തടുക്കുട്ടന്റെ ഓണം - Gerald



ഓണം വന്നേ! ആ വന്നല്ലോ!

ഓണത്തുമ്പികളും തുമ്പപ്പൂക്കളും കൊണ്ട് സമൃദ്ധമായ കാലമായാണ് “ഓണം” നമ്മുടെ ഓർമ്മകളിൽ നിറയുന്നത്. എൻ്റെ ഓണം ഓർമ്മയിൽ ഇന്നും പച്ചപിടിച്ചു നിൽക്കുന്ന ഒന്നാണ് എൻ്റെ വീടിനു പിറകിലൂടെ ഒഴുകുന്ന മീനച്ചിലാറിന്റെ കൈവഴിയിലൂടെയുള്ള വള്ളംകളി. IPL പോലെ കമ്പോളവൽക്കരിക്കപ്പെട്ട ഇപ്പോഴത്തെ നെഹ്റു ട്രോഫി വള്ളംകളി പോലുള്ള ഒരു മത്സരമായി അതിനെ തെറ്റിദ്ധരിക്കരുത്. ഓണം കഴിഞ്ഞു വരുന്ന ഞങ്ങളുടെ വള്ളംകളി 'കുമാരനല്ലൂർ ഉത്രട്ടാതി വള്ളംകളി' എന്നാണ് അറിയപ്പെടുന്നത്. കുമാരനല്ലൂർ അമ്പലത്തിലേക്ക് എഴുന്നള്ളുന്ന ദേവീവള്ളത്തിന് അകമ്പടി പോകുന്ന സമ്പ്രദായം, പിന്നീട് ആറിന്റെ ഇരുകരകളിലുമുള്ളവർ ഒരു ഓളമാക്കി മാറ്റുകയായിരുന്നു.

ചുണ്ടൻവള്ളം തൊട്ട് കൊതുമ്പുവള്ളം വരെയുള്ള ചെറുതും വലുതുമായ നിരവധി വള്ളങ്ങൾ നിരനിരയായി നീങ്ങുമ്പോഴുള്ള ദൃശ്യവിസ്മയം, വള്ളങ്ങളോളം തന്നെ വ്യത്യസ്തമായ താളമേളങ്ങളോടെയുള്ള തുഴച്ചിൽ, ഇടയ്ക്കിടെയുള്ള വള്ളംമറിച്ചിൽ, കരയിൽ നിൽക്കുന്നവരും വള്ളത്തിലുള്ളവരും തമ്മിലുള്ള രസകരമായ കമന്റടികൾ... ഇവയെല്ലാം കൊണ്ട് സമ്പന്നമായ, മൂന്നുനാലു മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു മിനി ഉത്സവമായിരുന്നു എൻ്റെ കുട്ടിക്കാലത്തെ ഈ വള്ളംകളി.

അന്നൊക്കെ വള്ളംകളി കാണാൻ, മെഡിക്കൽ കോളേജ് ഇരിക്കുന്ന കുന്നിൻപ്രദേശത്തുനിന്ന് ആറ്റരികിലെ വീടുകളുടെ പറമ്പുകളിലേക്ക് ആബാലവൃദ്ധം ജനങ്ങളും ഒഴുകിയെത്തുമായിരുന്നു. അങ്ങനെയുള്ളൊരു പ്രധാനപ്പെട്ട ‘വ്യൂ പോയിന്റ്’ ആയിരുന്നു എൻ്റെ വീട്ടുകടവ്. നമ്മൾ MBBS പഠിക്കുന്ന കാലമായപ്പോഴേക്കും വള്ളംകളിയുടെ ഓളവും കൊഴുപ്പും ഗണ്യമായി കുറഞ്ഞു. എങ്കിലും, അന്നും വ്യൂപോയിന്റിൽ അത്യാവശ്യം നല്ല രീതിയിൽ നാട്ടുകാർ തടിച്ചുകൂടുമായിരുന്നു.

അങ്ങനെ ഏതോ ഒരു വർഷം വള്ളംകളി നടക്കുമ്പോൾ തടുക്കുട്ടൻ വീട്ടിലുണ്ട്. തടുക്കുട്ടൻ വീട്ടിൽ നിൽക്കുമ്പോൾ ബെർമുഡയും ടീഷർട്ടുമാണ് വേഷം. സ്വന്തം വീടുപോലെ വളരെ സ്വാതന്ത്ര്യത്തോടെയാണ് തടുക്കുട്ടൻ ഉൾപ്പെടെയുള്ള ഗഡികൾ വീട്ടിൽ വിഹരിച്ചിരുന്നത്. വീട്ടിൽ വിരുന്നുകാർ ഇരിക്കുമ്പോൾ മുറിയുടെ വാതിൽ തുറന്ന് ഒരു ‘ചൈനാക്കാരൻ’ വളരെ കൂളായി അവരുടെ മുന്നിലൂടെ നടന്നുപോയി, ഫ്രിഡ്ജ് തുറന്ന് വെള്ളവും പലഹാരപ്പാത്രം തുറന്ന് ചെറുകടിയും എടുത്ത് തിരികെ മുറിയിൽ കയറി വാതിലടയ്ക്കുമ്പോൾ വിരുന്നുകാരുടെ മുഖത്ത് മിന്നിമറയുന്ന ഞെട്ടലും അമ്പരപ്പും കണ്ട് ഞാൻ ഊറിച്ചിരിച്ചിട്ടുമുണ്ട്.

ആ വള്ളംകളി ദിവസവും വ്യത്യസ്തമായിരുന്നില്ല. പക്ഷേ, അന്ന് ഞെട്ടിയതും അമ്പരന്നതും നാല് വിരുന്നുകാർ ആയിരുന്നില്ല, നാനൂറോളം വരുന്ന നാട്ടുകാരായിരുന്നു. ആറ്റിലൂടെ അവസാന വള്ളം പോയിക്കഴിഞ്ഞും നാട്ടുകാരുടെ ഒഴുക്ക് നിലയ്ക്കാതിരുന്നത്, വട്ടപ്പറമ്പിൽ വള്ളംകളി കാണാൻ വന്ന ‘ചൈനക്കാരനെ' കാണാനായിരുന്നു എന്ന് പിന്നീട് അമ്മയാണ് എന്നോട് പറഞ്ഞത്. “മോനേ, അതേതാ ആ ചൈനാക്കാരൻ?” എന്നു ചോദിച്ച ഒരു ടീമിനോട് നോർത്ത് ഈസ്റ്റ് ഇന്ത്യയെക്കുറിച്ചും അരുണാചൽ പ്രദേശ് എന്ന സംസ്ഥാനത്തെക്കുറിച്ചും എനിക്ക് ക്ലാസെടുക്കേണ്ടിവന്നു.

വർഷങ്ങൾ കടന്നുപോയി, കേരളത്തിൻ്റെ ഘടന മാറി, ഓണത്തിൻ്റെ നിറവും മാറി. ഇന്ന് കേരളത്തിൻ്റെ ഏത് ഓണംകേറാമൂലയിലും ‘ചൈനക്കാർ’ ഉണ്ട്. പൊതുവെ ശാന്തശീലരും പണിയെടുക്കാൻ മടിയില്ലാത്തവരുമായ അവരുള്ളതുകൊണ്ട് കേരളം മുന്നോട്ട് പോകുന്നു. ഓണത്തിനുപോലും ഇപ്പോൾ കാണാൻ കിട്ടാത്ത ഓണത്തുമ്പിയെയും തുമ്പപ്പൂവിനെയും പറ്റി ഞാനെൻ്റെ കുട്ടികൾക്ക് ക്ലാസെടുക്കുന്നു.

കാലം പോയൊരു പോക്കേ!

അനുബന്ധം

a) ‘തടുക്കുട്ടൻ’ ആരാണെന്ന് ചോദിച്ച് ആരും നാണം കെടണ്ട. തടുക്കുട്ടൻ is Hage Riku Tadu.

b) കോട്ടയം മെഡിക്കൽ കോളേജിൽ അഞ്ച് വർഷത്തോളം പഠിച്ചിട്ട് ഈ വള്ളംകളിയെപ്പറ്റി അറിയാതെ പോയ ഹതഭാഗ്യർ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക.

https://www.keralatourism.org/onam/boat-races/kumaranalloor-ooruchutti-boatrace

ഞങ്ങൾ ഇതേ പറ്റി അറിയാതെ പോയത്, ഈ വള്ളംകളി കാണാൻ പറ്റാതെ പോയത് എൻ്റെ കുറ്റമാണെന്ന് കരുതുന്നവരും, “ഇനിയെങ്കിലും വീട്ടിൽ വിളിച്ച് ഞങ്ങളെ ഇതൊക്കെ ഒന്നു കാണിച്ചു തന്നൂടെ ബാച്ച് മെയ്റ്റേ…” എന്ന് വിചാരിക്കുന്നവരോടുമായി പറയട്ടെ…
“അതെ! എൻ്റെ കുറ്റമാണ്. ഐ ആം ദി സോറി! പക്ഷേ ഇനി ഇങ്ങോട്ട് ആരും വരണ്ട. വട്ടപ്പറമ്പിൽ കടവ് നലവിലില്ല…”

c) നമ്മുടെയൊക്കെ “പ്രിയങ്കരിയായ” ഒരു മാഡം കൂമാരനല്ലൂരമ്മയ്ക്ക് അകമ്പടിസേവിക്കാൻ വള്ളം നിർമ്മിച്ച ന്യൂസ്.

Comments

Random Old Posts