The Day




“നിങ്ങൾ മദ്യപിച്ചിട്ടുണ്ടോ?”

പോലീസുകാരൻ്റെ മഞ്ഞക്കണ്ണുകൾ എന്നെ തുറിച്ചുനോക്കി. മദ്യപിച്ചിട്ടുണ്ട് എന്ന മുൻവിധിയുടെ രോഷം മുഖത്തെ പേശികളിൽ വ്യക്തം.

“ഇല്ല!”

“ഇല്ലെങ്കിൽ പിന്നെ വണ്ടി ഇങ്ങനാന്നോ ഓടിക്കുന്നത്?”

“അതു പിന്നെ… ഞാനൊരു ഡോക്ടറാണേ… ഒരു പാട്ടുകേട്ട് താളം പിടിച്ചതാ. പണിത് മടുത്തു വരുന്ന വഴി ഒരു റിലാക്സേഷൻ…”

“ഓ… തന്നേ? ലൈസൻസും പേപ്പറും ഒക്കെ എടുത്ത് വെയ്. എടോ PC, താൻ ഇയാളെക്കൊണ്ട് ഒന്ന് ഊതിക്ക്. ഞാൻ മുന്നിലെ വണ്ടി ചെക്ക് ചെയ്തിട്ട് വരാം.”

CI മുന്നിലേക്ക് നടന്നു. എൻ്റെ മനസ്സ് പിന്നിലേക്കും. ഞാനെങ്ങനെ ഈ അവസ്ഥയിൽ പെട്ടു?

***********************************

പതിവുപോലെ നല്ല തിരക്കുള്ള ദിവസമായിരുന്നു അന്നും. ഹോസ്പിറ്റലിലെ സ്ഥിരം സർക്കസിനു ശേഷം GP-യും കഴിഞ്ഞു തിരിച്ച് വീട്ടിലേക്ക്. ഇരുട്ടു വീണു കഴിഞ്ഞിരുന്നു. പെരുമഴയുടെ മുന്നോടിയായി പൊടിഞ്ഞുതുടങ്ങിയ ചാറ്റൽ മഴ വൈപ്പർ സെൻസറുകളെ ഉണർത്തി. ദൂരെ വെള്ളിടികളുടെ ലേസർ ഷോ, മുന്നിൽ ചുവന്ന ടെയിൽ ലൈറ്റുകളുടെ നീണ്ടനിര, ഒരു ചരടിൽ കോർത്ത കളിത്തീവണ്ടി പോലെ.

രാത്രി ഡ്രൈവിംഗ് ഇപ്പോൾ മഹാദുഷ്കരമാണ്. പോരാത്തതിന് പഴയപോലെ കണ്ണും പിടിക്കുന്നില്ല. ട്രാഫിക് സിഗ്നലിൽ നിശ്ചലമായ കാറിനുള്ളിൽ, ഇടയ്ക്കുള്ള നേർത്ത ഇടിമുഴക്കമൊഴിച്ചാൽ എൻ്റെ ശ്വാസോച്ഛ്വാസം മാത്രം കേൾക്കാം. ഓപ്പറേഷൻ കഴിഞ്ഞു ശ്വാസമെടുക്കാൻ പറ്റാതെ വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയിലേക്ക് മനസ്സുപോയി. ആശുപത്രിയിൽ നിന്നിറങ്ങിയാലും അതും കൂടെ വരും.

സിഗ്നൽ പച്ചയായതും ചുവപ്പ് ലൈറ്റുകളുടെ നിര പതിയെ മുന്നോട്ട് നീങ്ങിത്തുടങ്ങി. ബുദ്ധിമുട്ടുണ്ടെങ്കിലും ഇങ്ങനെ ഒറ്റയ്ക്കുള്ള ഡ്രൈവ് എനിക്കിഷ്ടമാണ്. പലപ്പോഴും ഒരു “മീ ടൈം” കിട്ടുന്നത് ഇങ്ങനെയാണ്. എൻ്റെ ചിന്തകളിൽ പതിയെ മങ്ങൽ വീണു, ക്ഷീണം കൺപോളകളെ അലട്ടാൻ തുടങ്ങി. സാധാരണ ഉറക്കം വരുമ്പോൾ ഞാൻ പാട്ട് കേൾക്കും. പലർക്കും പാട്ടുകേട്ടാലാണ് ഉറക്കം വരുന്നത് പക്ഷേ എനിക്ക് തിരിച്ചാണ്. പാട്ടിൻ്റെ വരികളിലും സംഗീതത്തിൻ്റെ താളത്തിലും മനസ്സുടക്കിയാൽ പിന്നെ അതിന് ഉറങ്ങാൻ പറ്റില്ല. മറ്റൊരു ലോകത്തെ കാഴ്ചകൾ കണ്ടാസ്വദിക്കുന്നതുപോലെ അത് പറന്നുനടക്കും.

പാട്ടിനെക്കുറിച്ച് ആലോചിച്ചപ്പോഴാണ് ബ്ലോഗിന് വേണ്ടിയുള്ള ഒരു ആർട്ടിക്കിൾ കേട്ട് അഭിപ്രായം പറയാൻ ബ്ലോഗാധിപർ പറഞ്ഞത് ഓർത്തത്. എൻ്റെ സൗകര്യത്തിന് ആർട്ടിക്കിൾ ഓഡിയോ ആക്കി വാട്സ്ആപ്പ് അയച്ചു തന്നിരുന്നു. ഇനിയും മാറ്റിവച്ചാൽ ചിലപ്പോൾ കേൾക്കാൻ മറക്കും. അതു മതി ബ്ലോഗർ കലിക്കാൻ. വണ്ടി സ്ലോയാക്കി മൊബൈൽ കൈയിലെടുത്തു. അടുത്ത സിഗ്നലും ചുവപ്പ് തന്നെ. ചില ദിവസങ്ങൾ ഇങ്ങനെയാണ്, എല്ലാ സിഗ്നലിലും ചുവപ്പ് കിട്ടും. കിട്ടിയ അവസരം മുതലാക്കി ഞാൻ ഓഡിയോ ഇട്ടു. ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമായ ഒരു ട്രീറ്റ്മെൻ്റ് ആണെന്നാണു പറഞ്ഞത്. ഏതായാലും കേട്ടുനോക്കാം, ഉറക്കവും പോയിക്കിട്ടും. വണ്ടി വീണ്ടും നീങ്ങിത്തുടങ്ങിയപ്പോൾ ഓഡിയോ പ്ലേ ചെയ്തുതുടങ്ങി. എൻ്റെ പ്രതീക്ഷയ്ക്ക് വിപരീതമായി സ്പീക്കറിൽ നിന്ന് കേട്ടത് ഒരു പാട്ടാണ്.


PC ബ്രെത്ത് അനലൈസറുമായി എത്തി.

“ഊതെടോ.”

ഞാനൂതി. “ബീപ്” എന്നടിച്ച് അനലൈസർ പച്ചക്കൊടി കാണിച്ചു. പച്ച കണ്ട PC എൻ്റെ മുഖത്തേക്ക് നോക്കി. എന്നെക്കണ്ടതും ആളുടെ ഭാവം മാറി.

“ങ്ങേ… സാറായിരുന്നോ?”

“എന്നെ അറിയുമോ?”

“പിന്നെ… സാറെന്നെ മറന്നു കാണും. എൻ്റെ അമ്മാച്ചൻ്റെ എമർജൻസി ഓപ്പറേഷൻ ഒരു മാസം മുമ്പ് സാറാണ് ചെയ്തത്.”

“അതെയോ? അമ്മാച്ചനിപ്പോൾ?”

“ആരോഗ്യത്തോടെ ഇരിക്കുന്നു. നന്ദിയുണ്ട് സാർ.”

ഭാഗ്യം… ഞാൻ ആത്മഗതം ചെയ്തു. അപ്പോഴേക്കും CI മുന്നിലെ വണ്ടി വിട്ടു.

“PC, താനൂതിച്ചോ?”

“ഉവ്വ് സാർ, മദ്യപിച്ചിട്ടില്ല.”

PC മുന്നോട്ട് ചെന്ന് CI-യുമായി കുശുകുശുത്തു. CI എൻ്റെ വണ്ടിയുടെ അടുത്ത് വന്നപ്പോൾ ഞാൻ ലൈസൻസ് നീട്ടി. പുള്ളിയതു വാങ്ങിയില്ല.

“വേണ്ട… സാർ വെച്ചോളൂ. വണ്ടി സൂക്ഷിച്ചോടിക്കണേ. നമ്മളെല്ലാം പണിയെടുത്ത് ക്ഷീണിച്ചവരല്ലേ?”

താങ്ക്സ് പറഞ്ഞ് ഞാൻ വണ്ടി ഓണാക്കി. പെട്ടെന്നൊരു ഇൻസ്പിരേഷനിൽ ഞാൻ CI-യോട് ചോദിച്ചു, “നമ്മളെല്ലാം പണിയെടുത്ത് ക്ഷീണിച്ചവരല്ലേ… ഈ പാട്ടുകേട്ട് ഒന്ന് റിലാക്സ് ചെയ്താലോ?”

CI-യും PC-യും മുഖത്തോടു മുഖം നോക്കി. CI എന്നെ നോക്കി ചെറുതായൊന്നു ചിരിച്ചു. ഞാനും ചിരിച്ചു. പിന്നെ അത്യാവശ്യം ശബ്ദത്തിൽ ഞാൻ കേട്ടുകൊണ്ടിരുന്ന പാട്ട് ഒന്നുകൂടി വെച്ചു.

🎵 🎶 🎵


എന്നെപ്പോലെ തന്നെ ദിവസവും പട്ടിപ്പണിയെടുക്കാൻ വിധിക്കപ്പെട്ട പോലീസുകാരോടൊപ്പമുള്ള റിലാക്സേഷൻ ഒറ്റയ്ക്കുള്ള റിലാക്സേഷനേക്കാൾ മധുരമുള്ളതായി തോന്നി. വീണ്ടും കാറിനുള്ളിലെ പെട്ടിക്കുള്ളിലായപ്പോൾ എന്തോ ഒരു നഷ്ടബോധം. എന്താ ഇങ്ങനെ? മനുഷ്യൻ സോഷ്യൽ മീഡിയ ആനിമലല്ല ഒരു സോഷ്യൽ ആനിമലാണ് എന്ന് പറയുന്നതു നേരാവുമോ? ഗെറ്റ്-ടുഗെദർ കഴിഞ്ഞപ്പോഴും ഇതുപോലൊരു നഷ്ടബോധം തോന്നിയിരുന്നു. എന്തൊക്കെ ബഹളമായിരുന്നു… ബുക്ക്, ബ്ലോഗ്, യൂട്യൂബ് ചാനൽ, പോഡ്കാസ്റ്റ്… ഇപ്പോൾ ഒരുത്തൻ്റെയും പപ്പും പൂടയും പോലും കാണാനില്ല. പവനായി വീണ്ടും ശവമായി.

സ്പീക്കറിലൂടെ ഒഴുകിവന്ന അടുത്ത പദ്യം പെട്ടെന്ന് എൻ്റെ ശ്രദ്ധ അപഹരിച്ചു. പകുതി വരെ പാതിബോധത്തിൽ കേട്ടിരുന്നെങ്കിലും ഞാൻ പുറകോട്ടോടിച്ച് ഒന്നുകൂടി കേട്ടു. പക്ഷേ ഇപ്രാവശ്യം എൻ്റെ മനസ്സും അതിലൊരു വാക്കായി.

പാട്ടിനൊപ്പം പറന്നുപൊങ്ങിയ എൻ്റെ ഭൂതവും ഭാവിയും ഇന്നിൻ്റെ മുന്നിൽ വന്നുനിന്നു. ഗൃഹാതുരത്വത്തിൻ്റെ ഇടനാഴികളിലൂടെ നടന്നുനീങ്ങിയപ്പോൾ ഓർമ്മയുടെ നിറം മങ്ങിയ ചുവരിൽ മാറാല മൂടിയ ഛായാചിത്രങ്ങൾ. ഒരു നിമിഷം അവക്കു മുൻപിൽ നിന്നു. അതെന്നെ ത്രസിപ്പിച്ചു, ചിന്തിപ്പിച്ചു. മനസ്സ് ചിറകുവിരിച്ച് വിഹായസ്സിലേക്ക് പറന്നു. ഓർമ്മക്കുതിരയ്ക്കു കടിഞ്ഞാൺ ഇടാൻ കഴിയുംമുൻപേ അടുത്ത പദ്യം തുടങ്ങി.


Happy D day Friends!

End of Audio.

ശബ്ദം നിലച്ചെങ്കിലും ഞാൻ സീറ്റിൽ നിശ്ചലമായി അമർന്നിരുന്നു. മഴ പെയ്തൊഴിഞ്ഞ രാത്രിയിൽ മിഴികൾ ഈറനണിഞ്ഞു. ഞാൻ പതിയെ ചുറ്റും നോക്കി. വണ്ടി വീട്ടിലെ പോർച്ചിലാണ്. മസിൽ മെമ്മറിയായിരിക്കണം, ഞാൻ വണ്ടിയോടിക്കുകയാണെന്ന ബോധം പണ്ടേ പോയിരുന്നു. വെറുതെയല്ല എഡിറ്റർ ഓഡിയോ കേൾക്കാൻ തന്നത്. നാളെ D-Day ആണ്. ആകസ്മികതയിൽ ഒന്നായ ദിവസം!

ഓർമ്മകളിൽ തളച്ചിടാനുള്ളതല്ല ഇന്ന്, അത് ഓടണം. ഓടിയേ തീരൂ. ഞാൻ നെടുവീർപ്പിട്ടു. ഇന്നത്തെ ഓട്ടമാണല്ലോ നാളെത്തെ ഓർമ്മ. സീറ്റിൽ നിന്ന് ബാഗെടുത്തു വണ്ടി ലോക്ക് ചെയ്ത് ഇറങ്ങുമ്പോൾ മനസ്സ് വീണ്ടും ഭൂതകാലത്തേക്ക് പോയി, ഒരു മുപ്പത്തിയഞ്ചു വർഷം പുറകിലേക്ക്. ഓഫീസ് വിട്ടു വരുന്ന അച്ഛൻ കൊണ്ടുവരുന്ന മസാലദോശ മോഹിച്ചു കാത്തിരിക്കുന്ന ഒരു കൊച്ചുകുഞ്ഞിലേക്ക്. അതിൻ്റെ എരിവും പുളിയും മധുരവും ഓർമ്മയിൽ നുണഞ്ഞ് ഞാൻ വീടിൻ്റെ സ്റ്റെപ്പുകൾ കയറി കോളിംഗ് ബെൽ അടിച്ചു, എന്നെ നോക്കിയിരിക്കുന്ന കണ്ണുകൾക്കായി.

Disclaimer: ഒക്കെ ശരി തന്നെ മക്കളേ, പക്ഷേ വണ്ടി ഓടിക്കുമ്പോൾ മുഴുവൻ ശ്രദ്ധയും റോഡിലും വണ്ടിയിലും വേണം. കവി പലതും പറയും, പക്ഷേ പണി വാങ്ങിക്കരുത്!










Comments

Random Old Posts