സുലുമോൾ സ്റ്റോറീസ്: STD കഥകൾ - രമേഷും സുരേഷും



ഈ കഥയിലെ കഥാപാത്രങ്ങളെ നമുക്ക് രമേഷ് എന്നും സുരേഷ് എന്നും വിളിക്കാം. PG ട്രെയിനിങ് കഴിഞ്ഞ് ആലപ്പുഴയിൽ സ്വന്തമായി ഡെർമറ്റോളജി ക്ലിനിക്ക് തുടങ്ങിയ കാലം. കേസ് കാണാൻ മടിയായിരുന്നെങ്കിലും PG കാലത്ത് ക്വിസ്സിനും എക്സാമിനും വേണ്ടി വെനറോളജി പഠിച്ച് ഞാൻ അപ്പോഴേക്കും അത്യാവശ്യം ഒരു എക്സ്പെർട്ട് ആയിക്കഴിഞ്ഞിരുന്നു. അങ്ങനെ പ്രാക്ടീസ് പതിയെ പച്ച പിടിച്ചു വരുന്ന സമയത്താണ് 23 വയസ്സുള്ള രമേഷ് എന്നെ കാണാൻ വരുന്നത്. ഉള്ളം കയ്യിൽ കുറച്ചു നാളായി കാണുന്ന ബ്രൗൺ പാടുകളായിരുന്നു അവന്റെ പ്രശ്നം.

PG പഠിക്കുന്ന കാലത്ത് ഇതുപോലുള്ള നാലും അഞ്ചും കേസുകൾ കണ്ടിട്ടുള്ളതുകൊണ്ട് രമേഷിന്റെ കൈ കണ്ട് ഞാൻ സന്തോഷിച്ചു. കാരണം, “syphilitic cornee’' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഈ പാടുകൾ സെക്കൻഡറി സിഫിലിസിലെ ഒരു റെയർ ഫീച്ചർ ആണ്. സെക്ഷ്വൽ ഹിസ്റ്ററി എടുപ്പിൽ 'മന്നാടിയാർ' ആയ ഞാൻ രമേഷിനോട് ഹിസ്റ്ററി ചോദിച്ചു. കുംഭകോണത്തിൽ പിടിക്കപ്പെട്ട വകുപ്പുമന്ത്രിയെപ്പോലെ രമേഷ് സകലതും നിഷേധിച്ചു.

ചോദ്യം ചെയ്യൽ വഴിമുട്ടിയെങ്കിലും എന്റെ കയ്യിൽ മറുവഴിയുണ്ടല്ലോ. ഞാൻ അവന്റെ ബ്ലഡ് എടുത്ത് VDRL, TPHA ടെസ്റ്റുകൾക്ക് വിട്ടു. അടുത്ത ദിവസം റിസൾട്ട് വന്നപ്പോൾ ഞാൻ പ്രതീക്ഷിച്ചതുപോലെ രണ്ടും പോസിറ്റീവ്. റിസൾട്ട് മുന്നിൽ വെച്ച് ഞാൻ രമേഷിനെ വീണ്ടും ചോദ്യം ചെയ്തു. എന്നാൽ രമേഷ് കീഴടങ്ങിയില്ല; ഒരു പുണ്യാളനെപ്പോലെ എല്ലാ സെക്ഷ്വൽ കോൺടാക്റ്റും നിഷേധിച്ചു.

തന്റെ നിരപരാധിത്വത്തിൽ ഡോക്ടർക്ക് യാതൊരു വിശ്വാസവുമില്ലെന്ന് തോന്നിയപ്പോൾ രമേഷ് എന്നോട് പറഞ്ഞു, "മാഡം, എനിക്കിപ്പോൾ ഓർമ്മ വരുന്നു. ഒരു ദിവസം എന്റെ റൂം മേറ്റിന്റെ അണ്ടർവെയർ ഞാൻ അറിയാതെ എടുത്ത് ധരിച്ചു. അങ്ങനെയായിരിക്കും സിഫിലിസിന്റെ അണുക്കൾ എന്റെ ദേഹത്ത് കയറിയത്."

സിഫിലിസിന് പുതിയൊരു 'റൂട്ട് ഓഫ് ട്രാൻസ്മിഷൻ' കണ്ടുപിടിച്ച രമേഷിന്റെ മുന്നിൽ സാക്ഷാൽ ട്രെപ്പൊനീമ പല്ലിഡം പോലും വിറങ്ങലിച്ചു നിന്നിട്ടുണ്ടാകും! എന്തായാലും, പിന്നൊന്നും ചോദിക്കാതെ ഞാൻ രമേഷിന് മരുന്ന് കൊടുത്തു.

രമേഷിന്റെ കണ്ടുപിടിത്തത്തിന്റെ പുതുമ മാറും മുൻപേ, ബാംഗ്ലൂരിൽ ഐ.ടി. ഫീൽഡിൽ വർക്ക് ചെയ്യുന്ന സുരേഷ് കാണാൻ വന്നു. പ്രായം 27. സുരേഷിന്റെയും പ്രശ്നം ഉള്ളം കയ്യിലെ അതേ ബ്രൗൺ പാടുകൾ തന്നെ. വീണ്ടും സിഫിലിസ് ഡയഗ്നോസ് ചെയ്ത ഞാൻ എക്സൈറ്റഡ് ആയി. പക്ഷേ, രമേഷിനെപ്പോലെ സുരേഷും എന്റെ ചോദ്യം ചെയ്യലിൽ വീണില്ല. ഞാൻ VDRL, TPHA ടെസ്റ്റുകൾക്ക് വിട്ടു. ആദ്യത്തേതുപോലെ ഇതിലും രണ്ട് ടെസ്റ്റും പോസിറ്റീവ്. റിസൾട്ട് വെച്ചുള്ള സമ്മർദ്ദ ചോദ്യം ചെയ്യലിലും ഞാൻ മുൻപത്തെപ്പോലെ പരാജയം മണത്തു. തോറ്റുകൊടുക്കാൻ മനസ്സില്ലാതെ ഞാൻ വീണ്ടും വീണ്ടും സുരേഷിനെ ചോദ്യങ്ങൾ കൊണ്ട് മൂടി.

ഗത്യന്തരമില്ലാതെ സുരേഷ് പറഞ്ഞു, "ഡോക്ടർ, ഒരു എട്ടു മാസം മുൻപ് ഞാൻ ആലപ്പുഴ ജനറൽ ഹോസ്പിറ്റലിന്റെ മുന്നിൽ കൂടി നടന്നു പോയപ്പോൾ ഒരു സൂചി എന്റെ കാലിൽ തറച്ചു. എനിക്കുറപ്പാണ്, അതിൽ നിന്നാണ് എനിക്ക് സിഫിലിസ് കിട്ടിയത്."

മൂന്നു മാസം മുൻപു രമേഷിന്റെ മറുപടി കേട്ട് വിറങ്ങലിച്ച ട്രെപ്പൊനീമ പല്ലിഡം, സുരേഷിന്റെ ഈ ഇരുട്ടടിയിൽ മനംനൊന്ത് തൂങ്ങി ചത്തിട്ടുണ്ടാകണം. സുരേഷിന്റെയും പുതിയ 'റൂട്ട് ഓഫ് ട്രാൻസ്മിഷന്റെ' മുന്നിൽ തോറ്റ ഞാൻ പിന്നെ കൂടുതലൊന്നും ചോദിക്കാതെ മരുന്ന് കൊടുത്ത് അവനെയും പറഞ്ഞുവിട്ടു.

വർഷങ്ങൾക്കു ശേഷം മുകേഷ് വന്നപ്പോഴാണ് രമേഷും സുരേഷും എത്രയോ ഭേദമായിരുന്നു എന്ന് എനിക്ക് തോന്നിയത്.

ആ കഥയാണ് അടുത്തത്.


Comments

Random Old Posts