പരീത് കഥകൾ - OBG

വാർഡിൽ പരീത് ഒരു BP ഡോക്ടറായിരുന്നു — രാവിലെ വന്ന് ഗർഭിണികളുടെയും രോഗിണികളുടെയും BP എടുക്കുക. മേശപ്പുറത്തുനിന്ന് നാലുതവണ വീണാൽ ഏത് BP യന്ത്രവും കേടാകുമെന്ന് പരീതിനെ പഠിപ്പിച്ചത് ഗൈനക് വാർഡാണ്.
Labour Room പരീതിനൊരു പ്രഹരമായിരുന്നു. ഗർഭിണികളുടെ മുമ്പിൽ പോയുള്ള ആ ഇരിപ്പ്, പരീതിൻ്റെ വിവാഹ-വിവാഹാനന്തര സ്വപ്നങ്ങളിൽ ഒരു ഇടിത്തീ സൃഷ്ടിച്ചു.
പരീത് ക്ലാസിലെ ജാഡയുള്ള പെൺകുട്ടികളെ പുച്ഛിച്ചു തുടങ്ങി. “പട്ടിയും പൂച്ചയും ഉൾപ്പെടെ സമസ്ത ജീവജാലങ്ങളും പ്രസവിക്കുന്നു; പിന്നെന്തിനാണ് മനുഷ്യർക്ക് ഈ ജാഡ?” — എന്ന് പറഞ്ഞ് പരീത് പിറ്റോസിൻ മോണിറ്ററിങ് ഭംഗിയായി ഒഴിവാക്കി.
അങ്ങനെയിരിക്കെയാണ്, ഫസ്റ്റ് സ്റ്റേജിലുള്ള രോഗിയെ ‘ഫുൾ ആയി’ എന്ന് പറഞ്ഞ് പരീത് മൂന്നാം സ്റ്റേജിലേക്ക് മാറ്റിയത്. എപ്പിസിയോട്ടമി ഇട്ട് കാത്തിരുന്ന പരീതിനോട്, ഡ്യൂട്ടിയിലുണ്ടായിരുന്ന M.O. പറഞ്ഞു: “ഒരു എട്ട് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടി വരും.” അവസാനം, എപ്പിസിയോട്ടമി തുന്നിച്ചേർത്ത് പരീത് രോഗിയെ ഒന്നാം സ്റ്റേജിലേക്ക് തന്നെ മാറ്റി, സംഗതി അവസാനിപ്പിച്ചു.
Leaking ഉണ്ടോ എന്ന് നോക്കാൻ പറഞ്ഞ പി.ജിയോട്, “IV ലൈൻ നന്നായി പോകുന്നുണ്ട്; ഒരു leaking-ഉം ഇല്ല” എന്ന് പരീത് മറുപടി പറഞ്ഞത്, ആ പി.ജിയെ പര്യായപദശ്രേണി പഠിക്കാൻ പ്രേരിപ്പിച്ചു.
ഗർഭനിയന്ത്രണോപാധികളോടുള്ള പരീതിൻ്റെ പക, FP-OP-യെ ചാമ്പലാക്കി. ആറാഴ്ചയ്ക്ക് ശേഷം കുട്ടിയുമായി വെള്ളി, ശനി ഒ.പി.യിൽ 11 മണിക്ക് വന്ന രോഗിയുടെ പരാതി — കുട്ടിക്ക് കൊടുക്കാൻ പാലില്ല — എന്നതായിരുന്നു.
“പാലില്ലെങ്കിൽ അയൽവക്കത്തുനിന്ന് വാങ്ങി കൊടുക്കൂ” എന്ന് പറഞ്ഞ് പരീത് ആ പരാതി ‘ഭംഗിയായി’ പരിഹരിച്ചു.
Cu-T ഇടാൻ വന്ന രോഗിയെ കണ്ണുരുട്ടിയും പല്ലുകടിച്ചും പരീത് പേടിപ്പിച്ചോടിക്കാൻ ശ്രമിച്ചു. പരീതിട്ട Cu-T, സമസ്ത അതിർവരമ്പുകളെയും ഭേദിച്ച് പുതിയ മേച്ചിൽപ്പുറത്തെത്തിയോ എന്ന് അറിയാൻ എക്സ്-റേ റിപ്പോർട്ട് എഴുതി പി.ജി. മടുത്തു.
പരീതെഴുതിയ ഡിസ്ചാർജ് കാർഡുകളും FP-OP-യിൽ കോളിളക്കം സൃഷ്ടിച്ചു. NND ആയ ഒരു സ്ത്രീ, പരീതിന്റെ Advice on Discharge പ്രകാരം അയൽപക്കത്തുള്ള ഒരു കുട്ടിയുമായി FP-OP-യിൽ എത്തി. കാരണം, ഡിസ്ചാർജ് കാർഡിൽ പരീത് ഇങ്ങനെ എഴുതിയിരുന്നു:
“6 ആഴ്‌ചകൾക്ക് ശേഷം അമ്മയും കുഞ്ഞുമായി വെള്ളി, ശനി ദിവസങ്ങളിൽ 11 മണിക്ക് FP-OP-യിൽ എത്തുക.”
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.