സുലുമോൾ സ്റ്റോറീസ്: STD കഥകൾ - പാഠം 1




MBBS-ന് പഠിക്കുമ്പോഴേ ഡെർമറ്റോളജി എനിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ട് ഡെർമറ്റോളജി പോസ്റ്റിങ് തുടങ്ങിയപ്പോൾത്തന്നെ പവിത്രൻ സാറിന്റെ ബുക്ക് വാങ്ങി ഞാൻ വായന തുടങ്ങി.


അങ്ങനെയിരിക്കെ, തേർഡ് ഇയർ ഡെർമറ്റോളജി തിയറി ക്ലാസ്സിൽ മാഡം ഞങ്ങളോട് ചോദിച്ചു, “Where does the measles rash first appear?” ക്ലാസ്സിലിരുന്ന 'C' ബാച്ചിൽ നിന്നും ഞാൻ ചാടിയെഴുന്നേറ്റ് പറഞ്ഞു, "Madam, Rash First Appears Behind the ears". ഇതുകേട്ട് സന്തോഷിച്ച മാഡം എല്ലാവരുടെയും മുന്നിൽ വെച്ച് പ്രഖ്യാപിച്ചു:

"She will become a dermatologist!"

ആ വാക്കുകൾ എന്റെ മനസ്സിൽ ഡെർമറ്റോളജിസ്റ്റ് ആകാനുള്ള ഒരു സ്പാർക്ക് ഉണ്ടാക്കി.


അങ്ങനെ ഞാൻ MD DVL എടുത്ത് ആലപ്പുഴ TDMC-യിൽ ജോയിൻ ചെയ്തു. അവിടെ ചെന്നപ്പോൾ സെക്കൻഡ് യൂണിറ്റ് ചീഫ് പണ്ട് ക്ലാസെടുത്ത അതേ മാഡം! MBBS കാലത്തെ ഓർമ്മകൾ പുതുക്കി, ആദ്യ ദിവസം തന്നെ ഞാൻ മാഡത്തിന്റെ ഗുഡ് ബുക്കിൽ കയറിക്കൂടി. അന്നത്തെ HOD ആണെങ്കിൽ തനി തങ്കം. സ്ക്രാച്ചിങ്, ടോർച്ചറിങ് തുടങ്ങിയവ എന്താണെന്നുപോലും അറിയാത്ത ഒരു പഞ്ചപാവം മനുഷ്യൻ. എന്റെ കൂടെയുണ്ടായിരുന്ന കോ-PG കോഴിക്കോട് '99 ബാച്ചിലെ പ്രവീൺ ആയിരുന്നു. അൾട്രാ കൂൾ മനുഷ്യനായ പ്രവീൺ കോമഡിയുടെ ഉസ്താദും. അതുകൊണ്ട് PG ലൈഫ് എക്സ്ട്രീംലി റിലാക്സ്ഡ് ആയി മുന്നോട്ട് പോയി.


ഡെർമറ്റോളജിയിൽ ആകെ ഒരു പ്രശ്നമേയുള്ളൂ. ടീച്ചർമാർ ഞങ്ങളെ കിന്റർഗാർഡൻ കുട്ടികളെപ്പോലെ ഫുൾ ടൈം പഠിപ്പിച്ചുകൊണ്ടിരിക്കും. ഒരു പഠിപ്പിസ്റ്റായ എനിക്കത് സന്തോഷമുള്ള കാര്യമായിരുന്നെങ്കിലും, എന്റെ കൂടെയുള്ള കുഴിമടിയനായ പ്രവീണിന് അതല്പം പ്രോബ്ലം ആയി.


അങ്ങനെ ആദ്യ മാസം ഡെർമറ്റോളജിയുടെ ബേസിക്സ് ഒക്കെ പഠിച്ച് ഞാൻ OP-യിൽ റിലാക്സ് ചെയ്തിരിക്കുകയായിരുന്നു. അപ്പോഴാണ് എന്റെ സീനിയർ PG ജയേഷ് സർ വന്ന് ഒരു STD കേസ് ഉണ്ടെന്നും കേസ് ഹിസ്റ്ററി എടുക്കണമെന്നും പറഞ്ഞത്. ആ നിമിഷം എന്റെ തലയിൽ ഒരു ബോംബ് പോലെ ആ യാഥാർത്ഥ്യം വീണുപൊട്ടി. 

DVL-ൽ 'D' മാത്രം പഠിച്ച് PG എടുക്കാൻ പറ്റില്ല, 'V' - വെനറോളജിയും 'L' - ലെപ്രോളജിയും കൂടി പഠിക്കണം! എക്സാമിന് അതൊരു പേപ്പർ തന്നെയുണ്ടായിരുന്നു. ഡെർമറ്റോളജി എത്രത്തോളം ഇഷ്ടമായിരുന്നോ, അത്രത്തോളം വെറുപ്പായിരുന്നു എനിക്ക് വെനറോളജി പാർട്ട്. പക്ഷെ, മുന്നോട്ട് പോകാൻ ഇത് പഠിച്ചേ മതിയാകൂ എന്ന് മനസ്സിലാക്കിയ ഞാൻ, എന്റെ ആദ്യത്തെ STD കേസ് എടുക്കാനായി OP-യിൽ നിന്ന് സൈഡ് റൂമിലേക്ക് നടന്നു.


റൂമിൽ ഇരുന്നത് ഏകദേശം ഇരുപത്തിയഞ്ച് വയസ്സ് തോന്നിക്കുന്ന, പർദ്ദയിട്ട ഒരു യുവതി. കേസ് 'ഹെർപ്പസ് ജെനിറ്റാലിസ്' ആണെന്ന് ജയേഷ് സർ സൂചിപ്പിച്ചിരുന്നു.

ഞാൻ ഡബിൾ ഗ്ലൗസ് ഒക്കെ ഇട്ട് റെഡിയായി. അവരുടെ പേരും അഡ്രസ്സും വയസ്സും അസുഖത്തിന്റെ വിവരങ്ങളും ചോദിച്ചറിഞ്ഞു. അടുത്തതായി എടുക്കേണ്ടിയിരുന്നത് പ്രീമാരിറ്റൽ, എക്സ്ട്രാമാരിറ്റൽ സെക്ഷ്വൽ കോൺടാക്ടിന്റെ ഹിസ്റ്ററിയാണ്. ഫസ്റ്റ് ഇയറിൽ ബാച്ച് മേയ്റ്റ് പ്രവീണിൻ്റെ സെക്ഷ്വൽ ഹിസ്റ്ററി മാത്രമെടുത്ത്  പരിചയമുള്ള ഞാൻ അവരോട് നേരെ ചോദിച്ചു:

"നിങ്ങൾക്ക് ഭർത്താവല്ലാതെ വേറെ ഏതൊക്കെ പുരുഷന്മാരുമായി ബന്ധമുണ്ട്?"


എന്റെ ചോദ്യം കേട്ടതും അവർ എന്റെ തോളിൽ പിടിച്ചു തള്ളി! “ഇക്കാ, ഈ ഡോക്ടർ എന്നെ...” എന്ന് നിലവിളിച്ചുകൊണ്ട് അവർ സൈഡ് റൂമിൽ നിന്ന് ഇറങ്ങിയോടി. എന്താണ് സംഭവിച്ചതെന്നറിയാതെ സ്തംഭിച്ചുനിന്ന എന്നെ OP-യിലെ സിസ്റ്റർ വന്ന് തിരികെ റൂമിലേക്ക് കൊണ്ടിരുത്തി.


OP-യിൽ തിരിച്ചെത്തിയപ്പോൾ മാഡം എന്നെ വിളിപ്പിച്ചു. ആ പേഷ്യന്റും ഭർത്താവും ചേർന്ന്, ഞാൻ മോശമായി സംസാരിച്ചു എന്ന് പരാതി പറഞ്ഞിരുന്നു. മാഡം എന്നോട് പറഞ്ഞു, "STD കേസ് ഹിസ്റ്ററി എടുക്കുമ്പോൾ വളരെ സൂക്ഷിക്കണം. പ്രത്യേകിച്ചും വളരെ കൺസർവേറ്റീവ് ആയ ആളുകളെ ബുദ്ധിപൂർവ്വം വേണം കൈകാര്യം ചെയ്യാൻ. അവർക്ക് വിഷമം തോന്നാത്ത രീതിയിൽ ചോദിച്ച് നമുക്ക് ആവശ്യമുള്ള റെലവന്റ് ഹിസ്റ്ററി നേടിയെടുക്കണം."


പിന്നീടുള്ള ഒരാഴ്ച, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും HOD മുതൽ സീനിയർ PG-കൾ വരെ എനിക്കും പ്രവീണിനും STD കേസ് എങ്ങനെ എടുക്കണം എന്നതിനെക്കുറിച്ച് ക്ലാസ്സെടുത്തു.

പലരുടെയും രഹസ്യങ്ങൾ സൂക്ഷിക്കുന്ന, പല കുടുംബങ്ങളും തകരാതെ കാക്കുന്ന ഡോക്ടർമാരായി ഞാനും പ്രവീണും മാറി. അങ്ങനെ എത്രയെത്ര STD കഥകൾ!


അവയിൽ രമേശിന്റെയും സുരേഷിന്റെയും കഥയാണ് അടുത്തത്.

Comments

Random Old Posts