അനാമിക - നമിത

 മുന്നറിയിപ്പ്: ഈ കഥയും കഥാപാത്രങ്ങളും സാങ്കല്പികം. യാഥാർഥ്യവുമായി നിങ്ങൾക്ക് ബന്ധം തോന്നുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ മാത്രം പ്രശ്നമാണ്. 

രാവിലെ 7:52. ഇന്ന് മുതൽ മെഡിസിൻ പോസ്റ്റിങ്ങ്‌. കോളേജ് ബസിൽ ഡിസ്കഷൻ. “അവസാനത്തെ 8 പേർ, ലാസ്റ്റ് യൂണിറ്റ്.” ആ 8 പേരിൽ ചിലർ നെടുവീർപ്പിട്ടു. 

ഡിപ്പാർട്മെന്റിനു മുൻപിൽ ഉന്തും തള്ളും. യൂണിറ്റ് തിരിച്ചുള്ള ലിസ്റ്റിൽ പേരുറപ്പിക്കാൻ. ചില ഞെട്ടലുകൾ. ഇത്തവണ 4 ന്റെ ഗുണിതക്കാർ ലാസ്റ്റ് യൂണിറ്റിൽ. ഒരു ചേഞ്ച്‌ ആർക്കാണിഷ്ടമല്ലാത്തത്? പൊടുന്നനെ തിരക്കിനെ വകഞ്ഞു മാറ്റി, വലതു കയ്യിൽ ബാഗും തൂക്കി, ലോകത്തോടു മുഴുവൻ പിണക്കം പ്രഖ്യാപിച്ച മുഖവുമായി M4 യൂണിറ്റ് ചീഫ് കടന്നു വന്നു. “അയ്യോ!! M4. ബീ. പി!” ഒരു സ്ത്രീ രോദനം. അപ്രതീക്ഷിതമായി ലിസ്റ്റിൽ പേര് കണ്ട് നടുങ്ങിയ  4ന്റെ ഏതോ ഗുണിതക്കാരി. കോറിഡോറിലേക്കുള്ള വാതിൽ തുറക്കാനാഞ്ഞ സാർ, ഒരു മാത്ര ശബ്ദം കേട്ട ഭാഗത്തേക്ക്‌ നോക്കി. ശേഷം വാതിൽ തുറന്ന് അകത്തേക്ക് പോയി. (ബി.പി. - സാറിന്റെ പേരിന്റെ ചുരുക്കമാണ്. ബ്ലഡ്‌ പ്രഷറല്ല.)

പേർസണലായിട്ട് പറഞ്ഞാൽ മെഡിസിൻ പോസ്റ്റിങ്ങ്‌ പലർക്കും ഒരു കീറാമുട്ടി ആയിരുന്നു. നേരിയ കിതപ്പ്, ശ്വാസംമുട്ടൽ, കണങ്കാൽ നീര് ഉള്ള രോഗികളിൽ കണ്ടു പിടിക്കേണ്ട ഫൈൻഡിങ്‌സ്. ബലിഷ്ഠമായ നെഞ്ചിൻ കൂട്ടിൽ ആകെ 2- ലങ്ങ്സ്, ഒരു ഹാർട്ട്‌, കുറച്ചു കുഴലുകൾ. ഉണ്ടാക്കുന്ന ശബ്ദങ്ങളോ? A. R. റഹ്മാനും മൈക്കൾ ജാക്സണും ഒരുമിച്ച് സ്റ്റേജ് ഷോ നടത്തുന്ന പോലെ അത്രയും എണ്ണം. ഞങ്ങളിൽ പലരും അത് കേൾക്കാൻ ചെന്ന ബധിരർ, എന്ന അവസ്ഥയിലും. ഇതൊക്കെ കൃത്യമായി മനസ്സിലാക്കുന്നവരെ അമാനുഷിക പ്രതിഭകളായി അന്നും ഇന്നും കാണാൻ എന്റെ വിശാല മനസ്സിന് കഴിയുന്നുണ്ട്.

  ഏതായാലും, അന്നുച്ചയ്ക്ക് പോസ്റ്റിങ്ങ്‌ കഴിഞ്ഞ് ഹോസ്റ്റലിൽ എത്തിയ സ്ത്രീ രത്നങ്ങൾക്ക് ദൂതുമായി മെഡിസിൻ ബാച്ച് റെപ്പെത്തി. ഇപ്പോൾ പോസ്റ്റിങ്ങ്‌ ഉള്ള സ്ത്രീജനങ്ങൾ M4 ചീഫിനെ നാളെ മുഖം കാണിക്കണം. കൂടാതെ രോദനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശബ്ദ പരീക്ഷ ( voice identification test) നാളെ ഉണ്ടാകും എന്ന വാർത്തയും പരന്നു. മറ്റു സ്ത്രീകൾ ഞങ്ങളെ നോക്കി സഹതപിച്ചു. അന്തപുരത്തിൽ പരിഭ്രാന്തി പടർന്നു.

ഈ സമയം ഹോസ്റ്റലിൽ ഒരു റൂമിൽ

രോദിത: “ അയ്യോ, നാളെ സാർ എന്നെ തിരിച്ചറിഞ്ഞാൽ? എനിക്ക് ഒരു സമാധാനോമില്ല. അയ്യോ!” 

ഒന്നാം സഖി: “ഓ, ഈ അയ്യോ വിളി ഇനിയേലും ഒന്ന് നിർത്ത്. ഒന്ന് വിളിച്ചേന്റെയാ….”

രണ്ടാം സഖി: “ ഇപ്പൊ നമുക്ക് മാത്രമേ ഈ രഹസ്യം അറിയൂ. നമ്മൾ ഇങ്ങനെ മാറിയിരിക്കുന്നത് മറ്റുള്ളവർക്ക് സംശയം ഉണ്ടാക്കും. അതു കൊണ്ട് നമ്മൾ ഒന്നുമറിയാത്ത പോലെ ഇരിക്കുക. മുകളിലത്തെ റൂമിൽ ഓഡിഷൻ പ്രാക്ടീസ് നടക്കുന്നുണ്ട്. നമുക്കും പോകാം.”

മൂന്നാം സഖി: “എനിക്ക് തോന്നുന്നത് ഇതൊക്കെ വെറുതെയാന്നാ. എത്ര സ്റ്റുഡന്റ്സിനെ പഠിപ്പിച്ചതാ സാർ. ഇതൊക്കെ കാര്യമായിട്ടെടുക്കുമോ?”

രണ്ടാം സഖി: (രോഷത്തോടെ മൂന്നാമത്തവളെ നോക്കി ) “ഞാനൊരു കാര്യം പറഞ്ഞേക്കാം. ഇത് എല്ലാവരെയും ബാധിക്കുന്ന കാര്യമാ. അതുകൊണ്ട് അവിടെ ചെന്ന് നാളെ ഈ പുച്ഛം ഒന്നും പുറത്തെടുത്തേക്കരുത്. എങ്ങനെയാ നാളെ നിൽക്കേണ്ടത് എന്നറിയാമോ? ഇവിടെ ശ്രദ്ധിക്ക്.”

ശേഷം രണ്ടാമത്തവൾ ലേശം നടുവ് വളച്ച്, തലകുനിച്ച് നിഷ്കളങ്കത–ഭയഭക്തി-ബഹുമാനം എന്നിവ പാകത്തിന് ചേർത്ത ഒരു മുഖംമൂടി അണിഞ്ഞു കാണിച്ചു. ശേഷം നാലുപേരും മുകളിലത്തെ റൂമിലേക്ക് യാത്രയായി.

 ഓഡിഷനിൽ സെലക്ഷൻ കിട്ടരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് നാളത്തെ ടെസ്റ്റിന് ഉള്ളവരും ഇല്ലാത്തവരും പ്രാക്ടീസ് നടത്തുന്നു. അയ്യോ ദൈവമേ, എന്റെ ദൈവമേ, ഇൻശാ അള്ളാ, എന്റള്ളോ, ഈശോയെ, മാതാവേ, എന്റമ്മേ, OMG, ഭഗവതീ, കൃഷ്ണാ, ശംഭോ മഹാദേവ …തുടങ്ങി പലരേയും വിളിച്ചു കരഞ്ഞു നോക്കുന്നവർ. രോദിതയും സഖിമാരും പ്രാക്ടീസിലലിഞ്ഞു.

 അടുത്തദിവസം ക്ലിനിക്കിൽ പോസ്റ്റിങ്ങിനു ശേഷം സാറിന്റെ റൂമിൽ ഞങ്ങൾ സന്നിഹിതരായി. കസേരയിൽ പുറകിലേക്ക് ചാഞ്ഞ് പ്രവചനാതീതമായ മുഖഭാവവുമായി സാർ. അനുതപിക്കുന്ന പാപികളായി ഞങ്ങൾ. ആദ്യം ചില കുശലാന്വേഷണങ്ങൾ “How many days you are posted here? Who all are in my unit…” അങ്ങനെ. വിളിപ്പിച്ചതെന്തിനെന്ന് മനസ്സിലായിക്കാണുമല്ലോ എന്ന മുഖവുരയോടെ സാർ വിഷയത്തിലേക്ക് കടന്നു “ Have you ever noticed…. work…._ore?... receiving a customer..take a good bath…. decorate hair with flowers.. You are professionals…as medical students you are expected to behave…I don't blame you..People who send you here are responsible…” ചുണ്ട് ചേർത്ത് പിടിച്ച്, പതിഞ്ഞ ശബ്ദത്തിൽ ഉള്ള സാറിന്റെ സംസാരവും എന്റെ ഇംഗ്ലീഷ് പരിജ്ഞാനവും ചേർന്നപ്പോൾ ടെമ്പറൽ ലോബിൽ എത്തിയത് ഇത്ര മാത്രം. ഇനി നിലവിളി കൂടാതെ കുളി- അലക്കൊന്നുമില്ലാതെ വരുന്നവരെയും ചേർത്താണോ സാർ പറഞ്ഞത്? അവസാന വാചകങ്ങളിൽ വീട്ടിലിരുന്നു തുമ്മുന്ന കാരണവന്മാരെ ഞാൻ മനസ്സാ സ്മരിച്ചു. ഇടയ്ക്കെപ്പോഴോ ബോറടിച്ചപ്പോൾ എന്റെ കാലിഡോസ്കോപിക് വിഷൻ ആവാഹിച്ചു സാറിന്റെ പ്രതിബിബം ഞാൻ ചിതറി തെറിപ്പിച്ചു നോക്കി. ശേഷം വർഷങ്ങൾക്കുശേഷം സാരിയുടുത്ത് ഇതുപോലൊരു കസേരയിലിരുന്ന് എന്റെ ധിഷണ, ജ്ഞാനം എന്നിവ കൊണ്ട്, മുന്നിൽ കൂടി നിൽക്കുന്ന സ്റ്റുഡൻസിനെ വിസ്മയം, ആരാധന, ആദരവ് ഇവയിലാഴ്ത്തുന്ന രംഗവും ഞാൻ സങ്കൽപ്പിച്ചു. “ You may go now.” എന്ന് സർ പറഞ്ഞപ്പോഴാണ് നിവർന്നത്. കഴുത്തിൽ, നടുവിൽ ഒരു നേരിയ പിടുത്തം.

വാതിലിൽ ചെവി ചേർത്ത് നിന്ന പുരുഷഗണത്തിന്റെ ചോദ്യങ്ങൾക്ക് ഒഴുക്കൻ മറുപടി നൽകി, ഹോസ്റ്റലിലേക്ക് നടന്നു. “ആരുടെ കാര്യമാ പൂ ചൂടുന്നെന്നൊക്കെ സാർ പറഞ്ഞത്?” സാറിന്റെ തൊട്ട് മുൻപിൽ നിന്നിരുന്ന ഇംഗ്ലീഷ് പരിജ്ഞാനി കാര്യം വിശദീകരിച്ചു തന്നു. “ഓഹോ. അങ്ങനെ. ഇങ്ങനെയൊരു വാക്ക് ആദ്യം കേൾക്കുകാ.”

രോദിത ഇന്നും പിടികിട്ടാപ്പുള്ളി.................... സുകുമാരക്കുറുപ്പിനെപ്പോലെ…....

അവളുടെ പേര്……..........

ഈ കഥയ്ക്കിട്ടു. 



Comments

Random Old Posts