← All posts

HepaA - Chapter 2: Liver Enzymes

October 18, 2025

 


ഫൈനൽ ഇയർ മെഡിസിൻ പോസ്റ്റിംഗ് തുടങ്ങി. ഞാനും എന്റെ യൂണിറ്റ് മേറ്റ്സും M4 യൂണിറ്റിലാണ്. KillerM ആണ് യൂണിറ്റ് ചീഫ്. പോസ്റ്റിംഗ് തുടങ്ങുന്നതിന് മുൻപ് തന്നെ മെഡിസിൻ പഠിച്ച് തകർക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതുപ്രകാരം ആദ്യദിവസം മുതൽ സിൻസിയർ ആയി പഠിക്കാൻ തുടങ്ങി. 

പോസ്റ്റിംഗ് തുടങ്ങി കഷ്ടി ഒരാഴ്ചയാകുന്നു. ഞാൻ ഒരു റെഡ് ടീ-ഷർട്ടും യെല്ലോ സ്കർട്ടും ഇട്ട്, റൂമിൽ ഇരുന്ന് പഠിക്കുന്നു. അപ്പോഴാണ് പർവീൺ ഡിന്നർ കഴിക്കാൻ വിളിക്കുന്നത്. ഇത് ഞങ്ങളുടെ സ്ഥിരം പരിപാടിയാണ്. പർവീൺ വന്ന് ആദ്യം എന്നെ വിളിക്കും, പിന്നെ ഞങ്ങൾ മെസ് ഹാളിന്റെ താഴെ നിന്ന് നിഷ ജേക്കബിനെ ചെല്ലപ്പേര് വിളിച്ച് റൂമിൽ നിന്നിറക്കും (LH ഗേൾസിന് ആ പേര് അറിയാം. ഞാനത് ഇവിടെ കുറിക്കുന്നില്ല).

അങ്ങനെ പതിവുപോലെ അന്നും ഡിന്നർ കഴിച്ചു. റൂമിൽ തിരിച്ചെത്തിയ ഉടൻ ഞാൻ പഠനം പുനരാരംഭിച്ചു. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്കൊരു കുളിര്, ശരീരം ആകെ തളരുന്നതുപോലെ. കുളിര് മൂർച്ഛിച്ച് തണുത്ത് വിറയ്ക്കാൻ തുടങ്ങിയപ്പോൾ ഷീറ്റ് പുതച്ച് ഞാൻ ഉറങ്ങാൻ കിടന്നു.

പിറ്റേന്ന് രാവിലെ ഞാൻ എഴുന്നേൽക്കുന്നത് അതിശക്തമായ പനിയോടുകൂടിയാണ്. പനിച്ചു കിടക്കുന്ന എന്നെക്കണ്ട് റൂംമേറ്റ് പാർവ്വതി രാജഗോപാലിന് ഒരു സംശയം. ഹെപ്പറ്റൈറ്റിസ് കേസുകൾ വീണ്ടും കൂടുന്നുണ്ടെന്ന് ഒരു അപശ്രുതിയുണ്ട്. ഇതിനി അങ്ങനെ വല്ലതും... പേടിച്ചുപോയ ഞാൻ പർവീണിനെ വിളിച്ചുവരുത്തി DDRC-യിൽ പോയി ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തു.

ഒന്നുറക്കം കഴിഞ്ഞപ്പോൾ പർവീൺ റിസൾട്ട് കൊണ്ടുവന്നു, LFT - നോർമൽ. എന്റെ മനസ്സ് തണുത്തെങ്കിലും ശരീരത്തിന്റെ ചൂടിന് ഒരു കുറവുമില്ല. നന്നേ ക്ഷീണിതയെങ്കിലും പിറ്റേന്ന് കഷ്ടപ്പെട്ട് പോസ്റ്റിംഗിന് പോയി. പഠിക്കണം എന്നുള്ള എന്റെ ആഗ്രഹം അത്രമേൽ തീവ്രമായിരുന്നു. കേസ് ഡിസ്കഷൻ കഴിയുന്നതുവരെ എങ്ങനെയൊക്കെയോ പിടിച്ചുനിന്നു. പിറ്റേദിവസവും പനിക്ക് ഒട്ടും കുറവില്ല. വീണ്ടും LFT നോക്കി. വീണ്ടും നോർമൽ റിസൾട്ട്.

ഇത്രയുമായപ്പോൾ എനിക്ക് ശരിക്കും പേടിയായി. ദൈവമേ, ഇത് എന്ത് പനി? ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ വല്ല ലുക്കീമിയയും... ഞാൻ പർവീണിനെയും, നിഷയെയും, പ്രെറ്റിയെയും റൂമിൽ വിളിച്ചുവരുത്തി പ്രൊവിഷണൽ ഡയഗ്നോസിസുകളുടെ ഒരു ലിസ്റ്റ് എഴുതി. അങ്ങനെ മൂന്നാമതും LFT ടെസ്റ്റ് ചെയ്യാൻ കൊടുത്തു. ഈവനിംഗ് ആയപ്പോൾ പർവീണും നിഷയും റൂമിൽ വന്നു. പർവീൺ പറഞ്ഞു, "മണ്ണൂ, ലിവർ എൻസൈംസ് ഒത്തിരി റെയ്സ്ഡ് ആണ്. ഹെപ്പറ്റൈറ്റിസ് ആണെന്ന് തോന്നുന്നു.”

സത്യത്തിൽ അത് കേട്ട് ഞാൻ ആശ്വസിക്കുകയാണ് ചെയ്തത്. ഒരു ഡയഗ്നോസിസ് ആയല്ലോ. ഇതിനിടയിൽ സുപ്രിയയും നസിയയും റൂമിൽ വന്ന് സമാധാനിപ്പിച്ചു. ഒരു മാസമൊക്കെ എടുക്കും നോർമൽ ആകാൻ. ചിലർക്ക് മൂന്നാഴ്ച കൊണ്ടും OK ആകാം. ഏതായാലും ഞാൻ വീട്ടിൽ പോകാൻ തീരുമാനിച്ചു. വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. മൂന്നാഴ്ച കൊണ്ട് എന്റെ ഹെപ്പറ്റൈറ്റിസ് മാറ്റിത്തരണേ എന്ന് ഗുരുവായൂരപ്പനോട് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ ഉറങ്ങാൻ കിടന്നു.

(തുടരും)


Comments

Post a Comment


Search This Blog


Top posts from past

  • Save The Date 2 - Lal Production - നാടകം: സുമിത്രയുടെ കല്യാണംകഥാപാത്രങ്ങൾ:അർജ്ജുൻ: സുമിത്രയുടെ മകൻ.മീര: അർജ്ജുന്റെ പ്രതിശ്രുത വധു.കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.സുമിത്ര: അർജ്ജുന്റെ അമ്മ.കെ...

test

The Archive

Browse by label ശേഖരം