The Beginning
രണ്ടായിരമാണ്ടിന്റെ പിറവി വീശിയ ഇളങ്കാറ്റിൽ അപ്പൂപ്പൻതാടികളെ പോലെ എവിടുന്നോ നൂറു പേർ പാറിപ്പറന്നെത്തി… കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളേജിന്റെ നടയിൽ.
മിക്കവർക്കും എന്തുകൊണ്ട് അന്നവിടെയെത്തി എന്നതിനു കൃത്യമായൊരുത്തരമില്ല. മൊത്തത്തിലൊരു ‘മധ്യവർഗ-ബുദ്ധിജീവി ഗ്രൂപ്പ്’ എന്നു പറയാം. എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാവുന്നതിനു മുൻപേ ഭാവി നിർണയിക്കപ്പെട്ടവർ.
ഉണർന്നിരുന്നു കണ്ട ഒരു
സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുകൾ
നവസ്വാതന്ത്ര്യത്തിന്റെ ആത്മഹർഷങ്ങൾ
സൗഹൃദകൂട്ടങ്ങളുടെ ആഘോഷത്തിമിർപ്പുകൾ
ഞാൻ മാത്രം കണ്ട ആ കണ്ണിലെ നക്ഷത്ര തിളക്കങ്ങൾ
കുട നിവർത്താതെ ഞാൻ ഒറ്റയ്ക്ക്
നനഞ്ഞു തീർത്ത പെരു മഴക്കാലങ്ങൾ
മനസ്സിന്റെ ഒരു ചെറിയ തുണ്ട്
ഇവിടെവിടെയോ…
ഏറെ പ്രിയമുള്ള ചിലതൊക്കെ അതിലാണ്.
മറന്നതല്ല.... ഇടയ്ക്കിടെ തിരികെവന്ന്
ചേർത്തു പിടിക്കാൻ ബാക്കി വെച്ചതാണ്…