← All posts

HepaA - Chapter 3: Karimeen Fry

October 18, 2025

 




പിറ്റേ ദിവസം രാവിലെ പർവീണും പ്രെറ്റിയും ചേർന്ന് എന്നെ IDU-വിൽ കൊണ്ടുപോയി. ധാരാളം വിശ്രമം, വെള്ളം കുടി, ഒരാഴ്ചത്തേക്കുള്ള അമോക്സിസിലിൻ, വിറ്റാമിൻ ബി കോംപ്ലക്സ് എന്നിവ എഴുതിക്കിട്ടി. നിസാം അലി എനിക്ക് മരുന്നു വാങ്ങി ഹോസ്റ്റലിൽ കൊണ്ടുവന്നു തന്നു. എന്റെ യൂണിറ്റ് മേറ്റ്സിന്റെ സ്നേഹത്തിലും കരുതലിലും എനിക്ക് ഒരുപാട് സന്തോഷം തോന്നി.

എന്റെ വീട്ടുകാർ എത്തി. പർവീണും പ്രെറ്റിയും നിഷയും എന്നെ യാത്രയാക്കാൻ ഇറങ്ങിവന്നു. എനിക്ക് ഹെപ്പറ്റൈറ്റിസ് ആണെന്നറിഞ്ഞപ്പോൾ മാനസികമായി തളർന്നവരാണ് ഈ മൂന്നുപേർ. ഞാൻ കഴിച്ച സ്ഥലത്തൊക്കെ ഇവരും എന്റെ കൂടെയുണ്ടായിരുന്നു. "എത്രയും പെട്ടെന്ന് തിരിച്ചു വരാം, പ്രാർത്ഥിക്കണേ" എന്നുപറഞ്ഞ് മൂവരെയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്ത് ഞാൻ വീട്ടിലേക്ക് യാത്രയായി.

മുന്നോട്ട് നീങ്ങിയ കാറിന്റെ പിൻസീറ്റിലിരുന്ന്, തടുക്കാനാവാത്ത വിധിയുടെ ഊഴം കാത്തിരിക്കുന്നവരുടെ ഉത്കണ്ഠ അവരുടെ കണ്ണുകളിൽ ഞാൻ കണ്ടു.

എനിക്ക് മഞ്ഞപ്പിത്തമാണെന്ന വാർത്ത നാട്ടിൽ കാട്ടുതീ പോലെ പടർന്നു. പലരും പല ചികിത്സകളും സജസ്റ്റ് ചെയ്തു. ആയുർവേദം, ഒറ്റമൂലി, സിദ്ധ അങ്ങനെ പലതും. MBBS ഡിഗ്രിധാരിയാകാൻ പോകുന്ന ഞാൻ പ്രാകൃത ചികിത്സാരീതികളെ പുച്ഛിച്ചുതള്ളി. ബന്ധുക്കൾ ഡയറ്റ് റെസ്ട്രിക്ഷൻ എന്ന പേരിൽ ഉപ്പ്, മഞ്ഞൾ, മുളക് ഇവയൊന്നും തൊടരുതെന്ന് നിർദ്ദേശിച്ചു. അച്ഛനും അമ്മയ്ക്കും ഇതൊക്കെ ഫോളോ ചെയ്യണമെന്നുണ്ടായിരുന്നെങ്കിലും ഒരു MBBS ഫൈനൽ ഇയർ സ്റ്റുഡന്റിനോട് ആർഗ്യു ചെയ്തിട്ട് കാര്യമില്ല എന്ന് മനസ്സിലാക്കി എന്റെ ഇഷ്ടത്തിന് കാര്യങ്ങൾ വിട്ടു.

പ്രവീൺ എല്ലാ ദിവസവും എന്നെ ഫോൺ ചെയ്യുമായിരുന്നു. പ്രെറ്റിക്കും പർവീണിനും പനിയാണെന്നും പക്ഷേ LFT നോർമൽ ആണെന്നും അങ്ങനെ ഞാനറിഞ്ഞു. പേടിച്ചിട്ട് അവർക്ക് സൈക്കോളജിക്കൽ ഹെപ്പറ്റൈറ്റിസ് ആയതാണെന്നായിരുന്നു പ്രവീണിന്റെ അഭിപ്രായം. പിന്നെ ഒരു ദിവസം വിളിച്ച് പ്രവീൺ എന്നോട് പറഞ്ഞു: "പ്രെസിമോൾ ഓൾറെഡി മെലിഞ്ഞതാണ്. ഇനി ഹെപ്പറ്റൈറ്റിസ് കൂടെ ആകുമ്പോൾ വല്ലാതെ ക്ഷീണിക്കും. അതുകൊണ്ട് ഫുഡ് നന്നായിട്ട് കഴിക്കണം."

ആദ്യ ദിവസങ്ങളിലെ പനിയും ക്ഷീണവുമൊഴിച്ച് എനിക്ക് പറയത്തക്ക വിശപ്പില്ലായ്മയോ ഓക്കാനമോ ഉണ്ടായിരുന്നില്ല. പ്രവീണിന്റെ ഉപദേശം ഉള്ളിൽ തട്ടിയതുകൊണ്ടും, വീട്ടുകാരുടെ വിവരമില്ലായ്മയോടുള്ള ഒരു പുച്ഛപ്രകടനം എന്ന നിലയിലും, നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ഞാൻ തീരുമാനിച്ചു. രണ്ടു മുഴുത്ത കരിമീൻ വറുത്തു തരാൻ മെയിഡ് ചേച്ചിയോട് പറഞ്ഞു. വയ്യാതിരിക്കുമ്പോൾ ഇത്രയ്ക്ക് വേണോ എന്ന ചേച്ചിയുടെ ആശങ്കയ്ക്ക് നേരെ ഞാൻ കണ്ണടച്ചു. എല്ലാവരെയും പുച്ഛിച്ചുകൊണ്ട് രണ്ട് ഫിഷ് ഫ്രൈയും ഒറ്റയിരിപ്പിന് അകത്താക്കിയ ഞാൻ, ആ ദിവസത്തെ ബാക്കി സമയം ഇടതടവില്ലാതെ ഛർദ്ദിച്ച് കുടൽ വരെ പുറത്താക്കി. എന്റെ അതിസാഹസം അറിഞ്ഞ എന്റെ പേരന്റ്സ് എന്നെ കണക്കിന് വഴക്കു പറഞ്ഞു. എന്തിനേറെ പറയുന്നു, ഇന്നും ഫിഷ് ഫ്രൈ കാണുമ്പോൾ ഞാനിത് ഓർക്കും.

അന്ന് വൈകിട്ട് എനിക്ക് പർവീണിന്റെ ഫോൺ വന്നു. പർവീണിനും ഹെപ്പറ്റൈറ്റിസ് ആയി. പിറ്റേന്ന് നിഷയ്ക്ക്, അതിന്റെ പിറ്റേന്ന് പ്രെറ്റിക്ക്. അങ്ങനെ വിധി പോലെ ഞങ്ങൾ നാലു പേർക്കും ഹെപ്പറ്റൈറ്റിസ് ആയി.

ഈ സാഹചര്യത്തിൽ ഞാനൊരു സത്യം പറയട്ടെ... എന്നെ ഒരു ദുഷ്ടയായി കരുതരുതേ സുഹൃത്തുക്കളെ... അവർക്ക് കൂടി ഹെപ്പറ്റൈറ്റിസ് വന്നെന്നറിഞ്ഞപ്പോൾ എനിക്ക് കുറച്ച് സമാധാനമായി. ഈ യുദ്ധത്തിൽ ഞാൻ ഒറ്റയ്ക്കല്ല, എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരികളും കൂടെയുണ്ടല്ലോ. പോയ പോസ്റ്റിംഗ് ഒക്കെ നാലുപേർക്കും ഒരുമിച്ച് മേക്കപ്പ് ചെയ്യാം. ഇതായിരുന്നു എന്റെ ചിന്ത.

യൂണിറ്റ് മേറ്റ്സ് മിക്ക ദിവസവും വിളിക്കും. ഞാൻ കിടന്നുകൊണ്ട് തന്നെ ഡേവിഡ്സൺ വായിക്കും. “ഹെപ്പറ്റൈറ്റിസ് ഗേൾസ്" ദിവസവും വിളിച്ച് ആരുടെ ബിലിറൂബിനും ലിവർ എൻസൈംസും ആണ് കൂടുതൽ, ആരുടെ കുറഞ്ഞു എന്നൊക്കെ ഒരു മത്സരം പോലെ ചർച്ച ചെയ്തു.

അങ്ങനെ ഞാൻ വീണ്ടും എന്റെ LFT നോക്കി. AST, ALT 2000 റേഞ്ചിൽ. എന്റെ കൂട്ടുകാരികൾക്കൊന്നും ഇത്രയും LFT ഡിറേഞ്ച്മെന്റ് ഇല്ല. ഏതാണ്ട് ഒരു മാസം ആകാറായപ്പോൾ എന്റെ കൂടെ ഹെപ്പറ്റൈറ്റിസ് വന്ന കൂട്ടുകാരികൾ നോർമലായി ക്ലാസ്സിൽ കയറിത്തുടങ്ങി. എനിക്ക് അപ്പോഴും മഞ്ഞപ്പിത്തമുണ്ട്. എനിക്ക് ടെൻഷനായി. മോഡേൺ മെഡിസിനിലുള്ള എന്റെ വിശ്വാസം ആവിയായി. ഞാൻ അച്ഛനോട് ആയുർവേദ ട്രീറ്റ്മെന്റിനെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞു. പർവീണും പ്രെറ്റിയും ആയുർവേദ മരുന്ന് എടുത്തിരുന്നു. അച്ഛൻ തിരുവനന്തപുരത്ത് ഒരു ആയുർവേദ മർമ്മ ചികിത്സാ വൈദ്യന്റെ അടുത്ത് എന്നെ കൊണ്ടുപോയി. അയാൾ എന്റെ ലിവർ പാൽപേറ്റ് ചെയ്തിട്ട് റൈറ്റ് ഹൈപ്പോകോൺട്രിയത്തിലുള്ള ഏതോ മർമ്മത്തിന് ഒരൊറ്റ അടി. “എന്റെ അമ്മച്ചീ!!” എന്നു വിളിച്ചുപോയി ഞാൻ. ഒരു തരത്തിൽ ജീവനും കൊണ്ട് വീട്ടിൽ തിരിച്ചെത്തി.

കരഞ്ഞുപിഴിഞ്ഞു വീട്ടിൽ എത്തിയപ്പോഴാണ് ഇർഷാദ് അലിയുടെ ഫോൺ കോൾ. ഇർഷാദ് കാര്യങ്ങളൊക്കെ അന്വേഷിച്ചു. എന്നിട്ട് പറഞ്ഞു: “അതേ... പ്രെസീ... ഷിന്റോ പറഞ്ഞു, പ്രെസി ഈ ഡേവിഡ്സൺ വയറ്റിൽ വച്ച് കിടന്ന് പഠിക്കുന്നതുകൊണ്ടാണ് മഞ്ഞപ്പിത്തം മാറാത്തതെന്ന്. പിന്നെ ബാക്കിയുള്ളവർക്ക് ഹെപ്പറ്റൈറ്റിസ് വന്നപ്പോൾ താൻ സന്തോഷിക്കുകയും ചെയ്തല്ലോ...”

ഒരു തോക്കെടുത്ത് ഇർഷാദിനെയും ഷിന്റോയെയും ഒരുമിച്ച് വെടിവച്ച് കൊല്ലാനുള്ള ദേഷ്യം വന്നു എനിക്ക്. അങ്ങനെ ചെയ്തിരുന്നെങ്കിൽ, ഒരുപക്ഷേ ഇർഷാദിന് തന്റെ തനതായ ആക്ഷേപഹാസ്യം അടുത്ത തലമുറയ്ക്ക് പകർന്നു കൊടുത്ത് അതൊരു പുസ്തകമാക്കി പബ്ലിഷ് ചെയ്യാൻ പറ്റാതെ വരുകയും ആധുനിക മലയാള സാഹിത്യത്തിന് അതൊരു തീരാനഷ്ടമായി മാറുകയും ചെയ്തേനെ*.

എന്റെ ദുഃഖവും നിസ്സഹായാവസ്ഥയും നിങ്ങൾക്കും മനസ്സിലാകുമല്ലോ സുഹൃത്തുക്കളേ...

(തുടരും)


* "Oru Parenting Aparatha" by Dr. Irshad Ali, Ivory books.  Rs. 120

 



Comments

Post a Comment


Search This Blog


Top posts from past

  • Save The Date 2 - Lal Production - നാടകം: സുമിത്രയുടെ കല്യാണംകഥാപാത്രങ്ങൾ:അർജ്ജുൻ: സുമിത്രയുടെ മകൻ.മീര: അർജ്ജുന്റെ പ്രതിശ്രുത വധു.കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.സുമിത്ര: അർജ്ജുന്റെ അമ്മ.കെ...

test

The Archive

Browse by label ശേഖരം