← All posts

Calcutta Trip: 10 - എല്ലാം തീർന്നു!

November 19, 2025

 

ആ കുന്നിൻ മുകളിൽ സൂര്യൻ ഉഗ്രമൂർത്തിയായി നിൽക്കുന്ന നട്ടുച്ച. ചങ്കുകൾ മൂന്നു ദിവസത്തെ ട്രെയിൻ യാത്ര കഴിഞ്ഞ് തലേ ദിവസം രാത്രിയിൽ MH-ൽ തിരിച്ചെത്തിയിരുന്നു. ഊണ് കഴിഞ്ഞ് ടിവി റൂമിൽ റിലാക്സേഷന് കയറിയതാണ് നിസാം. ഫാൻ കേടായ ടിവി റൂമിലെ ഉഷ്ണം സഹിക്കവയ്യാതെ ഗഡി താഴത്തെ നിലയിലെ തണുപ്പുള്ള മുറിയിലേക്ക് നടന്നു.

പഴയതുപോലെ കട്ടിലിൽ ചുമരും ചാരി പുസ്തകം വായിക്കുകയാണ് ചങ്ക്. “കൽക്കട്ട” അവസാനിക്കാൻ പോവുകയാണ്. കതക് തുറന്നു വന്ന ഗഡി ചങ്കിനോട് ചോദിച്ചു: “കൽക്കട്ട തീർന്നില്ലേടാ?”

ചങ്ക് കൃഷ്ണമണി മാത്രം ചലിപ്പിച്ചു നിസാമിനെ പാളി നോക്കി. എന്നിട്ട് ചോദിച്ചു: “എടാ, നീ ജോർജ്ജിനോട് നമ്മുടെ ട്രിപ്പിൻ്റെ കാര്യം പറഞ്ഞിരുന്നോ?”

“പിന്നല്ലാ… പറഞ്ഞു.” ഗഡി ഒരു സിഗരറ്റ് പുകച്ച് ജനാലക്കരികിലേക്ക് പോയി. ലങ്സിലേക്ക് പുക വലിച്ചു കയറ്റി, മിച്ചം വന്നത് ജനലിലൂടെ പുറത്തേക്ക് വിട്ട് തുടർന്നു പറഞ്ഞു: “ലിഞ്ചോയും ജോർജ്ജും രാവിലെ ഏതോ ബുക്കെടുക്കാൻ വന്നിരുന്നു. അപ്പോൾ നമ്മുടെ കൽക്കട്ട, മധുവിൻ്റെ ചേച്ചി, സോനാഗാച്ചി, മമ്മി... ഇതൊക്കെ ഞാൻ പറഞ്ഞു കേൾപ്പിച്ചു. പാവങ്ങൾ കൽക്കട്ടയിൽ പോയിട്ടില്ലല്ലോടാ. കാളിഘട്ടിലെ ചെറുക്കന്മാരുടെ കുളത്തിൽ ചാട്ടം ഞാൻ ശരിക്കുമങ്ങ് വർണ്ണിച്ചു. ഓർമ്മയുണ്ടല്ലോ നിനക്ക്, ഒന്നൊന്നര മണിക്കൂർ കഷ്ടപ്പെട്ടാണ് ആ ഡൈനാമിക്ക് ഫ്രെയിം നമ്മൾ ക്യാപ്ച്ചർ ചെയ്തത്.” സിഗരറ്റ് കുറ്റി ജനാലയുടെ പടിയിൽ കുത്തിക്കെടുത്തി പുറത്തേക്കെറിഞ്ഞ് ഗഡി തിരിഞ്ഞു. “നീ എന്താ അവനെ കണ്ടോന്ന് ചോദിച്ചത്?”

ചങ്ക് പുസ്തകത്തിൽ നിന്ന് കണ്ണെടുത്ത് നിസാമിനെ നോക്കി ഊളച്ചിരി ചിരിച്ചു. “എടാ അവൻ ഇവിടെ വന്നിരുന്നു. നിന്നെ കാണുമ്പോൾ പറയാൻ ഒരു മെസേജ് തന്നിട്ടാ പോയത്.”

ഗഡി കസേരയിൽ കിടന്ന ഒരു ഷർട്ട് എടുത്തിട്ടു. “ങ്ങേ.. അതെന്ത് മെസേജ്?”

“നീ ജനിക്കുന്നതിനു മുൻപ് അവൻ പുളുവടിക്കാൻ തുടങ്ങിയതാണെന്ന് പറഞ്ഞേക്കാൻ പറഞ്ഞു.” ചങ്ക് വീണ്ടും ചിരിച്ചു.

ചങ്ക് പറഞ്ഞത് കേട്ട ഗഡി ഭൂതത്തെക്കണ്ടവനെപ്പോലെ കട്ടിലിനരികിലേക്ക് ഒറ്റച്ചാട്ടം. ഒരു കൈ കൊണ്ട് ചങ്കിൻ്റെ കയ്യിലെ ബുക്ക് തട്ടിപ്പറിച്ച് എറിഞ്ഞു. മറു കൈ കൊണ്ട് ചങ്കിൻ്റെ ഷർട്ടിൻ്റെ കോളർ പിടിച്ചു പൊക്കി. “എഴുന്നേൽക്കടാ!” ഗഡി അലറി. “ഇപ്പം പോണം നമുക്ക് കോട്ടയത്തിന്!”

ഗഡിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ ആദ്യം അന്തംവിട്ടെങ്കിലും ചങ്ക് ആത്മസംയമനം പാലിച്ചു. മുണ്ട് അരയിൽ ഉറപ്പിച്ച് കട്ടിലിൽ നിന്നെഴുന്നേറ്റു. “നീ ചൂടാവാതെ അളിയാ… ഇപ്പോ എന്തിനാ കോട്ടയത്ത് പോകുന്നേ?”

ഗഡി അപ്പോഴേക്കും ഒരു ബാഗ് എടുത്ത് മേശയിലിരുന്ന ക്യാമറ സൂക്ഷിച്ച് അതിൽ നിക്ഷേപിച്ചു. “ഇന്നു തന്നെ ബാവൻസ് സ്റ്റുഡിയോയിൽ ഇത് കൊടുത്ത് പ്രിൻ്റാക്കണം. നാളെ ജോർജ്ജിൻ്റെ മുഖത്തേക്ക് നമ്മളെടുത്ത ഫോട്ടോ എറിയണം. കൽക്കട്ട ട്രിപ്പ് പുളുവാണോ അതോ അവൻ്റെ നഷ്ടമാണോ എന്ന് അവൻ അറിയട്ടെ.” ഗഡി ബൈക്കിൻ്റെ താക്കോലെടുത്തു. പാന്റിടാൻ ഒരുങ്ങിയ ചങ്കിനെ പിടിച്ചു വലിച്ചു പറഞ്ഞു: “നീ വാടാ, പാന്റ്സ് ഒന്നും വേണ്ട, മുണ്ട് മതി.” പിന്നെ പുറത്തേക്ക് നടന്നു.

“ഭാഗ്യം, മുണ്ടെങ്കിലും ഉണ്ടല്ലോ,” പുറകേ നടന്ന ചങ്ക് ആത്മഗതം പറഞ്ഞു.

കോട്ടയം ടൗണിൻ്റെ നടുവിൽ, YMCA-യുടെ സൈഡിലാണ് അന്ന് ബാവൻസ് സ്റ്റുഡിയോ. കോട്ടയം ജില്ലയിലെ നമ്പർ വൺ സ്റ്റുഡിയോ. ക്യാമറയുമായി കയറി വന്ന ചങ്കുകളെ സ്റ്റുഡിയോക്കാരൻ സ്വീകരിച്ചു. “നിസാം സാറോ? വരണം!” ഗഡി ഒരു സ്ഥിരം കസ്റ്റമർ ആയിരിക്കണം.

“ബെന്നിച്ചൻ ഉണ്ടോ?” ക്യാമറ കൗണ്ടറിൽ വച്ച് നിസാം ചോദിച്ചു.

“ഉണ്ടല്ലോ, ഇപ്പോ വിളിക്കാം.” പയ്യൻസ് അകത്തു പോയി ബെന്നിച്ചനുമായി വന്നു. “ഹലോ നിസാം സാർ! പുതിയ റോൾ ഉണ്ടോ?”

“ഹലോ ബെന്നിച്ചാ! യെസ്, ഉണ്ട്.” നിസാം ക്യാമറ ബെന്നിച്ചൻ്റെ കയ്യിൽ കൊടുത്തു. എന്നിട്ടു പറഞ്ഞു: “ബെന്നിച്ചാ, ഇത് നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഞങ്ങൾ കുറച്ച് കഷ്ടപ്പെട്ട് എടുത്തതാണ്. കൽക്കട്ടയിൽ വച്ച്. പ്രിൻ്റ് നല്ല സൂപ്പറായിരിക്കണം. കാണുന്നവർ ഞെട്ടണം.”

“തീർച്ചയായും,” ബെന്നിച്ചൻ ക്യാമറ എടുത്ത് പുറക് തിരിച്ചു. “നമ്മളുടെ ബിസിനസ് തന്നെ അതല്ലേ സാറേ…” ഫിലിം എടുക്കാനായി പുള്ളി കവർ തുറന്നു.

കവർ ഊരി ഫിലിം റോൾ കണ്ട ബെന്നിച്ചൻ ഒന്ന് ഞെട്ടി. പിന്നെ കൺഫേം ചെയ്യാനായി ക്യാമറ കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് നിസാമിനോട് ചോദിച്ചു: “സാർ ഫിലിം എവിടുന്നാ മേടിച്ചത്?”

“എറണാകുളത്തുനിന്ന്. എന്തുപറ്റി ബെന്നിച്ചാ?”

“ഫിലിം ഇട്ടത് ഏതോ പൊട്ടനാണ് സാറെ! ദാ ഇത് നോക്കിക്കേ..” ബെന്നിച്ചൻ ക്യാമറ ഉയർത്തി ഗഡിയെ ഫിലിം കാണിച്ചു. “ഫിലിം തലതിരിച്ചാണ് ലോഡ് ചെയ്തിരിക്കുന്നത്. ഒരൊറ്റ പടം പോലും ഇതിൽ ഇല്ല!” ബെന്നിച്ചൻ ഫിലിം റോൾ പുറത്തേക്ക് വലിച്ച് വെട്ടത്തേക്ക് പിടിച്ചു.

ചങ്കും ഗഡിയും ഒരുമിച്ച് അതു കണ്ടു. ഫിലിം ബ്ലാങ്ക് ആണ്! ഒരു തരി വെട്ടം പോലും ആ ഫിലിമിൽ ഇതുവരെ വീണിട്ടില്ല! ചങ്കുകൾ തകർന്നു പോയി. മണിക്കൂറുകൾ കഷ്ടപ്പെട്ടതു വെറുതെയായി. കൽക്കട്ടയിൽ പോയതിന് തെളിവും പോയി. ഇനി എന്തു പറയാൻ? ആരോട് പറയാൻ?

നിസാം ഒന്നും മിണ്ടാതെ ക്യാമറ മേടിച്ച് ബാഗിലിട്ട് പുറത്തിറങ്ങി. 'കമാ' എന്നൊരക്ഷരം രണ്ടു പേരും ഉരിയാടിയില്ല. ബൈക്കിൽ കയറുന്ന വഴി ഗഡി ചങ്കിനോട് ചോദിച്ചു: “നിനക്ക് ഒന്നും പറയാനില്ലേ?”

പുറകിൽ ഇരുന്ന ചങ്ക് ഗഡിയുടെ കാതിൽ മന്ത്രിച്ചു: “എടാ, Don't try to catch a falling knife. അതായത്... നമ്മൾ മൂഞ്ചി!"


(അവസാനിച്ചു)



Comments

Post a Comment


Search This Blog


Top posts from past

  • ദി ഷോമാൻ - പ്രസി - വർഷങ്ങൾക്കു ശേഷമാണു പ്രസി ഉറ്റ സുഹൃത്ത് പർവീണിനെ കാണുന്നത്. അതു ചെന്നെത്തിയത് മറ്റൊരു കഥയിലാണ്...----------------------രണ്ടു വർഷങ്ങൾക്കു ശേഷം ഈയിടെ എന്റെ...

test

The Archive

Browse by label ശേഖരം