Viva Days: Part 3 - സുലു മോൾ




മൂന്നാം വർഷം സന്തോഷമായി കഴിഞ്ഞ് ഞങ്ങൾ നാലാം വർഷത്തിലേക്ക് കടന്നു. Ophthalmology പോസ്റ്റിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ Ophthal HOD AIIMS-ൽ പഠിച്ച ഒരു ഭീകരനാണെന്നും വളരെ strict ആയ ഒരു മനുഷ്യനാണെന്നും ആരൊക്കെയോ ഞങ്ങളെ പറഞ്ഞു പേടിപ്പിച്ചു. പേടിച്ച് വിറച്ചാണ് ആദ്യദിവസം പോസ്റ്റിംഗിന് ചെന്നത്. ചെന്നപ്പോൾ കണ്ടതാകട്ടെ, അധികം ഒച്ചയെടുക്കാത്ത അമ്പലത്തിലെ ശാന്തിക്കാരനെപ്പോലെ ശാന്തനായ ഒരു മനുഷ്യനെ!

ഒരു ദിവസം പോസ്റ്റിംഗിനിടെ അടുത്തുനിന്ന നവീനോട് സാർ ഒരു OA (ophthalmic assistant) സ്റ്റുഡൻ്റിനെ വിളിക്കാൻ പറഞ്ഞു. കേട്ടപാതി കേൾക്കാത്തപാതി നവീൻ തിക്കും തിരക്കുമുള്ള ഒ.പി. ക്യൂവിന് മുന്നിൽ ചെന്ന് വിളിച്ചു കൂവി, “ഒ. യശോധരൻ ഉണ്ടോ? ഒ. യശോധരൻ!” ആരോ പിന്നാലെ ചെന്ന് ഒരു തരത്തിൽ പിടിച്ചു വലിച്ചാണ് തിരികെ കൊണ്ടുവന്നത്.

പോസ്റ്റിംഗിൻ്റെ അവസാന ദിവസം ഞങ്ങളെ ophthalmic instruments കാണിച്ചു. എല്ലാം കാണാൻ ഒരുപോലെ. ഞാനും എൻ്റെ കൂട്ടുകാരും ഇൻസ്ട്രുമെൻ്റുകളുടെ ചിത്രം വരച്ചെടുത്തു. പിറ്റേന്ന് End posting എക്സാമാണ് .

ഹോസ്റ്റലിൽ തിരിച്ചെത്തി നോട്ട്‌സ് താരതമ്യം ചെയ്തപ്പോൾ പലരും പലതും പല രീതിയിലാണ് വരച്ചിരിക്കുന്നത്! സുപ്പീരിയർ റെക്ടസ് ഫോഴ്സെപ്സിൻ്റെ ചിത്രം റോക്കറ്റ് പോലെ വരച്ച നസിയയാണ് ഇന്നത്തെ പേരുകേട്ട ophthalmologist! അങ്ങനെ എന്തൊക്കെയോ കാണാപ്പാഠം പഠിച്ച് ഞങ്ങൾ പരീക്ഷയ്ക്ക് പോയി.

വൈവയിൽ മൂന്നോ നാലോ ഇൻസ്ട്രുമെൻ്റുകൾ മാത്രമേ ഞാൻ ശരിയായി പറഞ്ഞുള്ളൂ. ഹോസ്റ്റലിലെത്തിയപ്പോൾ കേൾക്കുന്നത് എൻഡ് പോസ്റ്റിംഗ് പരീക്ഷ കഴിഞ്ഞ് ഒരാൾ മുറിയിലിരുന്ന് കരയുന്നു എന്നായിരുന്നു. ഇത്ര നിസ്സാര കാര്യത്തിന് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കാൻ ഞങ്ങൾ മൂന്നോ നാലോ പേർ മുറിയിൽ ചെന്നു.

“ടാ എന്തു പറ്റി?” ഞാൻ ചോദിച്ചു. 

"സാർ ചോദിച്ച എല്ലാ ഇൻസ്ട്രുമെൻ്റുകളും ഞാൻ തെറ്റിച്ചാണ് identify ചെയ്തത്. അവസാനം സാർ ദേഷ്യപ്പെട്ട് മേശയിലിരുന്ന ടോർച്ച് എടുത്ത് കാണിച്ചിട്ട് ഇത് എന്താണെന്ന് ചോദിച്ചു."

“എന്നിട്ട് നീ എന്ത് പറഞ്ഞു?”

“ഞാനാ റ്റെൻഷനിൽ “Sir this is an Ophthalmoscope" എന്ന് പറഞ്ഞു.”

ഇതുകേട്ടതും ആശ്വസിപ്പിക്കാൻ ചെന്ന ഞങ്ങൾ പൊട്ടിച്ചിരിച്ചു. സത്യത്തിൽ എൻ്റെ ജീവിതത്തിൽ ഞാൻ ഇന്നുവരെ അത്രയധികം ചിരിച്ചിട്ടില്ല. ഞങ്ങളുടെ ചിരി കണ്ടപ്പോൾ ആ കൂട്ടുകാരിക്കും ചിരിയടക്കാൻ കഴിഞ്ഞില്ല.


Comments

Random Old Posts