← All posts

ജോർജ്ജുമോന്റെ കത്തികൾ - എന്റെ മാനം കീറിയ പെരിനിയൽ റ്റെയർ

October 03, 2025

 




വളരെ ഉല്ലാസകരമായ ഒരു സൺ‌ഡേ ആയാണ് ആ ദിവസം തുടങ്ങിയത്. പിള്ളേരുടെ കൂടെ ബാഡ്മിൻ്റൺ കളി. അത് കഴിഞ്ഞ് അവരുമൊത്ത് ആറ്റിൽ കുളി. അങ്ങനെ നീന്തി രസിക്കവേ പെട്ടെന്ന് അമ്മിണി (എൻ്റെ ഭാര്യ) ഓടിവന്നു. എന്തോ സീരിയസായ സംഭവം പറയാൻ പോകുകയാണെന്ന് അവളുടെ മുഖത്തുനിന്ന് ഞാൻ വായിച്ചെടുത്തു. ഒരു നിമിഷം ആറ്റിലെ തണുത്ത വെള്ളത്തിൽ ഞാൻ ഫ്രീസ് ആയി.


“എന്താ അമ്മിണി?”

“ദേ, മാഡം (ആശുപത്രിയിലെ സീനിയർ ഗൈനക്കോളജിസ്റ്റ്) ഫോണിൽ വിളിച്ചു. അത്യാവശ്യമായി ലേബർ റൂം വരെ ചെല്ലാൻ പറഞ്ഞു.”

“എന്താ കാര്യം?”

“കാര്യമൊന്നും പറഞ്ഞില്ല. എന്തോ എമർജൻസി ആണെന്ന് തോന്നുന്നു. നിങ്ങൾ ആ വെള്ളത്തിൽ കിടക്കാതെ ഒന്ന് വേഗം ചെല്ല്.”

മനസ്സില്ലാമനസ്സോടെ ഞാനും പിള്ളേരും ആറ്റിൽനിന്ന് കയറി. ഞാൻ ധൃതിയിൽ ഡ്രസ്സ് മാറി വണ്ടി എടുത്തുപോകുന്ന വഴി മാഡത്തെ വിളിച്ചു.

“എന്തുപറ്റി മാഡം, എന്താ വരാൻ പറഞ്ഞത്?”

കാറിൻ്റെ സ്പീക്കറിൽനിന്ന് മാഡത്തിൻ്റെ ശബ്ദം മുഴങ്ങി.

“നീ ഇതുവരെ വീട്ടിൽനിന്ന് ഇറങ്ങിയില്ലേ? ഉടനെ ഇങ്ങോട്ട് വാ. ഒരു നോർമൽ ഡെലിവറിയാണ്, പക്ഷേ റെക്ടൽ ഇൻജുറി ഉണ്ട്. നീ വന്ന് റിപ്പയർ ചെയ്യണം.“

“ശരി മാഡം, ഞാനിതാ എത്തി.” ഞാൻ ആക്സിലറേറ്ററിൽ കാലമർത്തി.

എന്നെക്കണ്ടതും ലേബർ റൂമിന്റെ മുന്നിൽ ഉണ്ടായിരുന്ന ബന്ധുക്കൾ ഒരു രക്ഷകനെ കണ്ട പ്രതീതിയിൽ കൈകൂപ്പി എഴുന്നേറ്റുനിന്നു. എങ്ങനെ എഴുന്നേൽക്കാതിരിക്കും? സ്ഥലത്തെ പ്രധാന സർജനാണല്ലോ. പോരാത്തതിന്, വളരെ കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള കേസുകൾ നിസ്സാരമായി ചെയ്ത് ദിനംപ്രതി നിരവധി രോഗികളെ മരണത്തിൻ്റെ പിടിയിൽനിന്ന് സാഹസികമായി രക്ഷിക്കുന്ന വീരശൂരപരാക്രമിയെന്ന് ആശുപത്രിയും പത്രക്കാരും തള്ളിമറിക്കാറുമുണ്ട്.

ഗർഭിണിയുടെ വീട്ടുകാരുടെ ബഹുമാനാദരം ഏറ്റുവാങ്ങിയ എൻ്റെ ശരീരവും മുഖവും മാസം തികഞ്ഞ ഗർഭിണിയുടെ വയറുകണക്കെ വീർത്തു. ഹെഡ് വെയ്റ്റിൽ കനത്ത എൻ്റെ തല അല്പം ചെരിച്ച്, കൈകൊണ്ട് അവരെ സമാധാനിപ്പിക്കുന്ന രീതിയിൽ ആംഗ്യം കാണിച്ച് ലേബർ റൂമിനകത്തേക്ക് ഞാൻ നടന്നു. ലേബർ റൂമിലെ തേർഡ് സ്റ്റേജ് കോട്ടിൽ വെച്ച് തന്നെ റെക്ടൽ ഇൻജുറി റിപ്പയർ ചെയ്തു. വിജയശ്രീലാളിതനായി ഗ്ലൗസ് ഒക്കെ ഊരി ബന്ധുക്കളെ കണ്ട് കൃതജ്ഞത ഏറ്റുവാങ്ങാൻ ഞാൻ റെഡിയായി. അപ്പോഴേക്കും റൗണ്ട്സ് എടുക്കാൻ പോയ മാഡം തിരികെയെത്തി.

“എല്ലാം കഴിഞ്ഞോ?”

“എല്ലാം റിപ്പയർ ചെയ്തിട്ടുണ്ട് മാഡം. ഞാൻ ബന്ധുക്കളോട് സംസാരിക്കാൻ പോകുകയായിരുന്നു.”

“ഞാൻ സംസാരിച്ചോളാം. നീ എൻ്റെ കൂടെ പിറകിൽ നിന്നാൽ മതി.”

ബന്ധുജനങ്ങളെ കൗൺസിലിംഗ് റൂമിലേക്ക് വരുത്തി മാഡം അവർക്ക് അഭിമുഖമായി ഇരുന്നു, ഞാൻ ഭവ്യതയോടെ ബാക്കിലും. മുന്നിലിരിക്കുന്നവരെ നോക്കി മാഡം പറഞ്ഞു.

“അമ്മയ്ക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല. പിന്നെ കുഞ്ഞിന് വലുപ്പമുള്ളതുകൊണ്ട് കുറച്ചധികം കീറലുണ്ടായി.”

ഇരുന്ന കസേരയിൽ തൊണ്ണൂറു ഡിഗ്രി കറങ്ങി പിറകിൽ നിന്ന എന്നെ ചൂണ്ടി മാഡം തുടർന്നു: “കക്കൂസിൽ പോകുന്ന ഭാഗം തുന്നാൻ വന്ന ഡോക്ടർ ആണിത്.”

അത് കേട്ടപ്പോൾ ഡെലിവറി കഴിഞ്ഞ യൂട്ടറസ് പോലെ എൻ്റെ ശരീരവും മുഖവും ചുങ്ങി. ഇങ്ങോട്ട് വന്നപ്പോൾ ആദരവോടെ നോക്കിയ ബന്ധുക്കളുടെ മുഖത്തിപ്പോൾ പരമപുച്ഛഭാവം. CEO യെപ്പോലെ കോട്ടും സ്യൂട്ടുമിട്ട് വന്നവൻ വെറും കക്കൂസ് കഴുകുന്ന തൂപ്പുകാരനായിരുന്നു എന്നറിയുമ്പോഴുള്ള ആ കളിയാക്കിയുള്ള ചിരി.

എന്തിനാണ് ഈ നല്ല ദിവസം ഇത് കേൾക്കാൻ ഞാൻ വന്നതെന്ന് തോന്നിപ്പോയി. ഇറങ്ങിയോടാൻ വേറെ വഴിയൊന്നും ഇല്ലാത്തതുകൊണ്ട് അവിടെത്തന്നെ നിന്നു.

പിന്നീട് പല കേസുകളിലും ഇതുപോലെ മാഡത്തിന് സഹായം ചെയ്തിട്ടുണ്ടെങ്കിലും ബന്ധുക്കളുടെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങാൻ ഒരിക്കൽ പോലും നിന്നുകൊടുത്തിട്ടില്ല.



Comments

Post a Comment


Search This Blog


Top posts from past

  • Save The Date 2 - Lal Production - നാടകം: സുമിത്രയുടെ കല്യാണംകഥാപാത്രങ്ങൾ:അർജ്ജുൻ: സുമിത്രയുടെ മകൻ.മീര: അർജ്ജുന്റെ പ്രതിശ്രുത വധു.കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.സുമിത്ര: അർജ്ജുന്റെ അമ്മ.കെ...

test

The Archive

Browse by label ശേഖരം