ഘിലാടിയോം കാ ഘിലാടി - Climax



മുറിയിൽ എന്തോ തട്ടും മുട്ടും കേട്ടാണ് ഞാനുറക്കമുണർന്നത്. ഞാൻ എഴുന്നേറ്റ് കണ്ണുതിരുമി പതിയെ ചുറ്റും നോക്കി. പുറത്ത് ഇരുട്ടു വീണു കഴിഞ്ഞിരുന്നതിനാൽ മുറിയിൽ ലൈറ്റിട്ടിട്ടുണ്ട്. മുറിയിലെ റ്റേബിളിൽ എന്തോ ചില പേപ്പർ കഷണങ്ങൾ ഓർഡറിൽ അറേയ്ഞ്ച് ചെയ്യുകയാണ് നിസാം. 

കട്ടിലിൽ നിന്ന് അനക്കം കേട്ടപ്പോൾ പണിക്കിടയിൽ പാളി നോക്കി നിസാം ചോദിച്ചു, “അളിയാ നീ എഴുന്നേറ്റോ? ദാ… ഈ റ്റേബിളിൽ അക്കമിട്ട് വെച്ചിരിക്കുന്നതാണ് നമ്മുടെ ഭാവി ഓപ്ഷൻസ്. അവൻ സീരയസായി വിശദീക്കരിച്ചു കൊണ്ടിരിക്കെ ഞാനെഴുന്നേറ്റ് അവൻ്റെ അടുത്തെത്തി.

“ഇന്ന് രാത്രിയിൽ ചെന്നെയ്യിൽ നിന്ന് എറണാകുളത്തിന് പോകുന്ന ബസുണ്ട്. അല്ലെങ്കിൽ ചെന്നൈ മംഗലാപുരം ട്രെയ്ൻ. ഷൊർണ്ണൂർ ഇറങ്ങി കേട്ടയത്തിന് മാറി കേറാം. അതുമല്ലെങ്കിൽ നാളെ രാവിലെ എഗ്മോർ നാഗർകോവിൽ തിരുവനന്തപുരം ട്രെയ്ൻ. അടുക്കി വച്ചിരിക്കുന്ന കുറിപ്പുകളിലേക്ക് ചൂണ്ടി നിസാം വിശദീകരിച്ചു. “നിനക്ക് ചൂസ് ചെയ്യാം. ഏതിനും ഞാൻ റെഡി. ഇന്നു തന്നെ പോകണമെങ്കിൽ പെട്ടെന്ന് ഇറങ്ങണം. നീയത് നോക്കി ആലോചിക്കുമ്പോഴേക്കും ഞാനൊന്നു കുളിച്ചിട്ടു വരാം. അന്നേരത്തേക്കും തീരുമാനിച്ചോണം കേട്ടോടാ.”

നിസാം ഇറങ്ങിയതിന് പുറകേ ലാലു കയറി വന്നു. “ആഹാ വീണ്ടും ഓപ്ഷൻസ് കിട്ടിയപ്പോൾ നിനക്ക് സന്തോഷമായില്ലേ? നിൻ്റെ ഒരു ചെറിയ അശ്രദ്ധ കാരണം നിസാം എത്ര കഷ്ടപ്പെട്ടന്ന് നിനക്കറിയാമോ? ഉച്ചകഴിഞ്ഞ് അവൻ ഒന്ന് ഇരുന്നിട്ടില്ല. ഇതുവരെ ഒന്നും കഴിച്ചിട്ടുമില്ല. സാധാരണ നിസാമിൻ്റെ കൂടെയുള്ളവരാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. നീ പക്ഷേ അത് അവനെക്കൊണ്ട് ചെയ്യിച്ചു, മിടുക്കൻ. എൻ്റെ തോളിൽ തട്ടി ഊളച്ചിരി ചിരിച്ച് ലാലു പറഞ്ഞു.

അവൻ്റെ ചുവന്നു തുടുത്ത വലത്തേ കവിൾ എന്നെ മോഹിപ്പിപ്പിച്ചു. അതും മറുവശം പോലെ കറുത്താൽ അവൻ്റെ മുഖം എങ്ങനെയിരിക്കുമെന്ന് ഞാൻ വിഷ്വലൈസ് ചെയ്യാൻ ശ്രമിച്ചു. പെട്ടെന്ന് CH ഉച്ചക്ക് പറഞ്ഞത് എൻ്റെ മനസ്സിൽ മുഴങ്ങി “ലാലു ഡോണാടാ ഡോൺ!”

മനസ്സിൽ പൊങ്ങി വന്ന ചിന്ത കുടഞ്ഞ് കളഞ്ഞ് ഞാനും ഒരു ഊളച്ചിരി മുഖത്തു വരുത്തി പറഞ്ഞു, “അവൻ്റെയൊരു തമാശ.”

“ടാ നാളെ പോയാൽ മതിയായിരിക്കും. ഇന്നു കിടന്നുറങ്ങി റെസ്റ്റ് എടുത്തിട്ട്.” ലാലു പെട്ടെന്ന് സീരിയസായി പറഞ്ഞു.

അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. രാത്രിയിലെ ഓട്ടപ്പാച്ചിൽ ഒഴിവാക്കുന്നതാണ് നല്ലത്.

“എന്തായാടാ തീരുമാനം?” നിസാം അപ്പോഴേയ്ക്കും കുളി കഴിഞ്ഞെത്തി.

“നാളെ രാവിലെ ട്രെയ്ന് പോകാം.”

“ഓക്കേ അപ്പോ എന്നാ അങ്ങനെ. എന്നാ നീ റെസ്റ്റെടുക്ക്.”

“എടാ നാളെ രാവിലെ എപ്പഴാ ട്രെയ്ൻ?”

“രാവിലെ ആറു മണിക്ക്.”

“അപ്പോ റ്റിക്കറ്റ്?”

“റ്റിക്കറ്റ് അപ്പോ എഗ്മോറ്റിൽ നിന്ന് എടുക്കും.”

“റിസർവേഷനുണ്ടോ?”

“റിസർവേഷനോ? പോടാ. നമ്മൾ കിട്ടുന്ന ലോക്കൽ റ്റിക്കറ്റ് എടുക്കുന്നു, കേറുന്നു. പിന്നെ നമ്മുടെ വായിലെ നാക്കല്ലേയുള്ളത് ഏതെങ്കിലും റ്റിറ്റിയെക്കണ്ട് സോപ്പിടണം.”

“ട്രെയ്നിലുള്ള ലോക്കാൽ യാത്ര നിസാമിന് ഒരു ഹരമാണ് അല്ലേടാ… നമ്മുടെ കൽക്കട്ട യാത്ര ഓർമ്മയില്ലേ?”ചങ്ക് സൈഡിൽ നിന്ന് വീണ്ടും ഊളച്ചിരി ചിരിച്ചു.

ഞാൻ നിസാമിനെ അർത്ഥവത്തായി ഒന്നു നോക്കി.

എന്നെ നോക്കി പുഞ്ചിരിച്ചു എൻ്റെ തോളിൽ കൈവെച്ചു നിസാം പറഞ്ഞു, “കവലപ്പെടാതെ തമ്പി…നാനിറിക്കില്ലയാ.”

അവനാപ്പറഞ്ഞത് ഒരു പൂവായി വിരിഞ്ഞ് എൻ്റെ മനസ്സിനെ തഴുകി. എന്തെന്നില്ലാത്ത ഒരു ശാന്തത എന്നിൽ നിറഞ്ഞു.

പിറ്റേ ദിവസം രാവിലെ എഗ്മോറിൽ ഇടിച്ചു കുത്തി റ്റിക്കറ്റെടുക്കാൻ നിൽക്കുമ്പോഴും ട്രെയിനിൽ കയറി റ്റിക്കറ്റ് ചെക്കിങ്ങ് പിടി വീഴാതിരിക്കാൻ നിസാമിൻ്റെ നിർദ്ദേശ പ്രകാരം അപ്പർ ബർത്തിൽ കയറി കണ്ണടച്ചു കിടക്കുമ്പോഴും തിരിച്ചിറപ്പള്ളിയിലിറങ്ങി നിസാം റ്റിറ്റിക്കു പുറകേ ഓടയിപ്പോഴും ആ സാമാധാനം എന്നെ പിന്തുടർന്നു. “കവലപ്പെടാതെ തമ്പി…നാനിറിക്കില്ലയാ,” ഇടക്കിടെ എൻ്റെ ചവികളിൽ മുഴങ്ങി.

പണ്ട് കുഴിത്തുറയിൽ സംഭവിച്ചും പിന്നെ കൃഷി ഓഫിസിൽ ഞാൻ കണ്ടതുമായ നിസാം മാജിക്ക് തിരിച്ചറപ്പള്ളിയിലും നടന്നു. നിസാം രണ്ട് മിനിറ്റ് സംസാരിച്ചപ്പോഴേക്കും റ്റിറ്റി ഞങ്ങളുടെ റ്റിക്കറ്റ് നിർബന്ധപൂർവ്വം മേടിച്ച് തിരുവനന്തപുരം വരെ റിസർവേഷനാക്കി.

ഞങ്ങളങ്ങനെ റിസർവേഷൻ കംബാർട്ടുമെൻ്റിലേക്ക് മാറിക്കയറി, ശ്വാസം നേരേ വിട്ടു.

ഇനിയുള്ളത് നെടുനീളെ കിടക്കുന്ന പാണ്ട്യ രാജ്യത്തിൻ്റെ ഒരറ്റത്തുന്നിന്ന് മറ്റേ അറ്റത്തേക്ക് ഒരു ദിവസത്തോളം നീണ്ട, വിരസവും അസഹനീയമായ ഒരു യാത്രയാണന്ന് വിചാരിച്ച എനിക്ക് തെറ്റി. നിസാം, അവനത് തെറ്റിച്ചു.

രാത്രി 10 മണിക്ക് തിരുവനന്തപുരത്തുള്ള ഗഡികളുടെ വാടക വീട്ടിൽ എത്തുന്നതവരെ വിരസത എന്തെന്ന് ഞാനറിഞ്ഞില്ല. പല കാര്യങ്ങളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു, അപ്പോഴവൻ വായിച്ചു കൊണ്ടിരുന്ന Paulo Coelho യുടെ “Zahir” എന്ന പുസ്തകമുൾപ്പടെ. കൂട്ടത്തിൽ അഭിനയത്തിൽ ഒരു കൈ പയറ്റണമെന്ന അവൻ്റെ ആഗ്രഹവും പറഞ്ഞു. MBBS പഠിക്കുന്ന സമയത്തെ അവൻ്റ MBA പയറ്റ് ഓർമ്മിപ്പിച്ച് ഞാനവനോട് “Rolling stone gathers no moss” എന്നു പറഞ്ഞപ്പോൾ “It's better to roll than gather moss and be dead,” എന്നാണവൻ മറുപടി പറഞ്ഞത്.

തിരുവനന്തപുരം എത്തി പോൾ ഗഡിയെ കണ്ടതോടെ നിസാം പഴയ നിസാമായി. വന്ന് കുളിയൊക്കെ കഴിഞ്ഞ് ഏകദേശം നട്ടപ്പാതിരായായപ്പോൾ ഞാൻ ചോദിച്ചു, “അളിയാ ഇനിയിപ്പോ കോട്ടയത്തിനെങ്ങനാ?”

“നാളെ... അല്ല ഇന്ന് വെളുപ്പിന് അഞ്ചരയ്ക്ക് രവി വേണാടിന് കോട്ടയത്തു പോകുന്നുണ്ട്. നീയവൻ്റെ കൂടെ പെയ്ക്കോ. ഞാൻ രണ്ടു ദിവസം ഇവടെ കൂടാൻ തീരുമാനിച്ചു.”

അങ്ങനെ രവിയുടെ തോളിൽ മയങ്ങിയും ഞെട്ടിയുണർന്നും ഒരു തരത്തിൽ വീട്ടിലെത്തിയ ഞാൻ കട്ടിൽ കണ്ടതേ ഓർമ്മയുള്ളൂ…

എന്താ ഇത് ഭൂമിക്കുലുക്കമോ! എനിക്ക് പതിയെ ബോധം വരുമ്പോൾ ഞാൻ കുലുങ്ങുന്നു. ഏതായാലും ഭൂമിക്കുലുക്കമല്ല. ആരുടെയോ ശബ്ദം കേൾക്കാം, പക്ഷേ വ്യക്തമല്ല. ഞാൻ ന്യൂറോണൽ നെറ്റ്‌വർക്ക് റീബൂട്ട് ചെയ്ത് ശ്രദ്ധിച്ചു.

“മനുഷ്യാ നിങ്ങളിവിടെയിരുന്ന് ഉറങ്ങുവാണോ? ഒരു തേങ്ങാ ചിരകാൻ വിളിച്ചപ്പോൾ സുവനിയർ എഴുതാനുണ്ടന്നും പറഞ്ഞു പോന്നതാ.”

പ്രിയതമയുടെ ശബ്ദമല്ലേയത്!! ഞാൻ ഞെട്ടിയെഴുന്നേറ്റു.

പതുക്കെ പരിസരബോധം വന്നു. സുവനിയർ മെയ്ൻ സ്റ്റോറിയുടെ കരട് ഏകദേശം തീർന്നമട്ടിൽ മേശയിലുള്ള ലാപ്പറ്റോപ്പിൽ തുറന്നിരിക്കുന്നു. സൈഡിൽ ഫോണുമിരിപ്പുണ്ട്. ഭൂമികുലുക്കമുണ്ടാക്കിയ പ്രിയതമ കൊടുങ്കാറ്റു പോലെ തിരിച്ചു പോയി. കോർട്ടിക്കൽ ബ്രെയ്ൻ അപ്പോഴേക്കും ബൂട്ടപ്പ് സീക്വൻസ് പൂർത്തിയാക്കി മെമ്മറി ആക്സസ് ചെയ്തു.

നാളെ ആദ്യത്തെ എഡിറ്റേഴ്സ് മീറ്റിംഗ് ലാലിൻ്റെ ഫ്ലാറ്റിൽ തീരുമാനിച്ചിട്ടുണ്ട്. കോർത്രെഡിന് ഒരു ഏകദേശരൂപം എഴുതിയുണ്ടാക്കാൻ ഇരുന്നതാണ്. എഴുതുന്നതിനിടയിൽ ആൻ്റപ്പൻ വിളിച്ചു, നാളെ കൊച്ചിക്കുള്ള പോക്ക് ഡിസ്കസ് ചെയ്യാൻ. ഞാനാദ്യം വന്തേഭാരതിന് പോകാനാണ് തീരുമാനിച്ചിരുന്നത്. അപ്പോഴാണ് ആൻ്റപ്പൻ വിളിച്ച് അവൻ്റെയും നമിയുടെയും കൂടെ കാറിനു വരുന്നോ എന്ന് ചോദിച്ചത്. തീരുമാനം പറയാമെന്ന് പറഞ്ഞ് ഞാൻ വച്ചു. അങ്ങനെ ട്രെയ്ൻ വേണോ കാർ വേണോ എന്നാലോചിച്ചിരുന്നപ്പോഴാണ് നിസാമിൻ്റെ കൂടെ നടത്തിയ പഴയ ആ ട്രെയ്ൻ യാത്രയെപ്പറ്റി ഓർത്തത്. ഓർത്തോർത്ത് ഉറങ്ങിപ്പോയി.

ഞാൻ ലാപ്റ്റോപ്പിലേക്കു നോക്കി. ബോധം പോകുന്നതിന് തൊട്ടുമ്പുമ്പ് ഞാൻ കുറിച്ചു വച്ചത് വായിച്ചു.

മിഡ്ലൈഫ് ക്രൈസിസിലൂടെ കടന്നുപോയപ്പോഴാണ് എനിക്കൊരു പാട്ടുകേൾക്കാൻ ആഗ്രഹം തോന്നിയത്. പാട്ടെന്നോർത്തതും നിസാം എന്നോർത്തതും ഒരുമിച്ചായിരുന്നു.
പണ്ട് ഈ നിസാമലി അഭിനയം പഠിക്കണമെന്ന മോഹവുമായി കിട്ടിയ PG രാജിവച്ച് പൂനക്ക് കള്ളവണ്ടികയറി. ചെന്ന്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ...
സാക്ഷാൽ അനുപം ഖേർ..
ആഗ്രഹം അറിയിച്ചപ്പോൾ അഭിനയിച്ച് കാണിക്കാൻ പറഞ്ഞു.
ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാകാൻ....
അഭിനയത്തിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച സൈനിക സ്കൂൾ മനസ്സിൽ ധ്യാനിച്ച് ഒരു ദർബാർ സ്ക്രിപ്റ്റ് എഴുതി കൈയിൽ കൊടുത്തു.
അനുപം ഫ്ളാറ്റ്...
വായിച്ചു മുഴുവിക്കും മുൻപ് വിറയാർന കൈകൾ കൊണ്ട് ഖേർ പുറംവാതിൽ ചൂണ്ടി.
പിന്നെ സിരകളിൽ ക്രിക്കറ്റിൻ്റെ ലഹരിയും യത്രകളുടെ ഭാങ്ങുമായ്‌ കാലമൊരുപാട്.
ഒടുവിൽ നിസാം റേഡിയോ ഡയഗണോസിസിൽ സ്പെഷ്യലിസ്റ്റായി. ആ ഡിപ്പാർട്ട്മെൻ്റിൻ്റെ ഖബറിൽ ഒരു പിടി പച്ചമണ്ണ് വാരിയിട്ട് തൻ്റെ ഒരിക്കലും തീരാത്ത യാത്ര വീണ്ടും തുടർന്നു.
സബറോൺ കീ സിന്ദഗി ജോ കഭി നഹി ഖദ്ധം ഹൊ ജാത്താ ഹെയ്...
നിസാം തൊടാത്ത ഒരു ജീവിതം പോലും ഒരു പക്ഷേ മില്ല്യേനം ബാച്ചിലുണ്ടാവില്ല. എത്ര വലിയ ക്രൈസിസിലും ലോകത്തിൻ്റെ ഏതു മൂലയിലും നമ്മിലേക്ക് ഒഴുകി വരുന്ന സംഗീതമാണവൻ. തഴുകിയെത്തുന്ന തെന്നൽ പോലെ അല്ലെങ്കിൽ പെയ്തിറങ്ങുന്ന പേമാരി പോലെ.


ഞാൻ വായിച്ചു നിർത്തി. ഇതൊക്കെ അവസാന പ്രൂഫിൽ ചേർക്കാൻ പറ്റുമോ എന്തോ… എന്തായാലും മില്ലേനിയം ബാച്ചിന് ഒരു നായകൻ ഉണ്ടെങ്കിൽ അത് നിസാമാണ്. ഘിലാടിയോം കാ ഘിലാടി! ദി ലജൻ്റ്! ഒരു ദിവസം മുഴുവൻ അവൻ്റെ കൂടെ ചിലവഴിച്ച ഒരു ട്രെയ്ൻ യാത്രയിൽ ഒരു നിമിഷം പോലും പാഴായിപ്പോയതായി എനിക്ക് തോന്നിയിട്ടില്ല. ജീവിതമാകുന്ന യാത്ര സ്നേഹവും സ്നേഹിതരുമില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു?

ഞാൻ ലാപ്റ്റോപ്പിന് സൈഡിലിരുന്ന ഫോണെടുത്ത് ആൻ്റപ്പനെ വിളിച്ചു.

“ഹലോ!”

“ടാ പറയടാ ജെറാൾഡേ…”

“ടാ ഞാനുമുണ്ടടാ നിങ്ങടെ കൂടെ!"

(അവസാനിച്ചു)


Comments

Random Old Posts