Calcutta Trip: 5 - Charulatha


 

“സൂപ്പ് കൊള്ളാം, അല്ലേടാ?” സ്പൂണിൽ കോരിയെടുത്ത സൂപ്പ് ഒരു സിപ്പ് രുചിച്ച ശേഷം, ചൂടാറ്റാൻ ഊതുന്നതിനിടയിൽ നിസാം ചങ്കിനോടു ചോദിച്ചു.

ചങ്ക് സൂപ്പ് രുചിച്ചു, എന്നിട്ടു പറഞ്ഞു: “തരക്കേടില്ല...”

“തരക്കേടില്ലെന്നോ! പോക്കോണം! സൂപ്പറാണ്. അളിയാ, ഇവിടെത്തന്നെ അക്കോമഡേഷൻ തരപ്പെടുത്തുന്ന രീതിയിൽ വേണം മധുവിൻ്റെ ചേച്ചിയോട് സംസാരിക്കാൻ.”

“സംസാരിക്കാൻ നീയല്ലേ മിടുക്കൻ. നമുക്ക് റൂം റേറ്റൊക്കെ ചോദിച്ചു വെക്കാം. മെനുവിലെ റേറ്റ് കണ്ടിട്ട് റൂം റെന്റും തരക്കേടുണ്ടാവില്ല.”

“നീയല്ലേ “തരക്കേടില്ലാത്ത” ഈ ഹോട്ടലിൽ തന്നെ മതിയെന്ന് പറഞ്ഞത്?” നിസാം കൊണച്ചു.

“എടാ, ഈ സോൾട്ട് ലേക്ക് സിറ്റിയിൽ അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ള ഹോട്ടലല്ലേ ഇത്. മധുവിൻ്റെ ചേച്ചിയുടെ സ്റ്റാൻഡാർഡ് കൂടെ നമ്മൾ നോക്കണ്ടേ. നിന്നെപ്പോലെ എല്ലാവരും ഊരു തെണ്ടികളല്ല.” ചങ്കിൻ്റെ മറുകൊണ.

“അതു നീ പറഞ്ഞത് കറക്റ്റ്. മധുവിൻ്റെ ചേച്ചി അരമണിക്കൂറിനുള്ളിൽ വരാം എന്നല്ലേ പറഞ്ഞത്? അവര് വന്നിട്ടു വേണം ഡിന്നർ മെയിൻ കോഴ്സ് ഓർഡർ ചെയ്യാൻ. നമ്മളെ തരക്കേടില്ലാതെ സത്കരിക്കാനുള്ള അവസരം കൊടുക്കണ്ടേ. അല്ലേൽ മോശമാണ്.”

“നിന്നോട് നൂറ് ശതമാനം ഞാനീക്കാര്യത്തിൽ യോജിക്കുന്നു, നിസാമേ...”

“എന്നാൽ അളിയാ, ഞാൻ ബാത്റൂമിൽ പോയി ബ്ലാഡർ വോയ്ഡ് ചെയ്ത് വയറ്റിൽ അല്പം കൂടി സ്ഥലമുണ്ടാക്കട്ടെ. ചേച്ചിക്കുള്ള ബാഗ് ഇവിടിരിപ്പുണ്ട്, ശ്രദ്ധിക്കണം. ഞാനിപ്പോ വരാം.”

നിസാം പോയതിന് പുറകേ മധുവിൻ്റെ ചേച്ചി ചങ്കുകളുടെ ടേബിൾ കണ്ടുപിടിച്ച് എത്തി. “Hi, you must be Arun Lal, I am Charulatha, Madhulatha’s sister. How are you?”

'സ്പോൺസറെ' കണ്ടതും ചങ്ക് കസേരയിൽ നിന്ന് എഴുന്നേറ്റ് ഭവ്യതയോടെ നമസ്തേ പറഞ്ഞു. “Yes, Yes we are fine.. had a nice trip also. Nizam is in the bathroom and will come soon. Please sit.” നിസാം വന്നിട്ടു വേണം അക്കോമഡേഷൻ്റെ കാര്യം ചർച്ച ചെയ്യാൻ. ചങ്ക് ചേച്ചിക്ക് ഒരു ചെയർ വലിച്ചിട്ടു.

“Oh! No No! I am in a hurry, just give me the bag. I will leave without being a disturbance to you guys.”

ചേച്ചിയുടെ വാക്കുകൾ കേട്ടു ഒരു നിമിഷം സ്തംഭിച്ച ചങ്കിൻ്റെ കണ്ണുകളിൽ താമസിയാതെ ഇരുട്ടു കയറി. “So… so… you are not staying for dinner?” ചോദ്യത്തെക്കാളുപരി അതൊരു അപേക്ഷയായിരുന്നു.

“Sorry, Arun! I have an urgent overseas client meeting, so gotta go. You know the difficulties... working in IT sector!”

എന്തൊക്കെയോ പറയാൻ ചങ്ക് വെമ്പൽ കൊണ്ടെങ്കിലും സ്വരമൊന്നും പുറത്തു വന്നില്ല. മരവിച്ച മാനസികാവസ്ഥയിൽ ചങ്ക് ചേച്ചിയുടെ ബാഗ് എടുത്തു നീട്ടി.

ബാഗ് വാങ്ങി കയ്യിൽ തൂക്കി ടേബിളിൽ ഇരിക്കുന്ന സൂപ്പ് നോക്കി ചേച്ചി പുഞ്ചിരിച്ചു. എന്നിട്ട് ചങ്കിനോട് ചോദിച്ചു: “I see you have already ordered soup. Are you guys staying here?”

ചങ്ക് ഗത്ഗതത്തോടെ പറഞ്ഞു: “അല്ല.. No.. No!” രണ്ടും കൈയ്യും വീശി ആംഗ്യവും കാണിച്ചു. “We don't have much money!” ചേച്ചിയെ പ്രതീക്ഷയോടെ ചങ്ക് നോക്കി.

“Arun, it will be expensive here! Look for tourism departments' rest houses. They provide inexpensive accommodation. Don't expect luxury amenities though!” ചേച്ചി വീണ്ടും പുഞ്ചിരിച്ചു. “Ok Arun! give my regards to Nizam. Enjoy your dinner! Bye.” ചേച്ചി കൈവീശി റ്റാറ്റാ കൊടുത്ത് തിരിഞ്ഞു നടന്നു.

തൻ്റെ ഒരു കൈ ചേച്ചിക്ക് ടാറ്റാ കൊടുത്തതും ചേച്ചി ഇറങ്ങി പോയതും, ഒന്നും ചങ്കിൻ്റെ ബ്രെയിൻ രജിസ്റ്റർ ചെയ്തില്ല. കസേരയിലേക്ക് വീണ ചങ്ക് തണുത്ത സൂപ്പിലേക്ക് നോക്കി ഐസായി ഇരുന്നു.

മൂത്രമൊഴിച്ചു മൂളിപ്പാട്ടും പാടി വന്ന നിസാം സന്തോഷത്തോടെ ബാക്കിയുള്ള സൂപ്പ് ഒറ്റ വലിക്ക് കുടിച്ചു മെനു കയ്യിലെടുത്തു. “അളിയാ, നമുക്കീ Gondhoraj Chicken ഒന്ന് ട്രൈ ചെയ്താലോ? Thumara opinion kya hai?”

ചങ്കിൻ്റെ പ്രതികരണം കിട്ടാതായപ്പോൾ നിസാം തലയുയർത്തി നോക്കി. “നീ ഇതെന്തുവാടേ, അണ്ടി പോയ അണ്ണാനെപ്പോലെ സൂപ്പ് നോക്കിയിരിക്കുന്നത്?”

“നിസാമേ,” ചങ്ക് ഗഡിയെ നോക്കി, “അണ്ടിയും പോയി, അണ്ണാനും പോയി.”

ചങ്കിൻ്റെ മുഖം കണ്ട് നിസാം മെനു താഴെയിട്ടു. “തെളിച്ചു പറ അളിയാ.”

“എടാ, മധുവിൻ്റെ ചേച്ചി വന്നു, ബാഗുമായി പോയി. ചേച്ചിക്ക് പോയിട്ട് ധൃതിയുണ്ടെന്ന്. നമ്മളോട് ഡിന്നർ കഴിച്ചോളാൻ പറഞ്ഞു.”

ചങ്ക് പറഞ്ഞത് കേട്ട് നെഞ്ചും വയറും കത്തിയ നിസാം ടേബിളിൽ മുഷ്ടിചുരുട്ടി ഒറ്റയടി. ചങ്കിൻ്റെ സൂപ്പും ടേബിളിലിരുന്ന കട്‌ലറിയും തെറിച്ചുചാടി. “മൂഞ്ചിയല്ലോടാ! അപ്പോൾ ബാഗും പോയി ചേച്ചിയും പോയി. കൂടെ ഡിന്നറും പോയി അക്കോമഡേഷനും പോയി.” നിസാം വികാരം കൊണ്ടു. പിന്നെ പെട്ടെന്ന് ചങ്കിനെ നോക്കി പറഞ്ഞു: “മിസ്റ്റർ ലാൽ, ഇനിയിപ്പോൾ നിങ്ങൾക്ക് സ്റ്റാൻഡേർഡ് നോക്കണ്ട കാര്യമില്ലല്ലോ. സൂപ്പിൻ്റെ കാശ് കൊടുത്തിട്ട് നമുക്കിനി ഊരു തെണ്ടാം. എടാ, എച്ചി എന്നും എച്ചിയായിരിക്കും.” നിസാം നിരാശയും ദേഷ്യവും കലർന്ന ഒരു പ്രത്യേക ഭാവത്തിൽ കസേരയിൽ നിന്നെഴുന്നേറ്റു. “നിനക്ക് ഇനി വല്ലതും പറയാനുണ്ടോ?” നിസാം ചങ്കിനു നേരേ വിരൽ ചൂണ്ടി ചോദിച്ചു.

ചങ്ക് ഗഡിയെ നോക്കി മന്ദഹസിച്ചു. കസേരയിൽ നിന്ന് എഴുന്നേറ്റു ഗഡിയുടെ മുഖത്തുനോക്കി ശ്രീ ബുദ്ധനെപ്പോലെ ശാന്തനായി പതിയെ പറഞ്ഞു: “Don't try to catch a falling knife.”

“എന്നുവച്ചാ?” നിസാം പല്ല് കടിച്ചു.

ചങ്ക് ഗഡിയെ നോക്കി വീണ്ടും മന്ദഹസിച്ചു. “എന്നുവച്ചാ… നമ്മൾ മൂഞ്ചി, ഇനി ധൈര്യമായി ഊരുതെണ്ടാമെന്ന്. വരൂ..”

"കോപ്പേ, അതല്ലേ ഞാനും പറഞ്ഞത്" എന്ന ഗഡിയുടെ മുഖഭാവം കണ്ടില്ലെന്ന് നടിച്ച് ചങ്ക് മുന്നോട്ട് നടന്നു. പുറകേ നിസാമും.

മധുവിൻ്റെ ചേച്ചിയുടെ ചെലവിൽ കൽക്കട്ടയിൽ കഴിയാമെന്ന വ്യാമോഹം എട്ടു നിലയിൽ പൊട്ടിയ ചങ്കുകൾ സൂപ്പിൻ്റെ ബില്ലും കൊടുത്ത്, ആ 'സ്റ്റാൻഡേർഡ്' ഹോട്ടലിൻ്റെ ഗ്ലാസ് ഡോർ തള്ളിത്തുറന്ന് പുറത്തെ നിശയിലേക്കിറങ്ങി നടന്നു. വഴി സൈഡിൽ നിന്ന് കത്തി റോളും പാനിപൂരിയും കഴിച്ച് വിശപ്പടക്കി, അടുത്തു കണ്ട കൽക്കട്ട ടൂറിസം ഡിപ്പാർട്ട്മെൻ്റിൻ്റെ ഒരു റെസ്റ്റ് ഹൗസിൽ അഭയം പ്രാപിച്ചു. പിന്നെ വയറു തടവി കിടന്നുറങ്ങി.

(തുടരും)




Comments

Random Old Posts