ഭീതി - നമിത

 “ഇവിടെയാണ് അന്ന് നിന്നത്. അല്ലേ?” ആ സ്ത്രീ സ്വയം ചോദിച്ചു. പട്ടണം വല്ലാതെ മാറിയിരിക്കുന്നു. കെട്ടിടങ്ങൾ, നിരത്തിലൂടെ തിരക്കിട്ടു പോകുന്ന മനുഷ്യരും വാഹനങ്ങളും എല്ലാം. ബസ് സ്റ്റാൻഡിന്റെ മുൻപിൽ വലിയ ഷോപ്പിംഗ് കോംപ്ലക്സ്. സ്റ്റാൻഡ് കഴിഞ്ഞ് തൊട്ടുള്ള തുണിക്കട. അത് അന്നും ഉണ്ടായിരുന്നു. 


10-12 വർഷം മുൻപുള്ള ഒരു ഓണക്കാലം. അതിനു മുൻപ് കഥയിലെ സ്ത്രീയ്ക്കൊരു പേര് വേണം. വേണ്ടേ? മായ എന്നാക്കാം. സർവ്വം മായ!

മായ മെട്രോ നഗരത്തിൽ ഐ ടി സെക്ടറിൽ ജോലി ചെയ്യുന്നു. വിവാഹിതയാണ്. ഭർത്താവ് വിദേശത്ത്. ഓഫീസിലെ ഓണാഘോഷപരിപാടികൾ തീർത്ത് ബസ്സിൽ കയറി വീടിനടുത്തുള്ള പട്ടണത്തിൽ എത്തിയപ്പോളേക്കും രാത്രി 8:30 മണി. ഇനി വീട്ടിലേക്ക് ബസ് കിട്ടണമെങ്കിൽ 1കിലോമീറ്റർ അകലെയുള്ള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ചെല്ലണം. വൈകിയത് കൊണ്ട് അച്ഛനും സഹോദരനും കാറിൽ വരാം എന്ന് പറഞ്ഞു. ബസ് സ്റ്റാൻഡിൽ അസമയത്തു നിൽക്കുന്നതോർത്തു തൊട്ടടുത്തുള്ള വലിയ തുണിക്കടയുടെ മുൻപിലേക്ക് നിന്നു. കട്ട പിടിച്ച ഇരുട്ട് പട്ടണത്തെ വലയം ചെയ്തു. കടയുടെ മുന്നിൽ നല്ല വെളിച്ചം. 


കുറച്ചപ്പുറത്തായി തട്ടുകടയുടെ മുന്നിൽ മാത്രം അഞ്ചാറു പേർ. പൊഴിഞ്ഞു പൊഴിഞ്ഞ് അതും ഒന്നു രണ്ടായി. ബസ് സ്റ്റാൻഡ് ഉപേക്ഷിക്കപ്പെട്ട ഒരു കെട്ടിടം പോലെ ഇരുട്ടിലേക്കലിഞ്ഞു ചേർന്നു നിൽക്കുന്നു. എതിർവശത്തായി ഓട്ടോസ്റ്റാന്റ്. 2-3 ഓട്ടോ കിടപ്പുണ്ട്. ഓട്ടോക്കാർ കൂടി നിന്ന് വർത്തമാനം…ഇടയ്ക്ക് പൊട്ടിച്ചിരി. 20 മിനുട്ടോളം കാത്തു നിന്നപ്പോൾ മായ ഫോണെടുത്തു അച്ഛനെ വിളിച്ചു, “മോളെ, ഇറങ്ങാൻ നേരം മാമനും കൂട്ടുകാരനും കൂടെ വീട്ടിൽ വന്നു. ഇവിടെ ഘോഷയാത്ര…വഴി ബ്ലോക്കാ..” ഫോണിലെ ശബ്ദം വ്യക്തമല്ല. “ഒരു 15 മിനുട്ട്…അവിടെയല്ലേ നീ നിൽക്കുന്നെ…”ചേട്ടനാണ്. മായ നെടുവീർപ്പിട്ടു. നേരത്തെ ഇറങ്ങിയാൽ മതിയായിരുന്നു. 


ഇനിയിപ്പോ…തൊട്ടടുത്ത് എന്തോ ഉരയുന്ന ശബ്ദം. തുണിക്കടയുടെ മുന്നിൽ പാർക്ക്‌ ചെയ്ത കാറിന്റെ ഫ്രണ്ട് ഡോറിന്റെ ഗ്ലാസ്സ് താഴ്ത്തിയ ശബ്ദം. സ്റ്റീയറിങ്ങിൽ താളമടിച്ചു കൊണ്ടിരുന്നയാൾ മായയെ തുറിച്ചു നോക്കി. മായ മെല്ലെ തലതിരിച്ചു പിന്നിലേക്ക് നോക്കി. കടയുടെ സ്റ്റെപ്പിറങ്ങി വരുന്ന 50 വയസ്സ് തോന്നിക്കുന്ന സാരിയുടുത്ത സ്ത്രീയും അവർക്ക് അകമ്പടി വരുന്ന യുവാവും…യുവാവിന്റെ വസ്ത്രധാരണവും ഭവ്യതയും കണ്ടിട്ട് കടയിലെ മാനേജർ പോസ്റ്റിലുള്ള ആളെപ്പോലെ മായയ്ക്ക് തോന്നി. അവർക്കു പിന്നാലെ കടയുടെ പേര് പ്രിന്റ് ചെയ്ത 2-3 ബാഗുകളും ചുമന്ന് ഒരു സെയിൽസ്മാനും സെക്യൂരിറ്റിയും… കാർ ഡ്രൈവർ ചാടിയിറങ്ങി ഡിക്കി തുറന്നു. മൂവരും ചേർന്ന് ബാഗുകൾ വെച്ചു. മാനേജർ ഭവ്യത അല്പം കൂട്ടി പിന്നിലെ ഡോറിന്റെ അടുത്തേക്ക് വന്നതും ഡോർ തുറന്നു 20-25 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ ഇറങ്ങി. ഇളം നീല ജീൻസും പിങ്ക് കളർ പുള്ളോവർ സ്വെറ്ററും ..വെള്ള നിറത്തിലുള്ള സ്നീക്കേഴ്‌സും …കയ്യിൽ 4-5 മാസം പ്രായമുള്ള കുഞ്ഞ്. കുഞ്ഞിനെ സാരിയുടുത്ത സ്ത്രീക്ക് കൈമാറി.  നന്നായി മേക്കപ്പ് ചെയ്ത മുഖം. തോളൊപ്പം മുറിച്ചിട്ട മുടി. എവിടെയോ കണ്ടത് പോലെ. മായ ഓർക്കാൻ ശ്രമിച്ചു. ഒരു സിനിമാനടി… ബാലതാരമായി വന്നു. കൗമാര-യൗവനകഥാപാത്രമായും കണ്ടിട്ടുണ്ട്. നീണ്ട മുടി പിന്നിയിട്ട്, പാവാടയും ബ്ലൗസുമിട്ട്, തനി നാടൻ രൂപമേ മായ കണ്ടിട്ടുള്ളൂ. ജീവിതവും സിനിമയും ഒന്നല്ലല്ലോ എന്ന് മായ മനസ്സിലോർത്തു. സ്ത്രീകളും മാനേജർ പുരുഷനും സംസാരിച്ചു കൊണ്ടിരുന്നു. 


ഓട്ടോസ്റ്റാൻഡിൽ രണ്ട് ഓട്ടോകൾ മാത്രം.. തട്ടുകടയിൽ ആരുമില്ല. തുണിക്കട അടച്ചു ജോലിക്കാരെല്ലാവരും പോയിക്കഴിഞ്ഞു. കാറും വലത്തേക്ക് തിരിഞ്ഞ് എംസി റോഡിലൂടെ ഇരുട്ടിൽ മറഞ്ഞു. കടയുടെ മുന്നിലെ വെളിച്ചത്തിൽ മായ മാത്രം. ഓട്ടോഡ്രൈവർമാർ മായയെ നോക്കി നെറ്റി ചുളിച്ചു എന്തോ പറയുന്നു.. കാറിലുള്ളവർ ഉള്ളപ്പോഴും മായ അത് ശ്രദ്ധിച്ചിരുന്നു. കാരണമറിയാവുന്ന ഭീതി മായയെ ചൂഴ്ന്നു. ഈയിടെയുള്ള വാർത്തകൾ. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾ. ആരെങ്കിലും കൂട്ടുണ്ടായിരുന്നെങ്കിൽ? അതിൽ കാര്യമുണ്ടോ? അസമയത്ത് കൂടെയുള്ളവരെയും ഉപദ്രവിക്കുന്ന വാർത്തകൾ. എപ്പോഴും അതൊക്കെ മറ്റുള്ളവർക്ക് മാത്രം ബാധകമായിരുന്നു.. ഇന്നിപ്പോ.. ഇനി തട്ടുകടക്കാരനും ചേർന്നാവുമോ? നെഞ്ചിടിപ്പ് മെല്ലെ അറിയുന്നത് പോലെ. ഓട്ടോ ഡ്രൈവർമാർ റോഡ് ക്രോസ്സ് ചെയ്യാനാണോ അതോ ആരെങ്കിലും വരുന്നോ എന്നാണോ അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നത്? മായ പുറത്തു കിടന്ന ബാഗ് എടുത്ത് വലതു കയ്യിൽ മുറുകെ പിടിച്ചു. ഡ്രൈവർമാരിൽ ഒരാൾ മാത്രം മുന്നോട്ട് നീങ്ങുന്നു. മായ ഓഫീസിൽ സ്ത്രീകൾ പറയുന്നതോർത്തു…സ്ഥാനത്ത് നോക്കി തൊഴിച്ചാൽ പുരുഷന്മാരെ കുറച്ചു സമയത്തെക്കെങ്കിലും തളർത്താൻ കഴിയുമെന്ന് കേട്ടിട്ടുണ്ട്. ഇയാൾ മുണ്ടാണ് ഉടുത്തിരിക്കുന്നത്. ബാഗ് വെച്ച് അടിച്ചാലോ? അതോ കയ്യിൽ കടിക്കണോ? കണ്ണിൽ കുത്തിയാൽ... അപ്പോൾ മറ്റയാൾ? അച്ഛന്റെ നമ്പർ ഡയൽ ചെയ്തു കൊണ്ട് മായ കാത്തു നിന്നു. ഇയാൾ വായ പൊത്തുമോ? അതോ അടിക്കുമോ? അതോ മുടിക്ക് പിടിച്ച് തല എവിടെയെങ്കിലും ഇടിപ്പിക്കുമോ? വിളിച്ചു കൂവിയാൽ കാര്യമുണ്ടോ? തൊണ്ട വരളുന്ന പോലെ…


അയാൾ അടുത്തേക്ക് വന്നു. മായ കരുതി നിന്നു. “പെങ്ങളേ, ഇപ്പൊ കാറേൽ വന്നത് സിനിമാനടി —----- അല്ലേ?” മായ ഇല്ലാത്ത ഉമിനീർ ഇറക്കിക്കൊണ്ട് പറഞ്ഞു, “അതെ.” “എനിക്കേ സംശയമാരുന്നു. വീട്ടീച്ചെന്നു പെണ്ണുമ്പിള്ളയോടും പിള്ളേരോടും പറയുമ്പം തെറ്റ് വരല്ലല്ലോ?” അയാൾ ചിരിച്ചു. മായ ചിരി വരുത്താൻ ശ്രമിച്ചു. “എന്താ ഒറ്റക്ക് നിക്കുന്നേ. ബസില്ലേ?” “അല്ല. ഇപ്പൊ വീട്ടീന്ന് എത്തും.” “താങ്ക്സേ. പേടിക്കണ്ട. ഞങ്ങൾ കുറച്ചു നേരം കൂടെ സ്റ്റാൻഡിൽ കാണും. വീട്ടിലേക്ക് വിളിച്ചില്ലേ?” “വിളിച്ചു.” അയാൾ റോഡ് ക്രോസ്സ് ചെയ്യാൻ തിരിഞ്ഞു.  അപ്പോഴാണ് കോളിന്റെ കാര്യം മായ ഓർത്തത്. ഫോൺ നോക്കിയതും, അച്ഛൻ വിളിക്കുന്നു, “ഞങ്ങൾ ദാ എത്തി.” തലയിൽ നഖങ്ങൾ ആഴ്ത്താൻ തുടങ്ങിയ ഭീതിയുടെ കഴുകൻ പറന്നു പോയിക്കഴിഞ്ഞുള്ള ഭാരവും വേദനയും…തലയിലും കഴുത്തിലും…


Comments

Anonymous said…
bhama ആണോ? ?

Random Old Posts