എന്റെ മകൻ പണ്ടുമുതലേ വികൃതിത്തരങ്ങൾക്ക് പ്രസിദ്ധനാണ്. അവന്റെ ഗുണഗണങ്ങൾ കാരണം പ്രിൻസിപ്പൽ എന്നെയും ഹസ്ബൻഡിനെയും ഇടയ്ക്കിടെ കാണാൻ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. ആൾ ഇങ്ങനെയൊക്കെയാണെങ്കിലും ഉള്ളിൽ ഒരു നിഷ്കളങ്കനാണ്. വെറും 'നിഷ്ക്കു.' അവന്റെ കുറച്ച് കഥകൾ ആകാം ഇനി.
ഇർഷാദ് 'ഒരു പേരന്റിങ് അപാരത' എന്ന പേരിൽ വീട്ടിലെ രസകരമായ മുഹൂർത്തങ്ങൾ ബുക്കായി ഇറക്കിയ ദിവസമാണ് നിഷ്കുവിൻ്റെ മലയാളം പരീക്ഷാപേപ്പർ എന്റെ കൈയിൽ കിട്ടിയത്.* മലയാളം പരീക്ഷയിലെ ഒരു ക്വസ്റ്റ്യൻ ഇതായിരുന്നു: “മഹാഭാരതം എഴുതിയത് ആര്?” എന്റെ മകന്റെ ഉത്തരം: 'വ്യാജൻ'! വേദവ്യാസനെയാണ് അവൻ വെറും വ്യാജനാക്കിയത്!
*****
നമ്മുടെ ഗെറ്റ്-ടുഗെദർ ഒക്കെ കഴിഞ്ഞ് ഞാൻ സുവനീർ വായിച്ചുകൊണ്ടിരുന്നപ്പോൾ നിഷ്ക്കു ആ വഴി വന്നു. പോളും നസിയും ഒരുമിച്ചിരിക്കുന്ന ഫാമിലി ഫോട്ടോ കണ്ടപ്പോൾ അവൻ കൗതുകത്തോടെ അവർ ഒരുമിച്ചിരിക്കുന്നതെന്താണെന്ന് ചോദിച്ചു മനസ്സിലാക്കി. പിന്നെ ഏതോ ഒരു വീഡിയോയിൽ പ്രവീണിനെയും നീതുവിനെയും ഒരുമിച്ച് കണ്ട് അവരും മാരീഡ് ആണെന്ന് മനസ്സിലാക്കി.
കുറച്ചു ദിവസങ്ങൾക്കു ശേഷം ഞാൻ അവനെ പഠിപ്പിക്കുന്നു. സാധാരണ രണ്ടക്ഷരം പഠിപ്പിക്കുന്നതിനിടയിൽ 100 സംശയം ചോദിക്കും. അങ്ങനെ തന്റെ സ്വതസിദ്ധമായ നിഷ്കളങ്കതയോടെ അവൻ എന്നോട് ചോദിച്ചു: "അമ്മേ, നമ്മൾ കല്യാണം കഴിക്കാൻ വേണ്ടിയാണോ MBBS-ന് പഠിക്കുന്നത്?”
ഞാൻ കുഴങ്ങി. “അതെന്താടാ അങ്ങനെ പറയാൻ?”
“അല്ല, MBBS-ന് പഠിച്ചതുകൊണ്ടാണല്ലോ എല്ലാവരും മാരീഡ് ആയത്. എനിക്ക് ഡോക്ടർ ആകാൻ ഇഷ്ടമില്ല, പക്ഷേ MBBS-ന് ചേർന്നില്ലെങ്കിൽ കല്യാണം കഴിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഇനി “what is my ambition” എന്ന് ചോദിക്കുമ്പോൾ "to become a doctor" എന്ന് എഴുതാം."
ഞാനതോടെ അന്നത്തെ പഠിപ്പീര് മതിയാക്കി.
*****
ഞങ്ങൾ പുതിയ റെന്റഡ് ഹൗസിലേക്ക് താമസം മാറിയപ്പോൾ ഞാൻ നിഷ്ക്കുവിനെയും കൊണ്ട് നെയ്ബേഴ്സിനെ പരിചയപ്പെടാൻ പോയി. ഏജ്ഡ് ആയ പേരന്റ്സ് ഒരു വീട്ടിലും, ചുറ്റും ഒരേ രീതിയിൽ പണിത മക്കളുടെ നാലഞ്ച് വീടുകളും ചേർന്ന ഒരു കോമ്പൗണ്ട്, അതാണ് സെറ്റപ്പ്. ഞങ്ങൾ ഓരോ വീടുകളായി സന്ദർശിച്ച് അവസാനം ഏജ്ഡ് ആയ പേരന്റ്സിന്റെ വീട്ടിലെത്തി. നിഷ്ക്കുവിനോട് ഗ്രാൻഡ്പ പേരൊക്കെ ചോദിച്ചു, സ്വീറ്റ്സ് ഒക്കെ കൊടുത്തു. അപ്പോൾ നിഷ്ക്കു പുള്ളിയോട് ചോദിച്ചു: “അപ്പൂപ്പാ, ഇവിടെ എല്ലാ വീട്ടിലും ഒരു ആന്റിയുടെ ഫോട്ടോ വെച്ചിട്ടുണ്ടല്ലോ. ആ ആന്റിയുടെ പേരെന്താ?”
നിഷ്ക്കു വിരൽ ചൂണ്ടിയ ഫോട്ടോ കണ്ട് ഞാനും അപ്പൂപ്പനും ഞെട്ടി! "Sai Baba of Puttaparthi" ആണ് ആ ആന്റി! ഓൾ കേരള സായി ബാബ ഡിവോട്ടീസിന്റെ ഹെഡ് ആയ അപ്പൂപ്പൻ നിഷ്കരുണം നിഷ്ക്കുവിനെയും എന്നെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടു.
******
ചർച്ചിലും അമ്പലത്തിലും ഒരുപോലെ പോകുന്ന നിഷ്ക്കുവിന്റെ മതവിശ്വാസം വളർത്താൻ വേണ്ടി എന്റെ മദർ-ഇൻ-ലോ അവനെ വെക്കേഷൻ ബൈബിൾ ക്ലാസിൽ ചേർത്തു. "Jesus, the son of God" എന്ന് പറഞ്ഞ ടീച്ചറോട് അതുവരെ ഒരു സംശയവും ചോദിക്കാത്ത നിഷ്ക്കു ചോദിച്ചു: “അപ്പോൾ ഈ ഗോഡ് ആണോ ഗുരുവായൂരപ്പൻ? ഗുരുവായൂരപ്പന്റെ മോനാണോ ജീസസ്?” ഇതോടെ നിഷ്കു ക്ലാസിൽ നിന്ന് പുറത്തായി. പുറത്താക്കപ്പെട്ട നിഷ്ക്കുവിനെ കടുത്ത ദൈവവിശ്വാസിയായ എന്റെ മദർ-ഇൻ-ലോ കടവന്ത്രയിലെ വീട്ടിൽ നിന്ന് അന്നുതന്നെ ആലപ്പുഴയ്ക്ക് എത്തിച്ചു.
ആലപ്പുഴ എത്തിയ നിഷ്ക്കുവിന് ജ്ഞാനോദയം സംഭവിച്ചതുപോലെ, പിറ്റേ ദിവസം 'ക്രിന്ദു മതം' എന്ന പുതിയ മതം ഉണ്ടാക്കുകയും അതിന്റെ ആധ്യാത്മിക ഗുരുവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. അറ്റ് പ്രസന്റ് നാല് അനുയായികളുള്ള "ക്രിന്ദു മതം", ഓരോ ദിവസവും പുതിയ അനുയായികളെ ഉണ്ടാക്കാനുള്ള കടുത്ത പരിശ്രമത്തിലാണ്. 'ക്രിന്ദുമതത്തിൽ' ചേരണമെങ്കിൽ സ്വന്തമായി 3 ലക്ഷ്വറി കാർ ടോയ്‌സ് വേണം എന്നതാണ് ബേസിക് റിക്വയർമെന്റ്. മാർഷ്യൽ ആർട്സ് അറിയാമെങ്കിൽ 2 ലക്ഷ്വറി കാർ ടോയ്‌സ് മതി എന്നൊരു ക്ലോസ് കൂടിയുണ്ട്. ഇതിൽ ഒരു ലക്ഷ്വറി കാർ നിഷ്ക്കുവിന് ഗുരുദക്ഷിണയായി സമർപ്പിക്കുകയും വേണം.
******
(ഇനിയുമുണ്ട് കഥകൾ കാത്തിരിക്കുക)
* നിഷ്ക്കുവിൻ്റെ അപരാതകൾ തികച്ചും സൗജന്യം!

Comments
Post a Comment