സുലുമോൾ സ്റ്റോറീസ് - നിസാമലിയുടെ Mackintosh Quality Street

 





മൂന്നാം വർഷ യൂണിവേഴ്സിറ്റി എക്സാമിൻ്റെ മുൻപുള്ള സ്റ്റഡി ലീവ് തുടങ്ങുന്ന ദിവസം, കാറിൽ വീട്ടിലേക്ക് പോകുമ്പോൾ നിസാമിനൊരു ലിഫ്റ്റ് കൊടുത്തു. ഞാൻ പഠിക്കാൻ പ്ലാനിടുമ്പോൾ നിസാം ഗൾഫിന് പോകാനുള്ള പ്ലാനിലാണ്. ചങ്ങനാശ്ശേരിയിൽ ഇറങ്ങാൻ ഡോർ തുറന്ന നിസാമിനെ പിന്നിൽനിന്ന് വിളിച്ച് ഞാൻ പറഞ്ഞു, "Nizam darling, എനിക്ക് Quality Street Chocolates വലിയ ഇഷ്ടമാണ്. ഗൾഫിൽനിന്ന് വരുമ്പോൾ കുറച്ച് കൊണ്ടുതരുമോ?". നിസാം സന്തോഷത്തോടെ സമ്മതിച്ചു.

എക്സാം തുടങ്ങാൻ ഇനി രണ്ടു ദിവസം. ഞാൻ രാവിലെതന്നെ ഹോസ്റ്റലിൽ തിരിച്ചെത്തി വായന തുടങ്ങി. ആദ്യ പരീക്ഷതന്നെ എനിക്ക് വളരെ കൺഫ്യൂസിങ്ങും ബുദ്ധിമുട്ടുമുള്ള മൈക്രോബയോളജി. Oxidase +ve, oxidase -ve, School of fish appearance അങ്ങനെ എന്തൊക്കെയോ സംഗതികൾ മാറാലപോലെ ബുദ്ധിയിൽ അവിടവിടെ പറ്റിപ്പിടിച്ചിരിക്കുന്നു.

വൈകുന്നേരമായപ്പോൾ ഒരാൾ എന്നെ കാണാൻ LH-ൽ വന്നു. വാതിൽക്കൽ ചെന്നപ്പോൾ, അതാ നിസാം! കയ്യിൽ ചെറിയ ഒരു മിഠായിപ്പൊതി. പൊതിയെന്നെ ഏൽപ്പിച്ച് നിസാം പറഞ്ഞു, “ഇതാ പ്രസി പറഞ്ഞ ചോക്ലേറ്റ്! പക്ഷേ ഇത് പ്രസിക്ക് മാത്രമല്ല. പ്രസി ആദ്യം എടുത്തിട്ട് ബാക്കി നമ്മുടെ യൂണിറ്റ്മേറ്റ്സ് എല്ലാവർക്കും കൊടുക്കണേ.”

സന്തോഷത്തോടെ മുറിയിൽ ചെന്ന് ബോക്സ് തുറന്ന ഞാൻ നിരാശയായി! ആകെയുള്ളത് പത്തോ പന്ത്രണ്ടോ ചോക്ലേറ്റുകൾ. ഇതെങ്ങനെ ബാക്കിയുള്ളവർക്ക് തികയും? ഛെ! നിസാം ഇത്ര പിശുക്കനായിപ്പോയല്ലോ. എന്തായാലും രണ്ടുമൂന്നെണ്ണം അപ്പോൾത്തന്നെ ഞാൻ കഴിച്ചു. അപ്പോഴാണ് എൻ്റെ പ്രിയസുഹൃത്ത് പർവീൺ സുഹറ വാഹബ് എൻ്റെ മുറിയിൽ കയറിവന്നത്. എൻ്റെ ബെസ്റ്റ് ഫ്രണ്ടായ ആ കുട്ടിക്ക് ഒരു ചോക്ലേറ്റ് കൊടുക്കേണ്ടേ എന്ന ചിന്ത എൻ്റെ മനസ്സിനെ ആകെ സംഘർഷഭരിതമാക്കി. എന്തായാലും എൻ്റെ പ്രിയപ്പെട്ട കൂട്ടുകാരിയല്ലേ, ഒരെണ്ണം കൊടുത്തു. ബാക്കിയുള്ള യൂണിറ്റ്മേറ്റ്സിനൊന്നും കൊടുക്കാൻ ചോക്ലേറ്റ് തികയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു.

അങ്ങനെ ചോക്ലേറ്റും മൈക്രോബയോളജിയും ഇടകലർത്തി ഭുജിച്ച് ആ ദിവസം സന്തോഷത്തോടെ കടന്നുപോയി. പിറ്റേന്ന് നേരം പരപരാ വെളുത്തതും എനിക്ക് വയറുവേദന തുടങ്ങിയതും ഒരുമിച്ച്! എക്സാമിന് തലേദിവസം അങ്ങനെ ഞാൻ കൂടുതൽ സമയവും ചിലവഴിച്ചത് ബാത്റൂമിലും. Lactose intolerance ഉള്ള ഞാൻ ഇത്രയധികം മിൽക്ക് ചോക്ലേറ്റ് കഴിക്കരുതായിരുന്നു. പക്ഷേ, കൊതി എന്നെ കുഴിയിൽ വീഴ്ത്തി.

എൻ്റെ വയറിളക്കം LH-ൽ ഞങ്ങളുടെ യൂണിറ്റ്മേറ്റ്സിൻ്റെ ഇടയിൽ കാട്ടുതീപോലെ പടർന്നു. പർവീൺ പതിവുപോലെ സമയം പാഴാക്കിയില്ല MH-ലേക്ക് ഫോൺ ചെയ്ത് വിവരമറിയിച്ചു, "നിസാം എല്ലാവർക്കും വേണ്ടി ഗൾഫിൽനിന്നും കൊണ്ടുവന്ന ചോക്ലേറ്റ് മുഴുവൻ തിന്ന് പ്രസിക്ക് വയറിളക്കം പിടിച്ചു.”

"നിനക്ക് ഇതുതന്നെ വരണം" എന്ന കുത്തുവാക്ക് കുറച്ചുപേർ ഉന്നയിച്ചു. എൻ്റെ യൂണിറ്റ്മേറ്റ്സിനു മുന്നിൽ ഇളിഭ്യയായി ഞാൻ തലകുനിച്ചു. രാജി എനിക്ക് സുലൈമാനി ഉണ്ടാക്കിത്തന്നെങ്കിലും, സുലൈമാനി ചായപോലെ രൂപംമാറിയ എൻ്റെ വയറിളക്കം നിർബാധം തുടർന്നു.

വൈകുന്നേരമായപ്പോഴേക്കും ഞാൻ തളർന്നു. ബാത്റൂമിന് മുന്നിൽ കസേരയിട്ടിരുന്ന് പഠിക്കാൻ തുടങ്ങി. പർവീൺ ഇതിനിടയിൽ MH-ലേക്ക് സ്റ്റാറ്റസ് അപ്ഡേറ്റ് കൈമാറി, “മണ്ണു പുതിയ ഡ്രെസ്സൊക്കെയിട്ട് വാഷ്റൂമിൻ്റെ ഫ്രണ്ടിൽത്തന്നെ ഇരിക്കുന്നു.” ഇത് കേട്ട് എനിക്ക് ശരിക്കും ദേഷ്യം വന്നു.

അന്നു രാത്രി എങ്ങനെയൊക്കെയോ ഞാൻ കഴിച്ചുകൂട്ടി. വയറിളക്കത്തിന് കുറച്ച് ശമനം വന്നു. രാവിലെയായപ്പോൾ എനിക്ക് കുറച്ചൊക്കെ ധൈര്യം തോന്നി. ഞാൻ എക്സാമിന് പോകാൻ റെഡിയായി. എന്നെ കൂട്ടാൻ നിഷയും പർവീണും റൂമിൽ വന്നപ്പോൾ എനിക്ക് വീണ്ടും ശങ്ക. ഞാൻ വീണ്ടും ബാത്റൂമിൽ പോയി. ഇത് അങ്ങനെ മൂന്നു വട്ടം ആയപ്പോൾ ഞാൻ അവരോട് പൊയ്ക്കോളാൻ പറഞ്ഞു. അവർ പോയതിനു പുറകെ ഞാൻ ബെഡിൽ കുത്തിയിരുന്ന് കരഞ്ഞു, "എൻ്റെ ഗുരുവായൂരപ്പാ, എന്നോട് എന്തിനാ ഇങ്ങനെ ചെയ്തത്? എൻ്റെ യൂണിവേഴ്സിറ്റി എക്സാം, ഞാൻ എന്തുചെയ്യും? എൻ്റെ ഭഗവാനേ...”

എൻ്റെ കരച്ചിൽ കേട്ട് എൻ്റെ റൂംമേറ്റ് പാർവതി രാജഗോപാൽ മുറിയിൽ വന്ന് ആശ്വസിപ്പിച്ചു. പെട്ടെന്നാണ് എൻ്റെ മനസ്സിൽ ബൾബ് കത്തിയത് - Loperamide! ഗുരുവായൂരപ്പനാണ് എൻ്റെ ബുദ്ധിയിൽ ആ പേര് ഓർമിപ്പിച്ചത് എന്ന് ഇന്നും ഞാൻ വിശ്വസിക്കുന്നു. ഞാൻ പാർവതിയെ വിട്ട് മരുന്ന് വാങ്ങികഴിച്ച് എക്സാമിന് പോയി.

ഓഡിറ്റോറിയത്തിൽ ചെന്നപ്പോൾ എക്സാം തുടങ്ങാൻ വെറും 5 മിനിറ്റേയുള്ളൂ. ഞാൻ സീറ്റിലിരുന്നു. എൻ്റെ തൊട്ടടുത്ത് വലതുവശത്ത് പോൾ ആണ്. പോൾ നിറചിരിയോടെ പറഞ്ഞു, "പ്രസി, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം. ഞങ്ങൾ ബക്കറ്റിൽ വെള്ളം പിടിച്ച് ഇവിടത്തെ വാഷ്റൂമിൽ വെച്ചിട്ടുണ്ട്. എക്സ്ട്രാ ഡ്രെസ്സും കൊണ്ടുവന്നിട്ടുണ്ട്." ആകെ ചൊറിഞ്ഞിരുന്ന എനിക്ക് ഇതുകേട്ട് ദേഷ്യമാണ് വന്നത്. ഇതിനിടയിലും ഞാൻ ആ മുഖം അന്വേഷിക്കുന്നുണ്ടായിരുന്നു; ഇതിനെല്ലാം കാരണക്കാരനായ നിസാം അലിയുടെ മുഖം. പർവീൺ തലേദിവസം എന്നോട് പറഞ്ഞത് എൻ്റെ മനസ്സിൽ അലയടിച്ചു, “മണ്ണൂ, നിസാം നിന്നെയൊരു ഗിനിപ്പന്നിയാക്കിയതാണ്, അവൻ്റെ ക്ലോസ് ഫ്രണ്ട്സിന് ചോക്ലേറ്റ് കൊടുക്കുന്നതിന് മുൻപ്.”

എക്സാം തുടങ്ങി, ക്വസ്റ്റ്യൻ പേപ്പർ വന്നു. ക്വസ്റ്റ്യൻ പേപ്പർ കയ്യിൽ കിട്ടിയതും ഫുൾ C ബാച്ചും നിറഞ്ഞ ചിരിയോടെ എന്നെ നോക്കി. അഞ്ച് മാർക്കിൻ്റെ ആദ്യത്തെ ചോദ്യം: അമീബിക് ഡിസെൻട്രി!


Comments

Random Old Posts