← All posts

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ

December 05, 2025





- ഓർമ - 

ഒരു ചങ്ങാതി കൂട്ടത്തിന്റെ കലപിലകൾക്കപ്പുറം രണ്ടു പതിറ്റാണ്ട് കടന്നു പോയിരിക്കുന്നു, ഓർമകളിൽ…
ഒരു പുഞ്ചിരിയുടെ ഓരത്തു കണ്ടു മുട്ടി,
ഒരു പൊട്ടിച്ചിരിയുടെ മുഴക്കത്തിൽ കൂട്ടായി,
ഒരു പരിഭവത്തിന്റെ പിടച്ചിലിൽ ആഴ്ന്നിറങ്ങിയ സൗഹൃദത്തിന്റെ വേരുകളുണ്ട്...
വേദനയുടെ ദുരിത കാലങ്ങളിലും നിമിഷാർഥങ്ങൾ കൊണ്ട് പാഠങ്ങൾ പകർന്നു തന്ന് മറഞ്ഞു പോയ ചില മനുഷ്യരുണ്ട്...
ഒരു കണ്ണിടച്ചിലിൽ, നീയിതെങ്ങനെയറിഞ്ഞു എന്ന അത്ഭുതത്തിൽ...
പറഞ്ഞു തീരാത്ത സൗഹൃദത്തിന്റെ അങ്ങേ അറ്റത്തു, ഇനി ഒന്നിച്ച് എന്നുറക്കെ പറഞ്ഞ പ്രണയങ്ങളുണ്ട്...
വഴികൾ സാമാന്തരങ്ങളെന്നും, ഒരു കൂട്ടിമുട്ടലിന് സാധ്യത തീരെയില്ലെന്നും തിരിച്ചറിഞ്ഞു,
ഒരു തുറന്നു പറച്ചിൽ കൊണ്ട് പോലും ഭംഗി കളയാത്ത നിശബ്ദ പ്രണയങ്ങളുണ്ട്....
വായിച്ചാൽ തീരാത്ത അക്ഷരക്കൂട്ടങ്ങൾക്ക് അനുഭവങ്ങളുടെ വെളിച്ചം പകർന്ന്‌ മുമ്പേ നടന്നു പോയ ചിലരുണ്ട്...
കാലത്തിന്റെ ഗതി വേഗങ്ങളിൽ ചിതറി പറന്നെങ്കിലും ഉയരെ പറക്കുമ്പോഴും വഴി മാറാതെ നമ്മൾ ഒന്നായിരുന്നു എന്നും...
ഒരൊറ്റ മരത്തിലെ തളിരിലകളായിരുന്നെന്നും മറക്കാതിരിക്കാൻ ഓർമകളുടെ ഈ നൂലിഴകൾ കൂടെയുണ്ട് എന്നും…



- മനസ്സ് -

വെളുത്ത മിനുസമേറിയ പ്രതലം...
ഇരുണ്ട ചട്ടക്കൂടിനുള്ളിലും തിളക്കം മങ്ങാതെ...
അടുത്തുവരുന്ന നിഴലുകൾക്ക് നേരെ മുഖം തിരിച്ച്...
മറവിൽ പതുങ്ങി വരുന്ന കള്ള കൈകളിൽ നിന്ന് വഴുതി മാറി....
നീണ്ടുവരുന്ന മുള്ളാണികളിൽ തട്ടി പോറലേൽക്കാതെ,
കാത്തുസൂക്ഷിച്ചത്...
സുതാര്യം...
കരടുകൾ ഇല്ലാത്ത കാഴ്ച.... തെളിമയോടെ....
അകന്നു മാറിയ സമയം... ഒരു കൺകെട്ടുകാരൻ...
മൂടിപ്പോയ ചിന്തകൾ....
ചിതറി വീണ ചോര തുള്ളികൾ....
ഒഴുകി വീണത് കുത്തേറ്റു പിടഞ്ഞ നിന്റെ ഹൃദയത്തിൽ നിന്നും..
പൊട്ടി തകർന്ന്....
ഒരു ആർത്തനാദത്തിന്റെ പ്രകമ്പനത്തിൽ....
പേടിസ്വപ്നങ്ങളുടെ കാളിമയിൽ മറഞ്ഞു മറഞ്ഞു....


- വാക്ക് - 


ഒരൊറ്റ വാക്കേ ഉണ്ടായിരുന്നുള്ളൂ
കുനിപ്പും വള്ളിയും ദീർഘവും ഒക്കെയുള്ള ഒരു വാക്ക്
കൈകളിലേറ്റി നടക്കാൻ ഒരു ചെറു കൂട്ടവും
വള്ളി കാലുകൾ ഊരിയെടുത്ത് ഊന്നു വടികൾ ആക്കി ആ വഴി നടന്നുപോയി ചിലർ
കുനിപ്പിന്റെ അറ്റത്ത് ചക്രങ്ങൾ പിടിപ്പിച്ച് കളിവണ്ടി ഉണ്ടാക്കി മറ്റു ചിലർ
ദീർഘങ്ങൾ ചേർത്തുവച്ച വൃത്തത്തിനുള്ളിൽ വട്ടത്തിൽ ഉഴറി ഇനി ചിലർ.
ഊടും പാവും നഷ്ടപ്പെട്ട അക്ഷരക്കൂട്ടങ്ങൾ വഴുതിവീണു,
താങ്ങി നടന്ന കൈകൾ ശൂന്യമായി
ഭൂതകാല ചുഴികളിൽ അവർ അമർന്നടിഞ്ഞു പോകുമെന്ന് പരിഹസിച്ച് വഴിപോക്കർ
പക്ഷേ..
ഓർമ്മകളുടെ നീറ്റലിലും ചിന്തകളുടെ കണിശതയിലും,ആർജിച്ചെടുത്ത കരുത്തിൽ,
അനുഭവങ്ങളുടെ ചൂട്ടുകറ്റയും കത്തിച്ച്,
ഒരു കൂട്ടം അക്ഷരങ്ങൾ ശൂന്യമായ കൈകളിലേക്ക് ഓടിക്കയറി വരികയും,
അനുസ്യൂതം ഒഴുകുന്ന കവിതയായി മാറുകയും ചെയ്തു
ശേഷം...ഭാവനയുടെ ചിറകുകൾ മുളച്ച് പറന്നു പറന്നു...


 - പുനർജ്ജന്മം - 

തിരിഞ്ഞ തലയുമായെപ്പോഴും മുന്നോട്ട് നടക്കുവർക്കൊരു ആശ്വാസമാകുമെങ്കിലോ…
വഴിയിൽ വീണുപോയൊരു മാണിക്യം പിൻനോട്ടമാഗ്രഹിച്ചു തിളക്കം മായാതെ കാത്തുകിടപ്പുണ്ടെങ്കിലോ...
ഒരു കുതിപ്പിനുള്ള ഊർജ്ജം ഇനിയുമാ നീളൻ വരാന്തകളിൽ ബാക്കിയുണ്ടെങ്കിലോ…
അന്നു കണ്ടിട്ടും ചൂടാതെ പോയൊരു ചെമ്പകപ്പൂ ഇനിയും വാടാതെ നിൽക്കുന്നുണ്ടെങ്കിലോ…
സൗഹൃദത്തിന്റെ ആഴമളന്ന്, പോരെന്നു പരിഭവിച്ചകന്നു പോയ പ്രിയ സുഹൃത്തിനെ, നിന്റെയുള്ളിലുണ്ടോ എന്റത്ര കടലാഴങ്ങൾ എന്നു ചോദിച്ചൊന്നുകൂടി ചേർത്ത് നിർത്താൻ കഴിഞ്ഞെങ്കിലോ…
നിൻ മൗനത്തിൻ പുറകിലൊളിക്കുമൊരാത്മ സുഹൃത്തുണ്ടെന്നു ഞാനൊടുവിൽ തിരിച്ചറിഞ്ഞെങ്കിലോ…






Comments

Post a Comment


Search This Blog


Top posts from past

  • Save The Date 2 - Lal Production - നാടകം: സുമിത്രയുടെ കല്യാണംകഥാപാത്രങ്ങൾ:അർജ്ജുൻ: സുമിത്രയുടെ മകൻ.മീര: അർജ്ജുന്റെ പ്രതിശ്രുത വധു.കുട്ടൻ: അർജ്ജുന്റെ ആത്മാസുഹൃത്ത്.സുമിത്ര: അർജ്ജുന്റെ അമ്മ.കെ...

test

The Archive

Browse by label ശേഖരം