലെ തന്നെ, ലവൻ വന്നു.ഉടനെ മാഡം കപട ഗൗരവത്തിൽ “Late comers.. Please get in..”. ക്ലാസ്സ് കഴിഞ്ഞ് ഇനി എങ്ങോട്ട് പോകണം എന്നാലോചിച്ചു ബാഗുമെടുത്തു വാതിൽക്കൽ എത്തിയപ്പോൾ, ലവൻ(അയാൾ) മാഡവുമായി സംസാരിച്ചു നിൽക്കുന്നു. “Actually…see..” എന്തൊക്കെയോ ന്യായങ്ങൾ നിരത്തുന്നു. മാഡം നിറഞ്ഞ ചിരിയോടെ നിഷേധിക്കുന്നു. ഇന്നത്തെപ്പോലെ മുട്ടിന് മുട്ടിനു ‘thank you’ ശീലിച്ചിട്ടില്ലാത്ത കാലം. ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു.
പിന്നെ അയാളുടെ പേര് കിട്ടി. മുത്തുകളുടെ നഗരത്തിലെ രാജപരമ്പരയെ ഓർമ്മിപ്പിക്കുന്ന പേര്…സാധാരണക്കാരായ നമ്മൾ ഉത്തരം തെറ്റിക്കുകയോ അറിയില്ല എന്ന് പറഞ്ഞാലോ പുച്ഛിച്ച്, “Nooo!” “Next” എന്നൊക്കെ പറയുന്ന ഗുരുക്കൾ അയാൾ തെറ്റിച്ചാലും പരസ്പരബന്ധമില്ലാത്ത ഉത്തരം പറഞ്ഞാലും ‘sit down please’ എന്നൊക്കെ മധുരമായി മൊഴിയുന്നു. ഒരു ദിവസം ക്ലാസ്സിൽ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞപ്പോഴാണ് ദർശനം കിട്ടിയത്. 6 അടി ഉയരം കാണും. ഉയരത്തിന് വിപരീതമായി വട്ടമൊത്ത മുഖം. നേർത്ത ചുണ്ടുകൾക്കിടയിലൂടെ നിരയൊത്ത പല്ലുകളുടെ ചിരിവെട്ടം. ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്തെ ഏതോ നടന്മാരോട് സാമ്യമുണ്ടോ? നിത്യഹരിതനായകൻ ഷർട്ടിന്റെ കോളർ തെരുപ്പിടിച്ചു ഇടംകൈ പുറകിൽ കെട്ടി വെള്ളപ്പൂക്കൾ നിറഞ്ഞ മരത്തിനു ചുവട്ടിൽ പിടയുന്ന ഇമകളുമായി നിൽക്കുന്ന നായികയെ നോക്കിപ്പാടുന്ന രംഗം ഓർമ വന്നു…മാഡത്തിനെ നോക്കി ഉത്തരം (ചോദിച്ചതിന്റെ അല്ലെങ്കിലും) പറയുന്നത് കണ്ടപ്പോൾ..
അങ്ങനെ ഫസ്റ്റ് ആവറേജ് വന്നു…ആവി വന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. അതും പതിയെ മനസ്സിലാക്കി. പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ കോട്ടയം ബസ് സ്റ്റാൻഡിൽ അയാൾ.. കണ്ടതും ജന്മജന്മാന്തരങ്ങളായി പരിചയമുള്ളത് പോലെ സംസാരിക്കാൻ തുടങ്ങി…
ക്ലിനിക്കൽ പോസ്റ്റിങ്ങ് തുടങ്ങി. അവിടെയും പല വീരശൂരഗുരുക്കളെയും ഇയാളുടെ വാചാലത വീഴ്ത്തി എന്നുള്ള കഥകൾ പരന്നു. വൈകിയെത്തലും തുടർന്നു…ലക്ഷ്യബോധം(ബോധം?) ഇല്ലാതെ വാർഡുകളിലൂടെയുള്ള യാത്രകളിൽ യൂണിറ്റ് ചീഫ്, HOD മാരോട് സംസാരിച്ചു നിൽക്കുന്ന അയാൾ. ആരാണ് സ്റ്റുഡന്റ് എന്ന് ഒരു സംശയം. സബ്ജെക്ട് ഏതെന്നു തിരിച്ചറിയാൻ കഴിയാത്ത ആഫ്റ്റർനൂൺ ക്ലാസുകൾ…ഗാനരംഗങ്ങളിൽ നെടുകെയും കുറുകെയും കെട്ടിയ പല നിറങ്ങളുള്ള ചേലകൾക്കിടയിലൂടെ ഓടി മറയുന്ന നായികയെപ്പോലെ OHP ഷീറ്റുകൾ കൊണ്ടുള്ള മാജിക്…അങ്ങനെ ഒരു ദിവസം. ഗസ്റ്റ് ലെക്ചറെർ ആയ മാഡം. ചോദ്യം പേടിച്ചും കൃത്യമായി നടക്കുന്ന സെമിനാർ പ്രെസെന്റേഷനും കാരണം എന്തൊക്കെയോ ചിലത് തലയിലുണ്ട്. മാഡം അയാളോട് ചോദ്യം ചോദിച്ചു. പതിവ് പോലെ യാതൊരു ബന്ധവുമില്ലാത്ത കാര്യത്തിൽ തുടങ്ങി ചോദ്യത്തിലേക്ക് കണക്ട് ചെയ്യാൻ ശ്രമിക്കുന്നു. പൊതുവെ സൗമ്യമായി സംസാരിക്കുന്ന മാഡം ഒരു മുരൾച്ച “ DO NOT BLUFF. Do you know the answer to this question? Say yes or no!” “No mam.” “Then sit down.” ഈ സ്ഥലത്ത് വളരെ നാൾ കൂടി വ്യക്തിത്വമുള്ള ഒരാളെ ഞാൻ കണ്ടു.
ക്ലാസ്സ് കഴിഞ്ഞ് സ്റ്റെപ്പിറങ്ങുമ്പോൾ ഞാൻ ചോദിച്ചു “സ്ഥിരം നമ്പർ ഏറ്റില്ല. അല്ലേ?” വലം കണ്ണിറുക്കി ഒരു ചിരി. “See, എപ്പഴും അതേൽക്കില്ല.” “പട്ടാളച്ചിട്ടയുള്ള സ്കൂളിൽ എങ്ങനെ പിടിച്ചു നിന്നു. അവിടെ punctuality, discipline ഒക്കെ വേണ്ടേ?” “അവിടെയും ഇങ്ങനൊക്കെ തന്നെ. ലേറ്റ് ആകും. ഇത്ര റൗണ്ട് ഓടാൻ പറയും. ഓടും. പിന്നെയും ലേറ്റ്…ഓടും. അങ്ങനെ..എന്നാൽ പോട്ടെ. നമുക്ക് ഇനിയും ഡിസ്‌കസ് ചെയ്യാനുണ്ട്.. ഓക്കേ.”
അയാൾ വളരെ ഭാവാർദ്രമായി പാടുന്നുണ്ട്…D -day, ആർട്സ് ഫെസ്റ്റിവൽ…പുതിയ കാർ വാങ്ങിയപ്പോൾ വീട്ടിലേക്ക് പോന്ന വഴിക്കുള്ള ഞാനുൾപ്പെടെയുള്ളവരെ കാറിൽ വീട്ടിലെത്തിച്ചു…കാർ അത്യപൂർവമല്ല.. ബാച്ചിന്റെ ഒഫീഷ്യൽ വാഹനം എന്ന പേരിൽ ഒന്നുണ്ട്. 4 നമ്പർ കൂട്ടിയാലും 2 നമ്പർ വീതം കൂട്ടിയാലും 9 കിട്ടുന്ന നമ്പറുള്ള ഒന്ന്. പലപ്പോഴും ചവിട്ടുപടി വരെ യാത്രക്കാരുമായി പോകുന്നത് കാണാം.
ഫൈനൽ ഇയർ. ഫൈനൽ ആവറേജ് മെഡിസിൻ പ്രാക്റ്റിക്കൽ. എനിക്കും അയാൾക്കും അടുത്തടുത്ത ബെഡിലെ പേഷ്യന്റ്സ്.. രണ്ടു പേർക്കും GIT സിസ്റ്റം. മാഡം വന്നു. അറിവും, പെരുമാറ്റവും കൊണ്ട് സർവസമ്മതയായ മാഡം. ചെവി വട്ടം പിടിച്ച് വേറെയെങ്ങോ നോക്കുന്ന മട്ടിൽ ഞാനും അയാളുടെ കേസ് ഡിസ്കഷൻ കേൾക്കുന്നുണ്ട്. Hepatosplenomegaly…conditions……differential diagnosis.. അങ്ങനെ അങ്ങനെ…’കാഥികനല്ല കലാകാരനല്ല ഞാൻ’ എന്ന മട്ടിലുള്ള ആൻസേഴ്‌സ്. ‘കേവലം ഞങ്ങളെപ്പോലൊരുവനല്ല എന്ന് മാത്രം’ ഞാൻ മനസ്സിൽ പാടി. ബെഡ്സൈഡിൽ നിന്ന് തല ഇടത്തേക്ക് ചരിച്ച് നീ-ഹാമർ വലതു കൈ കൊണ്ട് താളത്തിൽ കറക്കി സശ്രദ്ധം നിന്ന മാഡം പെട്ടെന്ന് കഴുത്ത് നേരെയാക്കി തല പിന്നോട്ട് വലിച്ചു നെറ്റി ചുളിച്ചതു കണ്ടപ്പോൾ ഞാൻ ജാഗരൂകയായി.. പിന്നെ അവിടെ ഒരു സ്‌പീച്ച് തെറാപ്പി സെഷൻ ആണ് കണ്ടത്. മാഡം പല രീതിയിൽ ഞെട്ടി ചിരിക്കുന്നു, “what? Is it? Pardon me. Please repeat.” അങ്ങനെയൊക്കെ പറയുന്നുമുണ്ട്. ഇടയ്ക്കു ഇപ്പുറത്തു ഞെളിപിരി കൊള്ളുന്ന എന്നെ നോക്കിയും മാഡം മൃദു മന്ദഹാസം പൊഴിക്കുന്നുണ്ട്. അവസാനം മാഡം അയാളുടെ കണ്ണുകളിൽ നോക്കി ഒന്ന് ചിരിച്ചു, “Ok. Go and prepare well for your final exams.”
അയാൾ അന്ന് പറഞ്ഞത്
“മാഡം hemochromosis?”
“അല്ല അല്ലേ? എന്നാൽ hemochromatemesis?”
“അതും അല്ലേ? Hematochromosis?”
“എന്നാൽ ഇത് തന്നെ. Hematochromatemesis?”
“മാഡം, hemo…chromo…???
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.