സുലുമോൾ സ്റ്റോറീസ് - LR കഥകൾ: നീരാളി







നമ്മുടെയൊക്കെ കാലത്ത്, PG ലോകത്ത് സ്ത്രീകൾ വാണിരുന്ന ഒരു മേഖലയായിരുന്നു OBG. തൊണ്ണൂറ്റൊൻപത് ശതമാനവും അവർ തന്നെ. ആ വർഷം ബാക്കിവന്ന ആ ഒരു ശതമാനം പുരുഷതരി ലേബർ റൂമിൽ ഞങ്ങളുടെ സീനിയറായി എത്തി. പക്ഷേ, OBG-യിലെ പുരുഷന്യൂനപക്ഷത്തിന്റെ പ്രതിനിധിയായി അദ്ദേഹത്തെ കാണാൻ ഞങ്ങൾക്കോ പ്രസ്തുത വ്യക്തിക്കോ തീരെ താൽപര്യമുണ്ടായിരുന്നില്ല. കാരണം, സ്ത്രൈണതയുടെ കാര്യത്തിൽ ഭൂരിപക്ഷത്തിന്റെ കുറവുകൾ പോലും നികത്താൻ പോന്ന കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു.

ഡാൻസിനോട് അടങ്ങാത്ത ഭ്രമമുണ്ടായിരുന്ന അദ്ദേഹത്തിന് പഠിത്തത്തോടും അതേ ആവേശമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം സാർ ഞങ്ങളോട് ചോദിച്ചു:

“കുട്ടികളെ, നിങ്ങൾ സിസേറിയൻ കണ്ടിട്ടുണ്ടോ?”

ഞാനും പ്രെറ്റിയും അതുവരെ സിസേറിയൻ കണ്ടിട്ടുണ്ടായിരുന്നില്ല. ശരിക്ക് പറഞ്ഞാൽ, കാണാൻ അവസരം തന്നിട്ടില്ല എന്നതാണ് സത്യം. ലേബർ റൂമിലെ പണിയിൽനിന്ന് രക്ഷപ്പെടാനായി ഞങ്ങളുടെ കൂടെയുണ്ടായിരുന്ന പോളും പ്രവീണും, നടക്കാത്ത സിസേറിയൻ പോലും 'കാണാൻ' പോകുമായിരുന്നു. അവരുടെ സിസേറിയന്റെ ഇൻസിഷൻ പ്രദീപിന്റെ തട്ടുകടയിലെ ദോശയുടെ പുറത്താണോ എന്ന് ഞങ്ങൾക്ക് നല്ല സംശയമുണ്ടായിരുന്നു. ഏതായാലും, ഞങ്ങൾ 'Cs' കണ്ടിട്ടില്ല എന്നത് സാറിന് വലിയ ഞെട്ടലുണ്ടാക്കി.

ഭാവിയിലെ രണ്ട് ഗൈനക്കോളജിസ്റ്റുകളെയാണ് താൻ പഠിപ്പിക്കുന്നത് എന്ന സങ്കൽപ്പത്തോടെ, അത്രയേറെ ആത്മാർത്ഥതയോടെ ഞങ്ങളെ സമീപിച്ചിരുന്ന സാർ ആ മറുപടിയിൽ നിരാശനായി. "എന്തായാലും അന്നുതന്നെ സിസേറിയൻ കണ്ടിരിക്കണം. രാത്രിയിൽ കേസ് വന്നാൽ ഞാൻ വിളിക്കാം," എന്ന് ഉറപ്പുനൽകിയാണ് സാർ പോയത്. 

നൈറ്റ് ഡ്യൂട്ടിയുടെ ആദ്യ ഷിഫ്റ്റ് പോളിനെയും പ്രവീണിനെയും ഏൽപ്പിച്ച്, ഞാനും പ്രെറ്റിയും ഫീമെയിൽ ഡ്യൂട്ടി റൂമിലെ ഒരൊറ്റ ബെഡിൽ എങ്ങനെയൊക്കെയോ അഡ്ജസ്റ്റ് ചെയ്ത് കിടന്നു. കിടന്നതും ഞാൻ ഗാഢനിദ്രയിലേക്ക് വഴുതിവീണു. ആ ഉറക്കത്തിൽ ഞാനൊരു സ്വപ്നം കണ്ടു: ഒരു കുഞ്ഞുമത്സ്യമായി കടലിന്റെ അടിത്തട്ടിൽ ഞാൻ സന്തോഷത്തോടെ നീന്തിത്തുടിക്കുകയാണ്. പെട്ടെന്ന്, ഏതോ തമോഗർത്തത്തിൽ നിന്നും ഭീമാകാരനായ ഒരു നീരാളി എൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അഷ്ടഭുജങ്ങളുള്ള ആ ഭീമനെക്കണ്ട് ഭയന്നുവിറച്ചു നിന്ന എന്റെ നേരെ, അത് പിടയ്ക്കുന്ന ഒരു കൈ ഉയർത്തി ഒറ്റയടി!

ആ അടിയിൽ ഞെട്ടിയുണർന്ന് ഞാൻ കണ്ണുതുറന്നു. മുന്നിൽ, ഇരുട്ടിൽ തിളങ്ങുന്ന ഒരു ജോഡി കണ്ണുകൾ!

“എത്ര നേരമായി ഈ കുട്ടിയെ ഞാൻ വിളിക്കുന്നു! എഴുന്നേറ്റു പോയി സിസേറിയൻ കാണൂ.”

സ്ഥലകാലബോധം വീണ്ടെടുക്കാൻ എനിക്കൊരു നിമിഷം വേണ്ടിവന്നു. സാറാണ്. സിസേറിയൻ കാണാൻ ഞങ്ങളെ വിളിക്കാൻ വന്നതാണ്. പലവട്ടം വിളിച്ചിട്ടും ഉണരാത്തതുകൊണ്ട് ദേഷ്യത്തിൽ എൻ്റെ കയ്യിൽ തന്ന തട്ടാണ്, സ്വപ്നത്തിൽ നീരാളിയുടെ അടിയായി രൂപം മാറിയത്.

ലേഡീസ് ഡ്യൂട്ടി റൂമിൽ ഒരു പുരുഷനായ സാർ എങ്ങനെ കയറി എന്ന സംശയവും, ഉറക്കം പോയതിലുള്ള സങ്കടവും, അടി കിട്ടിയ കയ്യിലെ നീറ്റലും ഉള്ളിലൊതുക്കി ഞാൻ സിസേറിയൻ കാണാൻ എഴുന്നേറ്റു. കാരണം ഒന്നുമാത്രം, ഞങ്ങളെ പഠിപ്പിക്കാനുള്ള സാറിന്റെ ആത്മാർത്ഥത ആ വേദനകളെക്കാളൊക്കെ എത്രയോ വലുതായിരുന്നു.

Comments

Random Old Posts