Viva Days: Part 2 - സുലു മോൾ*



എൻ്റെ ഫാർമക്കോളജി പ്രാക്ടിക്കൽ വൈവ

ഒന്നാം വർഷത്തിലെ സാഹസികമായ വൈവാ സെഷനുകൾ കഴിഞ്ഞ് ഞാൻ മൂന്നാം വർഷത്തിലെത്തി. ഒന്നാം വർഷത്തിലെ ക്ഷീണം മൂന്നാം വർഷം തീർക്കുമെന്ന് ഉറപ്പിച്ച് അതികഠിനമായി പഠിച്ചു. അതോടൊപ്പം ജീവിതവും ക്യാമ്പസ് ലൈഫും ആസ്വദിച്ച് ഒന്നര വർഷം എത്ര പെട്ടെന്നാണ് കടന്നുപോയതെന്നറിയില്ല. അങ്ങനെ മൂന്നാം വർഷ യൂണിവേഴ്സിറ്റി പരീക്ഷയെത്തി.

LH-ൽ പരീക്ഷയുടെ തലേദിവസം പ്രാക്ടിക്കലിനു പഠിക്കുന്നത് നല്ല രസമാണ്. A, B, C, D ബാച്ചുകളായി തിരിഞ്ഞ് ഒരു മുറിയിൽ കൂട്ടംകൂടിയോ അല്ലെങ്കിൽ അഞ്ചോ ആറോ പേർ ഒരുമിച്ചിരുന്നോ പഠിക്കും. പഠനവും കത്തി അടിക്കലും കഴിയുമ്പോൾ പുലർച്ചെ ഒന്നോ രണ്ടോ മണിയാകും.

അന്ന് ഫാർമക്കോളജി പ്രാക്ടിക്കൽ പരീക്ഷയായിരുന്നു. ഇന്റേണൽ എക്സാമിനറായി പുതിയതായി ബോംബെയിൽനിന്ന് വന്ന ഒരു മാഡമായിരുന്നു ഉണ്ടായിരുന്നത്. മാഡത്തിന് ഞങ്ങളെ വലിയ പരിചയമൊന്നുമില്ല. അങ്ങനെ വൈവ തുടങ്ങി. ശരിക്ക് ഉറക്കം കിട്ടാത്തതുകൊണ്ട് എൻ്റെ തലച്ചോറ് പ്രവർത്തിക്കുന്നുണ്ടായിരുന്നില്ല. മാഡം എന്തൊക്കെയോ ചോദ്യങ്ങൾ ചോദിക്കുന്നു, ഞാൻ യാന്ത്രികമായി ഉത്തരങ്ങൾ പറയുന്നു.

അതിനിടയിൽ മാഡം ചോദിച്ചു: "What is the dose of paracetamol for fever?”

ഞാൻ: “500 grams.”

മാഡം ചൂടായി: “എടോ, ഞാൻ ആനയ്ക്ക് കൊടുക്കാൻ വേണ്ടി അല്ല ചോദിച്ചത്. മനുഷ്യന്, മനുഷ്യന്! Dose of paracetamol for a human being!”

പെട്ടെന്ന് എനിക്ക് ബോധം വന്നു. ‘എൻ്റെ ദൈവമേ, എന്ത് മണ്ടത്തരമാണ് ഞാൻ പറഞ്ഞത്!’ ഞാൻ മാഡത്തിനോട് സോറി പറഞ്ഞു. “പെട്ടെന്ന് പറഞ്ഞപ്പോൾ മാറിപ്പോയതാണ്” എന്നും കൂട്ടിച്ചേർത്തു.

ഒന്നാം വർഷമെന്ന കടമ്പ കടന്നതുകൊണ്ടായിരിക്കാം, ഇത്തവണ തോൽക്കുമെന്ന പേടിയൊന്നും എനിക്കുണ്ടായില്ല.

എൻ്റെ മെഡിസിൻ പ്രാക്ടിക്കൽ വൈവ

എനിക്ക് മെഡിസിൻ പോസ്റ്റിംഗ് പണ്ടേ ഇഷ്ടമല്ല. എന്തോ ഒരു 'unwelcoming' ഫീൽ ആയിരുന്നു. അങ്ങനെ മെഡിസിൻ യൂണിവേഴ്സിറ്റി പ്രാക്ടിക്കൽ പരീക്ഷ വന്നു. എനിക്ക് GIT ഒഴികെ ബാക്കി സിസ്റ്റങ്ങളൊന്നും വലിയ പിടിയില്ല. അതുകൊണ്ട് GIT കേസ് തന്നെ കിട്ടാനായി ഞാൻ പല നേർച്ചകളും നേർന്നു.

അനുവദിച്ച കിടക്കയുടെ അടുത്തെത്തി കേസ് എടുക്കാൻ തുടങ്ങിയപ്പോൾ എന്റെ മനസിൽ ലഡ്ഡു പൊട്ടി! അതൊരു GIT കേസ്! എക്സാമിനറെ പി.ജി. ലെവലിൽ മറുപടി പറഞ്ഞ് ഇംപ്രെസ് ചെയ്യുന്നതൊക്കെ ഓർത്തപ്പോൾ പൊട്ടിയത് ഒന്നല്ല, നൂറ് ലഡ്ഡുവാണ്!

കിടക്കയിലുള്ളത് അറുപത് കഴിഞ്ഞ ഒരമ്മച്ചി. ഞാൻ ഹിസ്റ്ററി ചോദിച്ച്, ലിവർ പാൽപ്പേറ്റ് ചെയ്ത്, ലിവർ സ്പാൻ അളവെടുത്ത്, ഡയഗണോസിസ് എഴുതി - ക്രോണിക് ലിവർ ഡിസീസ്. ഡയഗണോസിസ് തീരെ സിംപിൾ ആയി പോയി. ഇനി സർ ഒന്നു വന്നാൽ കേസ് ഡിസ്കസ് ചെയ്യാം.

കാത്തിരിപ്പിന് അവസാനം എക്സ്റ്റേണൽ എക്സാമിനർ വന്നു.

Sir: "What is your Diagnosis?"

ഞാൻ: "CLD most probably due to c/c hepatitis."

Sir: "Good! Which hepatitis?"

ഞാൻ: "Hepatitis C or NASH or Autoimmune hepatitis."

സാറിൻ്റെ നെറ്റി ചുളിഞ്ഞു.

Sir: "Did you take a proper history?"

ഞാൻ: "Sure Sir!"

Sir: "Any History of alcoholism?"

ഞാൻ: "No Sir, no history of alcoholism."

Sir: "Did you ask her?"

ഞാൻ മറുപടി ഒന്നും പറയാതെ നിന്നതുകൊണ്ട് സാർ അമ്മച്ചിയോട് ചോദിച്ചു: “നിങ്ങൾ മദ്യപിക്കുമോ?”

അമ്മച്ചി: “പിന്നില്ലേ, മദ്യപിക്കും! ദിവസവും വൈകുന്നേരം.”

സർ: “എത്ര കുടിക്കും?”

അമ്മച്ചി: “കണക്കൊന്നുമില്ല സാറേ. അച്ചായൻ്റെ മൂഡ് പോലെ. അച്ചായനുമായി വൈകുന്നേരം വഴക്കിട്ടാൽ രണ്ട് കുപ്പി ഒറ്റയടിക്ക് തീർക്കും.”

അമ്മച്ചിയുടെ വൈകുന്നേരത്തെ അടി എൻ്റെ തലയിൽ ചുറ്റിക കൊണ്ടുള്ള അടി പോലെയായി. നിഷ്കളങ്കയായ എനിക്കെങ്ങനെ അറിയാം സ്ത്രീകൾ മദ്യപിക്കുമെന്ന്! മദ്യപാനം പുരുഷന്മാരുടെ മാത്രം കുത്തകയാണെന്നായിരുന്നു അതുവരെ എൻ്റെ ധാരണ. ഞാൻ പഠിച്ച GIT ഒരു നിമിഷം കൊണ്ട് എൻ്റെ ഓർമ്മയിൽനിന്ന് മാഞ്ഞുപോയി.

ഞാൻ വീണ്ടും തോൽവി ഉറപ്പിച്ചു. പക്ഷേ, നേർച്ചയുടെ ബലത്തിലായിരിക്കാം ഞാൻ പാസായി.

ഇതൊക്കെയാണ് ഒരിക്കലും മറക്കാനാവാത്ത എൻ്റെ മണ്ടൻ വൈവാ രംഗങ്ങൾ. ഇതിലും വലിയ മണ്ടത്തരങ്ങൾ കാണിച്ച എൻ്റെ സുഹൃത്തുക്കളുടെ കഥ ഓർക്കുമ്പോഴാണ് ഒരു ചെറിയ സമാധാനം. ആ കഥകൾ പിന്നാലെ....


*AKA Prasy

Comments

Anonymous said…
Super 👍

Random Old Posts