← All posts

Calcutta Trip: 2 - Sonagachi

November 05, 2025

 








നിസാം കറങ്ങിത്തിരിഞ്ഞ് തിരിച്ചു വന്നപ്പോഴേക്കും ഉച്ചയായി. മുറിക്കുള്ളിൽ കയറിയ നിസാം കാണുന്നത് കട്ടിലിൽ സുഖമായി കിടന്നുറങ്ങുന്ന ചങ്കിനെയാണ്.

“ഡാ!” നിസാം അലറി.

“അയ്യോ! സോനാഗാച്ചി!” നിലവിളിച്ചു ഞെട്ടിയെഴുന്നേറ്റ ചങ്ക് നിമിഷനേരം കൊണ്ട് സിറ്റുവേഷൻ മനസ്സിലാക്കി. 

“എന്തോന്ന് ഗാച്ചി? എടാ, നീ പ്രിപ്പറേഷൻ നടത്താം എന്ന് പറഞ്ഞല്ലേടാ എന്നെ റെയിൽവേ സ്റ്റേഷനിൽ പറഞ്ഞു വിട്ടത്. എന്നിട്ട് നീ കിടന്നുറങ്ങുന്നോ?”

“ഞാനോ? ഉറങ്ങാനോ?” ചങ്ക് അങ്ങനെ ഒരു സംഭവം കേട്ടിട്ടേയില്ല. “എടാ, ഞാൻ കണ്ണടച്ച് ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. കൽക്കട്ടയിൽ നമുക്ക് എന്തായാലും സോനാഗാച്ചിയിൽ പോകണം.” 

“അവിടെ എന്താ നിൻ്റെ പരിചയക്കാരുണ്ടോ?”

“ഓ... അല്ലടാ മണ്ടാ!” ചങ്ക് പതിയെ കട്ടിൽ വിട്ട് എഴുന്നേറ്റു. “Sonagachi is Asia's largest red-light zone. മനസ്സിലായോ? ഇന്ത്യയിലെ അല്ല, ഏഷ്യയിലെ.” അഴിഞ്ഞു പോയ മുണ്ട് വീണ്ടും അരയിലുറപ്പിച്ച് ചങ്ക് തുടർന്നു: “ഏറ്റവും വലുത് പോട്ടെ, ഏതെങ്കിലുമൊരു ചുവന്ന തെരുവിൽ പോകുന്ന ഈ മെഡിക്കൽ കോളേജിലെ തന്നെ ആദ്യത്തെ വ്യക്തികളാകണം നമ്മൾ!” ചങ്ക് നിസാമിൻ്റെ തോളിൽ രണ്ടു കൈയ്യും വച്ച് കുലുക്കി. ഒളിമ്പിക്സിന് ഓടാൻ പോകുന്നവനെ കോച്ച് മോട്ടിവേറ്റ് ചെയ്യുന്ന പോലെ. 

നിസാം ഒരു പുഞ്ചിരിയോടെ ചുണ്ട് കടിച്ചു. “കൊച്ചു കള്ളൻ! അപ്പോ സോനാഗാച്ചി ഫിക്സ്. ലിസ്റ്റിലെ അടുത്ത ഐറ്റം പറ.” 

“പിന്നെ ഹൗറ ബ്രിഡ്ജ്, വിക്ടോറിയ ടവർ, ദുർഗ ടെമ്പിൾ അങ്ങനെ…” ചങ്ക് പുസ്തകത്തിൽ വായിച്ചതും അപ്പോൾ മനസ്സിൽ വന്നതുമായ കുറച്ച് സ്ഥലങ്ങൾ വെച്ച് കാച്ചി. നിസാം പോയ കാര്യം അപ്പോഴാണ് ചങ്ക് ഓർത്തത്. “ടിക്കറ്റ് കിട്ടിയോടാ?” 

“ടിക്കറ്റോ? ടിക്കറ്റില്ല.” 

നിസാമിൻ്റെ മറുപടി കേട്ട് ചങ്കിന് ചൊറിഞ്ഞു വന്നു. “അപ്പോ നീ പിന്നെ എന്തിനാ പോയത്?” 

“ഡാ, അതായത് അങ്ങോട്ട് റിസർവേഷൻ ഇല്ല. എറണാകുളത്തു നിന്നാണ് ട്രെയിൻ. നമുക്ക് ലോക്കലിൽ കയറിപ്പോകാം. ഇങ്ങോട്ടുള്ള സ്ലീപ്പർ ടിക്കറ്റ് ഞാൻ എടുത്തിട്ടുണ്ട്.” 

“അപ്പോ സെറ്റ്! വാടാ, നമുക്ക് ഊണ് കഴിക്കാൻ പോകാം. രാവിലെ ബുക്ക് വായന കാരണം ബ്രേയ്ക്ക്ഫാസ്റ്റ് കഴിച്ചില്ല, വിശക്കുന്നുണ്ട്.” 

“ഇനിയും മെസ്സിൽ നിന്നും കഴിക്കണോ? നമുക്ക് പുറത്തുപോയാലോ?” നിസാം വയറ് തടവി ചോദിച്ചു. 

“അളിയാ, പൈസ സേവ് ചെയ്യ്. നമുക്ക് കൽക്കട്ടയിൽ പോയി മിഷ്ടി ദോയിയും രസമലായിയും കഴിക്കാം. ഇവിടെയിപ്പോൾ രണ്ടു മൂന്ന് പ്രാവശ്യം ബാത്റൂമിൽ പോകണമെന്നല്ലേയുള്ളൂ. നീ വാ.”

“സോനാഗാച്ചിയിലും ആവശ്യം വരും, അല്ലേ അളിയാ?” നിസാം ശൃംഗരിച്ചു.

“അളിയാ, നീ ധൃതി വെക്കാതെ.” നിസാമിൻ്റെ വയറ്റിൽ കുത്തി ചങ്കും ഊളച്ചിരി ചിരിച്ചു.

അങ്ങനെ ചങ്കും ഗഡിയും വാസു - ഷേരു ഡുവോ നടത്തുന്ന ഹോസ്റ്റൽ മെസ്സിലേക്ക് നടന്നു. റേഷനരിയുടെ മണമുള്ള ചോറുരുള കഷ്ടപ്പെട്ട് ഇറക്കുന്നതിനിടയിൽ പെട്ടെന്ന് നിസാം പറഞ്ഞു: “ഡാ, ഞാൻ വരുന്ന വഴി അന്നാ ഗാലറിയിൽ കയറി. അവിടെ വച്ച് മധുവിനെ കണ്ടു. ഞാൻ നമ്മുടെ കൽക്കട്ട ട്രിപ്പ് മധുവിനോട് പറഞ്ഞു. അപ്പോ മധുവിൻ്റെ ചേച്ചി കൽക്കട്ടയിലുണ്ട്. ചേച്ചിക്ക് കുറച്ച് സാധനങ്ങൾ നമ്മുടെ കൈയ്യിൽ തന്നുവിടുന്നുണ്ട്.” 

“അപ്പോ കൽക്കട്ടയിൽ നമ്മളെ റിസീവ് ചെയ്യാൻ മധുവിൻ്റെ ചേച്ചി വരും?” 

“വരണമല്ലോ... സാധനം നമ്മുടെ കൈയ്യിലല്ലേ.” 

“അപ്പോ അതിഥികൾ എന്ന നിലയിൽ നമുക്കുള്ള എല്ലാ ഏർപ്പാടുകളും മധുവിൻ്റെ ചേച്ചി ചെയ്തോളും, അല്ലേ?”

“വേണമല്ലോ... ഫുഡ് ആൻഡ് അക്കോമഡേഷൻ നമ്മളെ റിസീവ് ചെയ്യുന്നവർ ചെയ്യണം. അതാണല്ലോ അതിൻ്റെ ഒരു ഇത്.” 

“എന്നാപ്പിന്നെ കൊടുക്കാനുള്ള സാധനം ഊണ് കഴിഞ്ഞ് പോയി വാങ്ങിക്കാം. നാളെത്തന്നെ എറണാകുളത്തിന് പോകാം.” പശയുള്ള ചോറു വായിലിട്ട് അണ്ണാക്ക് ഒട്ടിപ്പോയ നിസാമിന് തലകുലുക്കാനെ കഴിഞ്ഞുള്ളൂ.

ഊണ് കഴിഞ്ഞ് കൈ കഴുകി റൂമിലേക്ക് നടക്കുന്ന വഴി നിസാം പറഞ്ഞു: “എറണാകുളത്തിന് രാവിലെ തന്നെ പോണം.” 

“അന്തെന്തിനാടാ? ട്രെയിൻ വൈകിട്ടല്ലേ?”

“ഡാ, ഇതൊരു അടിപൊളി ട്രിപ്പ് ആയിരിക്കും. നമുക്ക് ഇതിൻ്റെ സുന്ദരനിമിഷങ്ങൾ നല്ല ക്ലാസ് ഫോട്ടോയാക്കണം. I mean like Satyajit Ray. അതിനു പറ്റിയ ക്യാമറ ലിക്സന്റെ കയ്യിലുണ്ട്. അവനോട് അത് വാങ്ങണം.” 

“Good idea, my dear boy, good idea!” സത്യജിത്ത് റേയുടെ “സിനിമാ” കഴിവിനെ കുറിച്ച് കണ്ടും വായിച്ചും അറിയാവുന്ന ചങ്കിന് നിസാമിൻ്റെ ഐഡിയാ നന്നേ പിടിച്ചു. നിസാമിൻ്റെ ഉള്ളിലുറങ്ങുന്ന ഒരു സത്യജിത്ത് റേയേ ചങ്ക് ഒരു മിന്നായം പോലെ കണ്ടു. “എന്നാപ്പിന്നെ സമയം കളയാതെ നീ പോയി മധുവിൻ്റെ കൈയ്യിൽ നിന്ന് സാധനം വാങ്ങിച്ചോണ്ട് വാ. ഞാൻ ട്രിപ്പിന് വേണ്ട സാധനങ്ങളുടെ ഒരു ലിസ്റ്റുണ്ടാക്കാം.”

നിസാം ബൈക്ക് എടുത്ത് LH-ലേക്ക് പോയപ്പോൾ ചങ്ക് തിരിച്ച് മുറിയിൽ വന്ന് കട്ടിലിൽ കിടന്നു. ലിസ്റ്റുണ്ടാക്കാനായി കണ്ണടച്ചു. പിന്നെ മെല്ലെ കൂർക്കം വലിച്ചു.

(തുടരും)



Comments

Post a Comment


Search This Blog


Top posts from past

  • ദി ഷോമാൻ - പ്രസി - വർഷങ്ങൾക്കു ശേഷമാണു പ്രസി ഉറ്റ സുഹൃത്ത് പർവീണിനെ കാണുന്നത്. അതു ചെന്നെത്തിയത് മറ്റൊരു കഥയിലാണ്...----------------------രണ്ടു വർഷങ്ങൾക്കു ശേഷം ഈയിടെ എന്റെ...

test

The Archive

Browse by label ശേഖരം