സുലു മോൾ സ്റ്റോറീസ്: STD കഥകൾ - ABG
MD ഫൈനൽ ഇയർ സമയം. പി.ജി.കൾ എല്ലാവരും തിയറി ക്ലാസ്സിലിരിക്കുന്നു. പെട്ടെന്ന് മേശയിലിരുന്ന ഇന്റർകോം ശബ്ദിച്ചു. മാഡം ഫോണെടുത്ത് ശ്രദ്ധിച്ചു, പിന്നെ മറുപടി പറഞ്ഞു. “അതിനെന്താ, ഞങ്ങൾ ടേക്ക് ഓവർ ചെയ്യാം. എന്റെ യൂണിറ്റിൽ അഡ്മിറ്റ് ചെയ്തോളൂ.” ഫോൺ വെച്ച് മാഡം ഫുൾ എക്സൈറ്റ്മെന്റിൽ ഞങ്ങളെ നോക്കി. “ഒരു അടിപൊളി കേസ് വരുന്നുണ്ട്. ഒരു ഒരു Steven Johnson Syndrome. Toxic Epidermolysis Necrosis Overlap caused by Antiretroviral Treatment. SJS, TEN, HIV Antiretroviral drugs എല്ലാം ഒറ്റയടിക്ക് നമുക്ക് ഡിസ്കസ് ചെയ്യാം.”
ക്ലാസ്സിൽ ഫ്രണ്ടിലിരുന്ന ഞാൻ പെട്ടെന്ന് ഞെട്ടി, "ദൈവമേ, ഞാൻ D2 യൂണിറ്റിലാണല്ലോ!"
ഞാൻ: “മാഡം, മെയിൽ ഓർ ഫീമെയിൽ?”
മാഡം: “മെയിൽ പേഷ്യന്റ്.”
ഞാൻ വീണ്ടും ഞെട്ടി. ഞാനും എന്റെ ജൂനിയർ നജീമുമാണ് D2 മെയിൽ വാർഡ് നോക്കുന്നത്. ഞാൻ തിരിഞ്ഞ് നജീമിനെ അന്വേഷിച്ചു. അവനെ സീറ്റിൽ കാണുന്നില്ല. ഫ്രൈഡേ ആയതുകൊണ്ട് പള്ളിയിൽ പോയതാവും.
ഞാൻ: “മാഡം, നമ്മുടെ ജനറൽ വാർഡല്ലേ? ഇത്രയും ഇൻഫെക്ഷ്യസ് ആയ പേഷ്യന്റിനെ എങ്ങനെ ഇവിടെ കിടത്തും? മെഡിസിൻ ഐസൊലേഷൻ വാർഡിൽ പോയി കൺസൾട്ടേഷൻ കണ്ടാൽ പോരേ?”
മാഡം: “What is this Prasy? You can't discriminate against patients like that. Don't you know it is a crime towards humanity?”
കഥയുടെ ഈ സന്ദർഭത്തിൽ പ്രസ്തുത മാഡത്തിനെ നിങ്ങൾ കുറച്ചുകൂടി അറിയണം. She is the best clinician I have ever seen. പെർഫെക്റ്റ് ഡയഗ്നോസിസ്. മാഡത്തിനെ കാണാൻ കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ ആലപ്പുഴയിൽ വരും. മാഡം അറിവ് എപ്പോഴും അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ഏതു പുതിയ ട്രീറ്റ്മെന്റ് മെത്തേഡുകളോ ഡ്രഗ്ഗോ ഇറങ്ങിയാലും അത് പരീക്ഷിക്കാൻ മാഡത്തിന് ഒരു പേടിയുമില്ല. ബാക്കിയുള്ളവർ എങ്ങനെയെങ്കിലും കേസ് ഷണ്ട് ചെയ്യാൻ നോക്കുമ്പോൾ, മാഡം മറ്റ് ഡിപ്പാർട്ട്മെന്റുകളിൽ നിന്നും കേസുകൾ പിടിച്ച് ഡെർമറ്റിൽ അഡ്മിറ്റ് ആക്കും.
സ്ഥിതിഗതികൾ ഇങ്ങനെയായതുകൊണ്ട് എന്റെ പ്രതിഷേധം അതിശയോക്തിയില്ലാതെ തൃണവൽക്കരിക്കപ്പെട്ടു. HIV പേഷ്യന്റിനെ എന്റെ മേൽനോട്ടത്തിലുള്ള വാർഡിൽത്തന്നെ അഡ്മിറ്റ് ചെയ്യാൻ തീരുമാനമായി.
മെയിൽ വാർഡിലെ 16 ബെഡ്ഡിൽ ഒരു സൈഡ് എനിക്കും മറ്റേ സൈഡ് നജീമിനും അവകാശപ്പെട്ടതാണ്. എന്റെ അവസ്ഥ കണ്ട് പ്രവീൺ പറഞ്ഞു, “ഒരു കാര്യം ചെയ്യ്, നജീം വരുന്നതിനു മുൻപ് പേഷ്യന്റിനെ അവന്റെ സൈഡിൽ കിടത്ത്. പിന്നെ അവൻ നോക്കിക്കോളും.”
ഞാനും പ്രവീണും കുതന്ത്രങ്ങൾ മെനഞ്ഞ് മെയിൽ വാർഡിലെത്തിയപ്പോൾ, നജീം എന്റെ സൈഡിലെ ഒഴിഞ്ഞ ബെഡ്ഡിൽ പേഷ്യന്റിനെ കിടത്തി, കേസ് ഷീറ്റിൽ പേരുമെഴുതി എന്നെ ഏൽപ്പിക്കാൻ റെഡിയായി നിൽക്കുന്നു!
എന്നെക്കണ്ടയുടൻ കേസ്ഷീറ്റ് എന്റെ നേരെ നീട്ടി നജീം പറഞ്ഞു, "അങ്ങേരുടെ ദേഹത്തെ സ്കിൻ മുഴുവൻ ഡിറ്റാച്ച്ഡ് ആണല്ലോ... ശ്ശോ! എങ്ങനെ ഇനി കേസെടുക്കും?"
ദേഷ്യം കൊണ്ട് വിറച്ച് ഞാൻ അവനോട് ചോദിച്ചു: "ആരു പറഞ്ഞു എന്റെ സൈഡിൽ പേഷ്യന്റിനെ കിടത്താൻ?"
“പേഷ്യന്റ് അവിടെ വന്നു കിടന്നതാ, ഞാനൊന്നും പറഞ്ഞിട്ടില്ല!”
“ഞാൻ... ഞാൻ ഒരുപാട് SJS, TEN കേസുകൾ കണ്ടിട്ടുണ്ട്. നീയല്ലേ ജൂനിയർ, നീ കേസെടുത്തോ.”
“അതെങ്ങനെ ശരിയാകും? ഇത് പ്രെസിയുടെ സൈഡല്ലേ? ഞാൻ കേസെടുക്കില്ല!”
അതുവരെ അടയും ചക്കരയുമായിരുന്ന ഞാനും നജീമും അങ്ങനെ രണ്ടുവഴിക്കായി. അവസാനം ഡ്യൂട്ടി MO-യുടെ നിർദ്ദേശപ്രകാരം എനിക്ക് തന്നെ കേസ് എടുക്കേണ്ടി വന്നു. ഞാൻ ഒരു മൈൽ അകലെ നിന്ന് ജനറൽ ഇൻസ്പെക്ഷൻ വഴി കേസ് ബുക്ക് കംപ്ലീറ്റ് ചെയ്തു. ഒരു OCD-ക്കാരിയായ എനിക്ക് ഇതൊരു മെന്റൽ ടോർച്ചർ തന്നെയായിരുന്നു.
നെക്സ്റ്റ് ഡേ രാവിലെ സെമിനാർ ഹാളിൽ കേസ് ഡിസ്കഷൻ. പേഷ്യന്റ് വളരെ സിക്ക് ആയതുകൊണ്ട് മാഡത്തിന് ഒരു ABG എടുക്കാൻ മോഹം. അതോടെ എന്റെ പാതി ജീവൻ പോയി. ഹൗസ് സർജൻ ABG എടുക്കില്ല. പിന്നെയാരാണ് എടുക്കേണ്ടത്? ഞാൻ... അതേ, ഞാൻ തന്നെ. എനിക്ക് തലകറങ്ങി.
മാഡം: “ABG എടുക്കാൻ ആർക്കറിയാം?”
ഞാൻ: "മാഡം, ഞാനിതുവരെ എടുത്തിട്ടില്ല. കണ്ടിട്ടുപോലുമില്ല.”
പ്രവീണാണെങ്കിൽ തനിക്കൊരു ബ്ലഡും എടുക്കാനറിയില്ലെന്ന മട്ടിൽ തലകുനിച്ചിരിക്കുന്നു. പെട്ടെന്ന് പിന്നിൽ നിന്നൊരു ശബ്ദം. ഫ്രെഷ് ആയി ജോയിൻ ചെയ്ത ഒരു സർവീസ് പി.ജി. പുള്ളിക്കാരി DCH കഴിഞ്ഞ് MD DVL എടുക്കാൻ വന്നതാണ്. "Madam, it is very simple, you just palpate the radial artery and give a straight prick."
മാഡം: "Good Smitha, very good. You take the blood and show these seniors how to take it."
പുള്ളിക്കാരിയുടെ മുഖം പെട്ടെന്ന് വിളറിവെളുത്തു. ആ മുഖഭാവം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.
ബ്ലഡ് എടുത്തു വന്നപ്പോൾ മാഡത്തിന്റെ വക പുതിയ ട്രീറ്റ്മെന്റ്. "നാളെ മുതൽ നമുക്ക് പേഷ്യന്റിന് അംനിയോട്ടിക് മെംബ്രേൻ ഡ്രെസ്സിംഗ് കൊടുക്കാം. പ്രെസിയും നജീമും ലേബർ റൂമിൽ പോയി അംനിയോട്ടിക് മെംബ്രേൻ എടുത്ത്, സ്റ്റെറിലൈസ് ചെയ്ത് ഡ്രെസ്സിംഗ് കൊടുക്കണം.”
ഞാൻ ചറപറാന്ന് ഞെട്ടി. ഇത് ഇവിടംകൊണ്ടൊന്നും നിൽക്കില്ലെന്ന് എനിക്ക് മനസ്സിലായി. മാഡം ഫുൾ എക്സൈറ്റഡ് ആണ്. ഞാൻ ഹോസ്റ്റൽ റൂമിൽ വന്നു, രാത്രി മുഴുവൻ ചിന്തിച്ചു. ഉറങ്ങാൻ പറ്റുന്നില്ല. മനസ്സ് സംഘർഷഭരിതമായി. വെളുപ്പായപ്പോഴേക്കും ഞാനൊരു ഉറച്ച തീരുമാനമെടുത്തു. രാവിലെ 5 മണിക്ക് KSRTC ബസ്സിൽ കയറി നേരെ തിരുവനന്തപുരത്തേക്ക് വിട്ടു. മൂന്നാഴ്ച ലീവ് എടുത്തതായി വിളിച്ചുപറഞ്ഞു.
നജീമിന്റെ ദിവസേനയുള്ള അംനിയോട്ടിക് മെംബ്രേൻ ഡ്രെസ്സിംഗിൽ സ്കിൻ ഹീൽ ആയി പേഷ്യന്റ് ഡിസ്ചാർജ് ആയിപ്പോയി. പേഷ്യന്റ് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് ഞാൻ ഡിപ്പാർട്ട്മെന്റിൽ തിരിച്ചെത്തിയത്. പിന്നീടുള്ള ഒരു വർഷം വഞ്ചകിയായ എന്നോട് നജീം മിണ്ടിയിട്ടില്ല. എങ്കിലും, ഞങ്ങളിന്ന് പണ്ടത്തെപ്പോലെ അടയും ചക്കരയുമാണ്.

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.