Calcutta Trip: 7 - दस्तूर
ബസിന്റെ കുലുക്കത്തിൽ എപ്പോഴോ ചങ്കും ഉറങ്ങിപ്പോയി. ബംഗാളിയിൽ എന്തോ വിളി കേട്ടാണ് രണ്ടും പേരും ഉണർന്നത്.
“കൽക്കത്ത എസ് ഗേഛേ! നാമുൻ! നാമുൻ!” കണ്ടക്ടർ അവരെ ഇറക്കി വിടാനുള്ള ശ്രമത്തിലാണ്. ചങ്കുകൾ ചാടിയെഴുന്നേറ്റു.
ഇറങ്ങുന്ന വഴി ചങ്ക് കണ്ടക്ടറോട് ചോദിച്ചു: “ഭായ് സാബ്, ഹാരിസൺ സ്ട്രീറ്റ് കൈസേ ജായേഗാ?”
അന്നത്തെ ടിക്കറ്റ് കളക്ഷൻ എണ്ണുകയായിരുന്ന കണ്ടക്ടർക്ക് കണക്ക് തെറ്റി. അതിലുള്ള നീരസം മറയ്ക്കാതെ പുള്ളി പറഞ്ഞു: “നോർത്ത് കൽക്കത്ത ജാനാ ഹേ. റിക്ഷാ പകടോ, ഉസ്കോ മാലൂം ഹോഗാ.”
ചങ്കുകൾ തലകുലുക്കി ബസിൽ നിന്നിറങ്ങിയപ്പോൾ കണ്ടക്ടർ വീണ്ടും കണക്കുകൂട്ടി.
രാത്രിയിലും നഗരം തിരക്കിലാണ്. അതിനിടയിൽ ഒരു സൈക്കിൾ റിക്ഷ പിടിച്ച് ചങ്കുകൾ ലക്ഷ്യത്തിലേക്ക് നീങ്ങി. മിന്നുന്ന ലൈറ്റുകളും ആളുകളുടെ തിരക്കും പതിയെ ഇരുട്ടിലേക്ക് പിൻവാങ്ങി. ഇടുങ്ങിയ ഇടവഴികളിലൂടെയും പൊളിഞ്ഞ ഗലികളിലൂടെയും കുലുങ്ങിക്കുലുങ്ങി റിക്ഷ സഞ്ചരിക്കാൻ തുടങ്ങി. ഇരുട്ടിൻ്റെ മറവിൽ ചങ്കുകൾ പരസ്പരം നോക്കി. ഇയാൾ ഇനി കൊല്ലാൻ കൊണ്ടു പോകുകയാണോ?
പിരിമുറുക്കം കുറയ്ക്കാൻ ചങ്ക് റിക്ഷാക്കാരനോട് ചോദിച്ചു: “ഭായ് സാബ്, യേ... സോനാഗാച്ചി കഹാം ഹേ? കൈസേ ജായേഗാ വഹാം?”
ഗഡി ചങ്കിനെ നോക്കി “എടാ ഭയങ്കരാ!” എന്ന അർത്ഥത്തിൽ തലകുലുക്കി. ചങ്ക് ഊളച്ചിരി ചിരിച്ചു, പക്ഷേ ആ ചെറിയ നിലാവെളിച്ചത്തിൽ നിസാം രണ്ട് നിരപല്ല് മാത്രമേ കണ്ടുള്ളൂ.
“സോനാഗാച്ചി? വോ തോ ആപകെ രഹനേ കി ജഗാ കേ ആസ് പാസ് ഹീ ഹേ. പൈദൽ ജാനാ ഹേ തോ ലഗ്‌ഭഗ് ദസ് മിനിറ്റ്.” റിക്ഷാക്കാരൻ അതിശയോക്തി ഒന്നുമില്ലാതെ മറുപടി പറഞ്ഞു. പുള്ളി ഇത് സ്ഥിരം കേൾക്കുന്നതായിരിക്കും. “യേ ആപ് കാ ജഗാ ആ ഗയാ.” പെട്ടെന്ന് റിക്ഷ നിന്നു.
ചങ്കുകൾ അമ്പരന്നു. “അളിയാ, ഇതാണോ നീ പറഞ്ഞ 'പ്രസിഡൻസി ബോർഡിംഗ് ഹൗസ്'?” നിസാമിന്റെ ചോദ്യം ഒരു വിജനമായ തെരുവിൽ തട്ടി മടങ്ങി വന്നു.
അവരുടെ മുന്നിൽ അവരുദ്ദേശിച്ച “പ്രസിഡൻസി” ആയിരുന്നില്ല, പകരം എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന ഒരു പഴയ കെട്ടിടം. "പ്രസിഡൻസി മെസ്സ് ബാരി" എന്നെഴുതിയ പകുതി അടർന്നുപോയ, പച്ച നിറത്തിലുള്ള ബോർഡ്. അതിനു വെട്ടം നൽകാൻ മാത്രം ഒരു ബൾബ് ഇടയ്ക്കിടെ മിന്നിക്കൊണ്ടിരുന്നു.
"എടാ, എന്തായാലും നമുക്കിപ്പോ കിടക്കാൻ ഒരു സ്ഥലം വേണം. വാ," ചങ്ക് മുന്നോട്ട് നടന്നു.
പാൻ കറയുടെ മണമുള്ള, ഇടുങ്ങിയ ഒരു കോവണി കയറി അവർ മുകളിലെത്തി. കൗണ്ടറിൽ മുഷിഞ്ഞ ബനിയനും ലുങ്കിയുമുടുത്ത് ഒരാൾ ബീഡി വലിച്ചിരിക്കുന്നു.
"ദോ ആദ്മി. ഏക് റൂം," ചങ്ക് പറഞ്ഞു.
ചാവി വാങ്ങി മുറി തുറന്നതും, അതുവരെ കല്യാണ ഭക്ഷണത്തിന്റെ മണം മാത്രമുണ്ടായിരുന്ന നിസാമിന്റെ മൂക്കിലേക്ക് മറ്റൊരു ഗന്ധം അടിച്ചുകയറി. പഴകിയ തടിയുടെയും, എണ്ണയുടെയും, പിന്നെ എന്തൊക്കെയോ അഴുകിയതിന്റെയും സമ്മിശ്ര ഗന്ധം.
"ലാലേ... ഇതിലും ഭേദം ഹൗറ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ആയിരുന്നു. ഇവിടെ പ്രേതങ്ങൾ പോലും താമസിക്കാൻ പേടിക്കും."
"എടാ," ചങ്ക് മുറിയിലെ ഒരേയൊരു ബൾബ് തെളിയിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു, "ഇത് വെറും ലോഡ്ജല്ല. ഇത് ചരിത്രമാണ്. എത്രയെത്ര വിദ്യാർത്ഥികൾ, വിപ്ലവകാരികൾ, കവികൾ... അവരൊക്കെ കിടന്നതാണിവിടെ. ഈ ചുമരുകൾക്ക് ഒരുപാട് കഥകൾ പറയാനുണ്ടാകും. നീ ബ്യോംകേശ് ബക്ഷി എന്ന ഡിറ്റക്റ്റീവിനെപ്പറ്റി കേട്ടിട്ടില്ലേ? പുള്ളി ഇവിടെയാണ് താമസിച്ചിരുന്നത്." ചങ്ക് പണ്ട് കണ്ട സീരിയൽ ഓർമ്മിച്ച് ജനൽ തുറക്കാൻ നോക്കി. അത് തുറന്നില്ല.
നിസാം കട്ടിലിലേക്ക് നോക്കി. വിരിപ്പ് എന്ന് വിളിക്കാൻ പറ്റാത്ത എന്തോ ഒന്ന് ചുരുണ്ടുകൂടി കിടക്കുന്നു. അത് വലിച്ച് ദൂരെയെറിഞ്ഞ് നിസാം കിടന്നു. പിന്നെ ചുവരിൽ പതിയെ കൈ വെച്ചു. “ഈ ചുമരിന് പറയാനുള്ളത് ബക്ഷി കഥയല്ല, വല്ല യക്ഷിക്കഥയുമായിരിക്കും...” പെട്ടെന്ന് നിസാം ചാടിയെഴുന്നേറ്റു. “അളിയാ, ഇവിടെ ഇങ്ങനെ ചരിത്രം മണപ്പിച്ച് ഇരുന്നാൽ ശരിയാവില്ല. നമ്മുടെ ലിസ്റ്റിലെ അടുത്ത ഐറ്റം നോക്കണ്ടേ?” നിസാം കള്ളച്ചിരിയോടെ ചോദിച്ചു.
ചങ്കിന്റെ മുഖം പ്രകാശിച്ചു. “സോനാഗാച്ചി!”
വെഡ്ഡിംഗ് റിസപ്ഷന് ഡാൻസ് കളിച്ചു കിട്ടിയ ഊർജ്ജം അപ്പോഴും ഗഡിയിൽ ബാക്കിയുണ്ട്. "വാ, പോകാം. നമ്മൾ ചരിത്രം സൃഷ്ടിക്കാൻ പോകുവല്ലേ!"
"യെസ്! ദി ഫസ്റ്റ് മെഡിക്കൽ സ്റ്റുഡന്റ്സ്..." ചങ്ക് ഊളച്ചിരി ചിരിച്ചു.
അവർ വീണ്ടും ആ പടികളിറങ്ങി, തെരുവിലേക്ക്. ചോദിച്ച് ചോദിച്ച് നടന്നു പോകാൻ ചങ്കുകൾ തീരുമാനിച്ചു.
സോനാഗാച്ചി അടുക്കും തോറും തെരുവുകൾ ഇടുങ്ങി. വഴിവിളക്കുകൾക്ക് വെളിച്ചം കുറഞ്ഞു, കെട്ടിടങ്ങൾക്ക് ഇരുളിമ കൂടി. ഒരു ചേരിപ്രദേശത്താണ് ചങ്കുകൾ എത്തിപ്പെട്ടത്. ഏറ്റവും താഴെക്കിടയിലുള്ള മനുഷ്യ ജീവിതങ്ങൾ. മണിമാളികകളിൽ ഇരുന്ന് ‘ഭദ്രാലോക്’ പുച്ഛിച്ചിരുന്ന വിലയില്ലാത്ത ‘ഛോടാലോക്’.
ഇരുട്ടിൻ്റെ കനം കുറച്ച നിലാവെളിച്ചത്തിലും അങ്ങിങ്ങ് കത്തുന്ന ബൾബിൻ്റെ വെളിച്ചത്തിലും, ലിക്സന്റെ ക്യാമറയേക്കാൾ ഭംഗിയായി ചങ്കുകൾ ചേരിയുടെ കാഴ്ചകൾ ഒപ്പി. മനസ്സിന്റെ ഫിലിമിൽ അത് ആഴത്തിൽ പതിഞ്ഞു.
അപ്പോഴാണ് ചങ്ക് അത് കണ്ടത്. അവരുടെ വലതുവശത്തുള്ള ചേരിയിലെ ഒരു ഒറ്റമുറി കുടിലിന്റെ തുറന്ന വാതിലിലൂടെ ഒരു കാഴ്ച. അകത്ത് ഒരു ഡിം ബൾബ് കത്തുന്നുണ്ട്. ഒരു യുവാവ്—കുടുംബനാഥനായ ഒരു റിക്ഷാക്കാരൻ ആണെന്ന് തോന്നുന്നു—നിലത്തിരുന്ന്, തൻ്റെ ഭാര്യയുടെ കാലുകൾ മടിയിൽ വെച്ച് അതിൽ എന്തോ പുരട്ടുന്നു. മുറിവിൽ മരുന്ന് വെക്കുന്നതായിരിക്കാം. രണ്ടു പേരും പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുമുണ്ട്. രണ്ടുമൂന്ന് പിള്ളേർ കുടിലിൻ്റെ മുന്നിലുള്ള റിക്ഷയ്ക്ക് ചുറ്റം കളിക്കുന്നു.
അവരുടെ ലോകം ആ ഒറ്റമുറിക്കുള്ളിൽ ഒതുങ്ങിയിരിക്കുന്നു. എങ്കിലും, ആ പ്രവൃത്തിയിൽ ലോകത്തിലെ മറ്റെല്ലാറ്റിനേക്കാളും ആഴമുള്ള എന്തോ ഒന്ന് ചങ്കിന് അനുഭവപ്പെട്ടു. സ്നേഹം. കലർപ്പില്ലാത്ത, യഥാർത്ഥ പ്രണയം.
സോനാഗാച്ചിയിലേക്ക് പോകുന്നത് എന്തിനാണ്? ചങ്ക് തന്നോട് തന്നെ ചോദിച്ചു. വിലകുറഞ്ഞ ആവേശത്തിനുവേണ്ടി ഇറങ്ങിപ്പുറപ്പെട്ട തങ്ങളുടെ വിലയെന്ത്, ആ കുടിലിലുള്ളവരുടെ വിലയെന്ത്?
ഒരു നിമിഷം ആ കുടിലിലേക്ക് നോക്കി നിന്ന ചങ്കിൻ്റെ ചെവിയിലേക്ക് ചേരിയിലെ ഏതോ റേഡിയോയിൽ നിന്ന് ഒരു പാട്ടിൻ്റെ വരികൾ ഒഴുകിയെത്തി:
कहीं किसी भी गली मे जाऊँ मैं
तेरी खुशबू से टकराऊँ मैं
हर रात जो आता है मुझे वो ख्वाब तू
तेरा-मेरा मिलना दस्तूर है
तेरे होने से मुझ में नूर है
मैं हूँ सूना सा इक आसमां महताब तू
तुझपे मरके ही तो
मुझे जीना आया है
"ലാലേ?" നിസാം ചങ്കിനെ തട്ടിവിളിച്ചു.
ചങ്ക് നിസാമിനെ നോക്കി. ചങ്കിൻ്റെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു. "നിസാമേ, നമ്മൾ എന്തൊരു മണ്ടന്മാരാടാ."
നിസാം ഒന്നും മിണ്ടിയില്ല. ഗഡിയും ആ കാഴ്ച കണ്ടിരുന്നു. ഗഡി ചങ്കിന്റെ തോളിൽ കയ്യിട്ടു. "മ്മ്... നമുക്ക് തിരിച്ചു പോകാം."
അവർ തിരിഞ്ഞു നടന്നു. സോനാഗാച്ചി അവർക്ക് പുറകിലെ ഇരുട്ടിൽ അലിഞ്ഞു.
ചങ്ക് നിസാമിനെ നോക്കി. ചങ്കിൻ്റെ കണ്ണുകൾ ചെറുതായി നനഞ്ഞിരുന്നു. "നിസാമേ, നമ്മൾ എന്തൊരു മണ്ടന്മാരാടാ."
നിസാം ഒന്നും മിണ്ടിയില്ല. ഗഡിയും ആ കാഴ്ച കണ്ടിരുന്നു. ഗഡി ചങ്കിന്റെ തോളിൽ കയ്യിട്ടു. "മ്മ്... നമുക്ക് തിരിച്ചു പോകാം."
അവർ തിരിഞ്ഞു നടന്നു. സോനാഗാച്ചി അവർക്ക് പുറകിലെ ഇരുട്ടിൽ അലിഞ്ഞു.
(തുടരും)

Comments
Post a Comment
We appreciate your feedback! Please keep comments relevant and respectful. Comments are moderated.