സുലു മോൾ സ്റ്റോറീസ്: STD കഥകൾ - "ന്നാലും എൻ്റെ മുകേഷേ!"





ഒരു ആറുമാസം മുൻപാണ് മുകേഷ് എന്നെ കാണാൻ വരുന്നത്. 45 വയസ്സ് പ്രായം. സുന്ദരൻ, സൗമ്യൻ, വിനയത്തിൻ്റെ മൂർത്തിമദ്ഭാവം. മുകേഷ് എൻ്റെ കാബിനിൽ കയറിയ ഉടനെ എന്നെ നോക്കി കൈകൂപ്പി. കസേരയിൽ ഇരിക്കുന്നതിനു മുൻപ് എൻ്റെ പുറകിൽ വച്ചിരിക്കുന്ന ഗുരുവായൂരപ്പൻ്റെ ഫോട്ടോയിൽ നോക്കി ഒരു മിനിറ്റ് പ്രാർത്ഥിച്ചു. മുകേഷിൻ്റെ പെരുമാറ്റത്തിൽ ഞാൻ ടോട്ടലി ഇംപ്രസ്ഡ് ആയി. ഞാൻ മുകേഷിനോട് പ്രോബ്ലം ചോദിച്ചു.

മുകേഷ്: “മാഡം, എൻ്റെ ബോഡിയിൽ ഒരു റാഷ് ഉണ്ട്. അത് ഒറ്റനോട്ടത്തിൽ കാണാൻ പറ്റില്ല. ചില പൊസിഷനിൽ നിൽക്കുമ്പോൾ മാത്രം കാണാം. കുളി കഴിഞ്ഞു വരുമ്പോൾ തെളിഞ്ഞു കാണാം.”

മുകേഷിൻ്റെ ശരീരത്തിൽ അങ്ങനെയൊരു റാഷ് ഞാൻ കണ്ടില്ല. വല്ല Tinea versicolor അല്ലെങ്കിൽ Cholinergic urticaria ഇതൊക്കെ ആകുമെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ഏതായാലും ഞാൻ പുള്ളിയെ ജനാലയുടെ അടുത്തുകൊണ്ടുപോയി നല്ല വെട്ടത്ത് എക്സാമിൻ ചെയ്തു. അത് നന്നായി. കാരണം പുള്ളി പറഞ്ഞതുപോലെ ദേഹത്ത് ഒരു ഫെയ്ൻ്റ് റാഷ് ഉണ്ട്. ഞാനിതുവരെ ഇങ്ങനെയൊരു റാഷ് കണ്ടിട്ടില്ല. ഡെർമറ്റോളജിയിൽ ജോയിൻ ചെയ്ത അന്നു മുതൽ ഡെയ്‌ലി കേൾക്കുന്ന ഒരു മഹദ്‌വചനമുണ്ട്: “Any 'atypical rash', think of Secondary Syphilis, Do a VDRL test.” ഇതാണോ പുസ്തകങ്ങളിൽ പറയുന്ന സിഫിലിസിൻ്റെ ഫെയ്ൻ്റ്, കോപ്പറി റെഡ് റാഷ്? എന്തായാലും മുകേഷിൻ്റെ സെക്ഷ്വൽ ഹിസ്റ്ററി എടുക്കാൻ ഞാൻ തീരുമാനിച്ചു.

ഞാൻ: “മുകേഷ്, നിങ്ങളുടെ ജെനിറ്റൽ ഏരിയയിൽ എന്തെങ്കിലും മുറിവോ പൊട്ടലോ മറ്റോ വന്നിട്ടുണ്ടോ?”

മുകേഷ്: “ഒരു മൂന്നുനാലു മാസം മുൻപ് ഒരു മുറിവ് വന്നു. അത് തനിയെ കരിയുകയും ചെയ്തു.”

എൻ്റെ മനസ്സിൽ ഒരു നൂറ് ലഡ്ഡു പൊട്ടി. എൻ്റെ ക്ലിനിക്കൽ സ്കില്ലിൽ ഞാൻ അഭിമാനപുളകിതയായി. Three months before history of genital ulcer, now coppery red Rash - Right duration for the diagnosis of secondary syphilis.

ഞാൻ: "മുകേഷിന് എക്സ്ട്രാ മാരിറ്റൽ സെക്ഷ്വൽ കോൺടാക്ട് ഉണ്ടോ? എന്നോട് സത്യം പറയണം. ഞാനാരോടും പറയില്ല. സത്യം അറിഞ്ഞാൽ മാത്രമേ ട്രീറ്റ്മെൻ്റ് കറക്റ്റായി ചെയ്യാൻ പറ്റൂ."

മുകേഷ്: "മാഡം, എനിക്ക് ഒരു കോൺടാക്ട് ഹിസ്റ്ററിയുമില്ല. ഞാൻ മൂന്നുവർഷമായി ബ്രഹ്മചാരിയായിട്ടാണ് ജീവിക്കുന്നത്. എൻ്റെ വൈഫുമായി പോലും എനിക്കൊരു കോൺടാക്ട് ഹിസ്റ്ററിയില്ല. ഞാനും വൈഫും ഒരു വീട്ടിലാണെങ്കിൽ പോലും അധികം സംസാരിക്കാറില്ല. വൈഫ് എന്നെ mentally ടോർച്ചർ ചെയ്യും. അങ്ങനെയാണ് ഞാൻ ബ്രഹ്മചാരിയാവാൻ തീരുമാനിച്ചത്.”

ഞാൻ: “നിങ്ങളുടെ ജോലി എന്താണ്?”

മുകേഷ്: “ഞാൻ സ്കൂളിലെ അധ്യാപകനാണ്. കുട്ടികളെ നേർവഴിക്ക് നയിക്കുന്ന എന്നെ ഡോക്ടർ മോശക്കാരനായി ചിന്തിക്കുന്നതുപോലും തെറ്റാണ്.”

രാമേശൻ്റെയും സുരേഷിൻ്റെയും മുന്നിൽ തോറ്റ ഞാൻ മുകേഷിൻ്റെ മുന്നിൽ തോൽക്കാൻ തയ്യാറല്ലായിരുന്നു. പല ചോദ്യങ്ങളും പിന്നെയും ചോദിച്ചു. തിരിഞ്ഞും മറിഞ്ഞും കിടന്നും ഇരുന്നും ചോദിച്ചു. 45 മിനിറ്റ് കഠിനാധ്വാനം ചെയ്തിട്ടും മുകേഷിൽനിന്നും ഒന്നും കിട്ടിയില്ല. അവസാനം മുകേഷും ഞാനും മടുത്തു.

മുകേഷ്: “ഞാൻ പണ്ട് ദുബായിൽ എയർ ഇന്ത്യയിൽ വർക്ക് ചെയ്തിരുന്ന കാലത്ത് സുന്ദരികളായ എയർ ഹോസ്റ്റസുമാർ എൻ്റെ റൂമിൽ വരുമായിരുന്നു. അവരെ തിരിഞ്ഞുപോലും നോക്കാത്ത ആളാണ് ഞാൻ. അപ്പോഴാണ് മാഡം ഈ പ്രായത്തിൽ ഈ ചോദ്യങ്ങൾ എന്നോട് ചോദിക്കുന്നത്.”

മുകേഷ് എല്ലാം നിഷേധിച്ചെങ്കിലും എൻ്റെ ഇൻറ്റ്യൂഷൻ ഇതൊരു സെക്കൻഡറി സിഫിലിസ് ആണെന്ന് പറഞ്ഞുകൊണ്ടിരുന്നു. അവസാന വഴിയെന്ന നിലയിൽ ഞാൻ അല്പം ചൂടായി സത്യം പറയാൻ ഭീഷണിപ്പെടുത്തി. പെട്ടെന്ന് മുകേഷ് പൊട്ടിക്കരഞ്ഞു.

മുകേഷ്: "ഡോക്ടർ, ഇനിയെന്നെ വേദനിപ്പിച്ചാൽ ഡോക്ടറെ ഗുരുവായൂരപ്പൻ ശിക്ഷിക്കും. ഞാൻ തപസ്സുചെയ്യുന്ന ബ്രഹ്മചാരിയാണ്, ഡോക്ടറെ ഞാൻ ശപിച്ചാൽ ഡോക്ടർ ഭസ്മമായിപ്പോകും."

ഇതു കേട്ട് ഗുരുവായൂരപ്പൻ്റെ പരമഭക്തയായ ഞാൻ ഞെട്ടിവിറച്ചു.

ഞാൻ: “മുകേഷ് സർ, എന്നോട് ക്ഷമിക്കണം, എന്നെ ഭസ്മമാക്കരുത്, പ്ലീസ്!.”

എന്നിരുന്നാലും മുകേഷ് പോയപ്പോൾ ഞാൻ പുള്ളിയുടെ serum VDRL, TPHA ടെസ്റ്റുകൾക്ക് വിട്ടു. അല്പം കഴിഞ്ഞ് എൻ്റെ നേഴ്സ് ശരണ്യ മുറിയിൽ വന്നു.

ഞാൻ: "ഞാൻ മുകേഷിനോട് ചെയ്തത് തെറ്റായിപ്പോയി. ആ പാവം മനുഷ്യനെ അത്രയും വേദനിപ്പിക്കരുതായിരുന്നു. പുള്ളി ശരിക്കും ഇന്നസെൻ്റ് ആണ്. ദൈവം എന്നെ ശിക്ഷിക്കുമോ എന്തോ?"

ശരണ്യ: “അങ്ങനെ ശിക്ഷിക്കുമോ?”

ഞാൻ ഗുരുവായൂരപ്പൻ്റെ ഫോട്ടോയുടെ മുന്നിൽ വന്നുനിന്നു.

ഞാൻ: "ദൈവമേ എൻ്റെ തെറ്റ് ക്ഷമിക്കണേ! നാളെ ഒരു രൂപ നാണയം നിൻ്റെ മുന്നിൽ ഞാൻ വെച്ചേക്കാം. എന്നെ ശിക്ഷിക്കല്ലേ."

ഇതു കേട്ട് ദൈവം എന്നെ നോക്കി ചിരിച്ചോ, അതോ എനിക്ക് തോന്നിയതാണോ? ഏതായാലും പിറ്റേന്ന് മുകേഷിൻ്റെ റിസൾട്ട് വന്നപ്പോൾ രണ്ട് ടെസ്റ്റും പോസിറ്റീവ്! വെറുതെയല്ല ഗുരുവായൂരപ്പൻ ചിരിച്ചത്. അന്ന് റിസൾട്ട് വാങ്ങാൻ വരുന്ന മുകേഷിനെ ഞാൻ കാത്തിരുന്നു. മുകേഷ് വന്നതും ഞാൻ റിസൾട്ട് എടുത്ത് കയ്യിൽ കൊടുത്തു.

ഞാൻ: “നിങ്ങൾ കള്ളം പറഞ്ഞാലും ഇൻവെസ്റ്റിഗേഷൻസ് കള്ളം പറയില്ല മുകേഷ്, ഇനിയെങ്കിലും നിങ്ങൾ തുറന്നു പറയൂ. അല്ലാതെ എനിക്ക് റൈറ്റ് ട്രീറ്റ്മെൻ്റ് തരാൻ പറ്റില്ല.”

മുകേഷ്: “മാഡം, ഞാൻ കുറച്ചു മാസങ്ങൾക്കു മുൻപ് ബാലിയിലെ ഭീമൻ്റെ അമ്പലം സന്ദർശിക്കാൻ പോയി. തായ്‌ലൻഡ് വഴിയാണ് ബാലിക്ക് പോയത്. എൻ്റെ ഫ്രണ്ട് നിർബന്ധിച്ചപ്പോൾ ഫുക്കറ്റ് ബീച്ച് കാണാൻ പോയി. അവിടുത്തെ വായുവിൽനിന്നോ ബീച്ചിലെ വെള്ളത്തിൽനിന്നോ ആകാം എനിക്ക് സിഫിലിസ് കിട്ടിയത്.”

ഇതുകേട്ട് എൻ്റെ കൺട്രോൾ പോയി. I just felt like giving this man a tight slap. ഞാൻ പൊട്ടിത്തെറിച്ചു.

ഞാൻ: "താനിനി എന്നോട് കള്ളം പറഞ്ഞാൽ തന്നെയായിരിക്കും ഗുരുവായൂരപ്പൻ ശിക്ഷിക്കാൻ പോകുന്നത്!"

ഗുരുവായൂരപ്പനെ പേടിച്ചിട്ടാണോ അതോ എൻ്റെ ദേഷ്യം കണ്ടിട്ടാണോ എന്തോ, ഏതായാലും മുകേഷ് പേടിച്ചു കരഞ്ഞു.

മുകേഷ്: "എനിക്കൊരാൺ സുഹൃത്തുമായി റിലേഷൻ ഉണ്ട്."

ഞാൻ: “മുകേഷ്, അയാളിൽ നിന്നാകാം മുകേഷിന് സിഫിലിസ് കിട്ടിയത്.”

മുകേഷ്: “ഡോക്ടർ! എൻ്റെ ഭാര്യയിൽനിന്ന് കിട്ടിയെന്നു പറഞ്ഞാലും ഞാൻ സമ്മതിക്കും, പക്ഷേ ഇത് ഞാൻ സമ്മതിക്കില്ല. അവൻ എന്നെ ചതിക്കില്ല!”

എന്തായാലും ഞാൻ മുകേഷിനെ ട്രീറ്റ് ചെയ്തു. പിന്നീടെപ്പോഴോ ഒരു കല്യാണത്തിന് ഞാൻ മുകേഷിനെ കണ്ടു. എന്നെക്കണ്ടാൽ ഓടിയൊളിക്കുമെന്ന് കരുതിയ എന്നെ അമ്പരപ്പിച്ചുകൊണ്ട് പുള്ളി എന്നോട് വന്നു സംസാരിക്കുക മാത്രമല്ല, കുടുംബത്തെ പരിചയപ്പെടുത്തുകയും ചെയ്തു.

Comments

Random Old Posts