Calcutta Trip: 6 - The Wedding
പോത്തുകളെ പോലെ കിടന്നുറങ്ങിയ ചങ്കുകൾ വലിയ ശബ്ദകോലാഹലം കേട്ടാണ് ഉണർന്നത്. ഗസ്റ്റ് ഹൗസിൽ ഗസ്റ്റുകളായി എത്തിയവർ പരസ്പരം വിശേഷങ്ങൾ കൈമാറി ബഹളം വെക്കുകയാണ്. ഇടക്കിടെ ഉച്ചത്തിലുള്ള തെറിവിളികളും അട്ടഹാസച്ചിരികളും കേൾക്കാം. കൂടുതലും ഹിന്ദിയായതുകൊണ്ട് ചങ്കുകൾക്ക് എന്തൊക്കെയോ മനസ്സിലാകുന്നുണ്ട്.
“എന്തുവാടാ ഇത് ചന്തയോ?” സാധാരണയിലും നേരത്തേ എഴുന്നേൽക്കേണ്ടി വന്നതിൻ്റെ പരിഭവം നിസാം പറഞ്ഞു തീർത്തു.
ജനലിലൂടെ പുറത്തേക്ക് നോക്കി ബ്രഷിൽ പേസ്റ്റ് തേക്കുകയായിരുന്ന ചങ്ക് തിരിഞ്ഞു നോക്കാതെ പറഞ്ഞു: “പിന്നെ ചന്തയിൽ വന്നാൽ ചന്തയല്ലാതായി തോന്നുമോ? എടാ, ഇതൊരു “ചന്ത” സ്ഥലമാണ്.”
“സമയമെത്രയായി? നീയിപ്പോഴേ പല്ലു തേക്കാൻ പോകുവാണോ?” ചങ്കിൻ്റെ ഉദ്യമം ശ്രദ്ധയിൽപ്പെട്ട ഗഡി ചോദിച്ചു.
“ഞാൻ ഉച്ചയ്ക്കാണെങ്കിലും എഴുന്നേറ്റാലുടൻ പല്ലുതേക്കും.”
“അളിയാ, ഉച്ചയാകാറായോ! എങ്കിൽ നമുക്ക് ഊണിൻ്റെ കാര്യം ആലോചിക്കാം,” നിസാം കട്ടിലിൽ നിന്നെഴുന്നേറ്റു.
മാനസിക ഞെരുക്കത്തോടെയാണെങ്കിലും ചങ്കുകൾ രണ്ടും കോമൺ ബാത്റൂമിൽ പോയി പല്ലു തേച്ച്, ഉള്ള വെള്ളത്തിൽ പെട്ടെന്നൊന്നു കുളിച്ചു. തല തോർത്തി തിരിച്ചു വരുന്ന വഴി ഒരു സഹമുറിയൻ ആ വഴി വന്നു. രണ്ടു പേരെയും കണ്ട്, പാൻപരാഗ് നിറഞ്ഞ പല്ല് കാണിച്ചു ചിരിച്ചു. പിന്നെ കൈ കൂപ്പി.
“നമസ്തേ! ആപ്കാ നാം?”
“അരുൺ ലാൽ.”
“ഓർ ആപ്കാ?”
“നിസാം അലി.”
രണ്ടാമത്തെ പേരു കേട്ടതും പുള്ളി വായിൽ നിറഞ്ഞ പാൻ ബാത്ത്റൂമിൻ്റെ ഭിത്തിയിലേക്ക് തുപ്പി. “ഇൻഷാ അള്ളാ! നിസാം ഭായ്, മേം ഹൂ മെഹബൂബ്. ഹൈദ്രാബാദ് സേ...ആപ് യഹാം?” ഇതു പറഞ്ഞ് നിസാമിൻ്റെ തോളിൽ കയ്യിട്ട് സഹമുറിയൻ നിസാമുമായി കുശലം പറഞ്ഞ് മുന്നോട്ട് നീങ്ങി. കലി വന്ന ഗഡി പല്ലുകടിച്ച് ചങ്കിനെ തിരിഞ്ഞു നോക്കി. പിന്നെ നിവൃത്തിയില്ലാതെ മെഹബൂബിൻ്റെ കൂടെ മുന്നോട്ട് പോയി. ഗഡിയെ നന്നായറിയാവുന്ന ചങ്ക് ഒരു ചെറുചിരിയോടെ മുറിയിൽ ചെന്ന് പുറത്തു പോയി ലഞ്ച് കഴിക്കാൻ ഒരുങ്ങി.
ഒരു അഞ്ച് പത്തു മിനിറ്റു കഴിഞ്ഞ് നിസാം എത്തി. ജാതകം നോക്കി ജോത്സ്യൻ “ഹയ്, രാജയോഗം വന്നിരിക്കുന്നൂ” എന്നു പറഞ്ഞാൽ വരുന്ന ഭാവം മുഖത്ത്.
“എന്താടാ, നിന്നെയും ഹൈദ്രാബാദിന് കൊണ്ടു പോകാമെന്ന് അവൻ പറഞ്ഞോ?”
“അതല്ല ലാലുക്കുട്ടാ...” നിസാം ചാടിച്ചാടി പാൻ്റ് വലിച്ചു കേറ്റി. പിന്നെ മുടി ചീകാൻ തുടങ്ങി.
“എടാ, ഈ ഗസ്റ്റ് ഹൗസ് രണ്ടുദിവസത്തേക്ക് ഒരു കല്യാണ പാർട്ടി ബുക്ക് ചെയ്ത് ഇട്ടിരിക്കുകയാണ്. കുറച്ചു പേര് വന്നു, ബാക്കി വന്നുകൊണ്ടിരിക്കുന്നു. ഉച്ചകഴിഞ്ഞ് ദാ ആ കാണുന്ന ഹാളിലാണ് റിസപ്ഷൻ.” ഗഡി ചീപ്പ് കൊണ്ട് ജനാലയിലൂടെ ചങ്കിനെ ലൊക്കേഷൻ കാണിച്ചു. “രാത്രി മുഴുവൻ പരിപാടിയായിരിക്കും.”
“അതുകൊണ്ട് നമുക്ക് എന്താ?”
“നമുക്കെന്താന്നോ? എടാ, ഇവിടെ ഇന്നലെ തങ്ങിയ നമ്മൾ ആരാ? എടാ, അവരുടെ ബന്ധുക്കൾ! ഈ സന്തോഷത്തിൽ പങ്കു ചേർന്ന് അവരുടെ കൂടെ ഡിന്നർ കഴിച്ച് നമ്മൾ കൽക്കട്ട നഗരത്തിലേക്ക് പോകുന്നു. 'നാ തും ജാനേ, നാ ഹം'. മനസിലായോടാ അപ്പുകുട്ടാ?” നിസാം ചീപ്പ് കൊണ്ട് ചങ്കിൻ്റെ കവിളിൽ തോണ്ടി.
“എടാ, എച്ചി എന്നും എച്ചിയായിരിക്കും,” ചങ്ക് ചിരിയടക്കാൻ കഴിയാതെ പറഞ്ഞു.
“അപ്പോ നിനക്ക് ഗാലാ ഡിന്നർ വേണ്ടേ അളിയാ?” ഗഡി തല രണ്ടു വശത്തേക്കും ആട്ടി ആംഗ്യം കാണിച്ച് ചോദിച്ചു.
“വേണം അളിയാ!” ചങ്ക് തിരിച്ച് തല മുകളിലോട്ടും കീഴ്പ്പോട്ടുമാക്കി ആംഗ്യം കാണിച്ച് പറഞ്ഞു.
“എന്നാ വാ, പുറത്തു പോയി തട്ട് അടിച്ചിട്ട് റിസപ്ഷനു പോയി നമുക്കിന്ന് അടിച്ചു പൊളിക്കാം.”
കാത്തി റോൾ കഴിക്കുന്നതിനിടയിൽ കൽക്കട്ടയ്ക്ക് പോകുന്ന ബസിൻ്റെ സമയക്രമം അടുത്തു നിൽക്കുന്ന പുള്ളിയോട് ചോദിക്കാൻ ചങ്കുകൾ തീരുമാനിച്ചു.
“ഭായ് സാബ്,” ചങ്ക് വിളിച്ചു.
പുറകു തിരിഞ്ഞ് നിന്നിരുന്ന പുള്ളി വിളികേട്ട് തിരിഞ്ഞു. ആൾക്ക് ഒരു ഗുണ്ടാ ലുക്കും നെറ്റിയിൽ ചുവന്ന തിലക്കുറിയും. ചങ്ക് ഒന്ന് ശങ്കിച്ചു. പാൻ ചവക്കുകയായിരുന്ന പുള്ളി പല്ലു കടിച്ച് ചങ്കിനെ അടിമുടി നോക്കി. “നാം കാ ഹേ തേരാ?”
“അരുൺ ലാൽ,” ചങ്ക് ചെറിയ ഭവ്യതയോടെ പറഞ്ഞു.
പാൻ റോഡരികിലേക്ക് തുപ്പി സന്തോഷത്തോടെ പുള്ളി പറഞ്ഞു: “റാം റാം, ലാൽ സാബ്! ആപ് നാഗ്പൂർ സേ തോ നഹീം? കഹാം സേ ഹേ ആപ്? കഹിയേ, കാ ഹാൽ ഹേ?”
മലയാളിയുടെയും യുപി ക്കാരൻ്റെയും സംഭാഷണം ഒന്നും മിണ്ടാതെ ഒരു ചിരിയോടെ ഗഡി കണ്ടു നിന്നു. കാര്യശേഖരണം കഴിഞ്ഞ് ചങ്ക് തടി കേടാകാതെ തിരിച്ചു വന്നു. “അപ്പോ നിസാമേ, നീ കേട്ടല്ലോ. സിറ്റിയിൽ നമുക്ക് ചീപ്പായി താമസിക്കാവുന്ന ഒരു സ്ഥലം ഹാരിസൺ സ്ട്രീറ്റിലെ 'പ്രസിഡൻസി ബോർഡിംഗ് ഹൗസ്'. ഞാൻ മറന്നാലും നീ ഓർത്തു വച്ചോണം. രാത്രി എട്ടു മണിക്കാണ് ലാസ്റ്റ് സിറ്റി ബസ്. അതിനു മുൻപ് നമുക്ക് ഗാലാ ഡിന്നർ ഫിനിഷ് ചെയ്യണം.”
“അതിനെന്താ, ദാ ഇവിടുന്ന് നമ്മൾ നേരേ റിസപ്ഷൻ ഹാൾ. സമയം കളയണ്ട.” പാനിപ്പൂരിയുടെ അവസാന തരി വായിലിട്ട് നിസാം പറഞ്ഞു.
“എന്തിനാടാ ഇത്രയും നേരത്തെ പോകുന്നത്?”
“പിന്നെ, അറേഞ്ച്മെന്റ്സൊക്കെ നമ്മൾ ബന്ധുക്കൾ വേണ്ടേടാ നോക്കാൻ. നീ വാ,” ഗഡി ചങ്കിൻ്റെ കൈ പിടിച്ച് മുന്നോട്ട് നടന്നു.
ഒരു ടിപ്പിക്കൽ അർബൻ നോർത്ത് ഇന്ത്യൻ വെഡ്ഡിംഗ് റിസപ്ഷൻ്റെ എല്ലാ സെറ്റപ്പുകളുമുണ്ട് ഹാളിൽ. പതുക്കെ പതുക്കെ വിരുന്നുകാരെയും ബന്ധുക്കളെയും കൊണ്ട് ഹാൾ നിറഞ്ഞു. വധുവും വരനും സ്റ്റേജിൽ എത്തി. പാട്ടും ഡാൻസും ബഹളവും. ഇതിനിടയിൽ കരയിൽ പിടിച്ചിട്ട മീനുകളെപ്പോലെ ചങ്കുകൾ തേരാ പാരാ നടന്നു. ഏതു പൊട്ടനും മനസ്സിലാകും ഇവന്മാർ ക്ഷണിക്കപ്പെടാതെ വലിഞ്ഞു കയറി വന്നിരിക്കുന്ന എച്ചികളാണെന്ന്.
ചങ്കിന് ചെറിയ ചമ്മലുണ്ടെങ്കിലും നിസാമിന് യാതൊരു കൂസലുമില്ല. മരുഭൂമി യാത്രക്കൊരുങ്ങുന്ന ഒട്ടകം പോലെ ബുഫേയിൽ കയറി ഇറങ്ങി നടന്നു തിന്നുകയാണ് ഗഡി. ഇതിനിടയിൽ ഇൻ്റർവൽ എന്ന നിലയിൽ ഡാൻസ് കളിക്കാനും പോകുന്നുണ്ട്.
ലാസ്റ്റ് ബസിൻ്റെ സമയം അടുത്തപ്പോൾ ചങ്ക് നിസാമിനെ മൊബിലൈസ് ചെയ്തു.
“എടാ.. വാ, മതി. പോകാം.”
“പോകാറായോ? പോയേക്കാം. ഞാൻ വരനും വധുവിനും ഒരു ഷേക്ക് ഹാൻഡ് കൊടുത്തിട്ട് വരാം.”
ഗഡി പറഞ്ഞതു കേട്ട് ചങ്ക് ഞെട്ടി. “എടാ പൊട്ടാ, ഇതു വരെ തല്ല് കിട്ടാതെ രക്ഷപ്പെട്ടത് നമ്മുടെ ഭാഗ്യമാണ്. ഇനി നിനക്ക് അതും വേണോ?”
ചങ്കിന്റെ താക്കീത് വകവെക്കാതെ ഗഡി സ്റ്റേജിലേക്ക് നടന്നു. അങ്ങനെ കൽക്കട്ടയിൽ വച്ചു നടന്ന ഏതോ ഒരു കല്യാണ ഫോട്ടോയിൽ കേരളത്തിൽ നിന്നും വലിഞ്ഞു കയറിയ നിസാം പടമായി.
തിരിച്ചു ബസ് സ്റ്റാൻഡിലേക്ക് ഓടുന്ന വഴി, ചൂടായ ചങ്കിനോട് നിസാം പറഞ്ഞു: “എടാ, അവരുടെ ഫുഡ് ഫ്രീയായി കഴിച്ചിട്ട് അവരോട് ഒരു നന്ദിവാക്ക് പറയാതെ പോരുന്നത് മോശമല്ലേടാ?”
ഗഡിയെ കുനിച്ച് നിർത്തി തൊഴിക്കണോ, അതോ കുനിഞ്ഞ് അവൻ്റെ കാല് വണങ്ങണോ എന്ന പിടികിട്ടാത്ത സമസ്യയിൽ കുഴങ്ങി, ലാസ്റ്റ് ബസിൻ്റെ ലാസ്റ്റ് സീറ്റിൽ ഉറങ്ങുന്ന നിസാമിൻ്റെ സൈഡിൽ ഇരുന്ന് ഇരുട്ടിലേക്ക് നോക്കി ചങ്ക് നെടുവീർപ്പിട്ടു.
(തുടരും)

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.