കത്തിയിലെ കുത്ത് - Joice





പിജി സമയത്ത് ഓരോ ഡിപ്പാർട്ട്മെൻ്റിനും ഒരുപാട് കഥകൾ പറയാനുണ്ടാവും. ഓർത്തോയിൽ പറഞ്ഞുകേട്ട ഒരു കഥ പറയാം..


ഒരു തിങ്കളാഴ്ച. HOD യുടെ ഗ്രാൻഡ് റൗണ്ട്സിൻ്റെ സമയം. ബെഡ്ഡിലും നിലത്തും വരാന്തയിലും നിറയെ രോഗികൾ. HOD പറയുന്ന പണികൾ എഴുതിയെടുത്ത് ഫസ്റ്റ് ഇയർ പിജി കൂടെത്തന്നെയുണ്ട്. മുന്നിൽ HOD യും പിന്നാലെ പരിവാരങ്ങളുമായി ഞങ്ങനെ റൗണ്ട്സ് പുരോഗമിക്കുകയാണ്.

അടുത്തത് ഒരു Hip fracture കേസാണ്. സർജ്ജറിക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് നാല് ദിവസമായി.

"സർ, ഈ കേസ് നാളത്തേക്ക് പോസ്റ് ചെയ്യട്ടെ?" പിജിയുടെ ചോദ്യം. ഒരു കള്ള ചിരിയോടെ HOD പിജിയെ അടുത്തേക്ക് വിളിച്ചു. "ഡാ.. നീ ഈ കേസ് മുമ്പ് ചെയ്തിട്ടുണ്ടോ?"

നിഷ്കു ആയ പിജി മൊഴിഞ്ഞു, "ഇല്ല സാർ."

HOD പിജിയുടെ തോളിൽ തട്ടി പറഞ്ഞു, "നാളെ ഈ കേസ് നീ ചെയ്യണം. നല്ല പോലെ വായിച്ചിട്ട് വേണം വരാൻ."

HOD പറഞ്ഞതു കേട്ട് പിജിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി. പക്ഷേ ഇതു കേട്ട രോഗി നെഞ്ചത്ത് കൈ വച്ചു.

HOD രോഗിയെ നോക്കി പറഞ്ഞു, "കേട്ടില്ലേ നാളെയാണ് തൻ്റെ ഓപ്പറേഷൻ. കമ്പിയും സിമൻ്റും വാങ്ങണം."

ഇത് കൂടി കേട്ടപ്പോൾ രോഗിയുടെ ബാക്കി ബോധം കൂടി പോയി.

"പേടിക്കണ്ട ചേട്ടാ.. ബോൺ സിമൻ്റും ഇംപ്ലാൻ്റും വാങ്ങുന്ന കാര്യമാ സർ പറഞ്ഞത്." പിജി രോഗിയെ സമാധാനിപ്പിച്ചു വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എഴുതിയ തുണ്ട് രോഗിക്ക് കൈമാറി..

പാവം പിജി അന്ന് രാത്രി മുഴുവൻ ഉറക്കമൊഴിച്ച് സർജറി സ്റ്റെപ്സ് പലവട്ടം വായിച്ച് പഠിച്ചു. പിറ്റേന്ന് നേരത്തെ തന്നെ ഓപ്പറേഷൻ തിയറ്ററിലെത്തി രോഗിയെ റെഡിയാക്കി ടേബിളിൽ കയറ്റി.

സർജറി ചെയ്യുന്നതും സ്വപ്നം കണ്ട് ഡ്രേപ്പൊക്കെ ചെയ്ത് എല്ലാം സെറ്റ് ആക്കി.

HOD വന്ന് കത്തി കയ്യിൽ എടുത്തു. കത്തി തനിക്ക് തരും എന്നു കരുതി കയ്യ് നീട്ടിയ പിജിയോട് HOD ചോദിച്ചു, "നീ ശരിക്കും വായിച്ചു പഠിച്ചോ?"

"ഉവ്വ് സർ, പഠിച്ചു."

"എന്നാൽ നീ ഒരു കാര്യം ചെയ്യ്, ഈ കേസ് ഞാൻ ചെയ്യുന്നത് നീയൊന്നു കാണ്. അടുത്ത കേസ് നിനക്ക് തരാം." ഇതു പറഞ്ഞു HOD ഇൻസിഷൻ ഇട്ടു പണി തുടങ്ങി!

ഹൃദയം തകർന്നെങ്കിലും അതു പുറത്തു കാണിക്കാതെ പിജി സമ്മതം മൂളി.

HOD യുടെ മനം മാറ്റത്തിൻ്റെ കാരണം എത്ര ആലോചിച്ചിട്ടും പാവം പിജിക്ക് പിടികിട്ടിയില്ല.

രാവിലെയുള്ള റൗണ്ട്സിനിടയിലെ HOD യുടെ പ്രസ്താവന കേട്ടു പേടിച്ച രോഗി വൈകീട്ടു തന്നെ HOD യെ കണ്ടു കാര്യം പറഞ്ഞിരുന്നുവെന്ന് പീജിയുണ്ടോ അറിയുന്നൂ…

Comments

Random Old Posts