സുലു മോൾ സ്റ്റോറീസ്: STD കഥകൾ - മനപ്പൊരുത്തം
MD രണ്ടാം വർഷം പഠിക്കുമ്പോഴാണ് അവർ കാണാൻ വരുന്നത് - തോമസും ഗ്രേസിയും. ഭാര്യാഭർത്താക്കന്മാരാണ്. വേറെ എവിടെയോ കാണിച്ച് VDRL, TPHA ടെസ്റ്റുകൾ പോസിറ്റീവ് ആയപ്പോൾ MCH-ലേക്ക് റഫർ ചെയ്തതാണ്. ഹിസ്റ്ററി എടുത്ത് STD കാർഡ് എഴുതാനായി തോമസ് ചേട്ടനെ എൻ്റെ Co-PG പ്രവീണിനും, ഗ്രേസി ചേച്ചിയെ എനിക്കും മാഡം അലോട്ട് ചെയ്തു.
അങ്ങനെ തോമസ് ചേട്ടനെയും കൊണ്ട് പ്രവീൺ സെമിനാർ ഹാളിലും, ഗ്രേസി ചേച്ചിയെയും കൊണ്ട് ഞാൻ ലൈബ്രറിയിലും കയറി.
കുശലം പറച്ചിൽ കഴിഞ്ഞപ്പോൾ ഞാൻ കാര്യത്തിലേക്ക് കടന്നു.
“ഗ്രേസി ചേച്ചി, എല്ലാം തുറന്നു പറയണം. നമുക്ക് കറക്റ്റ് ട്രീറ്റ്മെൻറ് ചെയ്യേണ്ടേ? സത്യം മറച്ചുവെച്ചാൽ ട്രീറ്റ്മെൻ്റ് ഫെയിൽ ആകും. ചേച്ചിക്ക് കല്യാണത്തിന് മുൻപോ ശേഷമോ മറ്റു ബന്ധങ്ങൾ ഉണ്ടായിരുന്നോ?”
ചോദ്യം കേട്ട് ഒരു കൂസലുമില്ലാതെ ചേച്ചി തുടങ്ങി. “എൻ്റെ കല്യാണം പത്തൊൻപതാം വയസ്സിലായിരുന്നു. അതിനു മുൻപ്, ഒരു പതിനഞ്ചു വയസ്സു മുതൽ അടുത്ത വീട്ടിലെ ചെറിയാച്ചനുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു. പക്ഷേ ചെറിയാച്ചന് ജോലിയൊന്നും ഇല്ലാത്തതിനാൽ വീട്ടുകാർ കല്യാണത്തിനു സമ്മതിച്ചില്ല. അങ്ങനെയിരിക്കെയാണ് ഇച്ചായനുമായുള്ള കല്യാണം നടക്കുന്നത്.”
ഇതൊരു POCSO കേസ് ആകുമോ എന്ന് ഭയന്നെങ്കിലും ഞാൻ ചേച്ചിയെ വീണ്ടും ചോദ്യം ചെയ്തു.
“വിവാഹശേഷം എന്തെങ്കിലും...?”
നിസ്സാരമായ ഒരു കാര്യം പോലെ ചേച്ചി തുടർന്നു. “ഇച്ചായൻ്റെ കൂടെപ്പോന്നിട്ട് എനിക്ക് രണ്ടുതവണ അബദ്ധം പറ്റിയിട്ടുണ്ട്. ആളൊരു ഓട്ടോ ഡ്രൈവറാണ്.”
ഞാൻ സിഫിലിസിൻ്റെ സോഴ്സ് ഉറപ്പിച്ചു. “ചേച്ചിക്ക് STD-യായ സിഫിലിസ് ആണെന്ന് അറിയാമല്ലോ... ചിലപ്പോൾ അത് അയാളിൽ നിന്നാവാം ചേച്ചിക്ക് കിട്ടിയത്.”
“എനിക്കിതൊന്നും അറിയില്ല ഡോക്ടറേ, ഞാൻ പത്താം ക്ലാസ്സ് തോറ്റതാണ്. പക്ഷേ സുകു ഒരു നല്ല മനുഷ്യനാണ്. വഴിവിട്ട ബന്ധങ്ങളൊന്നുമില്ല. പക്ഷേ, ഇതൊന്നും ഇച്ചായനോട് പറയരുതേ... അദ്ദേഹമറിഞ്ഞാൽ എന്നെ കൊല്ലും!”
ചേച്ചിയുടെ വഴിവിട്ട ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഞാൻ ചൂണ്ടിക്കാട്ടി. ഇച്ചായന് സിഫിലിസ് വന്നത് താൻ മൂലമാണെന്ന് തോന്നിയ ചേച്ചി, അവിടെയിരുന്ന് കർത്താവിനെ കൂട്ടുപിടിച്ച് ഇനി വഴി തെറ്റില്ല എന്ന് ആണയിട്ടു.
അങ്ങനെ ഗ്രേസി ചേച്ചിയുടെ STD കാർഡ് എഴുതി നിറച്ച് പുറത്തിറങ്ങിയപ്പോൾ, അതാ പ്രവീൺ ഒരു കെട്ട് A4 ഷീറ്റുമായി സെമിനാർ ഹാളിലേക്ക് സ്പീഡിൽ നടക്കുന്നു.
“പ്രവീൺ! ഇതുവരെ കേസ് ടേക്കിംഗ് കഴിഞ്ഞില്ലേ?”
“എല്ലാം വന്നിട്ട് പറയാം, പ്രസീ...” ഇതു പറഞ്ഞ് പ്രവീൺ ഹാളിലേക്ക് പാഞ്ഞു.
കുറച്ചുകഴിഞ്ഞപ്പോൾ പ്രവീണും തോമസ് ചേട്ടനും സെമിനാർ ഹാളിൽനിന്ന് പുറത്തുവന്നു. അതാ അവർ മുൻപരിചയക്കാരെ പോലെ പരസ്പരം നോക്കി ചിരിക്കുന്നു! പ്രവീൺ ചേട്ടൻ്റെ തോളിൽ തട്ടുന്നു! എനിക്കൊന്നും മനസ്സിലായില്ല. എന്തായിരിക്കും തോമസ് ചേട്ടൻ പറഞ്ഞത്? ഇവർ എങ്ങനെ ഇത്ര കമ്പനിയായി? എനിക്കാകെ ആകാംക്ഷയായി. പ്രവീണിനെ ഒന്നു കിട്ടിയിട്ട് വേണം കഥ കേൾക്കാൻ. അപ്പോഴേക്കും പന്ത്രണ്ട് മണിയായിരുന്നു. പന്ത്രണ്ട് മണിക്ക് PG ക്ലാസ്സുണ്ട്. അത് ചിലപ്പോൾ രണ്ടുമൂന്ന് മണിവരെ നീളും. ഞാനാകെ അസ്വസ്ഥയായി. അങ്ങനെ എങ്ങനെയൊക്കെയോ ക്ലാസ്സ് കഴിഞ്ഞു. ഞാൻ പ്രവീണിനെ തോമസ് ചേട്ടൻ്റെ ഹിസ്റ്ററിക്കുവേണ്ടി ഘെരാവോ ചെയ്തു.
“പ്രവീൺ, ഇനി കാര്യം പറയൂ... പ്ലീസ്...”
“എൻ്റെ പ്രസീ, പുള്ളിയൊരു ആർമിക്കാരനാണ്. കശ്മീർ മുതൽ കേരളം വരെ കോൺടാക്ട് ഹിസ്റ്ററിയുണ്ട്. അതിൽ ഹോമോ, ഹെറ്ററോ തുടങ്ങിയ എല്ലാ ടൈപ്പും പെടും. ഒരു കാർഡിൽ ഹിസ്റ്ററി എഴുതാൻ സ്ഥലം തികയാത്തതുകൊണ്ട് ഞാൻ രണ്ട് എക്സ്ട്രാ കാർഡ് എടുത്തു. എല്ലാം കഴിഞ്ഞ് ഗ്രേസിയോട് ഒന്നും പറയരുതെന്നും, അവളറിഞ്ഞാൽ എന്നെ കുത്തിമലർത്തുമെന്നും യാചിക്കാനും മറന്നില്ല.”
പൊങ്ങിവന്ന ചിരിയടക്കി ഞാൻ ചോിച്ചു, “അപ്പോൾ നിങ്ങൾ എന്തിനാണ് ഇറങ്ങിവന്നപ്പോൾ പരസ്പരം നോക്കി ചിരിച്ചത്?”
എൻ്റെ ചോദ്യം കേട്ട് പൊട്ടിച്ചിരിച്ച് പ്രവീൺ പറഞ്ഞു, “പുള്ളിക്ക് ഇന്ത്യയിലെ എല്ലാ സ്റ്റേറ്റിലും പരിചയക്കാരുണ്ടത്രേ. അതുകൊണ്ട് എനിക്കൊരു ‘All India tour’ പോകണമെന്നുണ്ടെങ്കിൽ എല്ലാ സഹായവും പുള്ളി ചെയ്തുതരാമെന്ന്!”
ചേച്ചിയുടെയും ഇച്ചായൻ്റെയും മനപ്പൊരുത്തത്തിൽ ആശ്ചര്യപ്പെട്ട് ഞാനും ചിരിച്ചപ്പോൾ സിഫിലിസ് STD കാർഡിലെ വെറുമൊരു നോക്കുകുത്തിയായി.
Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.