'കരടി'കൾ - Sreeja



ഹൗസ് സർജൻസിക്കാലത്തെ കഥയാണ്. എന്റെ പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. ഹോസ്റ്റൽ ഫ്രണ്ട്സിന്റെ കൂടെ രണ്ടുദിവസം പുതിയ വീട്ടിലൊന്നു കൂടാം - അതായിരുന്നു പ്ലാൻ. ഒരു ഫോർമാലിറ്റിക്ക് യൂണിറ്റിലെ ഒരു ആൺ സുഹൃത്തിനേയും വീട്ടിലേക്കു ക്ഷണിച്ചു. കേട്ടപാതി കേൾക്കാത്തപാതി യൂണിറ്റിലെ മാത്രമല്ല, ബാച്ചിലുള്ള ഘടാഘടിയൻമാരെല്ലാം ട്രിപ്പിന് റെഡി! മൊത്തത്തിൽ 10-12 പേർ!

രണ്ട് പെൺകുട്ടികളും അച്ഛനും അമ്മയും അടങ്ങിയ മിഡിൽ ക്ലാസ് ഫാമിലിയുടെ ചെറിയ വീടാണ്. ഇവരെയെല്ലാം എവിടെ താമസിപ്പിക്കും എന്നൊരു സംശയം ബാക്കിയുണ്ടായിരുന്നെങ്കിലും ആവേശം കണ്ടപ്പോൾ നിരാശപ്പെടുത്താൻ തോന്നിയില്ല. പിന്നെ MBBS കഴിഞ്ഞു ഹൗസ് സർജൻസി ചെയ്യുന്നവരായതുകൊണ്ടു ഏത് കടത്തിണ്ണയിലും കിടന്നുറങ്ങിക്കോളുമെന്നൊരു ധൈര്യം കൂടെയുണ്ടായിരുന്നു.


അങ്ങനെ വിരുന്നുകാർ വീട്ടിലെത്തി വെടിവട്ടവും ഭക്ഷണവും കഴിഞ്ഞ് കുന്നിൻ മുകളിലേക്കു ട്രെക്കിങ്ങും പ്രശസ്തമായ മനയിലേക്കൊരു വിസിറ്റും നടത്തി. ഹാപ്പിയായി തിരിച്ചെത്തിയപ്പോഴേക്കും നേരം സന്ധ്യയായി. ഊണു കഴിഞ്ഞു രാത്രി ഗേൾസിനെയെല്ലാം ഒരു റൂമിലും ബോയ്സ് കുറച്ചു പേരെ മറ്റൊരു റൂമിലും, ബാക്കി വന്നവരെ മെയിൻ ഹാളിലും കിടത്തിയൊതുക്കി ഒരു തരത്തിൽ  ഉറങ്ങാൻ കിടന്നു.


പിറ്റേന്ന് നേരം പുലരുന്നതെയുള്ളൂ. അപ്പോഴേക്കും ബോയ്സ്ന്റെ റൂമിലെ ബാത്ത്‌റൂമിനുള്ളിൽ ആകെ ബഹളം! അച്ഛനും ഞാനും ഓടിയെത്തി നോക്കി. അതാ ഒരുത്തൻ ബാത്ത്‌റൂമിലെ പുതിയ സ്റ്റീൽ ടാപ്പ് വലിച്ചു പൊട്ടിച്ചു കണ്ണും മിഴിച്ചു നിൽക്കുന്നു! കുളിമുറിയിലും കിടപ്പുമുറിയിലും ജലപ്രളയം! പൊട്ടിയ ടാപ്പുമായി കണങ്കാൽ പൊക്കം വെള്ളത്തിൽ നിൽക്കുന്നവന്റെ മുഖത്ത് പണ്ട് അനാറ്റമി ഡിസെക്ഷനിടെ കെഡാവർ അമ്മച്ചിയുടെ femur വലിച്ചു പൊട്ടിച്ച ലിഞ്ചോ ആണോ ഞാനാണോ കൂടുതൽ മിടുക്കൻ എന്ന ചോദ്യഭാവം.


അച്ഛൻ അധ്യാപകൻ മാത്രമല്ല, അത്യാവശ്യം പ്ലംബറും ആയിരുന്നതിനാൽ പുതിയ കുളിമുറിയിലെ നീരുറവ ഒരു വിധം മാനേജ് ചെയ്തു. 'ഇവന്മാർ ഒന്നും മനുഷ്യന്മാരല്ലേ, വല്ല കരടികളുമാണോ?'- അന്ന് അച്ഛൻ ആത്മഗതം ചെയ്തു കാണണം!



Comments

Random Old Posts