← All posts

Ragging: Part 2 - Sulumol

November 09, 2025

 


ആദ്യത്തെ മുറിയുടെ തുറന്ന ജാലകം പുറത്തെ മരച്ചില്ലകൾക്കിടയിലൂടെ ഒരു പച്ച മാരുതി സെൻ കാർ LH-ന്റെ ഗേറ്റ് കടന്ന് വരുന്നത് പ്രെറ്റിയെ കാണിച്ചു. അത് ഹോസ്റ്റൽ വാർഡൻ ഉഷാ മാഡം അല്ലാതെ മറ്റാരുമായിരുന്നില്ല. എന്തൊരു ടൈമിംഗ്! കാർ കണ്ടതും പ്രെറ്റി "അയ്യോ, ഉഷാ മാഡം!" എന്നു നിലവിളിച്ചുകൊണ്ട് പി.ടി. ഉഷയെ പിന്നിലാക്കുന്ന സ്പീഡിൽ ഓടി രക്ഷപ്പെട്ടു.

ആരെങ്കിലും ഒറ്റിയതായിരിക്കണം, കാരണം മാഡം വ്യക്തമായ ധാരണയോടെ ഷൈനി വിൽസനെക്കാൾ സ്പീഡിൽ ഓടി ഡോർമിറ്ററിയിൽ എത്തി. പേടിച്ചരണ്ട പർവീൺ ഒരു ഫസ്റ്റ് ഇയർ കൊച്ചിന്റെ കട്ടിലിനടിയിൽ കയറി ഒളിച്ചു. ഒന്നാമത്തെയും രണ്ടാമത്തെയും മുറിയിൽ ആരെയും കാണാതെ മൂന്നാമത്തെ മുറിയിൽ നോക്കിയ മാഡം കാണുന്നത് ബാത്ത്റൂമിലേക്ക് ഓടുന്ന എന്നെയാണ്. പുറകെ ഓടിയ മാഡം എന്നെ കയ്യോടെ പിടികൂടി റൂമിന്റെ നടുവിൽ പരസ്യ വിചാരണയ്ക്കായി നിർത്തി. അറക്കാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ ഞാൻ നിന്ന് വിതുമ്പി.

"എന്താടോ തന്റെ പേര്? ഏതാടോ തന്റെ മുറി? താൻ ഇവിടെ എന്തു ചെയ്യുന്നു?" തുടങ്ങിയ മാഡത്തിന്റെ ചോദ്യശരങ്ങൾ തീർത്ത ശയ്യയിൽ ഞാൻ കിടന്നു പിടഞ്ഞു.

ജൂണിയർ അഞ്ജു സിറിയക്കിനോട് ഞാൻ ചെയ്ത ക്രൂരകൃത്യങ്ങൾ ഒരു വെള്ള പേപ്പറിൽ എഴുതി ഒപ്പിട്ട് തരാൻ മാഡം ആജ്ഞാപിച്ചു.

"പോലീസിനെ വിളിക്കട്ടെ?" മാഡം ചോദിച്ചു.

പേടിച്ച് മുട്ടുകൂട്ടിയിടിച്ച ഞാൻ ഒന്നും മിണ്ടാതെ തലകുനിച്ചു.

“റാഗിംഗിന് പോലീസ് പിടിച്ചാൽ ജാമ്യമില്ലാക്കേസാണ്, അറിയാമോടോ?" എന്റെ നേരെ കയർത്ത മാഡം തന്റെ ദേഷ്യം മുറ്റിയ മുഖം തിരിച്ച് അഞ്ജുവിനോട് ചോദിച്ചു: “ഇയാൾ നിങ്ങളെ എന്തൊക്കെ ചെയ്തു?”

“ചാർട്ട് വരയ്ക്കാൻ പറഞ്ഞു.” ഞാനെന്തോ വലിയ പാതകം ചെയ്ത മട്ടിൽ അഞ്ജു മൊഴി നൽകി.

മാഡം വീണ്ടും എന്നെ നോക്കി: "തന്നെ കണ്ടാൽ പറയില്ലല്ലോ തന്റെ സ്വഭാവം ഇതാണെന്ന്! തനിക്ക് ഞാൻ ചാർട്ട് വരച്ചു തരാം, അതു മതിയോ? തന്റെ പേരന്റ്സിനെയും വിളിക്കാം. അവരും അറിയട്ടെ. നാളെ നമുക്ക് ഒരുമിച്ച് പ്രിൻസിപ്പലിന്റെ അടുത്ത് പോകാം. പിന്നെ പോലീസ് സ്റ്റേഷനിലും."

എന്റെ ഹൃദയം എനിക്ക് താങ്ങാവുന്നതിലും വേഗത്തിൽ കുതിച്ചപ്പോൾ ഞാൻ നിന്നു കിതച്ചു. തൊണ്ട വരണ്ടുണങ്ങിയിരുന്നെങ്കിലും മിഴിനീർ മഴയിൽ കണ്ണുകൾ നീരണിഞ്ഞു. ഇമവരമ്പുകൾ നൊടിയിൽ നിറകവിഞ്ഞു, പിന്നെയത് ഒരു അരുവിയായി കവിൾത്തടങ്ങളിലൂടെ ഒഴുകി ഡോർമിറ്ററിയുടെ തറയിൽ ചേർന്നലിഞ്ഞു. മാഡത്തിന്റെ ഭീഷണിയേക്കാളുപരി ജൂനിയേഴ്സിന്റെയും മറ്റുള്ളവരുടെയും മുന്നിൽ നാണം കെട്ടത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല.

ഇടയ്‌ക്കെപ്പോഴോ കരഞ്ഞു കലങ്ങിയ മുഖം ഉയർത്തി നോക്കിയ ഞാൻ എതിർവശത്തെ മുറിയുടെ വാതിൽമറയിൽ ഒളിച്ചിരിക്കുന്ന പ്രെറ്റിയുടെ മുഖം കണ്ടു.

ഇനിമേലാൽ ഇതാവർത്തിക്കരുതെന്നും ഇനിയും ഇതുപോലെ റാഗിംഗിന് പിടിച്ചാൽ TC തന്ന് മെഡിക്കൽ കോളേജിൽ നിന്നും പറഞ്ഞുവിടുമെന്നും താക്കീത് ചെയ്ത് മാഡം തന്റെ ആന്റി-റാഗിംഗ് റെയ്ഡ് പൂർത്തിയാക്കി എന്നെ പറഞ്ഞുവിട്ടു. റൂമിലെത്തിയ ഞാൻ ബെഡിൽ വീണു പൊട്ടിക്കരഞ്ഞു.

കുറച്ച് കഴിഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ട പ്രെറ്റിയും കട്ടിലിനടിയിൽ ഒളിച്ച പർവീണും എന്നെ ആശ്വസിപ്പിക്കാൻ എത്തി. ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ പ്രെറ്റിയെ ഞാൻ വല്ലാതെ ചീത്ത പറഞ്ഞു. “നീയൊക്കെ എന്നെയങ്ങ് കൊല്ല്!” എന്ന പ്രയോഗം എനിക്ക് ചേരില്ലെന്ന് തോന്നിയതുകൊണ്ട് “നിന്റെയൊക്കെ മനസ്സമാധാനത്തിന് ഞാൻ സൂയിസൈഡ് ചെയ്യാം!" എന്ന് ഞാൻ അവരോട് പറഞ്ഞു. ഒരു നാലഞ്ച് തവണ ഞാനിത് ആവർത്തിച്ചപ്പോൾ എന്റെ ഏറ്റവും അടുത്ത സുഹൃത്തായ പർവീൺ പറഞ്ഞു: "എന്നാൽ പിന്നെ സൂയിസൈഡ് തന്നെ ചെയ്യാം. പക്ഷേ നാട്ടുനടപ്പനുസരിച്ച് സൂയിസൈഡ് ചെയ്യാനാഗ്രഹിക്കുന്നവർ ആദ്യം സൂയിസൈഡ് നോട്ട് എഴുതണം. അപ്പോൾ മണ്ണൂ, ആദ്യം അത് ചെയ്യണം.”

അങ്ങനെ പർവീണിന്റെയും പ്രെറ്റിയുടെയും സഹായത്തോടെ ഞാൻ സൂയിസൈഡ് നോട്ട് എഴുതാൻ തുടങ്ങി. ഇതിനിടയിൽ ഏതു രീതിയിൽ കർമ്മം നടപ്പാക്കണം എന്ന ചർച്ചയും ആരംഭിച്ചു. ഒടുവിൽ മുറിയിലെ ഫാനിൽ തൂങ്ങാമെന്ന പ്രെറ്റിയുടെ നിർദ്ദേശം ഞാൻ സ്വീകരിച്ചു. പർവീണും പ്രെറ്റിയും ഫാനിന്റെ കീഴെ പിടിച്ചുതന്ന ഒരു കസേരയിൽ ഞാൻ കയറി. ഒരു ബെഡ്ഷീറ്റെടുത്ത് ഒരറ്റം ഫാനിൽ കെട്ടി മറ്റേ അറ്റത്ത് കഴുത്തിനുള്ള കുരുക്കിട്ടു. കുരുക്ക് കഴുത്തിലിടുന്നതിനു മുൻപ് പർവീൺ പറഞ്ഞു: "കൊച്ചേ, അവസാനമായി ബ്രദറിനെ വിളിച്ച് യാത്ര പറയണ്ടേ?"

ഞാൻ കുരുക്ക് കയ്യിലെടുത്ത് വെയ്റ്റ് ചെയ്യുന്നതിനിടയിൽ പർവീൺ പ്രവീണുമായി ഫോണിൽ ബന്ധപ്പെട്ടു. “പ്രെസിമോളേ, നീ കസേരയിൽ നിന്ന് താഴെയിറങ്ങ്! സ്വന്തം ബ്രദർ ആണ് ഈ പറയുന്നേ, നീ താഴെയിറങ്ങ്! നാളെ നമുക്ക് പരിഹാരം ഉണ്ടാക്കാം,” എന്നിങ്ങനെ പ്രവീൺ നിർത്താതെ പറഞ്ഞുകൊണ്ടിരുന്നു. സഹികെട്ട് ഞാൻ ബെഡ്ഷീറ്റിൽ പിടിച്ച് വലിച്ചു. കോട്ടയം മെഡിക്കൽ കോളേജ് തുടങ്ങിയപ്പോൾ മുതൽ ഫാനിൽ അടിഞ്ഞുകൂടിയ പൊടി മുഴുവൻ എന്റെ ദേഹത്തും ബെഡിലും വീണു. മുറി പൊടികൊണ്ട് നിറഞ്ഞു. പൊടി മൂക്കിൽ വലിച്ചുകയറ്റിയ ഞാൻ നിർത്താതെ തുമ്മാൻ തുടങ്ങി. അങ്ങനെ എന്റെ സൂയിസൈഡ് നാടകം ഒരു കോമഡി ഷോയായി പരിണമിച്ചു.

പിറ്റേ ദിവസം പ്രെറ്റിയും നിഷയും പർവീണും കൂടി ഞാൻ കയറിയ റൂമിലെ ജൂനിയേഴ്സിനെ എന്റെ മുറിയിൽ കൊണ്ടുവന്ന് എന്റെ മുന്നിലിട്ട് കണക്കിന് റാഗ് ചെയ്തു. ചാർട്ടും വരപ്പിച്ചു. ഒത്തിരി കരയുകയും ഒത്തിരി ചിരിക്കുകയും ചെയ്ത ആ ദിവസത്തിനു ശേഷം ഞാൻ ആരെയും റാഗ് ചെയ്യാൻ പോയിട്ടില്ല.

ശുഭം.




Comments

Post a Comment


Search This Blog


Top posts from past

  • ദി ഷോമാൻ - പ്രസി - വർഷങ്ങൾക്കു ശേഷമാണു പ്രസി ഉറ്റ സുഹൃത്ത് പർവീണിനെ കാണുന്നത്. അതു ചെന്നെത്തിയത് മറ്റൊരു കഥയിലാണ്...----------------------രണ്ടു വർഷങ്ങൾക്കു ശേഷം ഈയിടെ എന്റെ...

test

The Archive

Browse by label ശേഖരം