അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ







-മടക്കം-


ഒരു കവിത എഴുതി.
ഹൃദയസ്പർശി അല്ല എന്നൊരു തോന്നൽ
ഒടുവിൽ...
എന്റെ ഹൃദയമെടുത്ത് വാക്കുകളുടെ ഓരങ്ങളിൽ തൂക്കിയിട്ട് പത്രാധിപർക്ക് അയച്ചു
മടക്ക തപാലിൽ തിരികെയെത്തിയ കവറിനുള്ളിൽ താഴിട്ട് പൂട്ടിയ ഹൃദയം വിങ്ങികരയുന്നുണ്ടായിരുന്നു
ശൂന്യമായ നെഞ്ചകം കുറ്റബോധം കൊണ്ട് നീറി




-നാടോടി-


എത്തിനോട്ടങ്ങൾക്കപ്പുറം എന്റെ വീട് എനിക്ക് അപരിചിതമിപ്പോൾ
ഇത്തിരി ഇടം ചോദിച്ച അയൽക്കാരനോട് മുഖം കറുപ്പിച്ച് ഇറങ്ങിപ്പോന്നതാണ്
വീടുപൂട്ടി താക്കോൽ ചുഴറ്റി എറിഞ്ഞ് പൂന്തോട്ടം ചവിട്ടി മെതിച്ചു
തിരിഞ്ഞു നോക്കാതെ...
നാടോടി കൂട്ടങ്ങൾക്ക് ഒപ്പം അലയാം എന്ന് കരുതി
ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ...

നാടോടികൾ എവിടെ? തോളിൽ മാറാപ്പും ഒക്കത്ത് കുഞ്ഞുങ്ങളുമായി ഊര് ചുറ്റുന്ന നാടോടികൾ എവിടെ?
ഓരോ പകലിന്റെ നീളത്തിനുമപ്പുറം എനിക്ക് ഓരോ വീടുകൾ എന്ന് മേനി പറയുന്ന നാടോടികൾ എവിടെ?
ഗൃഹാതുരത്വം മനസ്സിന്റെ വൈകല്യം എന്ന് പരിഹസിച്ച നാടോടികൾ എവിടെ?

നാടോടികൾ നാട്ടുകാരായി മാറിയിരിക്കുന്നു
പുറമ്പോക്കിൽ ഒരു ഇത്തിരി ഇടം വളച്ചു കിട്ടി മൺവീട് പണിഞ്ഞു ചിലർ,
മണിമാളികളിൽ നൂഴ്ന്നു കയറി മുതലാളി ചമഞ്ഞു മറ്റു ചിലർ,
ലോകം നാലു ചുവരുകൾക്കുള്ളിൽ ഒതുക്കി അതിന്റെ അധിപന്മാരായി ഇനി ചിലർ...
ഞാൻ ഒറ്റയ്ക്ക് ആയതുപോലെ...
ഒരു മടക്കയാത്രയ്ക്ക് ഒടുവിൽ....
എന്റെ വീട് കയ്യേറി അവകാശ തർക്കങ്ങളുമായി ആരൊക്കെയോ....





Comments

Anonymous said…
സൂപ്പർ! ഈ ബ്ലോഗിലിടാതെ DC ബുക്ക്സിന് കൊടുത്തൂടെ?
Anonymous said…
Ente v nighade bhavana athirukadakkuunnu
👌
Anonymous said…
Beautiful... waiting for the next one...😍

Random Old Posts