ഘിലാടിയോം കാ ഘിലാടി - Single Read



ന്നും മറക്കാനാവാത്ത ആ സംഭവങ്ങളുടെ തുടക്കം രജിസ്ട്രേഡ് പോസ്റ്റിൽ വന്ന ഒരു കത്തിൽ നിന്നാണ്. PG അഡ്മിഷൻ കൗൺസലിംഗ് നോട്ടീസ്.

ഓൾ ഇന്ത്യ റാങ്ക് ലിസ്റ്റിൽ വാലറ്റക്കാരായ എനിക്കും നിസാമിനും ഒരിമിച്ചാണ് കൗൺസിലിംഗ്, അങ്ങ് ചെന്നൈയ്യിൽ. എനിക്ക് വീടുവിട്ടറങ്ങി ലോകപരിചയമില്ലല്ലോ. ട്രാവൽ ആൻ്റ് അക്കമടേഷൻ മുഴുവൻ അങ്ങനെ നിസാം ഏറ്റെടുത്തു.


അങ്ങോട്ടുമിങ്ങോട്ടുമുള്ള ട്രെയ്ൻ യാത്ര ബുക്ക് ചെയ്തിരിക്കുന്നത് ചെന്നൈ മെയ്ലിൽ. ഞങ്ങൾക്കു മുമ്പേ മദ്രാസ് മെഡിക്കൽ കോളേജിൽ PG-ക്കാരായ ലാലിൻ്റെയും CH ൻ്റെയും, പിന്നെ അവരുടെ തമിഴിൻ ഗഡിയുടെയും കൂടെ രണ്ടു ദിവത്തെ അഡ്ജസ്റ്റ് മെൻ്റിലാണ് അക്കമടേഷൻ. എന്നെ സംബന്ധിച്ചടത്തോളം നിസാമിൻ്റെ കൂടെയങ്ങ് പോകുക. ബാക്കിയെല്ലാം അവൻ നോക്കി കൊള്ളും.


അങ്ങനെ വലിയ നാടകീയതകളൊന്നുമില്ലാതെ മദ്രാസിലെത്തി. നിസാം ഇതിനും മുമ്പും ചങ്കുകളെ കാണാൻ വന്നിട്ടുള്ളതുകൊണ്ട് അവന് സ്ഥലമറിയാം. ചെന്നൈ സെൻ്ററലിലിറങ്ങിയാൽ തൊട്ടപ്പുറത്താണ് പാർക്ക് റെയിൽവേ സ്റ്റേഷൻ. അവിടെ നിന്ന് നുംഗപാക്കത്തിന് സമ്പർബൻ കിട്ടും. നുംഗപാക്കം സ്റ്റേഷനിൽ നിന്ന് ഫ്ലാറ്റിലേക്ക് നടക്കാവുന്ന ദൂരം മാത്രം. ഇടക്കിടെ CH ഫോണിലൂട ഇൻസ്റ്റ്രക്ഷൻസ് കൊടുക്കുന്നുണ്ട്.


ഫ്ലാറ്റിലെത്തിയപ്പോൾ CH ഉം തമിഴ് ഗഡിയുമുണ്ടവിടെ. പിറ്റേ ദിവസമാണ് കൗൺസിലിംഗിൻ്റെ ആദ്യദിനം. കൗൺസിലിംഗ് നടക്കുന്ന സ്ഥലത്ത് എത്തിപ്പെടാൻ വളരെ എളുപ്പം. CH വീണ്ടും അക്കമിട്ട് ഇൻസ്‌റ്റ്രക്ഷൻസ് തന്നു. നുംഗപാക്കത്തു നിന്നും സമ്പർബൻ കിട്ടും. റ്റിക്കറ്റെടുക്കുക. റ്റിക്കറ്റ് കാശ് ചില്ലറയായി തന്നെ നേരേത്തേ കരുതുക ഇല്ലങ്കിൽ തമിഴിൽ തെറി കേൾക്കും. കഷ്ടി മുപ്പത് മിനിറ്റ് യാത്ര. ഇറങ്ങേണ്ട സ്റ്റേഷനിൽ നിന്ന് പത്തു മിനിറ്റ് നടന്ന് റോഡ് ക്രോസ് ചെയ്താൽ സംഭവ സ്ഥലത്തെത്തി. നിസാം എല്ലാം തലക്കുക്കി കേട്ടു. എനിക്കതു മതി.


PG കൗൺസിലിങ്ങിൻ്റെ പിരിമുറുക്കമൊന്നും കാര്യമായി എനിക്കില്ല. ആദ്യത്തെ വട്ടം PG ക്ക് ശ്രമിച്ചപ്പോൾ എടുക്കാമായിരുന്ന പതോളജി തന്നെയാണ് ഇപ്പോഴും എനിക്കുമുമ്പിലുള്ളത്. കൗൺസിലിംഗിന് ചെല്ലുന്നു, കോട്ടയത്ത് പത്തോളജി എടുക്കുന്നു. പക്ഷേ നിസാമിൻ്റെ കാര്യം അത്ര സംപിളല്ല. അവന് കുറച്ചധികം മെഡിക്കൽ കോളേജുകളും PG/ Diploma സീറ്റുകളും വച്ചുള്ള പെർമ്യൂട്ടേഷൻ കോമ്പിനേഷൻസുണ്ട്. പക്ഷേ ഈ സങ്കീർണ്ണതകളൊന്നും നിസാമിനെ ബാധിച്ചില്ല. കാരണം ആപ്പോഴേക്കും ചങ്ക് ലാലു ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി.


നിസാമും ചങ്കും മദ്രാസ് നിശയിലേക്ക് അർമ്മാതിക്കാനിറങ്ങിയപ്പോൾ ഞാൻ CH ൻ്റെ ലാപ്ടോപ്പിൽ NFS (Need for Speed, ഒരു കബ്യൂട്ടർ ഗെയിം) ബൂട്ട് ചെയ്തു.


****

കമ്പ്യൂട്ടർ ഗെയിം കളിച്ച് കളിച്ച് ഞാനെപ്പോഴോ കിടന്നുറങ്ങി. പിറ്റേന്ന് വെളുപ്പിന് ആറുമണിക്ക് നുംഗപാക്കം സ്റ്റേഷനിലെത്തിയ എതോ ഒരു ട്രെയിനിൻ്റെ കൂക്കിവിളി കേട്ടാണ് ഉണർന്നത്. ഇന്നേവരെയുള്ള എൻ്റെ ജീവിതത്തിലെ രണ്ടേ രണ്ട് ദിവസം ചിലവഴിച്ച മദിരാശിയിലെ ആദ്യ പുലർച്ച. ഞാൻ എഴുന്നേറ്റ് കൗൺസിലിംഗിന് പോകാൻ റെഡിയായി. വേണ്ട ഡോക്യുമെൻ്റ്സ് എല്ലാം നോക്കി ഒരു ഫയലിലാക്കി.


ആശുപത്രിയിലേക്കു പോകും വഴി CH റൂമിലേക്ക് തലയിട്ട് ചോദിച്ചു, “ടാ എല്ലാം എടുത്തില്ലേ? ഒറിജിനലും അറ്റസ്റ്റ് ചെയ്ത കോപ്പികളും വേണം.”


“എല്ലാം ഉണ്ടടാ.”


“നീ ഒന്നുകൂടെ നോക്കിക്കോ. പിന്നെ പോകുന്ന ട്രെയ്നിൻ്റെ കാര്യത്തിൽ കൺഫ്യൂഷൻ ഒന്നുമില്ലല്ലോ അല്ലേ?"


“ഓ എനിക്കെന്ത് കൺഫ്യൂഷൻ, അതൊക്കെ നിസാം നോക്കി കൊള്ളും.”


“ങ്ങാ…ശരി, ശരി… എന്നാലും നിൻ്റെ ഒരു കണ്ണ് അവൻ്റെ മേലുള്ളത് നല്ലതാ… അപ്പോ ശരീടാ വൈകിട്ട് കാണാം.”


“ഓക്കേടാ ബായ്!”


അങ്ങനെ CH ഉം അവൻ്റെ കൂടെ തമിഴ് ഗഡിയും പോയി. നിസാമിൻ്റെയോ ചങ്കിൻ്റെയോ അനക്കമൊന്നും കേട്ടില്ല. അരമണിക്കൂർ കഴിഞ്ഞ് ഇരിക്കപ്പൊറുതിയില്ലാതെ നിസാമിനെ വിളിക്കാൻ ഞാനെഴുന്നേറ്റതും വാതിൽ തള്ളി തുറന്ന് നിസാം എത്തി.


“എടാ നീയിതുവരെ റെഡിയായില്ലേ! വാ പോകാം. ആദ്യദിവസം തന്നെ ലേയ്റ്റാവെണ്ട!” തോളിൽ കിടന്ന സ്ലിങ്ങ് ബാഗിൽ നിന്ന്  പേപ്പറുകൾക്കിടയിൽ കിടന്ന ഒരു പേന തപ്പിയെടുത്ത് പോക്കറ്റിൽ കുത്തി നിസാം പറഞ്ഞു.


“കടവുളേ കാക്കയിന്ത് മലന്ത് പറക്കുമാ?” ഞാൻ കളിയാക്കി. ഒരു വഴിക്ക് പോകുമ്പോൾ കരിനാക്കെടുത്ത് വളക്കരുതെന്ന് പിന്നീട് സംഭവിച്ചത് എന്നെ പഠിപ്പിച്ചു.


അങ്ങനെ ഞാനും നിസാമും കതകു ചാരിയിറങ്ങി. ചങ്ക് അപ്പോഴും മുറിയിൽ കിടന്ന് കൂർക്കം വലിക്കുന്നുണ്ടായിരുന്നു.


കൗൺസിലിങ്ങ് നടക്കുന്ന സ്ഥലത്തേക്കെത്താൻ റോഡ് മറുച്ച് കടക്കണം. പക്ഷേ ഈ റോഡ് ഒരു മെയ്ൻ റോഡാണ്. സമ്പർബൻ സ്റ്റേഷനിറങ്ങി ഒരു ഇടുക്കു വഴിയിലുടെ നടന്നു വേണം മെയ്ൻ റോഡിൽ എത്താൻ. ഇടവഴിയും മെയ്ൻ റോഡും ചേരുന്ന ജംഗ്ഷനിൽ മെയിൻ റോഡിനോട് ചേർന്ന് കടകളും ഓഫീസ് കെട്ടിടങ്ങളുമുണ്ട്. പിന്നെയങ്ങോട്ട് ഇരുവശത്തേക്കും നോക്കത്താ ദൂരത്തോളം വിജനമാണ്. തനി തമിഴ്നാട് ഹൈവേ.


വഴി നീളെ നിസാം സ്വതസിദ്ധമായ ശൈലിയിൽ തമാശ പറയുന്നൂ, ഞാൻ പൊട്ടിച്ചിരിക്കുന്നു. ജംഗ്ഷനിൽ എത്തിയപ്പോൾ റോഡ് ക്രോസ് ചെയ്യാനുള്ള ഉദ്യമത്തിൽ തമാശക്കൊരു ഗ്യാപ്പ് വന്നു. നിസാമിൻ്റെ ശബ്ദമില്ലാത്ത ആ ഗ്യാപ്പിൽ പെട്ടെന്നൊരു സംശയം എൻ്റെ മനസ്സിൽ മുളപ്പൊട്ടി.


തെല്ല് ഉദ്വേഗത്തോടെ ഞാനവനോട് ചോദിച്ചു, “ടാ നീ ട്രൂകോപ്പി ഗസറ്റഡ് ഓഫീസറെക്കൊണ്ട് അറ്റസ്റ്റ് ചെയ്യിപ്പിച്ചിട്ടുണ്ടല്ലോ അല്ലേ?" 


ബ്രക്കിട്ടതുപോലെ നിന്ന നിസാം എന്നെ തിരിഞ്ഞു നോക്കി. “കോപ്പി അറ്റസ്റ്റ് ചെയ്യണമായിരുന്നോ?”


“ഭ! @#₹e!” എന്നു പറയാൻ പൊങ്ങിയ എൻ്റെ നാവിനെ ഞാനടക്കി. അവൻ അവടെയെങ്ങാനും എന്നെ ഇട്ടിട്ടു പോയാൽ ഞാൻ തെണ്ടും. അവനേപ്പോലെ തമിഴ് വായിക്കാനോ പറയാനോ എനിക്കറിയില്ല.


നിസാമിനേക്കാളും ടെൻഷനായി എനിക്ക്. ഇനിയിപ്പോ എങ്ങനെ അറ്റസ്റ്റുചെയ്യും? ഗസറ്റഡ് ഓഫീസറെ ഇവടെയിപ്പോ എങ്ങനെ കിട്ടും? സമയത്ത് കൗൺസിലിംഗിന് എത്താൻ പറ്റുമോ? ഇവൻ്റെ കൗൺസിലിംഗ് എന്താകും?


കണ്ഠമിടറി ഞാനവനോട് ചോദിച്ചു, “ആളിയാ നിൻ്റെയാ ബാഗിൽ ഒറിജിനൽ എന്തെങ്കിലുമുണ്ടോ?”


നിസാം ഒരു നിമിഷം ബാഗ് തപ്പി. ആ തപ്പ് കാണുമ്പോഴേ അറിയാം ആ പഹയൻ ആദ്യമായാണ് ഡോക്യമൻറ്സ് വേരിഫൈ ചെയ്യുന്നതെന്ന്.


“ഒറിജിനൽ ഡാക്യമെൻ്റസ് അപ്പിടിയേ ഇരിക്ക്. ഇനി വന്ത് ഫോട്ടാകാപ്പി അറ്റസ്റ്റേഷൻ, ഒരു ചിന്ന ഗസറ്റഡ് ആഫിസർ…” ഇത് പറഞ്ഞ് നിസാം നിന്നടത്ത് നിന്ന് തിരിഞ്ഞ് ചുറ്റും നോക്കി.


മൈ#@₹u തമാശിക്കാൻ കണ്ട സമയം, ഞാൻ മനസ്സിൽ തെറി വിളിച്ചു.


ചുറ്റും നോക്കിയ നിസാമിൻ്റെ ചുണ്ടിൽ പെട്ടെന്നൊരു പുഞ്ചിരി. അല്പം അകലയുള്ള ഒരു പഴഞ്ചൻ ഓഫീസ് കെട്ടിടം ചൂണ്ടികാട്ടി ഒട്ടും ചോർന്നുപോകാത്ത ശുഭാപ്തിവിശ്വാസത്തോടെ നിസാം പറഞ്ഞു, “ടാ വാടാ നമുക്ക് അവിടെ ഒന്ന് ട്രൈയ് ചെയ്യാം!”


എനിക്കൊന്നും മനസിലായില്ലെങ്കിലും വേറേ നിവർത്തിയില്ലാത്തതുകൊണ്ട് ഞാനും അവൻ്റെ കൂട നടന്നു, നിസാമിന് നല്ല ബുദ്ധിയുണ്ടാകാനും പണ്ട് ഭരണിയിലെ വെള്ളം വീഞ്ഞായതുപോലെ ആ പാണ്ടിക്കാട്ടിലെ ഏതെങ്കിലും ഒരുത്തൻ പെട്ടെന്ന് ഗസറ്റഡ് ഓഫീസർ ആകാനും പ്രപഞ്ച ശ്രഷ്ടാവിനോട് പ്രാർത്ഥിച്ചുകൊണ്ട്.


********


നിസാം ചൂണ്ടിയ ഓഫീസിൽ ഒരു വശത്ത് ഭിത്തിയോട് ചേർന്ന് മൂന്നു നാലു ബെഞ്ചുകളും അതിൽ വളരെ സാധുക്കളായ കുറച്ചു മനുഷ്യരും. എന്തോകെയോ കുറച്ച് പേപ്പറുകൾ കൈയ്യിലുണ്ട്. പിടിച്ചു പിടിച്ചു മുഷിഞ്ഞതും കീറിയതുമാണ് മിക്കവയും. മറുവശത്ത് നടുക്ക് വഴിയിട്ട് മൂന്ന് ലൈനിലായി കുറെ മേശയും കസേരയും. എല്ലാ മേശയിലും പൊക്കത്തിൽ അടുക്കിയ ഫൈയലുകൾ, റെജിസ്റ്ററുകൾ. എന്നാലൽ പല കസേരയും കാലി. 


ഇന്ത്യാ മഹാരാജ്യത്ത് ഇങ്ങനെയാരു ഓഫീസ് കണ്ടാൽ സമാന്യ ബോധമുള്ള ആരും അതൊരു സർക്കാർ ഓഫീസാണെന്ന് അനുമാനിക്കും. എനിക്ക് സമാന്യ ബോധമുള്ളതുകൊണ്ടും ചുവരിൽ എഴുതിയ തമിഴിൻ്റെ അടിയിലെ ഇംഗ്ലീഷ് വായിച്ചതുകൊണ്ടും തമിഴിൻ്റെ മുകളിലെ കരുണാനിധിയുടെ ഫ്രെയിം ഇട്ട ഫോട്ടോ കണ്ടതു കൊണ്ടും തമിഴ്നാട് സംസ്ഥാന സർക്കാരിൻ്റെ കൃഷി ജലസേചന വകുപ്പ് കാര്യയാലമാണ് ഞാൻ നിൽക്കുന്ന ഓഫീസെന്ന് മനസ്സിലായി.


എൻ്റെ ബുദ്ധി ഇത്രയൊക്കെ പ്രൊസസ്സ് ചെയ്ത് വരുമ്പോഴേയ്ക്കും നിസാം പ്രധാന ഓഫീസറെ പരിചയപ്പെട്ട് കാര്യം പറഞ്ഞുകഴിഞ്ഞിരുന്നു.


“ഗുഡ്മോർണിങ് സാർ! ഞാൻ വന്ത് നിസാം അലി. കേരളാവുലെ ഡാക്ടർ. ഇങ്കെ കൗൺസിലിംഗ് ഇറിക്ക്. ആന, ഒരു ചിന്ന വിഷയം. കൊഞ്ചം ഹെൽപ്പ് പണ്ണുങ്കോ..”


“എന്ന വിഷയം ഡാക്ടർ സാർ? സൊല്ലുങ്കോ”


“അത് വന്ത് കുറച്ച് ഡാക്ക്യമെൻസ് അറ്റസ്റ്റ് പണ്ണണം. ഗസറ്റഡ് ആഫസർ മട്ടും താനെ വേണമെന്ന് നിർബന്ധമിറിക്ക്. ഉന്നാലെ മുടിയിം സാർ.”


പറയുന്നതിനിടയിൽ ബാഗ് തപ്പി പണ്ടെപ്പോഴോ അതിലിട്ട് മറന്ന ഒരു ID കാർഡ് എടുത്തു കാണിക്കുന്നുമുണ്ട്.


“ശരി ഡാക്ടർ സാർ, അറിജിനൽ സർട്ടിഫിക്കറ്റസ് ഇറിക്കാ?”


“Yes! Yes!” പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അറ്റസ്റ്റേഷൻ കഴിയുമ്പോഴേക്കും നിസാമും കൃഷി ഓഫീസറും ഗഡി ബഡ്ഡീസ്! ചിരിച്ച് കളിച്ച് ഷേക്ക് ഹാൻഡും കൊടുത്ത് ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ നിസാം പുറത്തേക്കിറങ്ങി പറഞ്ഞു, “വാടാ പോകാം.”


വിശ്വസിക്കാൻ ബുദ്ധിമുട്ടി വാപൊളിച്ചു നിന്നയെനിക്കു അപ്പോഴൊരു കാര്യം മനസ്സിലായി. ഒരു പൂ ചോദിച്ചാൽ പൂന്തോട്ടം തരുന്നവനാണ് ജഗതീശ്വരൻ. പണ്ട് ഇത്തിരി വീഞ്ഞിനു വേണ്ടി അലഞ്ഞപ്പോൾ കിട്ടിയത് ആറു വലിയ ഭരണി നിറയെ വീഞ്ഞ്. ഇന്ന് ഒരു ഗസറ്റഡ് ഓഫീസറേ ചോദിച്ചപ്പോൾ ദാ… ഒരു കെട്ടിടം നിറയെ ഗസറ്റഡ് ഓഫീസർമാർ!


കൗൺസിലിംഗ് ഹാൾ അടക്കുന്നതിന് തൊട്ടുമുമ്പ് ഞങ്ങൾ ഓടിക്കിതച്ചെത്തി. ഭാഗ്യം, ഞാൻ വിചാരിച്ചതിലും നേരത്തേയാണ്! ഉച്ചയയോടു കൂടി എൻ്റെ അലോട്ട്മെൻ്റ് കഴിഞ്ഞു. ഉച്ചകഴിഞ്ഞാണ് നിസാമിൻ്റെ സ്ലോട്ട്. ലഞ്ച് ബ്രേയ്ക്കിന് ജംഗ്ഷനിലുള്ള ചെറിയ ഹോട്ടലിൽ കഴിക്കാനിരിക്കുമ്പോൾ ഞാൻ നിസാമിനോട് ചോദിച്ചു, “അളിയാ നീ ഏതെടുക്കുമെന്ന് തീരുമാനിച്ചോ? സൈക്യാട്രി, കണ്ണ്, ENT, പീട്സ് ഇതൊക്കെ പലയിടത്തും ഡിഗ്രിയും ഡിപ്ലോമ സീറ്റുണ്ട്. പക്ഷേ കേരളത്തിൽ പാടായിരിക്കും.”


ഊണിൽ സാമ്പാർ കുഴച്ചുകൊണ്ടിരുന്ന നിസാം എന്നെ നോക്കി. “എല്ലാ ഓപ്ഷനും കൂടി കുഴഞ്ഞ് കിടക്കുവാണല്ലോടാ…”


“അപ്പോ നീ ഇതൊന്നും നോക്കിയില്ലേ?”


“അതിനിപ്പോ അധികം സമയമൊന്നും വേണ്ട,” കുഴച്ച ചോറും സാമ്പാറും വായിലിട്ട് നിസാം പറഞ്ഞു. “നല്ല ചോയ്സ് ഏതൊക്കെയെന്ന് കുറച്ച് സിനേയേർസിനെ വിളിച്ച് ചോദിക്കണം, അത്രേയുള്ളൂ. ദേ…നീ ആ ചെറിയ പാത്രത്തിലെ തൈര് എടുത്ത് ദാ… ഇങ്ങനെ ഒറ്റയടിക്കു കുടിക്കണം. ഇതാണ് ഇവിടുത്തെ ഡെസേർട്ട്. കണ്ടോ ഒരുനിമിഷം കൊണ്ട് തീർന്നില്ലേ? ഇത്രേയുള്ളൂ ഈ ഓപ്ഷൻസും!”


മരുഭൂമിയിലും വെള്ളം കണ്ടുപിടിക്കുന്ന നിസാമിന് ഇതൊക്കെ നിസ്സാരമായിരിക്കും. ഞാൻ ആശ്വസിച്ചു. ചെറിയ പാത്രത്തിലെ തൈര് ഉറ്റയടിക്ക് ഊറ്റിക്കുടിച്ച് ഞാനും ഊണ് അവസാനിപ്പിച്ചു.


കൗൺസിലിംഗ് സെൻ്ററിൻ്റെ പുറകുവശത്ത് വിശാലമായ ഒരു ഗ്രൗണ്ടും തറ കെട്ടിയ വലിയ ഒരു തണൽ മരവുമുണ്ട്. രാവിലെ കൗൺസിലിംഗ് കഴിഞ്ഞർ പോയി. ഉച്ച കഴിഞ്ഞുള്ളവർ എത്തുന്നതേയുള്ളൂ. മരച്ചുവട്ടിൽ ഞാനും നിസാമും മാത്രം.


നിസാം ഫോണെടുത്ത് സീനിയേഴ്സിനെ വിളിച്ച് ഓപ്ഷൻ ലോക്ക് ചെയ്യുന്ന നിസ്സാരമായ ജോലി തുടങ്ങി. അവൻ്റെ ഒരു വിളി അരമണിക്കൂറാണ്. കുശലവും ലോകകാര്യങ്ങളും പൊട്ടിച്ചിരികളും കഴിഞ്ഞാണ് ഓപ്ഷൻ ഡിസ്കഷൻ. 


തണൽ മരത്തിൻ്റെ ചില്ലകൾക്കിടയൽ കൂടുകൂട്ടുകയായിരുന്ന ഒരു കാക്കയിലേയ്ക്ക് എൻ്റെ ശ്രദ്ധ മാറി. കാക്ക കഷ്ടപ്പെട്ട് നാലു ചുള്ളിക്കമ്പ് വെച്ചപ്പോഴേയ്ക്കും ഒന്നര മണിക്കൂർ കഴിഞ്ഞിരിന്നു. കാക്കയുടെ കഷ്ടാപ്പാടോർത്ത് ഞാൻ നെടുവീർപ്പിട്ടു. പെട്ടന്നാണ് നിസാര പണിക്കിറങ്ങിയ നിസാമിൻ്റെ കാര്യം ഓർത്തത്. ഞാൻ ചുറ്റും നോക്കി. 


അല്പം അകലെ ഒരു കൈകൊണ്ട് ഒരു സിഗററ്റ് കുറ്റി ചുണ്ടിനിടയിൽ തിരുകി മറു കൈ കൊണ്ട് ഫോൺ ചെവിയിൽ വെച്ച് വെരുക് പോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് നിസാം. മുഖത്ത് ഡിസ്കഷൻ തുടങ്ങിയപ്പോൾ ഞാൻ കണ്ട ചിരിയല്ല, പകരം പിരിമുറുക്കത്തിൻ്റെ പേശിവലിവ്.


“എന്തായാടാ?” ഞാനടുത്തു ചെന്നു ചോദിച്ചു.


“സൈക്യാട്രി, കണ്ണ്, ENT, പീട്സ് ഇതൊക്കെ പലയിടത്തും ഡിഗ്രീയും ഡിപ്ലോമ സീറ്റുണ്ട്. പക്ഷേ കേരളത്തിൽ കിട്ടാൻ പാടാണ്. കേരളത്തിന് പുറത്ത് ഏതാ നല്ല കോളേജ് എന്ന് തീരുമാനിക്കണം.”


സൂര്യനുദിച്ച ശേഷം രാണ്ടാം പ്രാവിശ്യവും തെറി പറയാൻ ഓങ്ങിയ എൻ്റെ നാവിന് ഞാൻ കടിഞ്ഞാണിട്ടു.


“ടാ സമയമായി, നീ ഹാളിലോട്ട് ചെല്ല്!”


നിസാം ഹാളിലേക്ക് നടക്കുന്ന വഴി ചെവിയിലിരുന്ന ഫോണിൽ കോൾ കണക്ടായി.


“ഹലോ ആര്യ! How are you? എന്തൊക്കെയുണ്ട് വിശേഷങ്ങൾ, പറ! തഞ്ചാവൂര് ക്ലൈമെറ്റ് ഒക്കെ ഏങ്ങനെ…”


ഫോണിൽ സംസാരിച്ചു നീങ്ങുന്ന നിസാമിനെ നോക്കി ഞാൻ വീണ്ടും നെടുവീർപ്പിട്ടു. അങ്ങനെ, ആ മരത്തിനടിയിൽ കുത്തിയിരുന്നു ഞാനെൻ്റെ പ്രാർത്ഥന തുടങ്ങി.


കൗൺസിലിംഗ് കഴിഞ്ഞിറങ്ങിയതും ആകാംഷയോടെ ഞാൻ അവൻ്റെയടുത്തെത്തി. “എന്തായാടാ?”


“തഞ്ചാവൂര് ENT അങ്ങെടുത്തു.” പരുപാടി കഴിഞ്ഞതിൻ്റെ ആശ്വസത്തിൽ നിസാം പറഞ്ഞു.


അവനേക്കാളും കൂടുതൽ സന്തോഷിച്ചത് ഞാനാണ്. ഇനിയിപ്പോൾ കൗൺസിലിംഗ് രണ്ടാം ദിവസം ഞങ്ങൾക്ക് രണ്ടു പേർക്കും പരുപാടിയില്ല. നാളെ ഉച്ചവരെ റിലാക്സ് ചെയ്ത് ബുക്ക് ചെയ്ത ട്രൈയിനിൽ തന്നെ തിരിച്ചു പോകാം. എനിക്ക് വലിയ സമാധാനമായി.


നിസാം തഞ്ചാവൂരിലെ ക്ലൈമറ്റിനെ കുറിച്ചും ENT യുടെ മാഹാത്മ്യത്തെ കുറിച്ചും വാചാലാനായി. NFS ഇൽ അടുത്ത റെയ്സിന് എൻ്റെ കാർ എങ്ങനെ ട്യൂൺ ചെയ്യത് ഫസ്റ്റടിക്കാം എന്ന് മനക്കോട്ട കെട്ടുകായിയുന്ന ഞാൻ നിസാം പറയുന്നതിന് വെറുതെ മൂളുകയും തലയാട്ടുകയും ചെയ്തു കൂടെ നടന്നു.


*****


നിസാം ഒരു ഓപ്ഷൻ പിക്ക് ചെയ്തെന്നു കേട്ട ചങ്ക് ഞെട്ടി! “Wonderful ഡാ wonderful, ഇന്നു നമുക്ക് അടിച്ചു പൊളിക്കണം!”


ശ്രമിച്ചാൽ ഒരു ഓപ്ഷനിൽ നിലകൊള്ളാൻ പറ്റുമെന്ന് മനസ്സിലാക്കിയ നിസാമും നല്ല മൂഡിലായിരുന്നു. നിസാം മൂഡിലായാൽ പിന്നെ പാട്ടുകേക്കണം, പാട്ടു പാടണം.


“പറയടാ ലാലേ… ഈ മദിരാശിയിൽ നമുക്കിന്ന് അടിച്ച് പൊളിക്കാൻ പറ്റയ ഒരു സ്ഥലം പറ. ഇന്ന് നിനക്കവിടെ എൻ്റെ വക ട്രീറ്റ്! പക്ഷേ അവിടെ എനിക്ക് പാട്ടുകേക്കണം. അതു മസ്റ്റാണ്.”


“ഉനക്ക് സങ്കീതം വേണമാ? ലാലാ, എഗ്മോറിലെ അന്ത ചിയേർസ് പബ്ബ്... റൊമ്പ നല്ല ആമ്പിയൻസ്. Jukebox സാങ്ങ്സ്... മച്ചാ… ചാൻസേയില്ലെ!” ചങ്കിൻ്റെ തമിഴ് ഗഡി ഓപ്ഷൻ കൊടുത്തു.


“മതി അതു മതി! ലാലെ ഇന്നത്തെ നമ്മുടെ ചിയേർസ്, ചിയേർസിൽ!” അങ്ങനെ നിസാം രണ്ടു തീരുമനം ഒരിമിച്ചെടുക്കുന്ന ആദ്യത്തെ ദിവസമായി മദ്രാസിലെ ആ ദിനം.


“എന്നാപ്പിന്നെ ചിയേർസിലേക്ക് വിടാം.” ചങ്കിനും സമ്മതം.


ധൃതിയിൽ വേഷം മാറി ഊള തമാശകൾ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിച്ച് നിസാമും ചങ്കും തമിഴ് ഗഡിയും വാതിൽ തുറന്ന് പുറത്തിറങ്ങി. “അനൂപേ നീ വാതിലടച്ചു കിടന്നോ. ഞാൻ താക്കോലെടുത്തിട്ടുണ്ട്. ഞങ്ങൾ വരാൻ ലേയ്റ്റാകും." പോകുന്ന വഴി തിരിഞ്ഞു പോലും നോക്കാതെ ചങ്ക് വിളിച്ചു പറഞ്ഞു.


“ടാ നാളെ ഉച്ചയ്ക്കു നിസാമിന് തിരിച്ചു പോകാനുള്ളതാണ്, ഓർമ്മ വേണം!”


CH ൻ്റെ താക്കീത് അടഞ്ഞ വാതിലിൽ തട്ടി മുറിയിൽ തന്നെ പ്രതിധ്വനിച്ചു.


ഒരു മണിക്കൂറെടുത്ത് ട്യൂൺ ചെയ്ത എൻ്റെ NFS കാർ ആദ്യ റെയ്സിൽ തന്നെ കൊക്കയിൽ വീണതുകൊണ്ട് CH പറഞ്ഞത് ഞാനും കേട്ടില്ല.

എഗ്മോറിലെ ചിയേർസ് ബാർ, പക്ഷേ പബ്ബ് എന്ന ഓമനപ്പേരിലാണ് അറിയപ്പെടുന്നത്. അന്ന് കേരളത്തിൽ ബാംഗ്ലൂരും ചെന്നൈയ്യിലുമുള്ളതു പോലെ പബ്ബ് കൾച്ചർ ആവർഭവിച്ചിട്ടില്ല. 


പബ്ബുകളുടെ മുന്നിൽ നിൽക്കുന്ന സെക്യുരിറ്റിയെ ബൗൺസർ എന്നാണ് വിളിക്കുക. അതായത് വെള്ളമടിച്ച് അലമ്പുണ്ടാക്കിയാൽ ഇവന്മാരുടെ ദേഹത്ത് തട്ടി നമ്മൾ പന്തുപോലെ ബൌൺസ് ചെയ്ത് പുറത്തുപോകും. പിന്നെ അകത്തു കയറാൻ ശ്രമിച്ചാലും ബൗൺസ് ചെയ്യും. പബ്ബുകളുടെ മുന്നിൽ കൈയ്കെട്ടി മസിലുരുട്ടി പേടിപ്പിക്കാൻ നിൽക്കുന്ന ഇവന്മാരുടെ വലുപ്പവും മസിലും വച്ചാണ് പബ്ബുകളുടെ എക്സ്ക്ലൂസിവിറ്റി തരംതിരിക്കുന്നത്.


കേരളത്തലെ ബാറുകളിലെ വിരസമായ നിപ്പിനടിച്ച് (നിന്ന നിൽപ്പിൽ മദ്യം സേവിക്കുക, കാശുകൊടുത്തു ഇറങ്ങുക എന്ന സ്ഥിര സേവകരുടെ ലളിത രീതി) ശീലിച്ച നിസാമിനു പബ്ബിലെ DJ യും മിന്നിക്കറങ്ങുന്ന disco light ഉം ഡാൻസുമൊക്കെ നവാനുഭൂതിയായി. രണ്ടെണ്ണമടിച്ച നിസാം ജ്യൂക്ക് ബോക്സിലെ പാട്ടിനൊപ്പം പാടാൻ തുടങ്ങി. ചങ്ക് അടുത്തിരുന്ന് തല കുലുക്കി കൈനീട്ടി നിസാമിൻ്റെ പാട്ടും കൂടെ റ്റച്ചിംഗ്സും ആസ്വദിച്ചു.


പിന്നെ പിന്നെ കുടിക്കുന്ന ഓരോ ഗ്ലാസ് മദ്യത്തിനുമൊപ്പം നിസാമിൻ്റെ ശബ്ദം ഉയരാൻ തുടങ്ങി. അവൻ പാടുന്ന പാട്ടിൻ്റെ രാഗം വലിഞ്ഞു, താളം തെറ്റി. നിസാമിൻ്റെ അഭ്യാസം കണ്ട് പബ്ബിലുള്ളവർ പിറുപിറുത്തു. പക്ഷേ എന്നിട്ടും ചങ്കിനൊരു കുലുക്കവുമില്ല. ഇതൊക്കെയെത്ര കണ്ടിരിക്കുന്നു! അങ്ങനെ ചിയേർസ് പറഞ്ഞ് പറഞ്ഞ് നേരം പാതിരാ കഴിഞ്ഞു. തമിഴ് ഗഡി പതുക്കെ മയങ്ങി തുടങ്ങി. നിസാമിൻ്റെ പാട്ടുകൾ കുഴഞ്ഞ് കുഴഞ്ഞ് ദോശമാവ് പരുവത്തിലായി. പബ്ബ് പൂട്ടാറായി എന്ന് പറഞ്ഞ് മനേജർ ബിൽ സെറ്റിൽ ചെയ്തു. തന്ത്രപൂർവ്വം മൂന്നു പേരേയും പുറത്തെത്തിച്ചു.


നിസാമിൻ്റെയും ചങ്കിൻ്റെയും ഒരു സാധാരണ ആഘോഷ ദിവസത്തിൽ നിന്ന് ഈ ദിവസത്തെ വ്യതസ്തമാക്കിയത് ഇനിപ്പറയാൻ പോകുന്ന അതിശയോക്തി കലർന്ന, എന്നാൽ യാഥാർഥ്യങ്ങളുമായ സംഭവളാണ്.


നിസാമിനു തിരിച്ചു പേരേണ്ട ദിവസം പുലർച്ച 1:10 മണി:


പബ്ബിലെ ലാസ്റ്റ് ഓർഡറും കഴിഞ്ഞ് പുറത്തിറിങ്ങി മദ്യലഹരിയിൽ പാട്ടുപാടി നിൽക്കുകയാണ് കഥാ നായകൻ നിസാം. പെട്ടെന്ന് പബ്ബിലെ ജ്യൂക്ക് ബോക്സിൽ മൈക്കിൾ ജാക്സൺ “ഡേയ്ഞ്ചറസ്” എന്നു പാടുന്നു. ആടിനിന്ന നിസാം ദേവി പ്രവേശമുണ്ടായ വെളിച്ചപ്പാടുകണക്കെ ഒറ്റ ചാട്ടം, നിന്ന നിൽപ്പിൽ ഒറ്റത്തിരി. പിന്നെ “ഡേയ്ഞ്ചറസ്” എന്നലറിക്കൊണ്ട് തിരിച്ച് പബ്ബിലേയ്ക്ക് ഒരു ഓട്ടം!


മദ്യലഹരിയിലും സ്വൽപം ബോധമുള്ള ചങ്ക് ഒന്നു പകച്ചെങ്കിലും പുറകെയോടി. രണ്ടു പേരും അധികമൊന്നും പോയില്ല. മുന്നിലുള്ള നിസാം ബൗൺസറിൻ്റെ നെഞ്ചിൽ തട്ടി ബൗൺസായി. ഒരു ബൗൺസൊന്നും നിസാമിനു പുത്തരിയല്ല. നിസാം ബൗൺസറെ തമിഴിൽ അറഞ്ചം പുറഞ്ചം തെറിവിളിച്ചു. സംഭവം പന്തികേടാണെന്ന് മനസ്സിലാക്കിയ ചങ്ക് പുറകിൽ നിന്നും നിസാമിൻ്റെ ഷർട്ട് പിടിച്ച് വലിക്കുന്നുണ്ട്. മൈക്കിൾ ജാക്സൺ കേട്ട നിസാമുണ്ടോ വിടുന്നു. പിന്നെയും തർക്കം. ബൗൺസറിൻ്റെ മുഖം അയാൾ ഇട്ടിരിക്കുന്ന റ്റീഷർട്ടു പോലെ കറുപ്പാകുന്നത് ആ നിലാവത്ത് ചങ്ക് കണ്ടു. അദ്ദേഹത്തെ ഒന്നു തണുപ്പിക്കണം, ചങ്ക് മനസ്സിൽ പ്ലാനിട്ടു. ഒരു കൈ കൊണ്ട് നിസമിനെ പുറകേട്ട് വലിച്ചു മറ്റേ കൈകൊണ്ട് തമ്പ്സ് അപ് കാണിക്കാൻ ചങ്ക് വിരൽ ഉയർത്തി. ചങ്കിൻ്റെ ഉയർന്ന വിരൽ കണ്ടതും ബൗൺസർ കൈ വീശിയതും ഒരിമിച്ച്!


“ഠപ്പേ!” ചെകിടത്ത് അടി കൊണ്ട് കിളി പോയ ചങ്ക് നിലത്ത്. “സിവനേ! എന്താ ഇപ്പോ സംഭവിച്ചേ? തമ്പ്സപ്പ് കാണിച്ചപ്പോൾ എന്താനാണ് ആ തന്തയില്ലാത്തവൻ തല്ലിയത്? മുന്നിൽ നിന്ന നിസാമിന് കിട്ടാതെ പുറകിൽ നിന്ന എനിക്കെങ്ങനെ അടി കിട്ടി?” ഇങ്ങനെ ചില ഉത്തരം കിട്ടാത്ത പൊന്നീച്ചകൾ ഒരേ സമയം പറന്നെങ്കിലും കൂടതലൊന്നും ചിന്തിക്കാനുള്ള സമയം ചങ്കിന് കിട്ടിയില്ല. രംഗം കലുഷിതമായി പൊതിരെ തല്ലു കിട്ടുന്നതിനു മുമ്പ് നിലത്തു നിന്നെഴുന്നേറ്റ ചങ്കും കണ്ടു നിന്ന തമിഴ് ഗഡിയും ഒരു വിധം നിസാമിനെ വിലിച്ചിഴച്ച് കളം കാലയാക്കി.


നിസാമിനു തിരിച്ചു പേരേണ്ട ദിവസം പുലർച്ച 2:10 മണി:


ഏന്തി വലിഞ്ഞ് മൂവരം തിരിച്ചു ഫ്ലാറ്റിലെത്തി. വന്നപാടെ നിസാം മുറിയിൽ പോയി കട്ടിലിൽ കയറിക്കിടന്നു. “ഡെയ്ഞ്ചറസ്” എന്ന് താരാട്ടു പോലെ ഉരുവിട്ട് സ്വയം ഉറക്കി.


ബൗൺസറുടെ ബോക്സിങ്ങ് പഞ്ച് സ്വീകരിച്ച ചങ്കിൻ്റെ മുഖം ഒരു വശം നീരുവെച്ചു വീർത്തു. സ്വീകരണ മുറിയിലെ സോഫയിൽ ചാന്നിരുന്ന് കവിളു തടവുന്ന ചങ്കിനോട് തമിഴ് ഗഡി കാര്യം പറഞ്ഞു. 


തമ്പ് അപ്പാക്കുന്നതിന് പകരം ചങ്കിൻ്റെ നടുവിരലാണ് പൊങ്ങിയത്. അതിൻ്റെ കലിയിൽ ബൗൺസർ നിസാമിൻ്റെ മുഖം നോക്കി അടിച്ചതാണ്. പക്ഷേ അപൂർവ്വങ്ങളിൽ അപൂർവ്വമായ ഏതോ ഗ്രഹനില ഒത്തുവന്നു കാണണം. കൃത്യസമയത്ത് നിസാം ചെരുപ്പു നോക്കാൻ കുനിഞ്ഞു, അടി പുറകിൽ നിന്ന ചങ്കിന് കിട്ടി!


നിസാമിനു തിരിച്ചു പേരേണ്ട ദിവസം വെളിപ്പിന് 3:30 മണി:


ഇതിലിപ്പോ ആരാണ് യാഥാർത്ത കുറ്റവാളി? ആലോചിച്ചിട്ട് ചങ്കിന് ഒരെത്തും പിടിയും കിട്ടിയില്ല. ചെകിട് തടവി ആലോചിച്ചാലോചിച്ച് അവൻ അവിടെത്തന്നെയിരുന്നുറങ്ങി.


നിസാമിനു തിരിച്ചു പേരേണ്ട ദിവസം വെളിപ്പിന് 5:15 മണി:


നടന്നതൊന്നുമറിയാതെ തിരിച്ചു വീട്ടിൽ പോകുന്ന സന്തോഷത്തിൽ NFS ൽ കപ്പ് നേടുന്നതും സ്വപനം കണ്ട് ഞാൻ കിടക്കുന്നു.


നിസാമിനൊപ്പം ഒരു വഴിക്ക് പോകുമ്പോൾ മുട്ട വിരിയുന്നതിന് മുമ്പ് കോഴിക്കുഞ്ഞുങ്ങളെ എണ്ണുകയോ നല്ല സ്വപനങ്ങൾ കാണുകയോ ചെയ്യരുതെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി.


നിസാമിനു തിരിച്ചു പേരേണ്ട ദിവസം രാവിലെ 7:15 മണി:


CH രാവിലെ ആശുപത്രിയൽ പോകാനായി ലാപ്റ്റോപ്പ് അന്വേഷിച്ചു മുറിയിൽ വന്നപ്പോഴാണ് ഞാനെഴുന്നേറ്റത്.


“അളിയാ, ഗുഡ്മോർണിങ്ങ്! ലാപ്റ്റോപ്പ് ഇവടെ ഇരുപ്പുണ്ട്,” ഞാൻ വിരൽ ചൂണ്ടി.


“കളി ജയിച്ചോടെ നിൻ്റെ കാറിൽ?”


“അറ്റ് ലാസ്റ്റ്… ഇന്നലെ രാത്രിയിലെ ലാസ്റ്റ് ഗെയ്മിൽ ഗപ്പടിച്ചാടാ ഗപ്പ്! എൻ്റെ നല്ല കാലത്തിൻ്റെ രാശിയാണെടാ ആ ഗപ്പ്. വീട്ടിൽ തിരിച്ചെത്തിയിട്ട് വേണം റിലാക്സ് ചെയ്തു ഒന്നുറങ്ങാൻ.”


“ങ്ങും…നീയേഴുന്നേറ്റ് ലിവിംഗ് റൂമിലോട്ട് ചെല്ല് അവിടെ നല്ലൊരു രാശി ഇരപ്പുണ്ട്. കണ്ട് വണങ്ങിക്കോ. വർഷം മുഷുവൻ സൗഭാഗ്യമായിരിക്കും! അപ്പോ… എനിക്ക് പോകാൻ ടൈമാച്ച്. ഉച്ചക്കല്ലേ ട്രെയ്ൻ? ബായ്!”


CH കൂടുതൽ വിശദീകരണം തരാതെ ലാപ്റ്റോപ്പുമെടുത്ത് മുറിവിട്ടു. ജിഞ്ജാസയോടെ അവൻ പറഞ്ഞ രാശി കാണാൻ ഞാൻ പുറത്തിറങ്ങി.


ലിവിംഗ് റൂമിലെ സോഫായിൽ ചാഞ്ഞിരിക്കുന്ന ലാലിനെ കണ്ട് ഞാൻ ഞെട്ടി!


മച്ചുള്ള എൻ്റെ തറവാട് വീട്ടിൽ സ്ഥിരതാമസക്കാരായ മരപ്പട്ടികളിൽ ഒരുത്തനെ ഒരു ദിവസം വളരെ യാദൃശ്ചികമായി കണ്ട് ഞാൻ ഞെട്ടിയിട്ടത് ഓർമ്മയുണ്ട് (രാത്രി ജീവികളായ മരപ്പട്ടികളെ രാവിലെ കാണാൻ ബുദ്ധിമുട്ടാണ്). സോഫായിലിരിക്കുന്നവൻ്റെ മുഖം ആ മരപ്പട്ടിയുടേതിലും കഷ്ടം! എൻ്റെ രാശി!


ചിയേർസ് ബാറിൽ പോയതു മുതൽ അപ്പോൾ വരെയുള്ള കാര്യങ്ങൾ ലാലു വിവരിച്ചു. ഇവൻ ഈ പറയുന്നതൊക്കെ നേരാണോ ആവോ, ഞാൻ ആത്മഗതം പറഞ്ഞു. ദൃസ്കാഷികളൾ എന്നു പറയുന്ന മൂന്നും കുടിച്ച് പൂസായി ബോധമില്ലാതിരുന്നവർ.


കഥ പറഞ്ഞു നിർത്തി ലാലു റെഡിയാകാൻ എഴുന്നേറ്റു. പെട്ടെന്ന് റൂമിൻ്റെ വാതിൽ തുറന്ന് നിസാമെത്തി. കുറച്ചു മമ്പുവരെ വെള്ളമടിച്ചു കോങ്കിയായി കിടന്നവനാണന്ന് അവനെക്കണ്ടാൽ പറയില്ല. ഫുൾ എനെർജി! ചങ്കിനെക്കണ്ട് ഒറ്റച്ചാട്ടത്തിന് അടുത്തെതി. “അളിയാ! ഇതെന്തുപറ്റി നിൻ്റെ മുഖത്ത്? ക്രിക്കറ്റ് ബോൾ കൊണ്ട് ഏറ് കിട്ടിയതു പോലുണ്ടല്ലോ.” ചങ്കിൻ്റെ നീരുവെച്ച വദനം കൈയിലെടുത്ത് ക്യാപ്റ്റൻ ചോദിച്ചു. “ബൗൺസർ വരുമ്പോൾ ബാറ്റിൻ്റെ ഫുൾ ഫേയ്സുമായി നിൽക്കണമെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ?” ചങ്കിൻ്റെ നീരില്ലാത്ത വദനഭാഗത്ത് ചുംബിച്ചു കൊണ്ട് നിസാം തുടർന്നു. “അടുത്ത പ്രാവിശ്യം ഫോളോ മൈ ഇൻസ്റ്റ്രക്ഷൻസ് ഏ… ഇല്ലങ്കി ഈ സൈഡുകൂടി നശിക്കും.”


സാധരണ മനുഷ്യർ ഇന്നലെ സംഭവിച്ചതോർത്തും ഇപ്പോഴനുഭവിക്കുന്ന വേദനയോർത്തും ഇനി ഉണ്ടാകാവുന്ന അനിഷ്ട സംഭവങ്ങളെയോർത്തും ഈ ഒരു സന്ദർഭത്തിൽ പൊട്ടിത്തെറിക്കും. അതിനുള്ള അവകാശവുമുണ്ട്. എന്നാൽ ചങ്ക് ഒരു സാധാരണ മനുഷ്യനല്ല.


ചങ്ക് നിസാമിനെ കെട്ടിപ്പിടിച്ചു. മരപ്പട്ടി മോന്തയിലും മന്ദഹാസം വിരിഞ്ഞു.


“നമ്മൾ ഇപ്പോഴും ജീവനോടെ ഉണ്ടല്ലോടാ എനിക്കതു മതി. നീ പോയി റെഡിയാകാൻ നോക്ക്. ഉച്ചയ്ക്ക് ട്രെയ്ൻ പിടിക്കേണ്ടതല്ലേ… ഞാൻ ഡ്യൂട്ടിക്ക് പോട്ടെ.”


കണ്ടു നിന്ന എൻ്റെ കണ്ണു നിറഞ്ഞു.


“ഞാനും നിൻ്റെ കൂടെ പുറത്തുവരുന്നുണ്ട്. രാവിലെ നുംഗപാക്കത്തെ കുറച്ച് ഫ്രഷ് എയർ വേണമെനിക്ക്. ഒന്ന് ശരിക്കും റീച്ചാർജ്ജായിട്ടു വേണം വീട്ടിൽ പോകാൻ അല്ലേടാ ജെറുക്കുട്ടാ…” ഇതു പറഞ്ഞ് നിസാം വന്നതുപോലെ ചാടിച്ചാടി റൂമിലേയ്ക് തിരിച്ചു പോയി.


ഹാങ്ങ് ഓവറിന് ഇങ്ങനെയും അവസ്ഥാന്തരങ്ങളുണ്ടോ? ആ… കള്ളുകുടിക്കാത്ത എനിക്കെങ്ങനറിയാം…നുംഗപാക്കത്തെ “ഫ്രഷ്” എയർ കിട്ടിയിട്ട് വേണം പോലും അവനു റീച്ചാർജ്ജ്കാൻ! ഞാൻ വീണ്ടും ആത്മഗതം പറഞ്ഞു.


നിസാമിനു തിരിച്ചു പേരേണ്ട ദിവസം നട്ടുച്ച കഴഞ്ഞു, 12:15 മണി:


CH ഊണ് കഴിക്കാനായി ഫ്ലാറ്റിൽ വന്നു. ഞാൻ ബാഗ് പാക് ചെയ്ത് സെറ്റായി നിൽക്കുന്നു.


“എടാ എപ്പോഴാ ട്രെയ്ൻ?”


“രണ്ടു മണി എന്നാണ് നിസാം പറഞ്ഞത്.”


“എന്നിട്ടവൻ എവിടെ?”


“നുംഗപാക്കത്തെ ഫ്രഷ് എയർ വലിച്ചു കയറ്റാൻ പോയി. ഇപ്പോ വരും.”


“നീയൊന്ന് അവനെ വിളി.”


“വിളിച്ചിട്ട് ഫോണെടുത്തില്ല.”


“ങ്ങും… ഫോൺ മിക്കവാറും മുറിയിൽക്കാണും.”


ഇതു പറഞ്ഞു CH അവൻ്റെ കൈയിലിരുന്ന ലോക്കൽ ന്യൂസ്പേപ്പർ എൻ്റെ മടിയിലേക്കിട്ടു.


“മൂന്നാമത്തെ പേജിലെ ന്യൂസ് നീ വായിക്ക്.”


“ടാ തമിഴ് വായിക്കാൻ എനിക്കറിയില്ല.”


“ഓ… ശരി, ഞാൻ വിട്ടു പോയി.”


“എന്താ ന്യൂസ്?”


“എടാ ഇന്നലെ അവന്മാർ പോയ ചിയേർസ് ബാർ നേരം വെളുക്കുമ്പോഴേയ്ക്കും ആരൊക്കെയോ ചേർന്ന് തല്ലിപ്പൊട്ടിച്ചു. കൈയ്യും കാലുമൊടിഞ്ഞ് ബൗൺസർമാർ ആശുപത്രിയിലാണ്!”


അമ്പരന്ന് വാ പൊളിച്ച നിന്ന എന്നെ നോക്കി CH സ്വരം താഴ്ത്തി രഹസ്വഭാവത്തിൽ ചോദിച്ചു, “ടാ അരുൺ ലാലൽ എന്ന ലാലു ഈ മദ്രാസ് നഗരത്തിൽ ആരാന്നാണ് നിൻ്റെ വിചാരം?"

"ആരാ?"


"ഡോണാടാ.. ഡോൺ!”


CH പറഞ്ഞത് എൻ്റെ റാഷണൽ ന്യൂറോൺ സർക്യൂട്ടിൽ പാതിവഴി എത്തിയപ്പോഴേക്കും ഞാൻ പുറകിൽ നിന്നും ഒരു വിളി കേട്ടു.


“ജെറൂ.. ഒന്നിങ്ങു വരുമോ എനിക്കൊരു കാര്യം പറയാനുണ്ട്.”


പുറത്തുപോയ നിസാമാണ്. വായു വലിച്ച് കിതക്കുന്നുണ്ട്. ആ വിളിയിൽ എന്തോ അസ്വാഭാവികത എനിക്കും CH നും തോന്നി. ചോദ്യഭാവത്തിൽ ഞങ്ങൾ പരസ്പരം നോക്കി.


“നീ ചെല്ല്. നല്ല രാശിയാണെന്നല്ലേ രാവിലെ പറഞ്ഞത്. ചെന്ന് മേടിച്ചോ.” CH കൈയ്യൊഴിഞ്ഞു.


തെല്ല് ഉത്കണ്ഠയോടെ ഞാൻ ചെന്നു.


നിസാം എന്നെ മുറിയിൽ കയറ്റി വാതിൽ ചാരി. എൻ്റെ ഹൃദയമിടിപ്പ് വർദ്ധിച്ചു.


“ടാ നീ എന്നോട് ദേഷ്യപ്പെടരുത്.”


കടവുളേ കാപ്പാത്തുങ്കോ! ഞാനാദിവത്തെ മൂന്നാമത്തെ ആത്മഗതം പറഞ്ഞു. “ഇല്ല, നീ പറ.”


നിസാം കൈയിൽ ചുരുട്ടിയ കീറിപ്പറഞ്ഞ ഒരു പേപ്പർ നിവർത്തി. “അളിയാ നമ്മൾ ബുക്ക് ചെയ്ത മദ്രാസ് മെയ്ൽ പോയി!”


ഞാൻ ഞെട്ടി! “അതെങ്ങനെ! രണ്ടു മണിക്കത്തെ ട്രെയ്ൻ ആരു കൊണ്ടുപോയി?”


“ഞാൻ ബുക്ക് ചെയ്തത് രാവിലെ ഏഴു മണിക്കത്തെ മദ്രാസ് തിരുവനന്തപുരം എക്സ്പ്രസ്സിനാണ്. അതിപ്പോ കോയമ്പത്തൂർ ചെന്നുകാണും.”


തളർന്ന് കട്ടിലിലേയ്ക്ക് ഇരുന്നു പോയി ഞാൻ. എൻ്റെ കേരളം.. എൻ്റെ കോട്ടയം..


“നീ റ്റിക്കറ്റ് ഇപ്പോഴാണോ എടുത്ത് നോക്കുന്നത്?”


“സോറി അളിയാ, അതെ!”


“ശരി.”


“നിനക്ക് വേറൊന്നും പറയാനില്ലേ? “ശരി” മാത്രമേയുള്ളോ? എൻ്റെ സമാധാനത്തിന് നീയെന്നെ ശകാരിക്കാടാ…”


ഞാൻ പെട്ടെന്ന് അവന്റെ തൊളിൽ കൈയ്യിട്ടു കുലുക്കി. “ഒരു ട്രെയ്ൻ പോയാലെന്ത് പത്ത് ട്രെയ്ൻ വേറെക്കൊണ്ടുവരാൻ കഴിയുന്ന ഒറ്റത്തന്തക്ക് പിറന്നവനാണ് നിസാം അലി! എനിക്ക് നിന്നോട് ദേഷ്യമൊന്നുമില്ല.”


ഞാനത് പറഞ്ഞതും പ്രകടമായ ഒരു ഭാവമാറ്റം അവൻ്റെ മുഖത്ത് ഞാൻ കണ്ടു. ‘ഘിലാടിയോം കാ ഘിലാടിയിൽ’ ഇടികൊണ്ട് മൃതപ്രായനായ അക്ഷയ കുമാർ ഈശ്വര പ്രതിമയിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് ഉയർത്തെഴുന്നേറ്റതുപോലെ നിസാമിലെ സിംഹം സടകുടഞ്ഞെഴുന്നേറ്റു.


എന്തോ നിശ്ചയിച്ചുറപ്പിച്ച മട്ടിൽ നിസാം മുറി തുറന്ന് പുറത്തുപോയി.


ഊണ് കഴിഞ്ഞ് ഡ്യൂട്ടിക്കു മടങ്ങുന്ന വഴി മുറിയിൽ കയറിയ CH നോട് ഞാൻ കാര്യം പറഞ്ഞു.


“ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞതാ അവൻ്റെ മേലൊരു കണ്ണു വേണമെന്ന്. നിസാം ബുക്ക് ചെയ്ത റ്റിക്കറ്റ് മേടിച്ച് കൺഫേം ചെയ്യാത്ത മടിയനായ നീ തന്നെയാണ് ഇതിന് ഉത്തരവാദി! പിന്നെ നീ പറഞ്ഞതുപോലെ ഇതിനൊരു മറു മാർഗ്ഗം ആർക്കെങ്കിലും കണ്ടെത്താനാവുമെങ്കിൽ അത് നിസാമിനായിരിക്കും.”


ട്രെയ്ൻ മിസ്സായ ദിവസം ഉച്ച കഴഞ്ഞു 2 മണി:


ഞാൻ നിസാമിൻ്റെ തിരിച്ചു വരവും പ്രതീക്ഷിച്ച് കിടക്കുന്നു. മനസിലുടെ എന്തൊക്കയോ ചിന്തകൾ. എപ്പോഴോ അറിയാതെ മയങ്ങിപ്പോയി.


****


മുറിയിൽ എന്തോ തട്ടും മുട്ടും കേട്ടാണ് ഞാനുറക്കമുണർന്നത്. ഞാൻ എഴുന്നേറ്റ് കണ്ണുതിരുമി പതിയെ ചുറ്റും നോക്കി. പുറത്ത് ഇരുട്ടു വീണു കഴിഞ്ഞിരുന്നതിനാൽ മുറിയിൽ ലൈറ്റിട്ടിട്ടുണ്ട്. മുറിയിലെ റ്റേബിളിൽ എന്തോ ചില പേപ്പർ കഷണങ്ങൾ ഓർഡറിൽ അറേയ്ഞ്ച് ചെയ്യുകയാണ് നിസാം. 


കട്ടിലിൽ നിന്ന് അനക്കം കേട്ടപ്പോൾ പണിക്കിടയിൽ പാളി നോക്കി നിസാം ചോദിച്ചു, “അളിയാ നീ എഴുന്നേറ്റോ? ദാ… ഈ റ്റേബിളിൽ അക്കമിട്ട് വെച്ചിരിക്കുന്നതാണ് നമ്മുടെ ഭാവി ഓപ്ഷൻസ്. അവൻ സീരയസായി വിശദീക്കരിച്ചു കൊണ്ടിരിക്കെ ഞാനെഴുന്നേറ്റ് അവൻ്റെ അടുത്തെത്തി.


“ഇന്ന് രാത്രിയിൽ ചെന്നെയ്യിൽ നിന്ന് എറണാകുളത്തിന് പോകുന്ന ബസുണ്ട്. അല്ലെങ്കിൽ ചെന്നൈ മംഗലാപുരം ട്രെയ്ൻ. ഷൊർണ്ണൂർ ഇറങ്ങി കേട്ടയത്തിന് മാറി കേറാം. അതുമല്ലെങ്കിൽ നാളെ രാവിലെ എഗ്മോർ നാഗർകോവിൽ തിരുവനന്തപുരം ട്രെയ്ൻ. അടുക്കി വച്ചിരിക്കുന്ന കുറിപ്പുകളിലേക്ക് ചൂണ്ടി നിസാം വിശദീകരിച്ചു. “നിനക്ക് ചൂസ് ചെയ്യാം. ഏതിനും ഞാൻ റെഡി. ഇന്നു തന്നെ പോകണമെങ്കിൽ പെട്ടെന്ന് ഇറങ്ങണം. നീയത് നോക്കി ആലോചിക്കുമ്പോഴേക്കും ഞാനൊന്നു കുളിച്ചിട്ടു വരാം. അന്നേരത്തേക്കും തീരുമാനിച്ചോണം കേട്ടോടാ.”


നിസാം ഇറങ്ങിയതിന് പുറകേ ലാലു കയറി വന്നു. “ആഹാ വീണ്ടും ഓപ്ഷൻസ് കിട്ടിയപ്പോൾ നിനക്ക് സന്തോഷമായില്ലേ? നിൻ്റെ ഒരു ചെറിയ അശ്രദ്ധ കാരണം നിസാം എത്ര കഷ്ടപ്പെട്ടന്ന് നിനക്കറിയാമോ? ഉച്ചകഴിഞ്ഞ് അവൻ ഒന്ന് ഇരുന്നിട്ടില്ല. ഇതുവരെ ഒന്നും കഴിച്ചിട്ടുമില്ല. സാധാരണ നിസാമിൻ്റെ കൂടെയുള്ളവരാണ് ഇങ്ങനെ കഷ്ടപ്പെടുന്നത്. നീ പക്ഷേ അത് അവനെക്കൊണ്ട് ചെയ്യിച്ചു, മിടുക്കൻ. എൻ്റെ തോളിൽ തട്ടി ഊളച്ചിരി ചിരിച്ച് ലാലു പറഞ്ഞു.


അവൻ്റെ ചുവന്നു തുടുത്ത വലത്തേ കവിൾ എന്നെ മോഹിപ്പിപ്പിച്ചു. അതും മറുവശം പോലെ കറുത്താൽ അവൻ്റെ മുഖം എങ്ങനെയിരിക്കുമെന്ന് ഞാൻ വിഷ്വലൈസ് ചെയ്യാൻ ശ്രമിച്ചു. പെട്ടെന്ന് CH ഉച്ചക്ക് പറഞ്ഞത് എൻ്റെ മനസ്സിൽ മുഴങ്ങി “ലാലു ഡോണാടാ ഡോൺ!”


മനസ്സിൽ പൊങ്ങി വന്ന ചിന്ത കുടഞ്ഞ് കളഞ്ഞ് ഞാനും ഒരു ഊളച്ചിരി മുഖത്തു വരുത്തി പറഞ്ഞു, “അവൻ്റെയൊരു തമാശ.”


“ടാ നാളെ പോയാൽ മതിയായിരിക്കും. ഇന്നു കിടന്നുറങ്ങി റെസ്റ്റ് എടുത്തിട്ട്.” ലാലു പെട്ടെന്ന് സീരിയസായി പറഞ്ഞു.


അവൻ പറഞ്ഞതിൽ കാര്യമുണ്ടെന്ന് എനിക്കും തോന്നി. രാത്രിയിലെ ഓട്ടപ്പാച്ചിൽ ഒഴിവാക്കുന്നതാണ് നല്ലത്.


“എന്തായാടാ തീരുമാനം?” നിസാം അപ്പോഴേയ്ക്കും കുളി കഴിഞ്ഞെത്തി.


“നാളെ രാവിലെ ട്രെയ്ന് പോകാം.”


“ഓക്കേ അപ്പോ എന്നാ അങ്ങനെ. എന്നാ നീ റെസ്റ്റെടുക്ക്.”


“എടാ നാളെ രാവിലെ എപ്പഴാ ട്രെയ്ൻ?”


“രാവിലെ ആറു മണിക്ക്.”


“അപ്പോ റ്റിക്കറ്റ്?”


“റ്റിക്കറ്റ് അപ്പോ എഗ്മോറ്റിൽ നിന്ന് എടുക്കും.”


“റിസർവേഷനുണ്ടോ?”


“റിസർവേഷനോ? പോടാ. നമ്മൾ കിട്ടുന്ന ലോക്കൽ റ്റിക്കറ്റ് എടുക്കുന്നു, കേറുന്നു. പിന്നെ നമ്മുടെ വായിലെ നാക്കല്ലേയുള്ളത് ഏതെങ്കിലും റ്റിറ്റിയെക്കണ്ട് സോപ്പിടണം.”


“ട്രെയ്നിലുള്ള ലോക്കാൽ യാത്ര നിസാമിന് ഒരു ഹരമാണ് അല്ലേടാ… നമ്മുടെ കൽക്കട്ട യാത്ര ഓർമ്മയില്ലേ?”ചങ്ക് സൈഡിൽ നിന്ന് വീണ്ടും ഊളച്ചിരി ചിരിച്ചു.


ഞാൻ നിസാമിനെ അർത്ഥവത്തായി ഒന്നു നോക്കി.


എന്നെ നോക്കി പുഞ്ചിരിച്ചു എൻ്റെ തോളിൽ കൈവച്ചു നിസാം പറഞ്ഞു, “കവലപ്പെടാതെ തമ്പി…നാനിറിക്കില്ലയാ.”


അവനാപ്പറഞ്ഞത് ഒരു പൂവായി വിരിഞ്ഞ് എൻ്റെ മനസ്സിനെ തഴുകി. എന്തെന്നില്ലാത്ത ഒരു ശാന്തത എന്നിൽ നിറഞ്ഞു.


പിറ്റേ ദിവസം രാവിലെ എഗ്മോറിൽ ഇടിച്ചു കുത്തി റ്റിക്കറ്റെടുക്കാൻ നിൽക്കുമ്പോഴും ട്രെയിനിൽ കയറി റ്റിക്കറ്റ് ചെക്കിങ്ങ് പിടി വീഴാതിരിക്കാൻ നിസാമിൻ്റെ നിർദ്ദേശ പ്രകാരം അപ്പർ ബർത്തിൽ കയറി കണ്ണടച്ചു കിടക്കുമ്പോഴും തിരിച്ചിറപ്പള്ളിയിലിറങ്ങി നിസാം റ്റിറ്റിക്കു പുറകേ ഓടയിപ്പോഴും ആ സാമാധാനം എന്നെ പിന്തുടർന്നു. “കവലപ്പെടാതെ തമ്പി…നാനിറിക്കില്ലയാ,” ഇടക്കിടെ എൻ്റെ ചവികളിൽ മുഴങ്ങി.


പണ്ട് കുഴിത്തുറയിൽ സംഭവിച്ചും പിന്നെ കൃഷി ഓഫിസിൽ ഞാൻ കണ്ടതുമായ നിസാം മാജിക്ക് തിരിച്ചറപ്പള്ളിയിലും നടന്നു. നിസാം രണ്ട് മിനിറ്റ് സംസാരിച്ചപ്പോഴേക്കും റ്റിറ്റി ഞങ്ങളുടെ റ്റിക്കറ്റ് നിർബന്ധപൂർവ്വം മേടിച്ച് തിരുവനന്തപുരം വരെ റിസർവേഷനാക്കി.


ഞങ്ങളങ്ങനെ റിസർവേഷൻ കംബാർട്ടുമെൻ്റിലേക്ക് മാറിക്കയറി, ശ്വാസം നേരേ വിട്ടു.


ഇനിയുള്ളത് നെടുനീളെ കിടക്കുന്ന പാണ്ട്യ രാജ്യത്തിൻ്റെ ഒരറ്റത്തുന്നിന്ന് മറ്റേ അറ്റത്തേക്ക് ഒരു ദിവസത്തോളം നീണ്ട, വിരസവും അസഹനീയമായ ഒരു യാത്രയാണന്ന് വിചാരിച്ച എനിക്ക് തെറ്റി. നിസാം, അവനത് തെറ്റിച്ചു.


രാത്രി 10 മണിക്ക് തിരുവനന്തപുരത്തുള്ള ഗഡികളുടെ വാടക വീട്ടിൽ എത്തുന്നതവരെ വിരസത എന്തെന്ന് ഞാനറിഞ്ഞില്ല. പല കാര്യങ്ങളെ കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു, അപ്പോഴവൻ വായിച്ചു കൊണ്ടിരുന്ന Paulo Coelho യുടെ “Zahir” എന്ന പുസ്തകമുൾപ്പടെ. കൂട്ടത്തിൽ അഭിനയത്തിൽ ഒരു കൈ പയറ്റണമെന്ന അവൻ്റെ ആഗ്രഹവും പറഞ്ഞു. MBBS പഠിക്കുന്ന സമയത്തെ അവൻ്റ MBA പയറ്റ് ഓർമ്മിപ്പിച്ച് ഞാനവനോട് “Rolling stone gathers no moss” എന്നു പറഞ്ഞപ്പോൾ “It's better to roll than gather moss and be dead,” എന്നാണവൻ മറുപടി പറഞ്ഞത്.


തിരുവനന്തപുരം എത്തി പോൾ ഗഡിയെ കണ്ടതോടെ നിസാം പഴയ നിസാമായി. വന്ന് കുളിയൊക്കെ കഴിഞ്ഞ് ഏകദേശം നട്ടപ്പാതിരായായപ്പോൾ ഞാൻ ചോദിച്ചു, “അളിയാ ഇനിയിപ്പോ കോട്ടയത്തിനെങ്ങനാ?”


“നാളെ... അല്ല ഇന്ന് വെളുപ്പിന് അഞ്ചരയ്ക്ക് രവി വേണാടിന് കോട്ടയത്തു പോകുന്നുണ്ട്. നീയവൻ്റെ കൂടെ പെയ്ക്കോ. ഞാൻ രണ്ടു ദിവസം ഇവടെ കൂടാൻ തീരുമാനിച്ചു.”


അങ്ങനെ രവിയുടെ തോളിൽ മയങ്ങിയും ഞെട്ടിയുണർന്നും ഒരു തരത്തിൽ വീട്ടിലെത്തിയ ഞാൻ കട്ടിൽ കണ്ടതേ ഓർമ്മയുള്ളൂ…


എന്താ ഇത് ഭൂമിക്കുലുക്കമോ! എനിക്ക് പതിയെ ബോധം വരുമ്പോൾ ഞാൻ കുലുങ്ങുന്നു. ഏതായാലും ഭൂമിക്കുലുക്കമല്ല. ആരുടെയോ ശബ്ദം കേൾക്കാം, പക്ഷേ വ്യക്തമല്ല. ഞാൻ ന്യൂറോണൽ നെറ്റ്‌വർക്ക് റീബൂട്ട് ചെയ്ത് ശ്രദ്ധിച്ചു.


“മനുഷ്യാ നിങ്ങളിവിടെയിരുന്ന് ഉറങ്ങുവാണോ? ഒരു തേങ്ങാ ചിരകാൻ വിളിച്ചപ്പോൾ സുവനിയർ എഴുതാനുണ്ടന്നും പറഞ്ഞു പോന്നതാ.”


പ്രിയതമയുടെ ശബ്ദമല്ലേയത്!! ഞാൻ ഞെട്ടിയെഴുന്നേറ്റു.


പതുക്കെ പരിസരബോധം വന്നു. സുവനിയർ മെയ്ൻ സ്റ്റോറിയുടെ കരട് ഏകദേശം തീർന്നമട്ടിൽ മേശയിലുള്ള ലാപ്പറ്റോപ്പിൽ തുറന്നിരിക്കുന്നു. സൈഡിൽ ഫോണുമിരിപ്പുണ്ട്. ഭൂമികുലുക്കമുണ്ടാക്കിയ പ്രിയതമ കൊടുങ്കാറ്റു പോലെ തിരിച്ചു പോയി. കോർട്ടിക്കൽ ബ്രെയ്ൻ അപ്പോഴേക്കും ബൂട്ടപ്പ് സീക്വൻസ് പൂർത്തിയാക്കി മെമ്മറി ആക്സസ് ചെയ്തു.


നാളെ ആദ്യത്തെ എഡിറ്റേഴ്സ് മീറ്റിംഗ് ലാലിൻ്റെ ഫ്ലാറ്റിൽ തീരുമാനിച്ചിട്ടുണ്ട്. കോർത്രെഡിന് ഒരു ഏകദേശരൂപം എഴുതിയുണ്ടാക്കാൻ ഇരുന്നതാണ്. എഴുതുന്നതിനിടയിൽ ആൻ്റപ്പൻ വിളിച്ചു, നാളെ കൊച്ചിക്കുള്ള പോക്ക് ഡിസ്കസ് ചെയ്യാൻ. ഞാനാദ്യം വന്തേഭാരതിന് പോകാനാണ് തീരുമാനിച്ചിരുന്നത്. അപ്പോഴാണ് ആൻ്റപ്പൻ വിളിച്ച് അവൻ്റെയും നമിയുടെയും കൂടെ കാറിനു വരുന്നോ എന്ന് ചോദിച്ചത്. തീരുമാനം പറയാമെന്ന് പറഞ്ഞ് ഞാൻ വച്ചു. അങ്ങനെ ട്രെയ്ൻ വേണോ കാർ വേണോ എന്നാലോചിച്ചിരുന്നപ്പോഴാണ് നിസാമിൻ്റെ കൂടെ നടത്തിയ പഴയ ആ ട്രെയ്ൻ യാത്രയെപ്പറ്റി ഓർത്തത്. ഓർത്തോർത്ത് ഉറങ്ങിപ്പോയി.


ഞാൻ ലാപ്റ്റോപ്പിലേക്കു നോക്കി. ബോധം പോകുന്നതിന് തൊട്ടുമ്പുമ്പ് ഞാൻ കുറിച്ചു വച്ചത് വായിച്ചു.


മിഡ്ലൈഫ് ക്രൈസിസിലൂടെ കടന്നുപോയപ്പോഴാണ് എനിക്കൊരു പാട്ടുകേൾക്കാൻ ആഗ്രഹം തോന്നിയത്. പാട്ടെന്നോർത്തതും നിസാം എന്നോർത്തതും ഒരുമിച്ചായിരുന്നു.

പണ്ട് ഈ നിസാമലി അഭിനയം പഠിക്കണമെന്ന മോഹവുമായി കിട്ടിയ PG രാജിവച്ച് പൂനക്ക് കള്ളവണ്ടികയറി. ചെന്ന്പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ...

സാക്ഷാൽ അനുപം ഖേർ..

ആഗ്രഹം അറിയിച്ചപ്പോൾ അഭിനയിച്ച് കാണിക്കാൻ പറഞ്ഞു.

ഊരുതെണ്ടിയുടെ ഓട്ടകീശയിൽ എന്തുണ്ടാകാൻ....

അഭിനയത്തിൻ്റെ ആദ്യാക്ഷരങ്ങൾ പഠിപ്പിച്ച സൈനിക സ്കൂൾ മനസ്സിൽ ധ്യാനിച്ച് ഒരു ദർബാർ സ്ക്രിപ്റ്റ് എഴുതി കൈയിൽ കൊടുത്തു.

അനുപം ഫ്ളാറ്റ്...

വായിച്ചു മുഴുവിക്കും മുൻപ് വിറയാർന്ന കൈകൾ കൊണ്ട് ഖേർ പുറംവാതിൽ ചൂണ്ടി.

പിന്നെ സിരകളിൽ ക്രിക്കറ്റിൻ്റെ ലഹരിയും യത്രകളുടെ ഭാങ്ങുമായ്‌ കാലമൊരുപാട്.

ഒടുവിൽ നിസാം റേഡിയോ ഡയഗണോസിസിൽ സ്പെഷ്യലിസ്റ്റായി. ആ ഡിപ്പാർട്ട്മെൻ്റിൻ്റെ ഖബറിൽ ഒരു പിടി പച്ചമണ്ണ് വാരിയിട്ട് തൻ്റെ ഒരിക്കലും തീരാത്ത യാത്ര വീണ്ടും തുടർന്നു.

സബറോൺ കീ സിന്ദഗി ജോ കഭി നഹി ഖദ്ധം ഹൊ ജാത്താ ഹെയ്...

നിസാം തൊടാത്ത ഒരു ജീവിതം പോലും ഒരു പക്ഷേ മില്ല്യേനം ബാച്ചിലുണ്ടാവില്ല. എത്ര വലിയ ക്രൈസിസിലും ലോകത്തിൻ്റെ ഏതു മൂലയിലും നമ്മിലേക്ക് ഒഴുകി വരുന്ന സംഗീതമാണവൻ. തഴുകിയെത്തുന്ന തെന്നൽ പോലെ അല്ലെങ്കിൽ പെയ്തിറങ്ങുന്ന പേമാരി പോലെ.


ഞാൻ വായിച്ചു നിർത്തി. ഇതൊക്കെ അവസാന പ്രൂഫിൽ ചേർക്കാൻ പറ്റുമോ എന്തോ… എന്തായാലും മില്ലേനിയം ബാച്ചിന് ഒരു നായകൻ ഉണ്ടെങ്കിൽ അത് നിസാമാണ്. ഘിലാടിയോം കാ ഘിലാടി! ദി ലജൻ്റ്! ഒരു ദിവസം മുഴുവൻ അവൻ്റെ കൂടെ ചിലവഴിച്ച ഒരു ട്രെയ്ൻ യാത്രയിൽ ഒരു നിമിഷം പോലും പാഴായിപ്പോയതായി എനിക്ക് തോന്നിയിട്ടില്ല. ജീവിതമാകുന്ന യാത്ര സ്നേഹവും സ്നേഹിതരുമില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു?


ഞാൻ ലാപ്റ്റോപ്പിന് സൈഡിലിരുന്ന ഫോണെടുത്ത് ആൻ്റപ്പനെ വിളിച്ചു.


“ഹലോ!”


“ടാ പറയടാ ജെറാൾഡേ…”


“ടാ ഞാനുമുണ്ടടാ നിങ്ങടെ കൂടെ!"




Comments

Random Old Posts