Calcutta Trip: 9 - The Mummy Returns


 

“നീയൊറ്റ ഒരുത്തനാണ് ഇതിന് കാരണം!” പ്രസിഡൻസി ബോർഡിംഗ് ഹൗസിൻ്റെ ഇടുങ്ങിയ ഗോവണി കയറുന്ന വഴി, നിസാം പുറകിൽ വരുന്ന ചങ്കിനെ നോക്കി പറഞ്ഞു.

“ഞാൻ എന്ത് ചെയ്തെന്നാണ് നീ പറയുന്നത്? നമ്മൾ വരാൻ ലേറ്റായി, മ്യൂസിയം അടച്ചു പോയി, മമ്മിയെ കാണാൻ പറ്റിയില്ല. അത്രയല്ലേ ഉള്ളൂ.” ചങ്ക് ചിരിച്ചു.

കയറിയ രണ്ട് സ്റ്റെപ്പ് താഴേക്കിറങ്ങി ഗഡി ചങ്കിൻ്റെ പാത തടഞ്ഞു. താഴത്തെ സ്റ്റെപ്പിൽ നിന്ന് മുകളിലേക്ക് നോക്കുന്ന ചങ്കിൻ്റെ മുഖത്തേക്ക് കുനിഞ്ഞ് പറഞ്ഞു: “അത്രയേ ഉള്ളൂന്നോ? ഇനി മമ്മിയെ നമുക്ക് കാണാൻ പറ്റുമോ? ദാ നീ നോക്ക്, 28 ഷോട്ട് എടുത്തു.” ക്യാമറയുടെ പുറകുവശത്തെ ഷോട്ട് കൗണ്ടർ കാട്ടി ഗഡി തുടർന്നു: “ഓരോ ഫോട്ടോയും സമയമെടുത്ത് ശ്രദ്ധയോടെ ഫ്രെയിം ചെയ്തതാണ്. അറിയാമല്ലോ നിനക്ക്. മമ്മി ഒറ്റയ്ക്കും മമ്മിയുടെ രണ്ടു വശത്തു നമ്മളും നിന്ന് എടുക്കേണ്ട രണ്ട് ഷോട്ടാണ് പോയത്. അവൻ്റെ ഒരു പ്ലാനിംഗ്! ഇവിടുന്ന് പത്തു മിനിറ്റ് പോലും ഇല്ല ഈ മ്യൂസിയത്തിലേക്ക്. രാവിലെ മ്യൂസിയത്തിൽ കയറിയിട്ട് ഈഡൻ ഗാർഡനിൽ പോയാൽ ഈ ഗതി വരുമായിരുന്നോ? എടാ, സമയം കറക്റ്റ് നോക്കി കറക്ടായി എല്ലാം മാനേജ് ചെയ്യാൻ പഠിക്കണം. നാളെ രാവിലെ പത്തുമണിക്കാണ് തിരിച്ചു പോകേണ്ട ട്രെയിൻ. ഇനിയെങ്ങനെ മമ്മി കാണും?” പരിതപിച്ചു കൊണ്ട് ഗഡി വീണ്ടും ഗോവണി കയറി.

പുറകേ കയറുന്ന ചങ്ക് സമാധാനിപ്പിക്കാൻ ശ്രമിച്ചു. “നമുക്ക് നാളെ രാവിലെ പോയി നോക്കാമെടാ, ഇവിടുന്ന് പത്തുമിനിറ്റല്ലേയുള്ളൂ.”

മുറിയുടെ വാതിൽ തുറക്കുമ്പോൾ ഗഡി ചങ്കിനെ നോക്കി പറഞ്ഞു: “നിൻ്റെയൊരു മൂഞ്ചിയ മാപ്പും പ്ലാനും! വിക്ടോറിയ മെമ്മോറിയലിലേക്ക് നടന്നാ മതിയെന്നല്ലേ സാറ് മാപ്പ് നോക്കി പറഞ്ഞത്? കോപ്പ്! നടന്നത് നാൽപത് മിനിറ്റാണ്, അറിയാമോ?”

കതകു തുറന്ന ഗഡി ക്യാമറാബാഗ് സൂക്ഷിച്ച് മേശയിലേക്ക് വച്ച് കട്ടിലിലേക്കു വീണു. “അയ്യോ, കാലു വേദനിക്കുന്നു. ഇനി നീയെന്നെ രാവിലെ വിളിച്ചാ മതി. ഗുഡ് നൈറ്റ്.” ഗഡി തിരിഞ്ഞു കിടന്നു.

കാലുതടവി കട്ടിലിൽ  ഇരുന്ന ചങ്ക് ജെഫ്രി മൂർഹൗസിന്റെ “കൽക്കട്ട” കയ്യിലെടുത്തു.


പിറ്റേന്ന് രാവിലെ തന്നെ ചങ്കുകൾ എഴുന്നേറ്റു. ബാഗ് പാക്ക് ചെയ്ത് കൽക്കട്ട വിടാൻ തയ്യാറായി. മുറി പൂട്ടി ചാവി തിരിച്ചേൽപിച്ച്, പ്രസിഡൻസി ബോർഡിംഗ് ഹൗസിൻ്റെ പഴകി ദ്രവിച്ച ഗോവണിപ്പടി അവസാനമായി ഇറങ്ങി. കോഫീ ഹൗസിൽ നിന്നും കാപ്പി. പിന്നെ നേരേ ഇന്ത്യൻ മ്യൂസിയത്തിലേക്ക്. അവിടുന്ന് ഹൗറ റെയിൽവേ സ്റ്റേഷൻ, പ്ലാറ്റ്ഫോം 15. പത്തുമണിക്ക് ഹൗറ-എറണാകുളം എക്സ്പ്രസ്, S3 കോച്ച്, സീറ്റ് 16, 17—ഇതാണ് മൊത്തത്തിലുള്ള പ്ലാൻ.

പ്ലാൻ പ്രകാരം ചങ്കുകൾ കൃത്യം എട്ടരയ്ക്ക് മ്യൂസിയത്തിൻ്റെ വാതിൽക്കൽ എത്തി. മ്യൂസിയം തുറക്കുന്ന പുള്ളി ചായ കുടിച്ച് പാൻ ചവച്ച് എത്തിയപ്പോൾ, ദാ നിൽക്കുന്നു മ്യൂസിയം കാണാൻ വന്ന രണ്ട് തെണ്ടികൾ! പുള്ളിയുടെ ഇരുപത് വർഷത്തെ സർവീസിലെ ആദ്യ അനുഭവം. ഒരു ദിവസം ആകെ അഞ്ചോ പത്തോ പേർ വന്നാൽ ഭാഗ്യം എന്നു കരുതുന്ന സ്ഥലത്താണ് രണ്ടു പേർ രാവിലെ മ്യൂസിയം തുറക്കാൻ അക്ഷമയോടെ കാത്തു നിൽക്കുന്നത്.

"ഏതു നാട്ടിൽ നിന്നുള്ള പൊട്ടന്മാരാടാ ഇവർ!" പുള്ളി മനസ്സിൽ പറഞ്ഞു കാണണം.

പുള്ളിയുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു ചങ്കുകളുടെ പിന്നീടുള്ള പ്രവർത്തികൾ. 1814-ൽ പ്രവർത്തനം ആരംഭിച്ച ഇന്ത്യൻ മ്യൂസിയം, ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയം മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നുമാണ്. ഇന്ത്യൻ ആർട്ട്, ജിയോളജി, ആന്ത്രപ്പോളജി, സുവോളജി, ബോട്ടണി, ആർക്കിയോളജി എന്നിങ്ങനെയുള്ള മുപ്പത്തിയഞ്ച് വലിയ ഗാലറികളാണ് മ്യൂസിയത്തിനുള്ളത്.

ഓരോ ഗാലറി തുറക്കുമ്പോഴും ചങ്കുകൾ ആ ഗാലറിയിലേക്ക് ഇടിച്ചുകയറും. ഒരു ഗാലറിയിൽ ഒരു ദിവസമുഴുവൻ കാണാനുള്ള എക്സിബിറ്റുകൾ ഉണ്ട്. പക്ഷേ ചങ്കുകൾ പത്തു മിനിറ്റ് സമയം പോലും ഒരു ഗാലറിയിൽ ചെലവഴിക്കുന്നില്ല. അപ്പോഴേക്കും ഒന്നിൽ നിന്നിറങ്ങി അടുത്ത ഗാലറി തുറക്കാൻ വെയ്റ്റ് ചെയ്യും. ഇവനൊക്കെ പിന്നെന്തിനാണ് മ്യൂസിയം കാണാൻ ക്യാമറയും തൂക്കി വന്നിരിക്കുന്നതെന്ന് മ്യൂസിയം ക്യൂറേറ്റർ വിചാരിച്ചെങ്കിൽ പുള്ളിയെ കുറ്റം പറയാൻ പറ്റില്ല.

പക്ഷേ പുള്ളിക്കറിയില്ലല്ലോ, ചങ്കുകളുടെ ലക്ഷ്യം ഈജിപ്ഷ്യൻ ഗാലറിയിലെ മമ്മി മാത്രമാണെന്ന്!

അങ്ങനെ അഞ്ച് ഗാലറികൾ കയറിയിറങ്ങിയപ്പോൾ ചങ്കുകൾക്ക് ഒരു കാര്യം മനസ്സിലായി. ഇനി നിന്നാൽ ട്രെയിൻ മിസ്സാകും. ആറാമത്തെ ഗാലറി തുറന്ന് ക്യൂറേറ്റർ 'മ്യൂസിയം ഭ്രാന്തന്മാരെ' അന്വേഷിച്ചപ്പോഴേക്കും, ചങ്കുകൾ ഹൗറയിലേക്കുള്ള ബസ്സിൽ കയറിയിരുന്നു.


ചങ്കുകൾ 15-ാം പ്ലാറ്റ്‌ഫോമിലെ ട്രെയിൻ ബോർഡിൽ നോക്കി നിൽക്കുകയാണ്. ഈ ബോർഡിലാണ് അടുത്ത മണിക്കൂറുകളിൽ അവിടെ വരുന്നതും പോകുന്നതുമായ ട്രെയിനുകളുടെ ലിസ്റ്റുള്ളത്. ഈ ലിസ്റ്റ് നോക്കിയാണ് ഹൗറ-എറണാകുളം എക്സ്പ്രസിൻ്റെ S3 കോച്ച്, പ്ലാറ്റ്‌ഫോമിൻ്റെ ഏതു പൊസിഷനിലാണ് വരുന്നത് എന്ന് മനസ്സിലാക്കുന്നത്. അവിടെ നിന്നും വേണം ട്രെയിനിൽ കയറാൻ.

ബോർഡ് മൂന്നുവട്ടം നോക്കിയ ചങ്കുകൾ പിന്നെ മുഖത്തോടു മുഖം നോക്കി. അങ്ങനെയാരു ട്രെയിൻ ബോർഡിലെ ലിസ്റ്റിൽ ഇല്ല!

“എടാ, നീ ടിക്കറ്റെടുത്ത് നോക്കിക്കേ,” ചങ്ക് സംശയദൃഷ്ടിയോടെ ഗഡിയെ നോക്കി.

നിസാം ഷർട്ടിൻ്റെ പോക്കറ്റും പാന്റിൻ്റെ പോക്കറ്റും പരതി. ടിക്കറ്റില്ല.

പിന്നെ ബാഗ് തുറന്ന് ഏറ്റവും പുറത്തെ കള്ളിയിൽ നിന്ന് ടിക്കറ്റെടുത്തു. ബാഗ് തിരിച്ച് തോളിലിട്ട് മടക്കിയ ടിക്കറ്റ് നിവർത്തി.

ഗഡിയുടെ ഓരോ ചലനവും സസൂക്ഷ്മം വീക്ഷിച്ച ചങ്ക് അതുകണ്ടു. ടിക്കറ്റ് പരിശോധന ഒരു പ്രത്യേക സ്ഥലത്തെത്തിയപ്പോൾ ഗഡിയുടെ കണ്ണുകൾ ഒരു നിമിഷം സ്റ്റക്ക് ആയി, മുഖം ചുവന്നു.

“അപ്പോ... നീ എൻ്റെ പ്രതീക്ഷ തെറ്റിച്ചില്ല.” ചങ്ക് അതുവരെ അടക്കിവെച്ച ചിരി ഒരു പൊട്ടിത്തെറിയോടെ പുറത്തുവിട്ടു. “ഏതാടാ തെറ്റ്, ഡേറ്റോ സമയമോ?”

ഗഡി തൊണ്ട ക്ലിയർ ചെയ്തു മനോധൈര്യം വീണ്ടെടുത്തു. പിന്നെ നേർത്ത സ്വരത്തിൽ പറഞ്ഞു: “ചെറിയ ഒരു ഡിഫറൻസ്... നമുക്ക് സഹിക്കാവുന്നതേയുള്ളൂ. ട്രെയിൻ ഇന്നുതന്നെ... പക്ഷേ, വൈകിട്ട് പത്തുമണിക്കാണ്.”

ഗഡിയുടെ നെഞ്ചിൽ തൻ്റെ ചൂണ്ടുവിരൽ അമർത്തി ചങ്ക് ചോദിച്ചു: “ഓഹോ. അപ്പോൾ നിനക്ക് കറക്റ്റ് ടൈം മാനേജ്‌ ചെയ്യാൻ അറിയാം അല്ലേടാ... ട്രെയിനിൻ്റെ സമയം പത്തുമണി. അതായത്, രാവിലെ പത്തുമണി അല്ല.. പകരം രാത്രി പത്തുമണി. അത്രേയല്ലേ ഉള്ളൂ?”

നിസാം ദയനീയമായി തലയാട്ടി.

ചങ്ക് തുടർന്നു: “ഇന്നലെ നീ എന്നോട് എന്താടാ പറഞ്ഞത്? ‘എടാ, സമയം കറക്റ്റ് നോക്കി കറക്ടായി എല്ലാം മാനേജ് ചെയ്യാൻ പഠിക്കണം’ എന്നല്ലേ? എന്നിട്ട് ഇപ്പൊ എങ്ങനെയുണ്ട് നിന്റെ മാനേജ്‌മെന്റ്? വെറും പന്ത്രണ്ട് മണിക്കൂറിന്റെ ഒരു ചെറിയ വ്യത്യാസം!”

ഗഡി തല താഴ്ത്തി.

ചങ്ക് വിടാൻ ഭാവമില്ല. “എടാ, എന്റെ ‘മൂഞ്ചിയ മാപ്പും പ്ലാനും’ കാരണം നമ്മൾ ഇന്നലെ മ്യൂസിയത്തിൽ എത്താൻ പത്ത് മിനിറ്റ് വൈകി. അതിന് നീ എന്നെ ഗോവണിയിൽ തടഞ്ഞു നിർത്തി പ്രസംഗിച്ചു. നിന്റെ ഈ ഗംഭീര പ്ലാനിംഗ് കാരണം നമുക്കിപ്പോൾ പന്ത്രണ്ട് മണിക്കൂർ ഫ്രീയായി കിട്ടിയിരിക്കുന്നു!”

ചങ്ക് നിസാമിന്റെ തോളിൽ തട്ടി. "സന്തോഷിക്കളിയാ, സന്തോഷിക്ക്! ഇനി നമുക്ക് പതിയെ തിരിച്ചുപോകാം. മ്യൂസിയത്തിൽ ചെന്ന് മമ്മിയെ കാണാം. വിലപ്പെട്ട ഫോട്ടോ എടുക്കാം. എന്നിട്ട് ലഞ്ച് കഴിച്ച്, കാളിഘട്ടിൽ പോയി അമ്പലക്കുളത്തിൽ മുങ്ങാംകുഴിയിട്ട് നേർച്ച പൈസ പെറുക്കുന്ന പിള്ളാരുടെ പടവും എടുക്കാം. രാത്രി പത്തുമണിക്ക് വന്നാൽ മതിയല്ലോ. നിന്റെ പ്ലാനിംഗ്... സൂപ്പർ!"

നിസാം പരാജയം സമ്മതിച്ചവനെപ്പോലെ ചങ്കിനെ നോക്കി. "ലാലേ..."

ചങ്ക് ഊളച്ചിരിച്ചു. ഗഡിയുടെ തോളിൽ കൈ വെച്ചു. "എടാ, ഏതായാലും വന്ന സ്ഥിതിക്ക് നമുക്ക് വെയ്റ്റിംഗ് റൂമിൽ കയറി കുളിച്ചിട്ടു പോകാം. രണ്ടു ദിവസമായില്ലേ?”

ഗഡി ശ്വാസം വിട്ടു. തിരിച്ചു ചങ്കിൻ്റെ തോളിൽ കൈവച്ചു. “കുളി ഈസ് എ ഗുഡ് ഐഡിയ ബഡ്ഡി!”

കുളി കഴിഞ്ഞ് തിരിച്ചെത്തിയ ചങ്കുകൾ ബാഗുകൾ സേഫ് ആയി വയ്ക്കാൻ ഒരു സ്ഥലമന്വേഷിച്ചു. സെക്കൻഡ് ക്ലാസ് വെയ്റ്റിംഗ് റൂമിൻ്റെ നടുവിൽ കൂന പോലെ കിടക്കുന്ന ബാഗുകളും ചുറ്റും കുത്തിയിരിക്കുന്ന കുറേ ബംഗാളികളെയും അങ്ങനെയാണ് നിസാം ശ്രദ്ധിച്ചത്. പിന്നെയൊന്നും ഗഡി ആലോചിച്ചില്ല. ക്യാമറ കയ്യിലെടുത്ത് രണ്ട് ബാഗുകളും ആ കൂനയിലേക്ക് ഇട്ടു. തിരിഞ്ഞ്, അമ്പരന്ന് നിന്ന ചങ്കിനോട് പറഞ്ഞു: “ഈ റെയിൽവേ സ്റ്റേഷനിൽ ഏറ്റവും സേഫായ സ്ഥലം അതാണ്. നീ നോക്കിക്കോ, രാത്രി നമ്മൾ വരുമ്പോഴും നമ്മുടെ ബാഗുകൾ അവിടെത്തന്നെ കാണും.”

പുറത്തേക്ക് നടന്ന ഗഡിയുടെ പ്രായോഗികബുദ്ധിയിൽ അഭിമാനിച്ച് ചങ്കും പുറകേ നടന്നു. വീണ്ടും കൽക്കട്ട തെരുവിലേക്ക്.

(തുടരും)




Comments

Random Old Posts