Viva Days: Part 1 - സുലു മോൾ*

 




1st year MBBS. ക്ലാസ്സിലെ അത്യാവശ്യം പഠിക്കുന്ന കുട്ടികളുടെ കൂട്ടത്തിൽപ്പെട്ട ആളായിരുന്നു ഞാൻ. കഷ്ടപ്പെട്ട് എല്ലാ പരീക്ഷകളും പാസായി. അങ്ങനെ ഒന്നാം വർഷ യൂണിവേഴ്സിറ്റി പരീക്ഷയെത്തി. തിയറി വലിയ കുഴപ്പമില്ലാതെ കഴിഞ്ഞുപോയി. അനാട്ടമി, ഫിസിയോളജി പ്രാക്ടിക്കൽ പരീക്ഷകളും വലിയ ബുദ്ധിമുട്ടില്ലാതെ രക്ഷപ്പെട്ടു. അവസാനത്തെ പ്രാക്ടിക്കൽ പരീക്ഷ ബയോകെമിസ്ട്രിയാണ്.

രാവിലെ ലാബ് സെഷൻ കഴിഞ്ഞു. ഇനി ബാക്കിയുള്ളത് വൈവ മാത്രം. അതുകൂടി കഴിഞ്ഞാൽ ഒന്നാം വർഷമെന്ന stressful കാലഘട്ടം അവസാനിക്കും. പിന്നെ ഒരു മാസം അവധിയാണ്; സന്തോഷം, സമാധാനം.

ബയോകെമിസ്ട്രി എന്നു പറയുമ്പോൾ എൻ്റെ മനസ്സിലേക്ക് ഓടിയെത്തുന്നത് മാഡത്തിൻ്റെ ശാന്തമായ മുഖമാണ്. വലിയ പൊട്ടും നല്ല സിൽക്ക് സാരിയും ധരിച്ച് ക്ലാസ്സിൽ വരുന്ന മാഡം ആരോടും ദേഷ്യപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. വൈവയുടെ ഇന്റേണൽ എക്സാമിനർ മാഡമായിരുന്നു.

വൈവ തീരാറായി. ഞാനും മറ്റൊരു സുഹൃത്തും പുറത്ത് ഊഴം കാത്തുനിൽക്കുന്നു. എൻ്റെ ഊഴം വന്നപ്പോൾ ഞാൻ അകത്ത് കയറി. മാഡത്തിൻ്റെ മുഖത്ത് പതിവ് ചിരിയില്ല. എൻ്റെ മുൻപ് കയറിയ സുഹൃത്തിൻ്റെ ഐശ്വര്യമാകാം അതിനു കാരണം. മാഡം ചോദ്യങ്ങൾ ചോദിച്ചു, ഞാൻ ഒരുവിധമൊക്കെ ഉത്തരം പറഞ്ഞു.

മാഡത്തിൻ്റെ അവസാനത്തെ ചോദ്യം: “സാധാരണ മനുഷ്യ ശരീരത്തിൻ്റെ pH എത്രയാണ്?” “7.4” – എൻ്റെ ഉത്തരം.

അപ്പോൾ മാഡം: “അതിൻ്റെ റേഞ്ച് എത്രയാണ്?” റേഞ്ച്? ഞാൻ ഒന്ന് ആലോചിച്ചു. സാധാരണ pH 7.4 അല്ലേ, അപ്പോൾ റേഞ്ച് 7 മുതൽ 8 വരെ എന്ന് പറയാം. ഞാൻ നല്ല ആത്മവിശ്വാസത്തോടെ പറഞ്ഞു, “മാഡം, 7 മുതൽ 8 വരെ.”

മാഡം ഞെട്ടി, ചൂടായി. “എടോ, 7 മുതൽ 8 വരെയോ? എന്നാൽ പിന്നെ മണ്ണിൽ കുഴിച്ചിട്ടാൽ മതിയല്ലോ! സാധാരണ pH റേഞ്ച് പോലും അറിയാതെ ഒന്നാം വർഷ വൈവയ്ക്ക് വന്നിരിക്കുന്നു, കഷ്ടം!”

ഇതുവരെ ദേഷ്യപ്പെടുന്നത് കണ്ടിട്ടില്ലാത്ത മാഡം ദേഷ്യപ്പെട്ടപ്പോൾ ഞാൻ ആകെ തകർന്നുപോയി. എൻ്റെ കണ്ണുകൾ നിറഞ്ഞു.

“എൻ്റെ നോട്ട്സിലോ ടെക്സ്റ്റ് ബുക്കിലോ ഞാൻ pH റേഞ്ച് കണ്ടിട്ടില്ലല്ലോ…” എൻ്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. pH റേഞ്ച് ഇത്ര പ്രധാനപ്പെട്ടതാണെന്ന് ഞാനറിഞ്ഞില്ല. കണ്ണുനിറഞ്ഞ് ഞാൻ പുറത്തേക്കിറങ്ങിയപ്പോൾ പുറത്ത് കാത്തുനിന്നിരുന്ന പഠിപ്പിസ്റ്റ് സുഹൃത്ത് എന്നെ തള്ളിമാറ്റി “എന്നോട് ചോദ്യം ചോദിക്കൂ മാഡം, പ്ലീസ്” എന്ന മട്ടിൽ വൈവ റൂമിലേക്ക് കയറിപ്പോയി. ഞാൻ ആ വരാന്തയിൽ ഇരുന്ന് കുറെ കരഞ്ഞു. ആ സമയം അവിടെ ആരും ഉണ്ടായിരുന്നില്ല. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞാലും അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് തെറ്റുത്തരം പറഞ്ഞാൽ നമ്മളെ പരാജയപ്പെടുത്തുമെന്ന് സീനിയേഴ്സ് അന്ന് പറഞ്ഞു പേടിപ്പിക്കുമായിരുന്നു.

ഞാൻ എൻ്റെ പരാജയം അംഗീകരിച്ചു. മാഡം എന്നെ തീർച്ചയായും തോൽപ്പിക്കും. ഞാൻ ബാഗ് ഒക്കെ പാക്ക് ചെയ്ത് എൻ്റെ സ്ഥിരം സഹയാത്രികയായ ബാച്ച്മേറ്റിനൊപ്പം വീട്ടിലേക്ക് പോകാനായി കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി. ഞങ്ങൾ ട്രെയിനിൽ കയറി. നല്ല തിരക്കായതുകൊണ്ട് ഡോറിനടുത്താണ് നിന്നിരുന്നത്. ഞാൻ അവളോട് വൈവയിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു. “മാഡം ഇത്രയും ദേഷ്യപ്പെടുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. മാഡം എന്നെ തോൽപ്പിക്കും!”

ഞങ്ങളുടെ സംഭാഷണം ശ്രദ്ധിച്ച് ചുവപ്പ് സാരി ധരിച്ച ഒരു സ്ത്രീ ഞങ്ങളുടെ അടുത്ത് നിൽപ്പുണ്ടായിരുന്നു. അവർ ഞങ്ങളോട് എവിടെയാണ് പഠിക്കുന്നതെന്നും പേരും ചോദിച്ചു. ഞങ്ങൾ മറുപടി പറഞ്ഞു. അപ്പോൾ ആ ലേഡി താൻ കോട്ടയം മെഡിക്കൽ കോളേജിലെ മൈക്രോബയോളജി അസോസിയേറ്റ് പ്രൊഫസറാണെന്ന് സ്വയം പരിചയപ്പെടുത്തി. എന്നിട്ട് പറഞ്ഞു, “ഞാൻ ബയോകെമിസ്ട്രി മാഡത്തോട് നിങ്ങൾ പറഞ്ഞ കാര്യങ്ങൾ പറഞ്ഞോളാം!” എനിക്ക് ധൈര്യം നഷ്ടമായി, തലകറങ്ങുന്നതുപോലെ തോന്നി. വായ ഉണങ്ങി, വാക്കുകൾ പുറത്തുവരുന്നില്ല. “ഞാൻ ഇപ്പോൾ മരിക്കും” എന്ന് പോലും തോന്നിപ്പോയി.

അന്ന് മൈക്രോബയോളജി കോട്ടയം മെഡിക്കൽ കോളേജിലെ ഏറ്റവും ഭീകരമായ ‘പീഡന’ ഡിപ്പാർട്ട്‌മെന്റായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇന്ന് സൗമ്യറാണി ഒക്കെ വന്ന് അതിന് മാറ്റം വരുത്തിയിട്ടുണ്ടോ എന്തോ?

ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തി. മൈക്രോ മാഡവും എൻ്റെ സുഹൃത്തും അവിടെ ഇറങ്ങി. വീട്ടിലേക്കുള്ള യാത്രയിൽ ഞാൻ തനിച്ചായി. പലവിധ ചിന്തകൾ മനസ്സിലൂടെ കടന്നുപോയി. ഒന്നാം വർഷത്തിൽ തോറ്റാൽ ഇനി ദൈവാനുഗ്രഹം ഇല്ല. മൈക്രോബയോളജിയിലേക്ക് ചെന്നാൽ മൈക്രോ മാഡം ടോർച്ചർ ചെയ്യും. “ഞാൻ ഇനി എന്തിന് ജീവിക്കണം?” ട്രെയിനിൻ്റെ വാതിലിൽ നിന്ന് നോക്കുമ്പോൾ താഴെ വലിയ പുഴ കാണാം. “ഇതിലേക്ക് ചാടിയാലോ?” എന്നുപോലും ചിന്തിച്ചുപോയി. ഈ ടെൻഷനും സ്ട്രെസ്സും എനിക്ക് താങ്ങാൻ പറ്റുന്നില്ലായിരുന്നു. മനസ്സിൽ രണ്ട് മാഡങ്ങളുടെയും മുഖങ്ങൾ സ്ക്രീനിൽ എന്നപോലെ മാറിമാറി വന്നു. ഇതാണ് “ഇടിവെട്ടിയവനെ പാമ്പുകടിച്ചു” എന്നു പറയുന്നത്.

ഒന്നാം വർഷത്തെ റിസൾട്ട് വരുന്നതുവരെ ഞാൻ അനുഭവിച്ച ടെൻഷൻ. എൻ്റെ ബെസ്റ്റ് ഫ്രണ്ട് വിളിച്ച് “നീ പാസായി” എന്ന് പറഞ്ഞിട്ടും ഞാൻ വിശ്വസിച്ചില്ല. ഡബിൾ ചെക്ക് ചെയ്തോ എന്ന് പലതവണ ചോദിച്ചു.

ഇന്നും എൻ്റെ മക്കൾ pH എന്ന് പറയുമ്പോഴും, ടിവിയിൽ പരസ്യത്തിൽ pH എന്ന് കേട്ടാലും, ഒരു രോഗി pH എന്ന് പറഞ്ഞാൽ പോലും ഒരു നിമിഷം എൻ്റെ മനസ്സിൽ മാഡത്തിൻ്റെ മുഖവും “7.35 to 7.45” എന്ന റേഞ്ചും ഓർമ്മവരും. എൻ്റെ അവസാന ദിവസം വരെ അത് അങ്ങനെ തന്നെയായിരിക്കും.


*'സുലു മോൾ' ആരാണെന്ന് കൊന്നാലും ഞാൻ പറയില്ല - എഡിറ്റർ


Comments

Random Old Posts