സുലുമോൾ സ്റ്റോറീസ് - LR കഥകൾ: Cs








അങ്ങനെ അടിമേടിച്ച് സിസേറിയൻ കാണാൻ ഓപ്പറേഷൻ തീയറ്ററിൽ ചെന്നപ്പോഴാണ്, പ്രവീണും പോളും എന്നും Cs കാണാൻ ഓടുന്നതിന്റെ രഹസ്യം ഞങ്ങൾ തിരിച്ചറിഞ്ഞത്. OT- കോറിഡോറിൽ ഭിത്തിയോട് ചേർന്നുള്ള ബെഞ്ചിൽ AC-യുടെ തണുപ്പിലിരുന്ന് സുഖിക്കാം; എത്ര നേരം വേണമെങ്കിലും കത്തിവെക്കാം. ഇതിനിടയിൽ സ്കൂട്ടായാലും ആരും അന്വേഷിക്കില്ല. ഫുൾ റിലാക്സേഷൻ! “ഇനിയുള്ള ദിവസങ്ങളിലെ Cs നമ്മൾ കാണും, പോളും പ്രവീണും ലേബർ റൂം ഡ്യൂട്ടിയെടുക്കും”—പ്രെറ്റിയും ഞാനും തീരുമാനിച്ചുറപ്പിച്ചു.

സിസേറിയൻ കാഴ്ചയിലെ ആണുങ്ങളുടെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് പിന്നീട് നടന്നത് പെണ്ണുങ്ങളുടെ ശക്തമായ പോരാട്ടവും ആണുങ്ങളുടെ വീരോചിതമായ ചെറുത്തുനിൽപ്പുമായിരുന്നു. പക്ഷേ, ഈ വടംവലിയിൽ ആണൊരുത്തനായ സീനിയർ സാറിന് ഞങ്ങളോടുള്ള പ്രത്യേക സ്നേഹം കാരണം ഞാനും പ്രെറ്റിയും, പോളിനെയും പ്രവീണിനെയും സ്ഥിരമായി തറപറ്റിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം, പ്രവീൺ പല മോഹനവാഗ്ദാനങ്ങളും നൽകി ഞങ്ങളെ വശീകരിച്ച്, എന്റെയും പ്രെറ്റിയുടെയും കൂടെ സിസേറിയൻ കാണാൻ കയറിപ്പറ്റി. പാവം പോൾ ലേബർ റൂമിൽ തനിച്ചായി!

ആ മാസം ഡ്യൂട്ടിയിലുണ്ടായിരുന്നത് അല്പം സന്തോഷവും തമാശകളുമുള്ള ഒരു മാഡമായിരുന്നു. മാഡം രാത്രി സിസേറിയനായി വന്നപ്പോൾ, ഇടനാഴിയിലെ ബെഞ്ചിൽ ആത്മാർത്ഥത കാരണം ഉറക്കം നഷ്ടപ്പെട്ട മൂന്ന് വിദ്യാർത്ഥികൾ! വിദ്യാർത്ഥികളുടെ ആത്മാർത്ഥതയിൽ പുളകിതയായ മാഡം, ആ ഇടനാഴിയിൽ വെച്ച് തന്നെ ഞങ്ങൾക്ക് ക്ലാസെടുത്തു. പഠിക്കാനുള്ള ആക്രാന്തമുണ്ടായിരുന്ന ഞാൻ, മാഡം പകർന്ന അറിവിന്റെ തിരി നോട്ട്സായി എഴുതിയെടുത്തപ്പോൾ പ്രവീണിൽ അത് തെളിച്ചത് നിദ്രയുടെ നാളമാണ്.

ക്ലാസ് കഴിഞ്ഞ് മാഡം സന്തോഷത്തോടെ OT-യിലേക്ക് കയറി. കൂടെ, ആളിക്കത്തുന്ന തിരികളുമായി ഞങ്ങളും. OT-യിൽ സിസ്റ്റർമാർ ഇൻസ്ട്രുമെന്റ് ട്രോളിയൊക്കെ റെഡിയാക്കി ഫുൾ സെറ്റപ്പിൽ നിൽക്കുന്നു. എൻ്റെയും പ്രെറ്റിയുടെയും നടുക്കാണ് പ്രവീൺ; ഞാൻ ഇൻസ്ട്രുമെന്റ് ട്രോളിയുടെ അരികിലും.

അങ്ങനെ Cs ഭംഗിയായി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. യൂട്ടറസ് കീറിമുറിച്ച് മാഡം കുഞ്ഞിനെ എടുത്തതും, നിന്നനിൽപ്പിൽ ഉറങ്ങിപ്പോയ പ്രവീൺ കാറ്റു പിടിച്ച വാഴപോലെ എൻ്റെ മേലേക്ക് ചാഞ്ഞു. ആ ആഘാതത്തിൽ ട്രോളിയുടെ മുകളിലേക്ക് മറിയാതിരിക്കാൻ എൻ്റെ ‘startle reflex’ ആക്ടിവേറ്റഡായതും, സ്വാഭാവികമായി ഞാൻ ട്രോളിയിൽ കയറിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. ആ പിടുത്തത്തിൽ ഏതോ ഒരു ഇൻസ്ട്രുമെന്റ് എൻ്റെ കൈ തട്ടി താഴേക്ക് തെറിച്ചുവീണു.

തെറിച്ചപോയ ഇൻസ്ട്രുമെന്റ് തറയിൽ വീണുണ്ടായ ‘കളാങ്’ ശബ്ദത്തിൽ OT ഒരു ഡീപ് ഫ്രീസർ കണക്കെ തണുത്തുറഞ്ഞതായി എനിക്ക് അനുഭവപ്പെട്ടു. സിസ്റ്റർമാരും മാഡമും ഒരു മഹാപരാധിയെപ്പോലെ എന്നെ നോക്കി. ശബ്ദം കേട്ട് ഉറക്കമുണർന്ന പ്രവീണിന്റെ മുഖത്ത് "എന്താ പ്രസി ഇതൊക്കെ?" എന്ന നിഷ്കളങ്കമായ ഭാവം. പുറത്തെടുത്ത കുഞ്ഞിന്റെ കോർഡ് കട്ട് ചെയ്യുന്നതിനിടയിൽ മാഡം എന്നെ നോക്കി അലറി, "You idiot, get lost!"

അത്രയും പേരുടെ മുന്നിൽ വെച്ച് വഴക്കു കേട്ടപ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പ്രവീൺ ഉറക്കം തൂങ്ങി നിലതെറ്റി എൻ്റെ പുറത്തേക്ക് വീണതാണെന്ന് വിളിച്ചുപറയാൻ തോന്നി. കരഞ്ഞുകൊണ്ട് OT-ക്ക് പുറത്തേക്ക് വന്ന എന്നെ പ്രെറ്റി വന്ന് ആശ്വസിപ്പിച്ചു. അപ്പോഴും പ്രവീൺ ഒന്നുമറിയാത്ത ഭാവത്തിൽ Cs കാണുന്നുണ്ടായിരുന്നു.


Comments

Anonymous said…
😂😂😂

Random Old Posts