എൻ്റെ നിഷ്കു: 2 - Prasy


നിഷ്ക്കുവിൻ്റെ LKG, UKG കാലം മുഴുവൻ ഓൺലൈൻ ക്ലാസായിരുന്നു. ഓരോ പത്തു മിനിറ്റ് കൂടുമ്പോഴും ടീച്ചർ, “Please sit my dear boy, don't run around, come my sweetheart” എന്ന് പറയുന്നത് കേട്ട്, ആ പാവം ടീച്ചറെ ഓർത്ത് ഞാൻ സങ്കടപ്പെട്ടിട്ടുണ്ട്. LKG ഓൺലൈൻ ക്ലാസ്സിൽ പരീക്ഷയ്ക്ക് എഴുത്തും വായനയുമുണ്ടായിരുന്നു. ടീച്ചർ ഒരു പച്ച സ്പൈക്ക് ബോൾ കാണിച്ചിട്ട് നിഷ്ക്കുവിനോട് അതെന്താണെന്ന് ചോദിച്ചു. നിഷ്ക്കുവിൻ്റെ ഉത്തരം: “കൊറോണ വൈറസ്.” ഉത്തരം കേട്ട് അമ്പരന്ന ടീച്ചർ, സ്കൂൾ പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും നിഷ്ക്കുവിനെ പ്രത്യേകം ആദരിക്കാൻ പരിപാടിയിടുകയും ചെയ്തു. പിന്നീട് ഇതേ ക്ലാസ്സിൽ മലയാളം പരീക്ഷയ്ക്ക് ‘ഇല’ എന്നെഴുതാൻ പറഞ്ഞപ്പോൾ നിഷ്ക്കു ‘ഇल’ എന്നെഴുതി ചരിത്രം സൃഷ്ടിച്ചു.

***

ഒരുപാട് വായിക്കാനും പഠിക്കാനും ഇഷ്ടമുള്ള എനിക്ക്, നിഷ്ക്കുവിനെപ്പോലെ “I hate studies and books” എന്ന് പറയുന്ന ഒരു മകൻ എങ്ങനെ ഉണ്ടായി എന്നത് ഉത്തരം കിട്ടാത്ത ചോദ്യമാണ്. നിഷ്ക്കുവിൻ്റെ പ്രകടനം കണ്ട് എൻ്റെ അമ്മ, “ഇത് നിൻ്റെ മകൻ തന്നെയാണോ?” എന്ന് പലപ്പോഴും ചോദിക്കാറുണ്ട്. ഹിന്ദിയും മലയാളവും നിഷ്ക്കുവിന് ബാലികേറാമലയാണ്. മലയാളം ഡിക്റ്റേഷന് ഒരു മാർക്ക് വാങ്ങിയപ്പോൾ, ഭർത്താവിനോട് “നിങ്ങളുടെ മകൻ പൂജ്യം വാങ്ങിക്കൊണ്ടുവന്നത് കണ്ടോ?” എന്ന് ഞാൻ ചോദിച്ചു. അപ്പോൾ നിഷ്ക്കു തിരിച്ചടിച്ചു: “അച്ഛാ, അമ്മയെ ഒരു കണ്ണ് ഡോക്ടറെ കാണിക്കണം, എൻ്റെ ‘1’ മാർക്ക് അമ്മ കണ്ടില്ല.”

***

നിഷ്ക്കുവിൻ്റെ മെഡിക്കൽ പരിജ്ഞാനം അപാരമാണ്. അവന് ഡെർമറ്റോളജിസ്റ്റ് എന്നാൽ ഡെൻ്റിസ്റ്റാണ്. ഒരു ദിവസം അവൻ്റെ ടീച്ചർ പല്ലുവേദന കാരണം എന്നെ വിളിച്ചപ്പോഴാണ് എനിക്കത് മനസ്സിലായത്.

ടീച്ചർ വഴക്കു പറഞ്ഞു എന്ന കാരണത്താൽ സ്കൂളിൽ പോകുന്നില്ലെന്ന് ഒരു ദിവസം നിഷ്ക്കു തീരുമാനിച്ചു. ക്രോണിക് ആസ്ത്മയുള്ള അവൻ, ടീച്ചർ ചോദ്യം ചോദിച്ചാലുടൻ ‘ഓക്സിജൻ’ കിട്ടുന്നില്ല എന്ന് പറഞ്ഞ് ടീച്ചറെയും ഞങ്ങളെയും പേടിപ്പിക്കാൻ തുടങ്ങി. സഹികെട്ട്, പരീക്ഷയില്ലാത്ത സ്കൂളിൽ നിഷ്ക്കുവിനെ ചേർക്കാൻ എൻ്റെ ഭർത്താവ് തീരുമാനിച്ചു. അങ്ങനെയാണ് “റിച്ച് ഗയ്സ്” പഠിക്കുന്ന തിരുവല്ലയിലെ ഒരു സ്കൂളിലേക്ക് നിഷ്ക്കു ചേക്കേറിയത്. അതോടെ അവൻ എന്നെ ഇംഗ്ലീഷിലെ പല പുതിയ “വാക്കുകളും” പഠിപ്പിക്കാൻ തുടങ്ങി. അനു ഫിലിപ്പ് എന്നോട് പലവട്ടം പറഞ്ഞതാണ് നിഷ്ക്കുവിനെ അവിടെ ചേർക്കരുതെന്ന്!

***

ഒരു ദിവസം കട്ടിലിലിരുന്ന് വായിക്കുകയായിരുന്ന എൻ്റെ മുതുകിലേക്ക് നിഷ്ക്കു ചാടിവീണു. എൻ്റെ വയറിൻ്റെ ഇടതുവശത്ത് ശക്തമായ വേദനയുണ്ടായി. ഞാൻ ഭർത്താവിനോട് എൻ്റെ ഓവറി ട്വിസ്റ്റ് അയതുപോലെ വേദനിക്കുന്നെന്ന് പറഞ്ഞു. ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ച് നിഷ്ക്കു ഇതെല്ലാം കേട്ടുനിന്നു. മൂന്നാലാഴ്ച കഴിഞ്ഞ് അവനും വയറിൻ്റെ ഇടതുവശത്ത് വേദന. ഞങ്ങൾ അവനെ ആലപ്പുഴയിലെ ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോയി. എൻ്റെ ഭർത്താവ് ആഴ്ചയിൽ രണ്ടുദിവസം അവിടെ ജോലി ചെയ്യുന്നതുകൊണ്ട് നിഷ്ക്കുവിന് VIP പരിഗണനയാണ് ലഭിച്ചത്. പീഡിയാട്രീഷ്യൻ, സർജൻ, പീഡിയാട്രിക് സർജൻ എല്ലാവരും വന്ന് അവനെ പരിശോധിച്ചു. അവർ തമ്മിൽ സംസാരിക്കുന്നത് ശ്രദ്ധിച്ചുകേട്ട നിഷ്ക്കു അവരോട് പറഞ്ഞു: “എൻ്റെ ഓവറി ട്വിസ്റ്റ് ആയെന്നാണു തോന്നുന്നത്.” ഇതുകേട്ട് ഞെട്ടിയ പീഡിയാട്രീഷ്യൻ, പരിശോധനാ ടേബിളിൽ കിടക്കുന്നത് “മോൻ” തന്നെയല്ലേ എന്ന് എന്നോട് ചോദിച്ച് ഉറപ്പുവരുത്തി.

***

പഠിക്കാൻ മടിയനാണെങ്കിലും കാറുകളെക്കുറിച്ച് നിഷ്ക്കുവിന് അഗാധമായ പാണ്ഡിത്യമുണ്ട്. വാട്ട്സാപ്പ് ഡി.പി. കണ്ട് ഇർഷാദിൻ്റെ കാർ സ്കോഡ സ്ലാവിയ ആണെന്ന് തിരിച്ചറിഞ്ഞവനാണ് എൻ്റെ മോൻ. ഒരിക്കൽ ഞാനും നിഷ്ക്കുവും കാറിൽ യാത്ര ചെയ്യുമ്പോൾ ഒരു ഓഡി കാർ ഞങ്ങളുടെ കാറിൽ ചെറുതായൊന്നുരസി. എൻ്റെ ഡ്രൈവർ ദേഷ്യപ്പെട്ട് വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ നിഷ്ക്കു പറഞ്ഞു: “Uncle, we must be proud that an Audi chose us to give a scratch. വെറുതെ ഓഡിയോടു വഴക്കുണ്ടാക്കണ്ട.”

***

നിഷ്ക്കുവിൻ്റെ കൂട്ടുകാരിയായ ഒരു പെൺകുട്ടി അവനോടു പറഞ്ഞു: “My mummy gave a Porsche car as a birthday gift to my dad.” ഇതുകേട്ട് മിണ്ടാതിരുന്ന നിഷ്ക്കു വീട്ടിൽ വന്നപ്പോൾ എന്നോട് ഈ കാര്യം പറഞ്ഞിട്ട് ഒരു നിർദ്ദേശവും വെച്ചു: “വലുതാകുമ്പോൾ അമ്മ എനിക്ക് അവളെ കല്യാണം കഴിപ്പിച്ചു തരണം. അവളുടെ അമ്മ പോർഷെ ബർത്ത്ഡേ ഗിഫ്റ്റ് കൊടുത്ത സ്ഥിതിക്ക് അവൾ എനിക്ക് ഒരു ടെസ്‌ലയെങ്കിലും വാങ്ങിത്തരാതിരിക്കില്ല.”

***

സ്കൂൾ ബസിലെ നിഷ്ക്കുവിൻ്റെ ഉറ്റ സുഹൃത്താണ് സെബാസ്റ്റ്യൻ. നിഷ്ക്കു തൻ്റെ ദുഃഖങ്ങളൊക്കെ സെബുവിനോടാണ് പറയുന്നത്, സെബു തിരിച്ചും. നിഷ്ക്കു കൊണ്ടുപോകുന്ന സ്നാക്ക്സ് സെബുവിനും കൊടുക്കും. അങ്ങനെ ഒരു ദിവസം നിഷ്ക്കു എന്നോട് പറഞ്ഞു: “അമ്മേ, സെബാസ്റ്റ്യൻ്റെ അമ്മ ഒരു stepmom ആണെന്നാണ് തോന്നുന്നത്.”

ഞാൻ വീണ്ടും സംശയത്തിലായി. “ഏയ്, അങ്ങനെ വരാൻ വഴിയില്ലല്ലോ. സെബാസ്റ്റ്യൻ നിന്നോടങ്ങനെ പറഞ്ഞോ?”

“ഇല്ല, പക്ഷേ സെബാസ്റ്റ്യൻ്റെ അമ്മ അവന് ഓർഗാനിക് ഫ്രൂട്ട്സും വെജിറ്റബിൾസും മാത്രമേ കഴിക്കാൻ കൊടുക്കൂ. ബർഗറോ നഗ്ഗറ്റ്സോ ഒന്നും കൊടുക്കില്ല. ഞാനാണ് അവന് ഈ സാധനങ്ങളൊക്കെ കൊടുക്കുന്നത്. Stepmom ആയതുകൊണ്ടല്ലേ അവന് നല്ല ഫുഡ് ഒന്നും കൊടുക്കാത്തത്?”

***

രാവിലെ നിഷ്ക്കുവിനെ ഉറക്കത്തിൽ നിന്നെഴുന്നേൽപ്പിക്കണമെങ്കിൽ അഞ്ച് പേരുകൾ വിളിക്കണം. ആ പേരുകൾ അവൻ എന്നെ പഠിപ്പിച്ചിട്ടുണ്ട്. അത് വിളിച്ചാൽ മാത്രമേ അവൻ കണ്ണുതുറക്കുകയുള്ളൂ. ഇതാണ് ആ പേരുകൾ:

  1. യൂണിവേഴ്സൽ മിടുക്കൻ
  2. ഭൂലോക മിടുക്കൻ
  3. ചോയിസിലെ ബെസ്റ്റ് സ്റ്റുഡൻ്റ്
  4. സുന്ദരക്കുട്ടപ്പൻ
  5. ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി

ഈ പേരുകൾ വിളിച്ചുള്ള സുഖിപ്പിക്കലുകൾക്ക് ശേഷമേ നിഷ്ക്കു പതിയെ എഴുന്നേൽക്കൂ. അഞ്ചു പേരുകളും വിളിച്ചോ എന്ന് അവൻ എണ്ണിനോക്കുകയും ചെയ്യും.

നിഷ്ക്കുവിൻ്റെ ലീലാവിലാസങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു...

Comments

Anonymous said…
എനിക്ക് ഇനിയും വേണം നിഷ്കു!

Random Old Posts