പരീത് കഥകൾ - സർജറി

പരീത് വന്നപാടെ സാറ് ഇരിയ്ക്കാൻ പറഞ്ഞു. അന്നാദ്യം പരീത് തന്നെ ചൊറിഞ്ഞു പറിച്ചിട്ടുള്ള, ജന്മനാ ചൊറിയൻമാരായ സാറുമാരൊപ്പം ഇരുന്നു. പണ്ടൊക്കെ പരീത് വിചാരിച്ചിട്ടുണ്ട് ഈ എം. സി. എച്ച്. എന്നു വച്ചാൽ മാസ്റ്റർ ഓഫ് ചൊറി എന്നാണോന്ന്....
പരീതും സാറുമാരോടൊപ്പം കൂടി റൗണ്ട്സ്. കേസ് ബുക്കെടുത്തു പി. ജി. കേസൊക്കെ സാറിനെ പറഞ്ഞു കേൾപ്പിക്കുന്നത് കണ്ട് പരീത് അത്ഭുതം കൂറി. ഹൊ! ഈ പി. ജി. ഇതൊക്കെ എങ്ങനെ ഓർത്തിരിയ്ക്കുന്നു?
പിന്നീട് കാപ്പികുടി. ഉണ്ണിയമ്മ ക്യാൻ്റീനിൽ എത്ര വിഭവങ്ങളുണ്ടെന്ന് പരീത് ഒന്നുകൂടി പരീക്ഷിച്ചറിഞ്ഞു. കാപ്പികുടി കഴിഞ്ഞപ്പോൾ പി. ജി. ചെവിയിൽ പറഞ്ഞു, “എടാ രണ്ട് കടിയും കാപ്പിയുമേ മേടിയ്ക്കാവൂ. കോഫി ക്ലബ്ബിൽ നീ തരുന്നതേ ഒരു മാസം നൂറു ഉലുവായാ. ഇന്ന് നീ തിന്നത് 15 രൂപയുടേതാ...ഇങ്ങനെ പോയാൽ ഇത് ആറു ദിവ സത്തേക്കേയുള്ളൂ!”
കാപ്പികുടി കഴിഞ്ഞാണ് ഡ്രസിംഗ്. കാലുകൾ പല തരം. പഴുത്തത് പിന്നെ കൂടുതൽ പഴുത്തത്, ഷുഗർ അല്ലങ്കിൽ സ്യൂടോമോണാ കേറിയവ അങ്ങനെ പലതും.... ഡയബറ്റിക് കാലുകാരെയെല്ലാരെയും നിരത്തി നിറുത്തി ഒരു ബക്കറ്റിൽ കുറച്ച് ബീറ്റാഡിനും വേറെ ഒന്നിൽ പെറോക്സൈഡും എടുത്ത് അതിൽ എല്ലാ കാലും കൂടി മുക്കി വച്ചുകൂടെയെന്ന് പലപ്പോഴും പരീതിനു തോന്നി.
ചെത്തൻമാരെന്ന് താൻ വിചാരിച്ച പല സാറുമ്മാരൊക്കെ ചെറ്റുകളാണെന്നു പരീത് മനസ്സിലാക്കിയ അന്ന് പരീത് ഉറങ്ങിയില്ല. കാരണം പരീതിനന്ന് സർജറി നൈറ്റ് ക്യാഷ്വാലിറ്റി ആയിരുന്നു!
എല്ലാം വെള്ളമയം. തല പൊട്ടിവന്ന പേഷ്യന്റും ബൈസ്റ്റാൻഡറും പിന്നെ എം. ഒ-യും. അബോധാവസ്ഥയിൽ വന്ന പേഷ്യന്റ് pubic bone പൊട്ടിയോ എന്ന് നോക്കാൻ പോയ പരീതിൻ്റെ pubic bone നോക്കി പേഷ്യന്റിന്റെ കിക്ക്! ബദ്രീങ്ങളേ!!
ഓപ്പറേഷൻ ദിവസം പരീതൊരു Glorified Retractor ആണ്. cautery -യ്ക്ക് വേണ്ടി സാറുമ്മാര് ചവിട്ടുന്ന സാധനം പരീതിനൊരു അത്ഭുതമായിരുന്നു...ഹൊ! എന്നാലും ഈ സാറുമ്മാര് എങ്ങനെ മാറിപ്പോകാതെ ഇത് ചവിട്ടുന്നു!
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.