HepaA - Chapter 4: Autoimmunity

 



ഹെപ്പറ്റൈറ്റിസ് ഒരാളുടെ ജീവിതം കീഴ്മേൽ മറിയും എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഞാൻ. ഹെപ്പറ്റൈറ്റിസ് മാറാതെ പ്രൊലോങ്ഡ് ആയപ്പോൾ എന്റെ പേരന്റ്സ് ജോത്സ്യനെ കാണാൻ പോയി. ശനിയിലും ചൊവ്വയിലും ഒന്നും എനിക്ക് ഒട്ടും വിശ്വാസമില്ലായിരുന്നു, MBBS-ന് പഠിക്കുമ്പോൾ ഞാൻ അങ്ങനെ അമ്പലങ്ങളിൽ ഒന്നും പോകാറില്ലായിരുന്നു. ജീവിതത്തിൽ പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ട് അധികം പ്രാർത്ഥനയും ഇല്ലായിരുന്നു. ഞാൻ ഹിന്ദു ആണെന്ന് പലർക്കും അറിയുക പോലുമില്ലായിരുന്നു. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഞങ്ങളുടെ കൂട്ടുകെട്ട്.

നിഷ ജേക്കബ് മാന്നാനം പള്ളിയിൽ പോകുമ്പോൾ കൂടെ പ്രാർത്ഥിക്കാൻ ഞാനും പർവീണും പോകും. രാജി NS ആർപ്പൂക്കര അമ്പലത്തിൽ ഗീത പഠിക്കാൻ പോയപ്പോൾ കമ്പനിക്ക് ഞങ്ങളും പോയി. അവിടുത്തെ സർ ഞങ്ങളുടെ പേരുകൾ കേട്ട് ഞെട്ടിയത് ഇപ്പോഴും ഓർക്കുന്നു.

രാഹുവിൽ കണ്ടകശനിയുടെ അപഹാരം കാരണം മരണതുല്യമായ അവസ്ഥയാണെന്ന് ജോത്സ്യൻ പറഞ്ഞപ്പോൾ ചെറുതായി ആസ്ട്രോളജിയിലും പ്രാർത്ഥനയിലുമൊക്കെ വിശ്വാസമായിത്തുടങ്ങി.

എന്റെ ഫിസിഷ്യൻ ആയ കസിൻ ബ്രദറിന്റെ നിർദ്ദേശപ്രകാരം ഞാൻ ട്രിവാൻഡ്രത്തെ ഏറ്റവും ഫേമസ് ആയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. നരേന്ദ്രനാഥ് സാറിനെ കാണിക്കാൻ തീരുമാനിച്ചു. അപ്പോൾ ഏകദേശം ഒന്നര മാസം ആയിരുന്നു എനിക്ക് ഹെപ്പറ്റൈറ്റിസ് തുടങ്ങിയിട്ട്. സർ എന്നെക്കണ്ട് എന്റെ ഹിസ്റ്ററിയും റിപ്പോർട്ട്സും ഒക്കെ നോക്കിയിട്ട് CBC, ESR, LFT, ANA SMA തുടങ്ങിയ ടെസ്റ്റുകൾ എഴുതിത്തന്നു. എന്താണ് സർ ഉദ്ദേശിക്കുന്നതെന്ന് പോലും എനിക്ക് മനസ്സിലായില്ല. അന്ന് പർവീൺ ഫോൺ ചെയ്തപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. ടെൻഷൻ കൊണ്ട് എനിക്ക് ഒന്നും ചെയ്യാൻ പോലും പറ്റുന്നുണ്ടായിരുന്നില്ല. ഞാൻ ബെഡ് പോലും വെറുത്തുപോയി. റിസൾട്ട് വന്നപ്പോൾ ANA-യും SMA-യും പോസിറ്റീവ്. MBBS-ന് പഠിക്കുന്നത് കൊണ്ട് സാറിന് എന്നെ വലിയ ഇഷ്ടമായിരുന്നു. ഞാൻ സാറിനെ റിസൾട്ട് വന്നപ്പോൾ ഫോൺ ചെയ്തു. സർ പറഞ്ഞു: “This is Autoimmune hepatitis triggered by hepatitis A.”

ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്. ആ ഡയഗ്നോസിസ് പോലും ഞാൻ ആദ്യമായി കേൾക്കുകയായിരുന്നു. ഇതെന്താണെന്നറിയാൻ ഞാൻ ഡേവിഡ്സൺ തുറന്ന് AIH വായിച്ചു. അവസാനം പ്രോഗ്നോസിസ് എന്ന് പറഞ്ഞ് അതിൽ പറഞ്ഞിരുന്നത് ഇങ്ങനെയായിരുന്നു: "eventually patient will develop cirrhosis in 5 years time and will die of its complication.” വായിച്ചുതീർന്നതും എന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഡേവിഡ്സണിലെ AIH-ന്റെ പേജിൽ വീണു. എന്റെ ഭാവിയെക്കുറിച്ച് ആലോചിച്ച് ഞാൻ തകർന്നുപോയി. 

അങ്ങനെ എനിക്ക് ഓറൽ സ്റ്റിറോയിഡ്സ് സ്റ്റാർട്ട് ചെയ്തു. പെട്ടെന്നുതന്നെ എന്റെ ലിവർ എൻസൈംസ് കുറയാൻ തുടങ്ങി. ഏതാണ്ട് 150 - 175 റേഞ്ചിൽ ഒക്കെയായി. ഞാൻ തിരിച്ച് കോളേജിൽ പോകാൻ തീരുമാനിച്ചു. എന്നെപ്പോലെ നമ്മുടെ ടോണിക്കും പ്രൊലോങ്ഡ് ലീവ് എടുക്കേണ്ടി വന്നിരുന്നു. പ്രവീൺ ഫോൺ ചെയ്തപ്പോൾ ഞാൻ തിരികെ വരുന്ന കാര്യം പറഞ്ഞു. അപ്പോഴാണ് പ്രവീൺ പറയുന്നത് ലിവർ എൻസൈംസ് 100-ൽ താഴാതെ മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ കയറ്റില്ലെന്ന്.

എന്റെ ലിവർ എൻസൈംസ് നോർമൽ ആകാൻ ഒരുപാട് സമയമെടുക്കുമെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് എന്നോട് പറഞ്ഞിരുന്നു. എന്റെ ക്ഷീണവും മറ്റ് ഡിസ്കംഫർട്സും ഒക്കെ നന്നായി മാറി, തടി വയ്ക്കാനും തുടങ്ങി. പക്ഷേ, എൻസൈംസ് സ്റ്റിൽ 120-130 റേഞ്ചിൽ തന്നെ. ഞാൻ എന്തായാലും തിരികെ പോകാൻ തീരുമാനിച്ചു.

തിരികെ വന്നപ്പോൾ ക്ലാസ്സിൽ കയറാൻ മെഡിസിൻ ഡിപ്പാർട്ട്മെന്റിൽ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെന്ന് എന്നോട് ക്ലാസ് റെപ്പ് പറഞ്ഞു. ഇതനുസരിച്ച് മെഡിസിൻ HOD-യുടെ അടുത്ത് ചെന്നു. സർ സ്റ്റാഫ് റൂമിൽ ആയിരുന്നു. ഞാൻ എന്റെ അവസ്ഥ സാറിനോട് വിവരിച്ചു. എന്റെ ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ് ഓവർലാപ്പിന്റെ കാര്യവും എന്റെ കേസിൽ ലിവർ എൻസൈംസ് നോർമൽ ആകാൻ ടൈം എടുക്കുമെന്ന് ഡോ. നരേന്ദ്രനാഥ് സർ പറഞ്ഞ കാര്യവും പറഞ്ഞു. ഇത് കേട്ട് HOD എന്നെ സ്റ്റാഫ് റൂമിലെ മറ്റുള്ളവരുടെ മുന്നിൽ വച്ച് ഒരുപാട് കളിയാക്കുകയും മാനസികമായി ഹരാസ് ചെയ്യുകയും ചെയ്തു. ഇത്രയധികം ഹെൽത്ത് ഇഷ്യൂസ് വന്ന ഒരു വിദ്യാർത്ഥിനിയോട് കാണിക്കേണ്ട ഒരു മിനിമം കരുണ പോലും HOD എന്നോട് കാണിച്ചില്ല. പക്ഷേ, മെഡിസിനിലെ ഏറ്റവും വലിയ ചെകുത്താൻ എന്ന് പേരു കേട്ട ഒരു സാറും ഒരു മാഡവും എന്നെ സ്നേഹത്തോടെ ചേർത്തുനിർത്തി. എന്റെ ഹെൽത്ത് ഇഷ്യൂസിനെക്കുറിച്ച് ഡീറ്റെയിൽഡ് ആയി അന്വേഷിച്ചു. MCH-ലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. വിനയകുമാർ സാറിനെ കാണിച്ച് ഒരു ഒപ്പീനിയൻ കൂടെ എടുക്കാൻ പറഞ്ഞു. എന്നെ ക്ലാസ്സിൽ കയറ്റാൻ അവർ HOD-യോട് പറയാമെന്നും പറഞ്ഞു.

(തുടരും)

NB: വർഷങ്ങൾക്കു ശേഷം ഞാൻ MD ഡെർമറ്റോളജി ചെയ്യുമ്പോൾ ഒരു കോൺഫറൻസിൽ ഈ മെഡിസിൻ HOD-യെ കാണുകയും, പ്രസ്തുത വ്യക്തി എന്നെ കണ്ടപ്പോൾ ചിരിച്ചുകൊണ്ട് സംസാരിക്കാൻ വരികയും ചെയ്തു. പക്ഷേ, ഞാൻ പുള്ളിയോട് ഒരക്ഷരം തിരിച്ചു മിണ്ടിയില്ല. ഇത് എന്റെ അഹങ്കാരമോ ധാർഷ്ട്യമോ ഒന്നുമല്ല, എന്റെ ഉള്ളിലെ അടങ്ങാത്ത വേദനയുടെ പുറത്താണ്.

വിധിയുടെ മുന്നിൽ നിസ്സഹായയായി, ഒന്ന് പൊട്ടിക്കരയാൻ പോലും പറ്റാതെ നിന്ന എന്നെ അയാൾ ചവിട്ടിമെതിച്ചപ്പോൾ ഉണ്ടായ മുറിവ് ഉണങ്ങാതെ, ആത്മാവിലെ തീരാവേദനയായി ഇന്നും എന്റെ ഉള്ളിലുണ്ട്. എന്നെപ്പോലെ 3 മാസം നഷ്ടപ്പെട്ട ടോണിക്ക് എക്സാം എഴുതാൻ കഴിഞ്ഞു. പക്ഷേ, എനിക്ക് മെഡിസിൻ ഡിപ്പാർട്ട്മെന്റിലെ HOD-യുടെ കരുണയില്ലായ്മ മൂലം അതിന് കഴിഞ്ഞില്ല. ഞാൻ അന്ന് അനുഭവിച്ച വേദനയുടെയും കണ്ണീരിന്റെയും പ്രാർത്ഥനയുടെയും ഫലമായിരിക്കാം ഇന്ന് എന്റെ ബിസിനസ് വളരെ അധികം ഫ്ലറിഷ് ആയത്.

Comments

Random Old Posts